Wednesday, September 25, 2024

മതിയായാൽ മതിയാക്കുക. ചോദിച്ചുവരുന്നവനെ മടക്കാതിരിക്കുക. നൽകുക ശീലമാക്കുക. വാങ്ങുക ശീലമാക്കരുത്.

മതിയായാൽ മതിയാക്കാൻ പഠിക്കണം, തീരുമാനിക്കണം.

പക്ഷേ, അതിന് മതിയായെന്ന് അറിയണം, തോന്നണം.

മതി അറിയാത്തതും തോന്നാത്തതുമാണ് പ്രശ്നം.

ഭക്ഷണത്തിൻ്റെ കാര്യത്തിൽ മതിയായെന്ന് നിനക്ക് അറിയാറുണ്ട്, തോന്നാറുണ്ട്.

ഭക്ഷണം കഴിച്ച് മതിയായാൽ, മതിയാക്കി തീൻമേശയിൽ നിന്നും നീ എഴുന്നേറ്റ് പോകാറുമുണ്ട്. 

ഭക്ഷണം ബാക്കി ഉണ്ടല്ലോ എന്നത് മതിയാവാതിരിക്കാനും മതിയാക്കി എഴുന്നേൽക്കാതിരിക്കാനും അവിടെത്തന്നെ ഇരുന്ന് വീണ്ടും വീണ്ടും കഴിക്കാനും നിനക്ക് ന്യായമാകാറില്ല, കാരണമാകാറില്ല.

പക്ഷേ, സമ്പത്തിൻ്റെ കാര്യത്തിലും സമ്പാദിക്കുന്ന കാര്യത്തിലും ഇത് സംഭവിക്കുന്നില്ല.

സമ്പത്തും സമ്പാദിക്കുന്നതും മതിയാവാറില്ല. 

സമ്പത്തും സമ്പാദിക്കുന്നതും മതിയെന്ന് എങ്ങിനെ തോന്നും തീരുമാനിക്കും എന്ന് നിനക്കറിയുകയും ഇല്ല.

********

നൽകുന്നത് ശീലമാക്കാം. 

പക്ഷേ, വാങ്ങുന്നതും സ്വീകരിക്കുന്നതും ശീലമാക്കരുത്. 

ചോദിച്ചുവരുന്നവനെ വെറുംകയ്യോടെ മടക്കാതിരിക്കുക ശീലമാക്കാം. 

പക്ഷെ ചോദിച്ച്, യാചിച്ച് പോകുന്നത് ശീലമാക്കാതിരിക്കാം. 

ആരെങ്കിലും നൽകുന്നു എന്നതല്ല സ്വീകരിക്കാനുള്ള ന്യായം. 

വേണമെങ്കിൽ മാത്രമാണ് സ്വീകരിക്കേണ്ടത്. 

വേണമെങ്കിൽ ചോദിച്ചും വാങ്ങാം. 

വേണ്ടെങ്കിൽ വെറുതേ കിട്ടുമെങ്കിലും വേണ്ടെന്ന് വെക്കണം. 

വെറുതേ കിട്ടുന്നതൊക്കെയും വേണമെന്ന് വെച്ച് പീന്നീടങ്ങനെ വെറുതേ കിട്ടുന്നതിനെ അവകാശമാക്കി, സുഖവും എളുപ്പവും കണ്ട് തരംതാഴുമ്പോഴാണ് പുരോഹിതനും അഴിമതിക്കാരനും കൈക്കൂലി വാങ്ങുന്നവനും ഉണ്ടാകുന്നത്.

******

യാചിച്ച് ചോദിച്ച് വരുന്നവൻ എത്ര വൃത്തികെട്ടവനാണെന്ന് നിനക്ക് തോന്നുകിലും നീ കൊടുക്കണം. 

കാരണം, യാചിച്ച് ചോദിച്ച് വരുന്നവൻ അങ്ങനെ ആയ, അവനെ അങ്ങനെ ആക്കിയ പശ്ചാത്തലവും ഭൂതവും നിനക്കറിയില്ല. അതിൽ നിനക്ക് നിയന്ത്രണമില്ല.

മഴയിലും വെയിലിലും പൊടിപടലങ്ങളിലും ബഹളങ്ങളിലും ഉള്ള തെരുവിലെ അവൻ്റെ കിടപ്പും, നീയറിയാത്ത അവൻ്റെ എന്തൊക്കെയോ വേദനകളും, നിനക്ക് ഭക്ഷണം പോലെ അവന് മദ്യവും മയക്ക് മരുന്നും ആവശ്യമാക്കുന്നുണ്ടാവും. 

നിൻ്റെ ശരിയും തെറ്റുമല്ല അവൻ്റെ ശരിയും തെറ്റും. 

ശരി തെറ്റുകൾക്കുള്ള അവൻ്റെ പശ്ചാത്തലവും അളവുകോലുകളും വേറെ നിൻ്റെ പശ്ചാത്തലവും അളവുകോലുകളും വേറെ.

പിറകോട്ട് പോയി അവൻ അങ്ങനെ ആയ, അവനെ അങ്ങനെ ആക്കിയ പശ്ചാത്തലവും അളവുകോലുകളും മാറ്റിയെടുക്കുക നിനക്ക് സാധ്യവുമല്ല.

യാചിച്ച് ചോദിച്ചുവരുന്നവന് എന്തെങ്കിലും കൊടുക്കുന്നത് നിനക്ക് കൊട്ടാരം നഷ്ടമാക്കില്ലല്ലോ? 

എങ്കിൽ നീ കൊടുക്കുക.

നീ കൊടുക്കുന്നത് അവന് കൊട്ടാരം ഉണ്ടാക്കാൻ മാത്രമുള്ളതുമില്ലല്ലോ? 

എങ്കിലും നീ കൊടുക്കുക.

ചോദിച്ചുവരുന്നവൻ്റെ മേൽ വിധികളും മുൻവിധികളും ഉണ്ടാക്കുക നിനക്ക് പണിയല്ല. 

വിധികളും മുൻവിധികളും ഉണ്ടാക്കി കൊടുക്കാതിരിക്കാൻ ന്യായം ഉണ്ടാക്കുകയും നിനക്ക് പണിയാവരുത്. 

വിധികളും മുൻവിധികളും ഉണ്ടാക്കി സ്വയം വൃത്തികെടുകയല്ല നീ വേണ്ടത്. 

കൊടുക്കാനുള്ള ഒരു ന്യായമെങ്കിലും കണ്ടെത്തുകയാണ്, കൊടുത്ത് വൃത്തിയാവുകയാണ് നീ വേണ്ടത്. 

കൊടുക്കാതിരിക്കാനുള്ള നൂറ് ന്യായങ്ങൾ കണ്ടെത്തുകയല്ല, വൃത്തികെടുകയല്ല നീ വേണ്ടത്. 

No comments: