Wednesday, October 23, 2019

പരബ്രഹ്മജ്ഞാനി താന്‍ നാസ്തികനാണ്


ആസ്തികത കൊണ്ട്‌ 'ഞാന്‍' ഉണ്ടെന്നും നാസ്തികത കൊണ്ടും 'ഞാന്‍' ഇല്ലെന്നും, അല്ലെങ്കിൽ ദൈവം ഉണ്ടെന്നും ഇല്ലെന്നും ആണ് നിങ്ങൾ പരസ്പരം പറയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ, ഒന്നറിയുക.
ആ നിലയ്ക്കുള്ള (ഞാന്‍ ഉണ്ടെന്ന, ദൈവം ഉണ്ടെന്ന) ആസ്തികത പരബ്രഹ്മജ്ഞാനത്തില്‍ ഇല്ല.
അത് നീയാണ്, തത്ത്വമസി, എന്നും ഞാന്‍ തന്നെ പരബ്രഹ്മം, അഹം ബ്രഹ്മാസ്മി, എന്നും പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ഞാന്‍ ഇല്ലെന്നും, ഞാന്‍ അല്ലാത്ത പരബ്രഹ്മം ഇല്ലെന്നും (നിഷേധം) പരബ്രഹ്മം തന്നെയായ ഞാന്‍ മാത്രമേ ഉള്ളൂ എന്നുമാണ്.
അല്ലാതെ ഞാന്‍ ഉണ്ടെന്നും എന്റെ അഹങ്കാരം വലുതാക്കിയാണ് പരബ്രഹ്മവും പരബ്രഹ്മജ്ഞാനവും ഉണ്ടാവുന്നത് എന്നും അല്ല.
പരബ്രഹ്മജ്ഞാനി താന്‍ ഇല്ലെന്ന് അറിയുന്ന നാസ്തികനാണ് ആവുന്നത്. ഞാന്‍ മാത്രമുള്ള പരബ്രഹ്മം ഇല്ലാത്ത നിഷേധം കൂടി അതിലുണ്ട്. 
ഇനി പരബ്രഹ്മം എന്താണ്‌ എന്ന ചോദ്യത്തിന് ആസ്തികരുടെയും നാസ്തികരുടെയും വാദം ഒന്നാവുന്ന ഉത്തരം മാത്രമേ ഉള്ളൂ.
പരബ്രഹ്മം പോത്ത്.
പോത്ത് എന്നത് കൊണ്ട്‌ ജീവനുള്ള പോത്ത് എന്നല്ല അര്‍ത്ഥം.
പകരം, നിങ്ങൾ എങ്ങിനെ മനസിലാക്കുന്നുവോ, കണക്കാക്കുന്നുവോ, അങ്ങനെ എന്നർത്ഥം. നിഷേധമായും വിശ്വാസമായും. 
അത് നാസ്തികര്‍ കണക്കാക്കുന്നത് പോലെ പദാര്‍ത്ഥം എന്ന് കരുതിയാലും, ആസ്തികര്‍ കണക്കാക്കും പോലെ ആത്മാവ് എന്ന് കണക്കാക്കിയാലും ഒന്ന് എന്നര്‍ത്ഥം. പേരിലെ വ്യത്യാസം മാത്രം. സംഗതി ഒന്നിനെ വ്യത്യസ്തമായ കോലത്തില്‍ കണ്ട് സംസാരിക്കുന്നു. അത്ര തന്നെ. 
ബോധം എന്നായാലും ഊര്‍ജം എന്നായാലും ഒന്ന് എന്നർത്ഥം.
ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒന്ന് എന്നര്‍ത്ഥം.
നിരീശ്വരനും ഈശ്വരനും ഒരേ തട്ടില്‍ എന്നര്‍ത്ഥം.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാൽ നിരീശ്വര വിശ്വാസിയാണ് യാഥാര്‍ത്ഥ പരബ്രഹ്മത്തെയും അദ്വൈതത്തെയും കറകളഞ്ഞ് ഉള്‍കൊണ്ട്‌ ഒന്ന് മാത്രമേ ഉള്ളൂ എന്ന് സംസാരിക്കുന്നത്. രണ്ട് അല്ലാത്ത ഒന്ന് മാത്രമേ ഉള്ളൂ എന്ന്. ഉള്ളത് എന്തോ അത് മാത്രം തന്നെ എല്ലാം എന്ന്. കാണുന്നതും കാണാത്തതും ഒന്ന് മാത്രമെന്ന്. പ്രത്യക്ഷവും പരോക്ഷവും ഒന്ന് മാത്രമായത് എന്ന്. 
