Sunday, May 25, 2025

നിങ്ങൾ വാശിപിടിച്ച് പറഞ്ഞത് കൊണ്ട് ഇസ്ലാമിൽ പൗരോഹിത്യം ഉണ്ടാകില്ല.

ഇമാം എന്നാൽ മുന്നിൽ നിന്ന് നയിക്കുന്ന ആരും. 

ആർക്കുമാവാം ഇമാം.

അതൊരു സ്ഥിരമായ സ്ഥാനമോ പ്രത്യേക വിഭാഗത്തിന്റെ പേരോ അല്ല. 

മുന്നിൽ നിൽക്കുന്ന ആരും മുന്നിൽ നിൽക്കാൻ തയ്യാറുള്ള ആരും ഇമാമാണ്.

ആരും ജന്മം കൊണ്ട് ഇമാം ആവുന്നില്ല. ഇമാം എന്നാൽ പുരോഹിതനെന്നോ ദൈവത്തിലേക്കുള്ള മധ്യവർത്തി എന്നോ അർത്ഥമില്ല.

പിന്നെ ഖാളി, ഖത്തീബ് 

ഖാളി എന്ന അറബി പദത്തിന്റെ അർത്ഥം ജഡ്ജ് അഥവാ വിധികർത്താവ്. 

ഖത്തീബ് എന്ന അറബി പദത്തിന്റെ അർത്ഥം പ്രസംഗിക്കുന്ന ആൾ. 

വെള്ളിയാഴ്ച ദിവസം ഖുതുബ (പ്രസംഗം) നടത്തുന്ന ആൾക്കും ഏത് പ്രസംഗിക്കുന്ന ആൾക്കും ഖത്തീബ് എന്ന് തന്നെയാണ് അറബി ഭാഷയിലും ഇസ്‌ലാമിക സംജ്ഞയിലും പറയുക. ഖത്തീബ് പ്രസംഗിക്കാൻ (ഖുതുബ നടത്താൻ) യോഗ്യതയുള്ള ആർക്കും ആവാം, ജന്മം കൊണ്ടല്ല. 

ഖത്തീബ് ഒരു പുരോഹിതനോ ദൈവത്തിലേക്കുള്ള മധ്യവർത്തിയോ പ്രത്യേക വിഭാഗമോ അല്ല

അറബ്/ഇസ്ലാമിക സമൂഹത്തിലെ കോടതികളിൽ ജഡ്ജുമാർക്ക് ഖാളി എന്നാണ് പേര് വിളിക്കുക. 

ഖാളി എന്നത് വിധികർത്താവിന്റെ തൊഴിലെടുക്കുന്ന ആളുടെ നിയമപരമായ തസ്തികയുടെ പേര് മാത്രം. 

പഠിപ്പും യോഗ്യതയും താൽപര്യവും പോലെ ആർക്കും ആകാവുന്നത് മാത്രം ഖാളി, ഖത്തീബ് 

ജാതി പോലെ ജന്മം കൊണ്ട് കിട്ടി ആവുന്നതല്ല ഖാളിയും ഇമാമും ഖത്തീബും ഒന്നും.

നമ്മുടെ നാട്ടിലെ കോടതികളിലും ഗവൺമെന്റ് തസ്തികകളിലും ഇങ്ങനെ കുറെ പേരുകളും പദവികളും ഉണ്ട്. 

അതൊന്നും പൗരോഹിത്യമല്ല, ജന്മം കൊണ്ട് കിട്ടുന്നതല്ല. അതുപോലെ മാത്രം ഖാളിയും ഇമാമും ഖത്തീബും.

ഇസ്ലാമിൽ മനുഷ്യരാകെയും ഒന്നെയൊന്ന്. 

“നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഒരേയൊരു ആണിൽ നിന്നും പെണ്ണിൽ നിന്നും. പിന്നീട് നിങ്ങളെ ഗോത്രങ്ങളും വർഗ്ഗങ്ങളും ആക്കിയത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രം. അല്ലാഹുവിൻകൽ നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻമാർ നിങ്ങളിൽ ഏറ്റവും സൂക്ഷ്മതയുള്ളവർ “ (ഖുർആൻ) 

*********

ഇസ്ലാമിൽ പൗരോഹിത്യം ഉണ്ടെന്ന് നിങ്ങൾ വാശിപിടിച്ച് പറഞ്ഞത് കൊണ്ട് മാത്രം ഇസ്ലാമിൽ പൗരോഹിത്യം ഉണ്ടാകില്ല.

ഇസ്ലാമിൽ പൗരോഹിത്യം ഉണ്ടാകണം എന്ന നിങ്ങളുടെ ആഗ്രഹവും വാശിയും നിങ്ങൾ ഇസ്ലാമിനെ കാണുന്നതും നിങ്ങൾക്ക് ഇസ്ലാമിനെ കാണേണ്ടതും അങ്ങനെ എല്ലാ മതങ്ങളെയും പോലെ ഒരു മതമായിട്ടാണ് എന്നതുകൊണ്ട് മാത്രമാണെന്ന്  മനസ്സിലാക്കാം. 

യഥാർത്ഥത്തിലെ ഇസ്ലാമിനെ മനസ്സിലാക്കാതെ മനസ്സിലാക്കിയെന്ന് ധരിച്ചും വരുത്തിയും കൊണ്ട്. 

മനുഷ്യരാകെയും ഇസ്ലാമിൽ ഒരൊറ്റ വിഭാഗമാണ് എന്ന് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതേയില്ല.

“അറബിക്ക് അനറബിയുടെ മേലോ വെളുത്തവന് കറുത്തവന്റെ മെലോ ഒരു മേന്മയും മേൽകോയമയും ഇല്ല, അരുത്. നിങ്ങളെല്ലാവരും ആദമിൽ നിന്ന് , ആദം മണ്ണിൽ നിന്നും.” (ഹദീസ്)

ഇസ്ലാം യഥാർത്ഥത്തിൽ എന്താണെന്ന് അറിയാൻ അതിന്റേതായ സ്രോതസ്സുകളിൽ നിന്ന് ശ്രമിക്കുക പോലും ചെയ്യാതെ നടത്തുന്ന കാടടച്ചുള്ള വിമർശനം മാത്രമാണവ.

മുസ്ലിംകളിൽ അങ്ങിങ് രൂപപ്പെട്ട അനാചാരം കണ്ടിട്ട് അതാണ് ഇസ്ലാം എന്ന് മനസ്സിലാക്കിയാണ് നിങ്ങൾ വിമർശിക്കുന്നത്. 

അന്ധൻമാർ ആനയെ കുറിച്ച് പറഞ്ഞ കഥ നിങ്ങൾക്ക് തന്നെയും അറിയുകയും ചെയ്യാം.

ഇസ്ലാം മറ്റേതൊരു മതവും പോലെ വെറുമൊരു മതമാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ടും നിങ്ങൾ സംസാരിക്കുന്നു.

ഒന്നുറപ്പിച്ചറിയുക : മുസ്ലിയാർ എന്ന വിഭാഗം ഇസ്ലാമിലില്ല. 

ആർക്കും നിസ്കാരത്തിന് നേതൃത്വം നൽകാം. 

പള്ളിപരിപാലനത്തിന് ശമ്പളം കൊടുത്ത് പ്രാദേശികമായി ഏൽപിക്കപ്പെടുന്ന തൊഴിലാളി മാത്രം മുസ്ല്യാർ. 

മുസ്ലിയാർ പുരോഹിതനല്ല, ദൈവത്തിലേക്കുള്ള വിശ്വാസിയുടെ മധ്യവർത്തിയല്ല.

മുസ്ലിയാർ നടത്തിക്കൊടുക്കേണ്ട പൂജയോ ആരാധനാകർമ്മങ്ങളോ ഇസ്ലാമിൽ ഇല്ല. 

ഇസ്‌ലാമിൽ മനുഷ്യൻ ദൈവവുമായി നേരിട്ടാണ്. 

കൃസ്ത്യൻ പൗരോഹിത്യത്തിന് കാണുന്നത് പോലെ മുസ്ലിയാറിന് മുകളിലോട്ടും താഴോട്ടും വളരാനുള്ള നീളുന്ന പൗരോഹിത്യത്തിന്റെ ചങ്ങലയില്ല.

*******

ലോകത്ത് എല്ലായിടത്തും ഉണ്ട് ഇസ്ലാമിലും മുസ്ലിംകൾക്കിടയിലും പൗരോഹിത്യം ഇല്ലെന്ന കഥയും കാര്യവും.

ഇസ്ലാമിനെ പ്രത്യേകിച്ച് മഹത്വപ്പെടുത്താനില്ലാത്ത വിധം ഒരു സാധാരണ സംഭവമാണ് ഇസ്ലാമിൽ പൗരോഹിത്യമില്ല എന്നത്. 

ഇസ്ലാമിൽ പൗരോഹിത്യം ഉണ്ട് എന്ന് നിങ്ങൾക്ക് തോന്നിയതും തോന്നാനിടയായ ഇന്ത്യൻ സാഹചര്യങ്ങളാണ് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചേടത്തോളം അസാധാരണമായത്, ഇല്ലാത്തത്, പാടില്ലാത്തത്.

********


No comments: