ചോദ്യം: എന്താണ് ഒരാളുടെ ധര്‍മ്മം? എങ്ങിനെ അതറിയാം?
ഒരാളുടെ സ്വഭാവത്തിലാണ് അയാളുടെ ധര്‍മ്മം.
ഒരാളുടെ ധര്‍മ്മത്തിലാണ് അയാളുടെ സ്വഭാവം.
സ്വഭാവമല്ലാത്തത് സ്വാഭാവികമല്ല. കൃത്രിമമായത്. കാപട്യം, അഭിനയം.
ഒരാളുടെ അറിവുമായോ ശ്രമവുമായോ ബോധവുമായോ തേട്ടവുമായോ ഒരു ബന്ധവും ധര്‍മ്മത്തിനും സ്വഭാവത്തിനും ഇല്ല. അത് ജീവിതമായി സംഭവിക്കുന്നതാണ്. സംഭവിക്കുന്നത് കൊണ്ട് സംഭവിക്കുന്നത്.
എല്ലാം ജീവിതം, അഥവാ മുഴുത്വം, മുഴുവന്റെ സമഗ്രതയില്‍ സമഗ്രതക്ക് വേണ്ടി സംഭവിക്കുന്നത്, സംഭവിപ്പിക്കുന്നത്.
എന്നല്ല, ഒരാൾ അയാളുടെ ധര്‍മ്മവും സ്വഭാവവും അറിഞ്ഞ് കൊള്ളണം എന്ന് പോലും ഇല്ല. ഇത് ഒരു പൂവിന്റെയും തേനീച്ചയുടെയും വൃക്ഷത്തിന്റെയും കാര്യത്തിലും അങ്ങനെ തന്നെ.
അഥവാ അറിഞ്ഞാല്‍ തന്നെ അത് പൂര്‍ണമോ പൂര്‍ണാര്‍ത്ഥത്തിലോ ആയിക്കൊള്ളണം എന്നുമില്ല.
കാരണം അയാൾ എന്നത്, അല്ലേല്‍ പൂവും തേനീച്ചയും വൃക്ഷവും എന്നത്, സ്ഥായിയായ തുടര്‍ച്ചയുള്ള സംഗതിയും ബോധവുമല്ല. ജീവിതം ജീവിതത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു സംഗതിയും ബോധവും മാത്രമാണ് അയാളും അയാളുടെ അയാൾ എന്ന തോന്നലും.
എന്നത് കൊണ്ട് തന്നെ അയാൾ മനസിലാക്കുന്ന ശരി തെറ്റ് എന്നതും, ധര്‍മ്മം അധര്‍മ്മം എന്നതും സ്ഥായിയായതല്ല. ധര്‍മ്മം അധര്‍മ്മമായും, അധര്‍മ്മം ധര്‍മ്മമായും ഭവിക്കും. ജീവിതത്തിന് എല്ലാം ഒന്ന്. മുഴുവനിൽ എല്ലാം ഒന്ന്.
ആ നിലക്ക് പറഞ്ഞാൽ ധര്‍മ്മത്തിനും സ്വഭാവത്തിനും ശരി തെറ്റ് എന്നതില്ല. ധര്‍മ്മം അധര്‍മ്മം എന്നതും ഇല്ല. എല്ലാം ജീവിതം.
എല്ലാം ജീവിതമെന്ന (ദൈവമെന്നും പദാര്‍ത്ഥമെന്നും പേരുള്ള) സമഗ്രതയില്‍ വേണ്ട സ്വഭാവവും ധര്‍മ്മവും മാത്രം.
എല്ലാവരും ധര്‍മ്മം മാത്രം നടത്തുന്നു. സ്വാഭാവം മാത്രം കാണിക്കുന്നു. മറ്റൊരു നിര്‍വാഹമില്ലാതെ. ഏറെക്കുറെ അറിയാതെ.
അയാൾ പോലും അറിയാതെ ഉദ്ദേശിക്കാതെ നടക്കുന്നതാണ് അയാളുടെ പ്രസക്തിയും സ്വഭാവവും ധര്‍മ്മവും അര്‍ത്ഥവും.
ആപേക്ഷികമായി നീ നിന്നെയും മറ്റാരെയും എന്ത്, എങ്ങിനെ മനസിലാക്കിയാലും മുഴുത്വത്തില്‍ നിന്നും നോക്കാതെ, കാണാതെ, അറിയാതെ, നീ എന്ത്, എന്തിന് വേണ്ടി എന്നതും നിന്റെ സ്വഭാവവും ധര്‍മ്മവും പ്രസക്തിയും എന്തെന്നും യഥാര്‍ത്ഥത്തില്‍ നിനക്ക് മനസ്സിലാവില്ല.
അക്ഷരം വക്കിലാണ്. വാക്കിന് വേണ്ടിയാണ് ഓരോ അക്ഷരവും.
ഒറ്റക്ക് ഒരര്‍ത്ഥവും ധര്‍മ്മവും അക്ഷരത്തിന് ഇല്ലെന്നും കണ്ടില്ലെന്നും വന്നേക്കും. അക്ഷരത്തിനും കുത്തിനും കോമക്കും അങ്ങനെ ഒരര്‍ത്ഥവും ധര്‍മ്മവും കാണാന്‍ കഴിഞ്ഞു കൊള്ളണം എന്നുമില്ല.
എന്ന് വെച്ചാല്‍ ബാഹ്യമായ ഒരു ധര്‍മ്മവും സ്വഭാവവും അക്ഷരത്തിലും കുത്തിലും കോമയിലും ഒറ്റക്ക് നേരിട്ട് ദര്‍ശിക്കാന്‍ കഴിഞ്ഞു കൊള്ളണം എന്നില്ല.
കാരണം, ധര്‍മ്മവും സ്വഭാവവും തനിക്ക് പോലും അറിഞ്ഞ് ബോധ്യപ്പെട്ടു രൂപപ്പെടുന്നതും നടക്കുന്നതും മനസിലാക്കാന്‍ സാധിക്കുന്നതും അല്ല. മുഴുവനും വേണ്ടിയല്ലാതെ. സമഗ്രതക്ക് വേണ്ടി സമഗ്രതയില്‍ അല്ലാതെ.
അക്ഷരത്തെ പോലെ തന്നെ,
വാക്ക് വാചകത്തിലും വാചകം അധ്യായത്തിലും അധ്യായം ഗ്രന്ഥത്തിലും പ്രസക്തമാകുന്നു, അര്‍ത്ഥം നല്‍കുന്നു. പൂര്‍ണാര്‍ത്ഥത്തിലുള്ള പ്രസക്തിയും സ്വഭാവവും ധര്‍മ്മവും പ്രദര്‍ശിപ്പിക്കുന്നു.
വാക്ക് വാചകത്തിലും വാചകം അധ്യായത്തിലും അധ്യായം ഗ്രന്ഥത്തിലും പ്രസക്തമാകുന്നു, അര്‍ത്ഥം നല്‍കുന്നു. പൂര്‍ണാര്‍ത്ഥത്തിലുള്ള പ്രസക്തിയും സ്വഭാവവും ധര്‍മ്മവും പ്രദര്‍ശിപ്പിക്കുന്നു.
അന്തിമവിശകലനത്തില്‍ അക്ഷരം പോലും അദ്ധ്യായത്തിലേക്കാണ്, പിന്നെയും കടന്ന് പറഞ്ഞാൽ ഗ്രന്ഥത്തിലേക്കാണ് അതിന്റെ പ്രസക്തിയും അര്‍ത്ഥവും സ്വഭാവവും ധര്‍മ്മവും നല്‍കുന്നത്.
ഗ്രന്ഥത്തിന്റെയും അദ്ധ്യായത്തിന്റെയും പരിപ്രേക്ഷ്യത്തില്‍ നിന്ന് മാത്രമേ വാചകത്തിന്റെയും വാക്കിന്റെയും അക്ഷരത്തിന്റെയും ധര്‍മ്മവും സ്വഭാവവും മനസ്സിലാകൂ. ആ നിലക്കുള്ള ഞാനും നീയും എന്റെതും നിന്റെതും മാത്രമേ ഉള്ളൂ.
അല്ലാതെ താന്‍ എന്ത്, എന്തിന് വേണ്ടി എന്ന് ഒരാളും ഒറ്റയില്‍ മനസ്സിലാക്കില്ല, അറിയില്ല. അങ്ങിനെ മനസ്സിലാക്കേണ്ടതും അറിയേണ്ടതും ഇല്ല. അങ്ങനെ മനസ്സിലാക്കിയാല്‍ അതയാള്‍ക്ക് മാത്രം ബാധകമായ വെറും ആപേക്ഷികമായ അല്പബോധം, അറിവ്, തോന്നൽ.
ഒരാളുടെ ധര്‍മ്മവും സ്വഭാവവും രൂപപ്പെടാന്‍ അങ്ങനെ ഒരാളും ഉദ്ദേശിക്കേണ്ടതോ സ്വന്തത്തെ അറിയേണ്ടതോ മനസ്സിലാക്കേണ്ടതോ ബോധം ചെലുത്തണ്ടതോ ഇല്ല. അറിയാതെയും ബോധം ചെലുത്താതേയും പ്രസക്തിയും സ്വഭാവവും ധര്‍മ്മവും അര്‍ത്ഥവും രൂപപ്പെടും.
ആ നിലക്ക് അല്പത്തിലെ, തനിക്ക് അറിഞ്ഞ് ബോധ്യപ്പെടുന്ന അര്‍ത്ഥവും ഇല്ല, വെറും തോന്നൽ മാത്രമായല്ലാതെ. സ്വഭാവവും ധര്‍മ്മവും അപ്പടി.
മുഴുവനിലേക്ക് തനിക്ക് നല്‍കാനുള്ള അര്‍ത്ഥവും സ്വഭാവവും ധര്‍മ്മവും മാത്രമേ ഉള്ളൂ. മുഴുവന്‍ മാത്രമേ ഉള്ളൂ. മുഴുവന് വേണ്ടി മാത്രമാണ് എല്ലാം. മുഴുവന്‍ മാത്രമാണ് എല്ലാം. നീ അതിനെ വിധി എന്ന് വിളിച്ചാലും ഇല്ലേലും.
ഓരോ അക്ഷരവും വാക്കും, അതിന്റെ സ്വഭാവവും അര്‍ത്ഥവും പ്രസക്തിയും ധര്‍മ്മവും നല്‍കാന്‍ വേണ്ട വിധിയില്‍ തന്നെ.
ഉച്ചരിച്ച ഓരോ വാക്കും അതറിയാത്ത അര്‍ത്ഥവും സ്വഭാവവും ധര്‍മ്മവും കാണിക്കുന്ന, നടപ്പിലാക്കുന്ന വിധിയിലും ദൗത്യത്തിലും ഓട്ടത്തിലും തന്നെ. സ്വയം താന്‍ എന്തെന്ന് അന്വേഷിച്ചും അന്വേഷിക്കാതെയും, വരുത്തിയും വരുത്താതേയും, സമര്‍ഥിച്ചും സമര്‍ഥിക്കാതേയും.
*****
നമ്മളാരും തേടി നേടുന്നതല്ല, നടപ്പാക്കുന്നതല്ല നമ്മുടെ സ്വഭാവവും ധര്‍മ്മവും പ്രസക്തിയും. തേടാതെയും അറിയാതെയും സംഭവിക്കുന്നതാണത്.
കുരുമുളക് തേടുന്നതല്ല അതിന്റെ എരിവ്. പകരം അതിന്റെ സ്വഭാവമായും ധര്‍മ്മമായും നല്കുന്നതാണ് കുരുമുളക് അതിന്റെ എരിവ്.
കുരുമുളകും അതിന്റെ ചെടിയും എന്തെങ്കിലും തേടുന്നത്, ധര്‍മ്മവും സ്വഭാവവും അർത്ഥവും നൽകാൻ വേണ്ട സംഗതികള്‍ ഒരുക്കൂട്ടാൻ മാത്രം. വെള്ളമായാലും വെളിച്ചമായാലും മറ്റെന്തായാലും.
തേടുന്നതും നല്‍കുന്നതും ഒന്നല്ല. രണ്ടും രണ്ടാണ്.
നാം തേടുന്നതല്ല നാം. നാം സ്വയം എന്തെന്ന് സ്ഥാപിക്കാനും സമര്‍ഥിക്കാനും ശ്രമിക്കുന്നതല്ല നാം, നമ്മുടെ ധര്‍മ്മം, സ്വാഭാവം.
നാം നാമറിയാതെ പോലും നല്കുന്നതാണ് നാം, നമ്മുടെ ധര്‍മ്മം, സ്വാഭാവം.
തേടുന്നത് വളരാൻ വേണ്ടത്. ധര്‍മ്മവും സ്വഭാവവും സാധിക്കാന്‍ വേണ്ടത്. പ്രസക്തനാവാനും അര്‍ത്ഥം ഉണ്ടാക്കാനും വേണ്ട സംഗതികള്‍ ഒരുക്കൂട്ടാൻ.
നല്‍കുന്നത് വളര്‍ന്ന് വലുതായാല്‍, വിത്ത് ഗുണം വെച്ചുള്ള സ്വന്തം സ്വഭാവവും ധര്‍മ്മവും വെച്ച്.
നല്‍കുന്നത് വെച്ചാണ് ധര്‍മവും സ്വഭാവവും പ്രസക്തിയും വിവക്ഷയാവുന്നത്. സ്വാഭാവികമായതാണ് ധര്‍മ്മവും സ്വഭാവവും. വ്യാഖ്യാനവും വിശദീകരണവും ആവശ്യമില്ലാത്തത്.
തേനീച്ച തേടുന്നത് പൂവിലെ മധു.
തേനീച്ച നല്‍കുന്നത് തേൻ.
തേനീച്ച നല്‍കുന്നത് വെച്ച് അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു പോരുന്നു. നാം നിര്‍വ്വചിച്ചു വരുന്നു. മധു ശേഖരിക്കുന്ന വഴിയില്‍ പരാഗണം നടത്തിയാല്‍ അതും.
ധര്‍മ്മമായും സ്വഭാവമായും ഇല്ലാത്തതും, വളര്‍ച്ചക്ക് വേണ്ടതും, ധര്‍മ്മവും സ്വഭാവവും അര്‍ത്ഥവും രൂപപ്പെടാന്‍ വേണ്ടതും തേടും.
തേടി നേടുന്ന അസംസ്കൃത വസ്തു അല്ല ധര്‍മ്മം, സ്വാഭാവം.
എരിവ് കുരുമുളകിന്റെ തേടി നേടുന്ന അസംസ്കൃത വസ്തുവല്ല.
എരിവ് കുരുമുളകിന്റെ സ്വഭാവമായ, ഉത്പന്നമായ ധര്‍മ്മം ആണ്. കുരുമുളകാണ്.
മനുഷ്യന്‍ തേടുന്ന ശാന്തിയും അധികാരവും സമ്പത്തും ഒന്നും അത്പോലെ തന്നെ മനുഷ്യന്റെ ധര്‍മ്മവും സ്വഭാവവും അല്ല. പകരം മേല്‍ പറഞ്ഞത് പോലെ മറിച്ചാണ്. അസംസ്കൃത വസ്തുക്കള്‍ മാത്രമാണവ. ധര്‍മ്മവും സ്വഭാവവും സംഭവിക്കാന്‍ വേണ്ട സാഹചര്യവും സൗകര്യവും ഒരുക്കാന്‍ വേണ്ടത്.
അസംസ്കൃത വസ്തു ധര്‍മ്മം ഉണ്ടാക്കാന്‍. സ്വാഭാവം രൂപപ്പെടുത്താന്‍.
അസംസ്കൃത വസ്തു വെച്ച് ഉണ്ടാക്കി നല്‍കുന്നത് ധര്‍മ്മം, സ്വാഭാവം.
സ്വഭാവം വെച്ച് സംഭവിക്കുന്നത് ധര്‍മ്മം. സ്വാഭാവം തന്നെ ധര്‍മ്മം.
ആ നിലക്ക്, വിത്ത് ഗുണത്തില്‍ ധര്‍മ്മവും സ്വഭാവവും അന്തര്‍ലീനമായിരിക്കുന്നു.
സ്വാഭാവവും ധര്‍മ്മവും സംഭവിക്കാന്‍ പലതും പല സൗകര്യങ്ങളും തേടും, നേടും.
ആ നേടുന്ന സംഗതികള്‍ ധര്‍മ്മം അല്ല, സ്വാഭാവം അല്ല. അധികാരമായാലും, സമ്പത്തും ശാന്തിയുമായാലും.
മനുഷ്യന്‍ തേടുന്ന, നേടുന്ന, നല്‍കുന്ന ശാന്തിയും അധികാരവും സമ്പത്തും മനുഷ്യന്റെ സ്വഭാവവും ധര്‍മ്മവും അല്ല. പകരം ധര്‍മ്മവും സ്വഭാവവും രൂപപ്പെടുത്താന്‍ വേണ്ടതും സംഭവിപ്പിക്കാന്‍ വേണ്ടതും.
വെള്ളവും വെളിച്ചവും തേടുന്ന വൃക്ഷം പഴവും തണലും ശുദ്ധവായുവും വിറകും കൂടും നല്‍കും.
തേടുന്നത് വേറെ, നല്‍കുന്നത് വേറെ.
ധര്‍മം നടക്കുന്നത്, സ്വഭാവമായി മാറുന്നത്, നല്‍കുന്നത് വെച്ച്.
ധര്‍മ്മവും സ്വഭാവവും നടന്ന് കിട്ടാന്‍ വേണ്ടി തേടുന്ന, നേടുന്ന വെള്ളവും വെളിച്ചവും അതിന്റെ സ്വഭാവവും ധര്‍മ്മവും അല്ല.
വൃക്ഷം അറിയപ്പെടുന്നത് അതെന്ത് തേടുന്നു എന്നത് വെച്ചല്ല.
വൃക്ഷം അറിയപ്പെടുന്നത് അതെന്ത് നല്‍കുന്നു എന്നത് വെച്ചാണ്. അതിന്റെ സ്വഭാവവും ധര്‍മ്മവും വെച്ച്.
മനുഷ്യന്‍ തേടുന്നതാണ് ശാന്തി. നില്‍ക്കക്കള്ളി ഇല്ലാതെ. സമ്പത്തും അധികാരവും ഒക്കെ പോലെ.
മനുഷ്യന്‍ അവന്റെ സ്വഭാവമായും ധര്‍മ്മമായും നല്‍കുന്നതല്ല ശാന്തി, അധികാരം സമ്പത്ത്.
ശാന്തി മനുഷ്യന്റെ ധര്‍മ്മമോ സ്വഭാവമോ അല്ല. അധികാരവും സമ്പത്തും ലഹരിയും ഭക്തിയും അപ്പടി.
പകരം, ഒരുപക്ഷേ, തന്റെ ധര്‍മ്മവും സ്വഭാവവും നടന്ന് കിട്ടാന്‍ വേണ്ട പലതരം അസംസ്കൃത വസ്തുക്കളില്‍ ഒന്ന് മാത്രമാണ് ശാന്തി, സ്വസ്ഥത, സമ്പത്ത്, അധികാരം, ലഹരി, ഭക്തി.
മനുഷ്യന്‍ എന്ത് നല്‍കുന്നു, ആ നിലക്ക്, മനുഷ്യന്‍ എന്ത് ധര്‍മം നിര്‍വ്വഹിക്കുന്നുവെന്ന് മനുഷ്യരല്ലാത്തവര്‍ക്ക് മാത്രം മനസിലാവും. മുഴുവനിൽ നിന്ന് കാണുമ്പോള്‍ മനസിലാവും. അങ്ങനെ കാണാന്‍ സാധിക്കുമെങ്കിൽ. മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടിലെ മനുഷ്യരല്ലാത്തവര്‍ക്ക് അത് എളുപ്പം ബോധ്യമാവും, മനസ്സിലാവും. അവർ എങ്ങിനെ മനസ്സിലാക്കുന്നുവെന്ന് ഇന്നും മനുഷ്യന് അറിയില്ല. അവര്‍ക്ക് അങ്ങനെയൊരു മനസിലാക്കല്‍ തന്നെയും ഉണ്ടോ എന്ന് പോലും.
മനുഷ്യന്റെ സ്വഭാവവും ധര്‍മ്മവും അല്ല ശാന്തിയും അധികാരവും സമ്പത്തും ഭക്തിയും മറ്റൊന്നും.
മനുഷ്യന്റെ സ്വഭാവവും ധര്‍മ്മവും അല്ലാത്തതാണ് ശാന്തി, അധികാരം, സമ്പത്ത്, ഭക്തി.
മനുഷ്യന്‍ അടിസ്ഥാനപരമായി അശാന്തനാണ്.
അവന്റെ അശാന്തിയാണ് അവന്റെ കഥയും കവിതയും ചിന്തയും സന്യാസവും അധികാരമോഹവും ഭക്തിയും ഒക്കെ സൂചിപ്പിക്കുന്നത്. നിര്‍വാണ നേടും വരെ. അവകാശവാദമായെങ്കിലും.
മറ്റെന്തോ ആയ മനുഷ്യന്റെ ആ നിലക്കുള്ള ധര്‍മവും സ്വഭാവവും നടത്താനും നേടാനും വേണ്ട അസംസ്കൃത സാധനങ്ങൾ മാത്രമാണ് അവന്‍ തേടുന്ന പലതില്‍ ചിലത് മാത്രമായ ശാന്തി, അധികാരം, സമ്പത്ത്, ഭക്തി.
മനുഷ്യന്‍ നല്‍കുന്നത് എന്താണ്, അഥവാ മനുഷ്യന്റെ ധര്‍മമായ സ്വാഭാവം എന്താണ്, എന്ന് മനുഷ്യരല്ലാത്ത സമ-സഹ സൃഷ്ടികള്‍ക്ക് അവരുടെ അനുഭവത്തിലൂടെ മാത്രമേ മനസ്സിലാവൂ. മുഴുവനിൽ നിന്ന് കണ്ടാല്‍ മനസിലാവും.
നമ്മൾ മാവിനെയും തേനീച്ചയേയും പൂവിനെയും അതിന്റെ സ്വഭാവവും ധര്‍മ്മവും വെച്ച് മനസിലാക്കുന്നത് പോലെ നമ്മളല്ലാത്തവര്‍ നമ്മെ മനസ്സിലാക്കുന്നത് വെച്ചാണ് നമ്മുടെ ധര്‍മ്മവും സ്വഭാവവും മനസ്സിലാക്കേണ്ടത്. നാം ചുറ്റുപാടിന് നല്‍കുന്നത് വെച്ച്. നമ്മൾ മനുഷ്യര്‍ക്ക് തന്നെ നല്‍കുന്നത് വെച്ചല്ല. അല്ലേല്‍, അത് മാത്രം വെച്ചല്ല.
പൂവിന്റെ പൂമണം നമുക്ക് മാത്രമാണ് പൂമണം.
പൂവിനത് അതിന്റെ വിയര്‍പ്പിന്റെ ഗന്ധമോ പൂവിനെ പേറുന്ന ചെടിക്കത് അതിന്റെ ശുക്ലത്തിന്റെ ഗന്ധമോ മാത്രമാണ്.
****
തേടാതെ ആവുന്നതാണ് ധര്‍മ്മം, സ്വാഭാവം.
ധര്‍മ്മവും സ്വഭാവവും സംഭവിക്കാനാണ് എല്ലാം തേടുന്നതും നേടുന്നതും.
നാം അറിയാതെയും ധര്‍മ്മം സംഭവിക്കുന്നു. സ്വാഭാവം സംഭവിക്കുന്നു.
******
നല്‍കലും തേടലും തമ്മിലെ വ്യത്യാസം മനസിലാക്കണം.
നല്‍കുന്നത് സ്വാഭാവം വെച്ച്. ധര്‍മ്മം ആവാന്‍. സ്വാഭാവം കാണിക്കാന്‍.
തേടുന്നത് സ്വാഭാവം, അതല്ലേല്‍ ധര്‍മ്മം, മുളപ്പിച്ച് കണ്ടെത്താനും നിലനിര്‍ത്താനും വളര്‍ത്താനും.
No comments:
Post a Comment