ഒന്നും തിരുത്താനില്ല,
എല്ലാം വേണ്ടത് പോലെ.
എല്ലാം വേണ്ടത് പോലെയേ നടക്കുന്നുള്ളൂ.
അല്ലെന്ന് തോന്നുന്നത് ഓരോരുവനും പെട്ട പെടലിന്റെത്. മുഴുവനില്‍ നിന്നും കാണാത്തതിന്റെത്. അവന്‍ വെറുതെ അസ്വസ്ഥപ്പെടുന്നു.
ഒരു തിരുത്തും വരുത്താന്‍ കഴിയാതെ.
ഓടുന്ന വണ്ടിയില്‍ കിടന്ന് ഓടിക്കിതക്കുക മാത്രം അവന് ഫലം.
അങ്ങനെ കിതച്ച് ക്ഷീണിക്കുകയും അപൂര്‍ണത തൊട്ടറിയുകയും.
ഒഴിവാക്കാനാവാത്ത കിതപ്പും ക്ഷീണവും അപൂര്‍ണതാബോധവും അതിനാലുള്ള ശ്രമങ്ങളും.
അത് ബുദ്ധനായാലും യേശുവായാലും കൃഷ്ണനായാലും മാര്‍ക്സായാലും മുഹമ്മദായാലും ശരി.
അവരവര്‍ക്കുണ്ടായ, അവരവർ അകപ്പെട്ടുണ്ടായ, അസ്വസ്ഥത മാറ്റാൻ ഓരോരുവനും ശ്രമിച്ചു.
അത്ര മാത്രം.
****
എല്ലാ ശ്രമങ്ങളും നല്ലത്..
എല്ലാ ശ്രമങ്ങളും ഒഴിവാക്കാനാവാത്തത്.
എല്ലാ ശ്രമങ്ങളും ഞാനും ഞാനും ഉണ്ടെന്ന് ധരിച്ച് ഉണ്ടാവുന്നത്.
എല്ലാ ശ്രമങ്ങളും ഓരോരുവനും അവന് വേണ്ടി എന്ന് കരുതി മുഴുവനും വേണ്ടി നല്‍കാനുള്ളത് (ധര്‍മ്മം) സംഭവിക്കാന്‍ വേണ്ടി സംഭവിക്കുന്നത്.
എല്ലാ ശ്രമങ്ങളും പൂര്‍ണത തേടിയുള്ളത്.
പൂര്‍ണത തേടുന്നത് കൊണ്ടുണ്ടാവുന്നത്...
ആ ശ്രമങ്ങൾ ഉണ്ടാക്കുന്ന തിരുത്താണ് എല്ലാം.
ജീവിതം ജീവിതത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ഉണ്ടാക്കുന്ന ശ്രമങ്ങൾ.
ആ ശ്രമങ്ങൾ ഉണ്ടാക്കുന്ന വളർച്ച തന്നെയായ ജീവിതം തന്നെയായ തിരുത്ത്.
അറിയാമല്ലോ,
പൂര്‍ണത തേടുന്നത് മാത്രം; ഒരിക്കലും നേടുന്നതല്ല.
പൂര്‍ണത തേടുന്നത് മാത്രം; ഒരിക്കലും നേടുന്നതല്ല.
പൂര്‍ണത മുഴുവന് മാത്രം.
പൂര്‍ണത മുഴുവനുമായ ആത്യന്തിക ജീവിതത്തിന് മാത്രം.
അതിനെ നിങ്ങൾ എന്ത് പേരിട്ട് വിളിച്ചാലും.
അതിനാല്‍ തന്നെ നിന്റെ ജീവിത ലോകത്തെ ശ്രമവും വളർച്ചയും നില്‍ക്കാത്തത്.
കിതപ്പും ക്ഷീണവുമതും.
No comments:
Post a Comment