ചില രാജ്യങ്ങളിലെ ഭരണകൂട പാർട്ടികളും ഭരണാധികാരികളും ഒരുപോലെ അറിയുന്ന കാര്യമുണ്ട്.
95% ജനങ്ങളും വിഡ്ഡികളാണെന്ന്.
വിഡ്ഢികളായ ജനങ്ങളെ എന്തും പറഞ്ഞും ചെയ്തും പറ്റിക്കാമെന്ന്.
അവരെ വികാരം കൊള്ളിച്ചാൽ മാത്രം മതിയെന്ന്
ആ 95 ശതമാനത്തിന് സത്യവും അസത്യവും അറിയില്ല , വിഷയമല്ലെന്ന്.
അവരെ അന്ധരാക്കാൻ മതവും സങ്കുചിത ദേശീയതയും അതുണ്ടാക്കുന്ന വെറുപ്പും വികാരവും എത്രയോ കൂടുതലാണെന്ന്.
ഭരണകൂട പാർട്ടികളുടെയും ഭരണാധികാരികളുടെയും ധൈര്യം വിഡ്ഢികളായ ഈ 95% ജനങ്ങളിലാണ്. അവരുടെ പിന്തുണയിലാണ്.
അതുകൊണ്ട് തന്നെ ജനാധിപത്യമെന്ന് പേരിട്ട് കൊണ്ട് എന്ത് കോമാളിത്തരവും കാട്ടാം, എന്ത് നാടകങ്ങളും കളിക്കാം എന്നവരറിയുന്നു.
ജനാധിപത്യത്തെ എളുപ്പത്തിൽ വഴിതെറ്റിക്കാം, വിലക്ക് വാങ്ങാം എന്നുമവർ ജനാധിപത്യത്തിന്റെ പേരിൽ പ്രവർത്തിച്ച് കാണിച്ചുകൊടുക്കുന്നു.
ജനങ്ങൾക്ക് അവർ പുലിയുടെ മുകളിലാണ് എന്ന തോന്നലുണ്ടാക്കിക്കൊടുത്താൽ മാത്രം .
അതേ പുലിയുടെ ഇരയാണവർ എന്നതൊന്നും പിന്നീടവർക്ക് ബാധകമല്ല.
അതേ പുലിയുടെ ഇരയാവുന്നതും ഇരയായി ക്രൂരമായി കൊല്ലപ്പെടുന്നതും നശിക്കുന്നതും ഒന്നും അവർക്ക് മനസ്സിലാവില്ല.
അതുകൊണ്ട് തന്നെ അതിനെയോർത്തൊന്നും അവർക്ക് വിഷമമുണ്ടാവില്ല.
വസ്ത്രമാണെന്ന പേര് കിട്ടിയാൽ മാത്രം മതി. ചിതലിനെയും അവർ വസ്ത്രമാക്കി ധരിച്ച് അഹങ്കരിച്ച് നടക്കും.
ജനാധിപത്യത്തിൽ വിഡ്ഢികളുടെ വോട്ടിനും ബുദ്ദിമാന്മാരുടെ വോട്ടിനും പൈസവാങ്ങി വോട്ട് ചെയ്യുന്നവരുടെ വോട്ടിനും ഒരേ വിലയാണ്.
അതുകൊണ്ട് തന്നെ ആ 95%ത്തെ വിഡ്ഢികളാക്കാനും വിഡ്ഢികളാക്കി തുടർത്താനുമുള്ള പണി മാത്രം നടത്തിയാൽ മതിയെന്ന് ഭരണകൂട പാർട്ടികളും ഭരണാധികാരികളും മനസ്സിലാക്കുന്നു.
അങ്ങനെ നടത്തേണ്ട പണികൾ മാത്രം ഭരണകൂട പാർട്ടികളും ഭരണാധികാരികളും അണിയറയിൽ ഒരുക്കുന്നു, അവ മാത്രം ചെയ്യുകയും ചെയ്തെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ബാക്കി വരുന്ന കാര്യവിവരമുള്ള, ശരിയും തെറ്റും മനസ്സിലാവുന്ന, ശരിയും തെറ്റും അബദ്ധവും സുബദ്ധവും അപകടവും വളർച്ചയും തളർച്ചയും വകതിരിച്ച് ചർച്ച ചെയ്യുന്ന ആ വെറും അഞ്ച് ശതമാനത്തെ ആർക്ക് വേണം, ആര് ശ്രദ്ധിക്കണം?
ആ അഞ്ച് ശതമാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ചും 95 ശതമാനത്തെ വികാരം കൊള്ളിച്ച് കയ്യിലെടുത്തുകഴിഞ്ഞാൽ.
ഭരണകൂട പാർട്ടികളും ഭരണാധികാരികളും എന്തായാലും ഈ അഞ്ച് ശതമാനത്തെ ശ്രദ്ധിക്കാൻ ഉദ്ദേശിക്കുന്നില്ല.
അതുകൊണ്ട് തന്നെ ഈ അഞ്ച് ശതമാനത്തിന്റെ ചോദ്യങ്ങൾക്ക് നിന്നുകൊടുക്കാനോ അവർക്ക് ഉത്തരം നൽകാനോ അവർ തന്നെയായ പത്രമാധ്യമങ്ങളുടെ മുന്നിൽവരാനോ പത്രമാധ്യമങ്ങളെ അഭിസംബോധന ചെയ്യാനോ അത്തരം ഭരണകൂട പാർട്ടികൾ അവരുടെ ഭരണാധികാരിയെ അനുവദിക്കില്ല.
അഞ്ച് ശതമാനത്തിന് താഴെ വരുന്ന ബുദ്ധിജീവികൾക്കും പത്രമാധ്യമപ്രവർത്തകർക്കും അവരുടെ ചോദ്യങ്ങൾക്കും ചെവികൊടുത്തില്ലെങ്കിൽ ഒന്നും വരില്ലെന്ന് ഇരുട്ട് കൊണ്ട് ഓട്ടയടക്കാൻ അറിയുന്ന ഭരണകൂട പാർട്ടികളും ഭരണാധികാരികളും കൃത്യമായും അറിയുന്നു.
No comments:
Post a Comment