രണ്ട് ഇല്ലെന്നും പറയുന്നത് നിരീശ്വര വിശ്വാസി ആണ്‌. യാഥാര്‍ത്ഥ അദ്വൈതം.
ഉള്ള ഒന്നിനെ പദാര്‍ത്ഥം എന്ന് വിളിച്ചാലും ആത്മാവ് എന്ന് വിളിച്ചാലും സംഗതി ഒന്ന്. വിളിക്കുന്നതിലെ വ്യത്യാസം മാത്രം വ്യത്യാസം. 
നിഷേധം വിശ്വാസത്തെക്കാള്‍ അര്‍ത്ഥവത്താവുന്നത്, നിഷേധം വിശ്വാസം തന്നെയാവുന്നത്, അവിടെ, അങ്ങനെയാണ്.
ദൈവം മാത്രമുള്ള അവസ്ഥയില്‍, പരബ്രഹ്മ ജ്ഞാനത്തില്‍, ദൈവം ഉണ്ടെന്നും ഇല്ലെന്നും സമര്‍ഥിക്കാന്‍ ഇല്ല.
രണ്ടില്ലെങ്കില്‍ ഒന്നുമില്ല.
തുലനം ചെയത് വേര്‍തിരിഞ്ഞ് വ്യതിരിക്തമായി കാണപ്പെടുന്ന ഒന്ന് ഇല്ല. 
ദൈവം മാത്രമായാല്‍ ഇല്ലെന്ന് പറയാനും ഉണ്ടെന്ന് പറയാനും ആരും ഇല്ല.
രണ്ടാമത് ഒരാള്‍ ഇല്ല, ഉണ്ടാവില്ല.
ദൈവം അഥവാ പദാര്‍ത്ഥം അല്ലാത്ത ആരും ഇല്ല.
ഉള്ളത്‌ എന്തോ അത് മാത്രം.
താന്‍ മാത്രമായാല്‍ താനും ഇല്ലെന്ന അവസ്ഥ.
ഇല്ലെന്നും ഉണ്ടെന്നും പറയേണ്ടി വരാത്ത, അനുഭവം ആകാത്ത, പറയാൻ ആളില്ലാത്ത അവസ്ഥ.
ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒന്ന് ആവുന്ന അവസ്ഥ.
രണ്ടില്ലാത്ത അവസ്ഥ.
വിപരീതം വെച്ച് സ്വന്തത്തെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
നിഷേധവും വിശ്വാസവും ഒന്നാവുന്ന അവസ്ഥ.
****
ആ നിലക്ക് ഒന്ന് മാത്രമായാല്‍ ഉണ്ടാവുന്ന നിസ്സഹായതയാണ് ഓരോ അറിവും.
നമ്മുടെ നിസ്സഹായത matt എല്ലാറ്റിനെയും നിഷേധിക്കുന്ന നമ്മുടെ കാഴ്ചപ്പാട് ആവരുത്. 
അല്ലെങ്കിൽ പിന്നെ നമ്മുടെയൊക്കെ നിസ്സഹായത തന്നെയാണ് നമ്മുടെയൊക്കെ കാഴ്ചപ്പാട് എന്ന് ഉറക്കെ നമ്മൾ വിളിച്ച് പറയാൻ കഴിയണം.
ശരീരത്തിന്റെ ഞാന്‍ ബോധം ശരീരം ഇല്ലാതെയായാവുമ്പോള്‍ ഇല്ലാതാവും. അത് വെച്ച് ഞാന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. 
ശരീരത്തിന്റെ വളർച്ചക്കും തളര്‍ച്ചക്കും അനുസരിച്ച് തളരുന്നതും വളരുന്നതുമാണ് ആ ഞാന്‍ ബോധം.
ആ നിലക്ക് ഞാന്‍ ഇല്ലെന്ന് തന്നെ പറയാം.
സ്ഥിരമായ അര്‍ത്ഥത്തില്‍, തുടര്‍ച്ച ഇല്ലെന്ന അര്‍ത്ഥത്തില്‍, ഞാനും ഞാന്‍ ബോധവും ഇല്ലെന്നര്‍ത്ഥം.

No comments: