Sunday, September 15, 2024

മറ്റൊരു നിർവ്വാഹം ഇല്ലാത്തത് കൊണ്ട്, ജീവിതം വരും പോലെ സ്വീകരിക്കുക

വെറും വെറുതെയങ്ങ് പറയാം. 

സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും നല്ലതെന്ന്, നല്ലതിനെന്ന്. 

മോശം, ഒരർത്ഥവുമില്ല എന്നൊക്കെയുള്ള വിപരീതം സൗകര്യപൂർവ്വം ഇല്ലാതാക്കിയും മറന്നും വെറും വെറുതേ നമുക്കങ്ങ് പറയാം. 

സ്വന്തം മനസ്സാക്ഷിയെ പോലും ബോധ്യപ്പെടുത്താൻ സാധിക്കാതെ, സ്വന്തം മനസ്സാക്ഷിയിൽ പോലും എല്ലാം നല്ലതെന്ന് പറയാനൊരു ന്യായമില്ലാതെ വെറും വെറുതേ പറയാം എല്ലാം നല്ലതെന്ന്, എല്ലാം നല്ലതിനെന്ന്. 

സ്വന്തത്തെ കബളിപ്പിക്കാൻ നമ്മൾക്കല്ലാതെ മറ്റാർക്ക് മിടുക്ക്?

********

പ്രാപഞ്ചികത തന്നെ മഹാഅൽഭുതം. 

അണുവും കോശവും സ്വയം വൻപ്രപഞ്ചങ്ങൾ. 

പക്ഷേ, അതുകൊണ്ടൊന്നും ഈ ജീവിത്തിന് എന്തെങ്കിലും അർത്ഥം വരുന്നില്ല. 

അവയൊന്നും ഈ ജീവിതത്തിൻ്റെ അർത്ഥം മനസ്സിലാക്കിത്തരുന്നില്ല. 

ജീവിതം എന്തെന്നതും എന്തിനെന്നതും എപ്പോഴും പിടികിട്ടാപുള്ളി.

******

ജീവിതം വരും പോലെ സ്വീകരിക്കുക എന്നത് അതല്ലാത്ത മറ്റൊരു നിർവ്വാഹം ഇല്ലാത്തത് കൊണ്ട്.

രോഗവും പട്ടിണിയും വേദനയും പ്രതിസന്ധികളും വരുമ്പോൾ ഇങ്ങനെ വരും പോലെ സ്വീകരിക്കുക എന്ന് എളുപ്പം പറയാനും വരുമ്പോലെ എളുപ്പം സ്വീകരിക്കാനും സാധിക്കില്ല. 

നാമെല്ലാവരും ജീവിതത്തെ കുറിച്ച് പലതും പറയുന്നത് ഗാലറിയിൽ നിന്ന്. ഒരുപിടുത്തവും ഇല്ലാതെ.

ഗാലറിയിൽ നിന്നങ്ങനെ പറയാൻ എന്തെളുപ്പം?

കളിക്കളത്തിൽ നിന്ന് കഴിക്കുമ്പോഴും തിരമാലകൾക്കിടയിൽ കിടന്ന് പിടഞ്ഞ് നീന്തുമ്പോഴും മുങ്ങിത്താഴുമ്പോഴും സംഗതികൾ ആസ്വദിക്കുകയും വരുംപോലെ ആസ്വദിച്ച് സ്വീകരിക്കുക എന്ന് പറയുകയും നടപ്പാക്കുകയും എളുപ്പമല്ല.

*******

നമുക്ക് നമ്മളെ കുറിച്ച് അസംബന്ധം, ഒരർത്ഥവും ഇല്ലാത്തത് എന്ന് കരുതാനുള്ള, പറയാനുള്ള മടിയും വൈമനസ്യവും തന്നെ.


No comments: