Thursday, September 5, 2024

ഭാഗം 2: "അന ഇന്ത ദ്വന്നി അബ്ദീ ബീ". എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ.

"അന ഇന്ത ദ്വന്നി അബ്ദീ ബീ"

സാരം:

"എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ."

അല്ലെങ്കിൽ,

"എൻ്റെ അടിമ എന്നെക്കുറിച്ച് എന്ത്, എങ്ങിനെ ധരിക്കുന്നുവോ അങ്ങനെയാണ് ഞാൻ."

ചോദ്യം : മേൽവാചകത്തിൽ മനുഷ്യരെ കുറിച്ച് അടിമ എന്ന പ്രയോഗം അത്ര സഹിക്കുന്നില്ല. എന്ത് പറയുന്നു?

മറുപടി : മേൽവാചകത്തിൽ സൃഷ്ടി എന്ന പ്രയോഗം ഇല്ലാതിരുന്നതും സൃഷ്ടി എന്ന് മാത്രം പറയാതിരുന്നതും പകരം അടിമ എന്ന് മാത്രം പ്രയോഗിച്ചതും കൊണ്ട് കുറച്ച് കൂടി യുക്തിപരമായെന്നും നന്നായെന്നും തോന്നുന്നു. 

ഒന്നാമതായി, നമ്മുടെ ഇടയിൽ നമുക്ക് മനസ്സിലാവുന്നതും ആകാവുന്നതും പോലെ ദൈവം എന്ന് അതുകൊണ്ട് വന്നു, പറഞ്ഞു.

രണ്ടാമതായി, സൃഷ്ടിയിൽ ചരവും അചരവും ഉണ്ട്. 

അചരം നാം മനുഷ്യരെ പോലെ സങ്കൽപിക്കുന്നും ഊഹിക്കുന്നും ഇല്ല. ചാരത്തിൽ തന്നെ മുഴുവനും സങ്കല്പിക്കാനും ഊഹിക്കാനും സാധിക്കുന്നവരാണോ എന്നും അറിയില്ല

സങ്കൽപിക്കുന്നവർക്കല്ലേ ദൈവം ഉണ്ടെന്നതും ഇല്ലെന്നതും ഉള്ളൂ.

നമ്മുടെ മാനത്തിൽ നിന്ന് നോക്കുമ്പോൾ സൃഷ്ടികളായ പ്രാപഞ്ചിക സംഗതികൾക്കിടയിൽ നമുക്കുള്ളത് പോലുള്ള ബോധം ഉള്ളതും ഇല്ലാത്തതും ഉണ്ട്. 

ബോധമുള്ളതിന് മാത്രമേ അടിമ എന്നത് ബാധകമാവുന്നുള്ളൂ, അടിമത്വം ബോധ്യമാകുന്നുള്ളൂ

ബോധമുള്ളവരോട് പറയുമ്പോൾ ബോധമുള്ളവന് ബാധകനായ കോലത്തിൽ പറയുക, പറയുന്നു എന്നത് ദൈവം മനുഷ്യനോളം താഴുമെന്നും മനുഷ്യന് ദൈവത്തോളം ഉയരാമെന്നും അർത്ഥം തരുന്നു.

അടിമ എന്നാവുമ്പോൾ മനുഷ്യൻ എന്നും, ബോധമുള്ളവൻ എന്നും, സാഹചര്യവശാൽ താൽകാലികമായി അടിമയാകേണ്ടി വന്നവനെന്നും, വളർന്നുവളർന്ന് ഉടമയും ഉടമയോളവും ആകാവുന്നവനെന്നും അർത്ഥം ഉണ്ട്, ഉണ്ടാക്കാം.

നമ്മുടെ തന്നെ വ്യാവഹാരിക കർമ്മജീവിതത്തിലും എല്ലാവരും ഏതല്ലോ അർഥത്തിൽ അടിമകൾ തന്നെ. ചരവും അചരവും ഒരുപോലെ.

അതുകൊണ്ട് തന്നെ മറ്റൊരു സൂക്തം ഇവിടെ ഉദ്ധരിക്കട്ടെ.

"ആകാശഭൂമികളിലുള്ളത് മുഴുവൻ നിർബന്ധിത മായോ ഐച്ഛികമായോ അവന് (അതിന്) വഴങ്ങിയിരിക്കുന്നു (സമർപ്പിതമായിരിക്കുന്നു)" (ഖുർആൻ)

അറിയണം: വഴക്കം, സമർപ്പണം എന്നാണ് ഇസ്‌ലാം എന്ന വാക്കിനും അർത്ഥം. 

ഇസ്‌ലാം എന്ന അടിസ്ഥാനധാതു വാക്കിൽ നിന്നും ഉണ്ടായ ക്രിയാരൂപമായ അസ്‌ലമ എന്ന വാക്കാണ് മേൽസൂക്തത്തിൽ "വഴങ്ങിയിരിക്കുന്നു (സമർപ്പിതമായിരിക്കുന്നു)" എന്നതിനെ സൂചിപ്പിക്കാനും പ്രയോഗിച്ചത്.

വ്യത്യസ്തമായ തട്ടുകളിൽ നിൽക്കുന്ന സമർപ്പണം മാത്രമായ അടിമകൾ തന്നെ നാം എല്ലാവരും. 

സ്വാതന്ത്ര്യമുണ്ട് ഉണ്ടെന്ന് തോന്നുന്ന അസ്വതന്ത്രർ തന്നെ നാമെല്ലാവരും.

ഉള്ളിൽ കെണിഞ്ഞവർ പുറത്താണെന്ന് കരുതുന്നു എന്നത് മാത്രം മിച്ചം.

എത്രയെല്ലാം അല്ലെന്ന് വരുത്തിയാലും നാമെല്ലാം അടിമകൾ, സമർപ്പിതർ. 

ആദ്യമായി, നാമെല്ലാവരും നമ്മൾ ജനിച്ചു വീണ ജീവിതത്തിൻ്റെയും അവസ്ഥകളുടെയും അടിമകൾ. ജീവിതത്തിനും അതിൻ്റെ അവസ്ഥകൾക്കും അവസ്ഥാന്തരങ്ങൾക്കും സമർപ്പിതർ.

എത്രയെല്ലാം സ്വതന്ത്രരെന്ന് നമ്മേക്കുറിച്ച് നാം മനസ്സിലാക്കിയാലും എകപക്ഷീയമായി പറഞ്ഞുനടന്നാലും നമ്മളകപ്പെട്ട വണ്ടിക്കുള്ളിൽ യാത്ര ചെയ്യുന്നവർ തന്നെ നാമെല്ലാവരും. തീർത്തും സമർപ്പിതരായി, അടിമകളെ പോലെ.

ഏത്രയെല്ലാം സ്വതന്ത്രരാണെന്ന് വീമ്പിളക്കി ഓടുന്നുന്നുണ്ടെങ്കിലും അതൊക്കെയും നമ്മൾ അകപ്പെട്ട വണ്ടിക്കുള്ളിലെ ഓട്ടം മാത്രം. 

എത്രയെല്ലാം വേഗത സ്വയം കൂട്ടിയാലും അവകാശപ്പെട്ടാലും നമ്മളൊക്കയും നമ്മൾ അകപ്പെട്ട വണ്ടിയുടെ വേഗതയിൽ മാത്രം യാത്ര ചെയ്യുന്നവർ. 

എങ്ങോട്ടെല്ലാം തിരിഞ്ഞും മറിഞ്ഞും ഇരുന്നും കിടന്നും ദിശ മാറ്റിയെന്ന് വരുത്തിത്തീർത്താലും നമ്മളൊക്കെയും യാത്ര ചെയ്യുന്നത് നാം അകപ്പെട്ട വണ്ടി പോകുന്ന ദിശയിലേക്ക്, വണ്ടിയുടെ മുഖം മാത്രം നമ്മുടെ മുഖം ആക്കിക്കൊണ്ട്.

എല്ലാം, പോകട്ടെ, നമ്മുടെ തന്നെ വ്യാവഹാരിക കർമ്മലോകത്ത് അധികാരികളുടെ വിരട്ടലുകൾ ഭയക്കുന്ന അടിമകൾ, സമർപ്പിതർ നാം. 

നമുക്ക് പ്രധാനമന്ത്രി വേറെ പ്യൂൺ വേറെ. 

ചെയർമാൻ വേറെ സെക്രട്ടറി വേറെ. 

സ്റ്റിയറിംഗ് വേറെ ടയർ വേറെ. 

നമ്മളിൽ ചിലർ സ്റ്റിയറിംഗ് മറ്റുചിലർ ടയർ വേറെയും കുറേ ചിലർ നട്ടും ബോൾട്ടും മറ്റും മറ്റും.

മുൻകൂട്ടി നിശ്ചയിച്ച, നിശ്ചയിക്കപ്പെട്ട വിശേഷങ്ങളും വിശേഷണങ്ങളും ഇന്ദ്രിയങ്ങളും മാനങ്ങളും അവയുടെ സാധ്യതകളും വെച്ച്, അവ തരുന്ന വൃത്തത്തിനുള്ളിൽ ആവുന്നത് പോലെ ആവാനും ചെയ്യാനും തന്നെയേ അടിമകളായ നമുക്കാവുന്നുള്ളൂ. 

ജനനവും മരണവും നമ്മുടേതായ തെരഞ്ഞെടുപ്പല്ല. 

അടിമകളെ പോലെ തെരഞെടുപ്പില്ലാതെ നമുക്ക് സ്വീകരിക്കേണ്ടി വന്നത് ജനനവും മരണവും. 

സിദ്ധിയും കഴിവും രോഗവും ആരോഗ്യവും അവസരങ്ങളും എല്ലാം അപ്പടി അടിമക്ക് കിട്ടുന്നത് പോലെ, തെരഞ്ഞെടുപ്പില്ലാതെ, കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി എന്നത് പോലെ മാത്രം.

മനുഷ്യർക്കിടയിൽ നടമാടിയ അടിമ സമ്പ്രദായം വെച്ച് മാത്രം മനസ്സിലാക്കുന്ന തകരാറിൽ അകപ്പെട്ട പ്രശ്നം നമുക്കും അടിമയെന്ന് പറയുന്നത് കേൾക്കുമ്പോൾ ഉണ്ടെന്ന് നാം മനസ്സിലാക്കിയാൽ മാത്രം മതി. 

എങ്കിൽ മേൽപറഞ്ഞ വാചകത്തിലെ അടിമ പ്രയോഗത്തിൽ തട്ടിമുട്ടി മനസ്സിലാക്കാൻ തയ്യാറാവാതെ നിൽക്കില്ല.

No comments: