യാചകൻ്റെ അലസതയെ കുറിച്ച് നിങൾ ആവലാതിപ്പെടുന്നു.
യാചകന് ദാനം കൊടുത്താൽ അവനിലെ അലസതയെ പ്രോത്സാഹിപ്പിക്കലാവുമെന്നും നിങ്ങൾ ആവലാതിപ്പെടുന്നു.
ഒന്ന് ചോദിക്കട്ടെ.
അലസതയെ കൊതിക്കാത്തവർ ആരുണ്ട്?
അലസത തന്നെയല്ലേ എല്ലാവരും വിശ്രമം എന്ന പേരിൽ കൊതിക്കുന്നത്?
ജോലികൾ ചെയ്യേണ്ടി വരുന്നത് കൊണ്ട് മാത്രം ചെയ്യുന്നതും ചെയ്യേണ്ടിവരുന്നതുമല്ലേ?
യാചിച്ച് ചോദിച്ചുവരുന്നവന് എന്തെങ്കിലും ജോലിയെടുത്തുകൂടെ എന്നും നിങൾ ചോദിക്കുന്നു.
എന്താണ് ജോലി?
ആരാണ് യഥാർത്ഥത്തിൽ ഉപജീവനം മാത്രം ഉദ്ദേശിച്ചല്ലാതെ, നിർബന്ധിതമായല്ലാതെ, ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നത്?
എല്ലാ ജോലികളും ആരുടെയൊക്കെയോ മുൻപിൽ വേഷം കെട്ടി, ആർക്കൊക്കെയോ വിധേയപ്പെട്ട് നടത്തുന്ന വേഷംകെട്ട് തന്നെയല്ലേ?
ആർക്കൊക്കെയോ വേണ്ടി വേണ്ടാത്തതും ആർക്കൊക്കെയോ വേണ്ടതും ചെയ്തുകൊടുത്തു നടത്തുന്ന യാചന തന്നെയല്ലേ ജോലി?
ആരുടെ മുമ്പിലും വേഷം കെട്ടാതെ, ആർക്കും വിധേയപ്പെടാതെ, ആർക്കൊക്കെയോ വേണ്ടി വേണ്ടാത്തതും വേണ്ടതും ചെയ്തുകൊടുക്കാതെ നടത്തുന്ന വേഷം കെട്ടില്ലാത്ത ജോലി തന്നെയല്ലേ യാചന?
എന്തെങ്കിലും ദാനമായി കൊടുക്കാൻ യാചിച്ചു ചോദിച്ചുവരുന്നവൻ്റെ അർഹത എങ്ങിനെ നിശ്ചയിക്കുമെന്നും നിങൾ ചോദിക്കുന്നു.
പ്രകൃതിയിൽ ഒന്നും ആരുടെയും അർഹത ചോദിക്കുന്നില്ല. ഒന്നുകിൽ തരുന്നു, അല്ലെങ്കിൽ തരുന്നില്ല. അത്രമാത്രം.
പുഴയും മരവും വെള്ളവും തങ്ങൾക്കാവുന്ന പഴവും തണലും അവ അനുഭവിക്കുന്നവൻ്റെ അർഹത അന്വേഷിച്ചുറപ്പിച്ചല്ല നൽകുന്നത്.
നൽകുന്നത് പോലുമല്ല, അനിവാര്യമായും നൽകിപ്പോകുന്നത് മാത്രമാണ്, സംഭവിച്ചുപോകുന്നത് മാത്രമാണ്.
പിന്നെന്തിന് നിങൾ നൽകുന്ന ചെറിയ തുകക്ക് വേണ്ടി വലിയ അവൻ്റെ യോഗ്യത അന്വേഷിക്കുകയും നിശ്ചയിക്കുകയും വിധി പറയുകയും വേണം?
യാചിച്ച് ചോദിച്ചുവരുന്നവൻ്റെ അർഹത നിശ്ചയിക്കുന്ന വഴിയിൽ നിങൾ ചെയ്യുന്നത് മറ്റൊന്നാണ്.
കൊടുക്കാതിരിക്കാനുള്ള നിങ്ങളുടെ സ്വന്തം പിശുക്കിനും അതുമൂലമുള്ള കുറ്റപ്പെടുത്തലിനും ഒരു ന്യായം മറക്കൂടയായി പിടിക്കുക മാത്രം.
അല്ലെങ്കിലും യാചിച്ച് ചോദിച്ചുവരുന്നവൻ്റെ അർഹത ആ ഒരു ചെറിയ ഇടവേളയിൽ എങ്ങിനെ നിശ്ചയിക്കും?
അതും പലപ്പോഴും വെറുമൊരു അപരിചിതൻ മാത്രമായ ഒരാളുടെ അർഹത ആ ഒരു ചെറിയ ഇടവേളയിൽ നിങൾ എങ്ങിനെ നിശ്ചയിക്കും?
നിങ്ങളുടേതൊരു ഒഴികഴിവ് മാത്രം.
വഴിയിൽ എല്ലാം നഷ്ടപ്പെട്ട് കുടുങ്ങി വരുന്നവനെ കുറിച്ചൊക്കെ നിങ്ങളൊന്ന് ഓർത്തുനോക്കൂ...
അല്ലാതെ എന്തന്വേഷിക്കാനാണ്?
സാധിക്കുമെങ്കിൽ ആര് ചോദിച്ച് വന്നാലും സ്നേഹപൂർവ്വം വിശ്വസിക്കുക.
ഒന്നും നൽകാൻ സാധിക്കില്ലെങ്കിൽ അവരോട് ആശ്വാസത്തിൻ്റെ നല്ല വാക്കുകൾ പറയുക.
എന്തെങ്കിലും നൽകാൻ സാധിക്കുമെങ്കിൽ ആവുന്നത് നൽകുക, ആശ്വസിപ്പിക്കുക.
No comments:
Post a Comment