തങ്ങൾ കുടുംബം എന്ന ഒരു പ്രത്യേക വിഭാഗം ഇസ്ലാമിൽ ഇല്ല.
ആരെങ്കിലും ആരെയെങ്കിലും കൂടുതലായി പരിഗണിക്കുന്നതും ഇസ്ലാമും തമ്മിൽ ഒരു ബന്ധവും ഇല്ല.
“നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഒരേയൊരു ആണിൽ നിന്നും പെണ്ണിൽ നിന്നും. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രം. അല്ലാഹുവിൻകൽ നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻമാർ നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ളവർ“ (ഖുർആൻ)
“അറബിക്ക് അനറബിയുടെ മേലോ വെളുത്തവന് കറുത്തവന്റെ മെലോ ഒരു മേന്മയും മേൽകോയമയും ഇല്ല, അരുത്. നിങ്ങളെല്ലാവരും ആദമിൽ നിന്ന് , ആദം മണ്ണിൽ നിന്നും.” (ഹദീസ്)
പിന്നെയാണോ രാജകുടുംബം?
നാട്ടിൽ എന്തൊക്കെയൊ സംഭവിക്കുന്നു, ഇസ്ലാമുമായി ബന്ധമില്ലാതെ.
അതൊക്കെയാണ് ഇസ്‌ലാം, അതൊക്കെയും ഇസ്‌ലാമികമാണ് എന്ന ധാരണ വെച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ എന്താണ് ചെയ്യുക?
എല്ലാവിധ രാജാധിപത്യങ്ങളെയും ഉച്ചനീചത്വങ്ങളെയും നിരാകരിച്ചും ഉച്ചാടനം ചെയ്തും വന്ന രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ ജീവിതക്രമമാണ് ഇസ്‌ലാം.
*******
തങ്ങൾ കുടുംബം എന്നാൽ നബിയുടെ കുടുംബം എന്നാണ് ഇവിടെയുള്ള വെപ്പ്.
നബിയുടെ കുടുംബത്തിന് മാത്രമായി ഔന്നത്യമുള്ളതായി, സ്വർഗ്ഗം ഉറപ്പുള്ളതായി ഖുർആൻ എവിടെയും പറയുന്നില്ല. പ്രവാചകനും സൂചിപ്പിവെച്ചിട്ടില്ല.
ഇസ്ലാമിനെ ഇസ്ലാമാക്കുന്ന ആണിക്കല്ലിന് എതിരാണ് ആർക്കെങ്കിലും, അല്ലെങ്കിൽ ഏതെങ്കിലും കുടുംബത്തിന് കൂടുതൽ പ്രത്യേകതയുണ്ടെന്ന് കരുതലും പറയലും.
ഇസ്ലാമികമായി പറഞ്ഞാൽ: എല്ലാ ഔന്നത്യത്തിനും സ്വർഗ്ഗപ്രവേശത്തിനും അടിസ്ഥാനം സൽക്കർമ്മവും പരോപകാരം ചെയ്യലും ദാനധർമ്മങ്ങൾ ചെയ്യലും സത്യവിശ്വാസവും സൂക്ഷ്മതാബോധവും മാത്രം.
പ്രത്യക്ഷത്തിൽ മനുഷ്യരെല്ലാം ഒരുപോലെ മാത്രം.
സത്യവിശ്വാസവും സൂക്ഷ്മതാബോധവും അടിസ്ഥാനത്തിലുള്ള മനുഷ്യന്റെ ഔന്നത്യം ദൈവം മാത്രം അറിയുന്ന , ദൈവം മാത്രം നിശ്ചയിക്കുന്ന രഹസ്യമായ ഔന്നത്യം.
“കാലം കൊണ്ട് സത്യം. നിശ്ചയമായും മനുഷ്യൻ നഷ്ടത്തിലാണ്. വിശ്വസിച്ച് നിർഭയരായവരും സൽക്കർമ്മങ്ങൾ ചെയ്തവരും ഒഴികെ, സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉണർത്തിയവരും ഉപദേശിച്ചവരും ഒഴികെ.” (ഖുർആൻ)
തങ്ങൾ കുടുംബം നേരിട്ട് സ്വർഗ്ഗത്തിലാണ് എന്ന് ആരെങ്കിലും കരുതുന്നതിൽ ഇസ്ലാമികമായി ഒരടിസ്ഥാനവും ഇല്ല എന്നർത്ഥം.
നബിയുടെ കുടുംബക്കാർ തന്നെയായിരുന്നു നബിയുടെ മക്കാജീവിത കാലത്തെ ശത്രുക്കൾ. നബിയെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ചവരും പീഡിപ്പിച്ചവരും.
എന്നുവെച്ചാൽ തങ്ങൾ കുടുംബക്കാർ തന്നെയായിരുന്നു നബിയുടെ ഏറ്റവും വലിയ ശത്രുക്കളും ആയിരുന്നത് എന്നർത്ഥം.
ആ ശത്രുക്കളൊക്കെയും നബിയുടെ കുടുംബക്കാർ ആണ് എന്ന ഒരൊറ്റക്കാരണത്താൽ നേരിട്ട് സ്വർഗ്ഗത്തിലാവും പുണ്യപുരുഷൻമാർ ആവും എന്നാണോ തങ്ങൾ കുടുംബത്തിന് മഹിമയും ദൈവത്തിങ്കൽ കൂടുതൽ പരിഗണനയും ഉണ്ടെന്ന് പറയുന്നവർ അർത്ഥമാക്കുന്നത്?
അങ്ങനെയൊരു അർത്ഥവും സൂചനയും ഖുർആനിൽ എവിടെയും ഇല്ല.
നന്മ ചെയ്യുകയും നന്മ ചെയ്തത് കൂടുകയും അല്ലാത്ത വേറൊരു അടിസ്ഥാനവും ദൈവപ്രീതിക്കും സ്വർഗ്ഗപ്രവേശനത്തിനും അടിസ്ഥാനമായി ഖുർആൻ എവിടെയും പറയുന്നില്ല.
“ആര് അണുമണിത്തൂക്കം നന്മ ചെയ്തുവോ അവനത് കാണും/കിട്ടും.
ആര് അണുമണിത്തൂക്കം തിന്മ ചെയ്തുവോ അവനത് കാണും/കിട്ടും. (ഖുർആൻ)l
No comments:
Post a Comment