തെളിഞ്ഞ വെള്ളത്തിന്
പ്രതിബിംബം ഭാരമല്ല.
അത്പോലുമറിയാതെ
അതിലത് സംഭവിക്കുന്നു.
അവകാശവാദം മുഴക്കാനില്ലാതെ.
ബോധം ചെലുത്താനില്ലാതെ.
*********
വ്യത്യസ്തമാക്കണം എന്ന് വിചാരിച്ചു പറയുന്നതല്ല.
പരിസരവും പശ്ചാത്തലവും
വ്യത്യസ്തമാവുന്നത് കൊണ്ട്
പറയുന്നത് വ്യത്യസ്തമാവുന്നതാണ്.
********
തലതെറിച്ച് വിളിച്ച്പറയുന്നവരെ പേടിയാവും.
കാരണം, കാഴ്ചക്കും ഉപചാരത്തിനുമപ്പുറം
കൂടെയിരിക്കാനോ ഇടപെടാനോ
നീ ഉദ്ദേശിക്കുന്നില്ല.
********
നോട്ടമല്ല കാഴ്ച.
കാഴ്ച തന്നെയാണ് കാഴ്ച.
നോട്ടം ശ്രമമാണ്.
കാഴ്‌ച വിശ്രമവും.
നോട്ടം അല്‍പത്തെയും
കാഴ്ച മുഴുവനെയും കാണിക്കും.
********
ആഘോഷങ്ങളുണ്ടാക്കുന്ന
വിശ്വാസങ്ങള്‍ നിലനില്‍ക്കട്ടെ.
ആഘോഷങ്ങളെ നിഷേധിക്കുന്ന,
അതൊന്ന് മാത്രം ശരിയെന്ന് പറയുന്ന
വിശ്വാസങ്ങളെ തള്ളുക.
********
സുന്ദരിയെ കാണുമ്പോള്‍
ആര്‍ത്തവതിയാണ് എന്ന് കൂടി ഓര്‍ക്കുക.
മായ ബോധ്യപ്പെടും.
സുന്ദരിക്ക് വയറിളക്കം.
മായയെ തൊടാന്‍ വേറെന്തു വേണം?
********
കുറേ പറഞ്ഞാൽ
കുറെ ശരി ഉണ്ടാവില്ല.
വിട്ടഭാഗം പൂരിപ്പിക്കലാണധികവും.
വിട്ടഭാഗം കാണുക, നേരിടുക, ഒഴിഞ്ഞിരിക്കുക
ഏവര്‍ക്കും പേടിയാകയാൽ.
********
എന്നിലെ ഞാന്‍ പോയാല്‍
നിന്നിലെത്തും, നീയാവും.
നിന്നിലെ നീ പോയാല്‍
എന്നിലെത്തും, ഞാനാവും.
ഞാനും നീയുമില്ലാത്ത ജീവിതം ദൈവം, പദാര്‍ഥം.
********
ദൈവം ഉണ്ടേലെന്ത്, ഇല്ലേലെന്ത്?
ഉണ്ടേലും ഇല്ലേലും നടക്കുന്നത് നടക്കും.
വിശ്വാസം ദൈവത്തെ കൂട്ടില്ല.
നിഷേധം ദൈവത്തെ കുറക്കില്ല.
*******
'നിശ്ചയം, ഞാന്‍ അല്ലാഹു.
ഞാനല്ലാത്ത ദൈവമില്ല.
നിങ്ങളെന്നെ ആരാധിക്കുക.'
എന്ന് ദൈവവും പറയേണ്ടിവരിക.
എന്തൊരു നിസ്സഹായത, അല്പത്തം?!
*******
ദൈവമേ, നിനക്ക് പോലും
'നിന്നെ', നിന്റെ "ഞാൻ" എന്ന അധികാരബോധത്തെ,
ഉപേക്ഷിക്കാനാവുന്നില്ലെന്നോ?
പിന്നെയാണോ ഈ ചെറിയ മനുഷ്യന്റെ കഥ?
*******
വേര്‍പാട്: പൂവായിത്തീരാന്‍
മൊട്ടില്‍ ഒന്നായ് നിന്ന ഇതളുകള്‍
പരസ്പരം അകലുന്നത്.
അനിവാര്യമായ സുഖമുള്ള വേദന.
No comments:
Post a Comment