Wednesday, October 23, 2019

മനസ്സ്, ആത്മാവ്, ശരീരം.

മനസ്സ്, ആത്മാവ്, ശരീരം.
വൈതരണി പറയുന്നു:
"മനസ് ആത്മാവിനെ ആവാഹിച്ചിരുത്തി കെട്ടിപ്പടുത്ത കല്ലറയാണ് ശരീരം." 
ഈയുള്ളവന്റെ പ്രതികരണം:
വൈതരണി....
മേല്‍ പ്രയോഗങ്ങൾ കണ്ട് ഞെട്ടിയത് കൊണ്ട്‌ ചിലത്. അവനവനോടുള്ള സ്നേഹം കാരണം.
വാക്കുകള്‍ നമ്മൾ അറിഞ്ഞ് ഉപയോഗിക്കുക.
പ്രത്യേകിച്ചും മനസ്സ്, ആത്മാവ് എന്നൊക്കെ പ്രയോഗിക്കുമ്പോള്‍. അറിഞ്ഞ്, ധരിച്ച് തന്നെ പറയുക.
ഗർഭം ധരിക്കാതെ ഗർഭം ധരിച്ചുവെന്ന് നമുക്ക് വരുത്താം. പക്ഷേ, പ്രസവിക്കുക സാധ്യമല്ല. 
കുറച്ച് വാക്കുകൾ എങ്ങിനെയും സംയോജിപ്പിച്ച് മരീചിക സൃഷ്ടിച്ചത് കൊണ്ട്‌ കാര്യമില്ല. എന്തൊക്കെയോ വരുത്താം. പക്ഷേ, ചിത്രത്തിലെ മുന്തിരി മാത്രമേ ആവു. ആ മുന്തിരി ദാഹം മാറ്റില്ല. മധുരം നല്‍കില്ല.
വെറും സാഹിത്യ സൃഷ്ടിയുടെ പ്രശ്നം അതാണ്.
എഴുതാന്‍ വേണ്ടി എന്തും എങ്ങിനെയും എഴുതുക. ഏതെല്ലാമോ വാക്കുകൾ കൂട്ടിയോജിപ്പിച്ച് എഴുതുക. ഏറിയാല്‍ സുഖിപ്പിക്കുക, സുഖിപ്പിക്കുന്നു എന്ന് വരുത്തുക.
അന്ധരായ അനുയായികള്‍ ഉണ്ടെങ്കിൽ പറയുകയും വേണ്ട. എന്തായാലും കൈയടി വീഴും. പുരോഹിതന്മാര്‍ക്ക് കിട്ടും പോലെ. 
വൈതരണി, കാര്യം മറിച്ചാണ്.
കേള്‍ക്കുന്ന പലരും കേള്‍ക്കുന്നില്ല. ചോദിക്കുന്നവർ ചോദിക്കുന്നവരല്ല. പറയുന്നവർ പറയുന്നവരുമല്ല.
വൈതരണിക്ക് അറിയുമോ എന്നറിയില്ല.
ചോദ്യം ചോദിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ ചോദ്യം ഇല്ലാത്തവർ, ചോദിക്കാത്തവർ. ചോദ്യം ധരിക്കാന്‍ പ്രായം ആവാത്തവർ. കേട്ട് പഠിച്ച് അനുകരിച്ച് യാന്ത്രികമായി നാവ് ചലിപ്പിച്ച് ചോദ്യമാക്കുന്നവർ. സ്വന്തം തലച്ചോറിലേക്ക് ആ ചോദ്യത്തിന്റെ വേരുകൾ വേദനയായ് ആഴ്ത്താതെ. 
ഉത്തരം നല്‍കുന്നവര്‍ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ആ ചോദ്യം കേട്ട് ധരിക്കാത്തവരും ഉത്തരം ഇല്ലാത്തവരും, ഉത്തരം നല്‍കാത്തവരും.
എന്നാലും ചോദ്യം ചോദിച്ചവർ ഉത്തരം നല്‍കിയവരുടെ ഒന്നുമല്ലാത്ത ഉത്തരം കൊണ്ട്‌ സംതൃപ്തരാവും.
കാരണം മറ്റൊന്നുമല്ല. അവര്‍ക്ക് ചോദ്യം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല. ഉത്തരം അവർ കേട്ടിട്ടുമുണ്ടായിരുന്നില്ല. എല്ലാം വെറും നാട്യം, നാടകം. അന്ധമായ വിശ്വാസം.
ആചാരവും അനുഷ്ഠാനവും മാത്രമായ യാന്ത്രികമായി അനുകരിച്ച് നടക്കുന്ന കര്‍മ്മവും പ്രാർത്ഥനയും പോലെ. ഏതോ ഭാഷയില്‍ ആരോ എന്തോ അങ്ങോട്ടും ഇങ്ങോട്ടും പറയുക. നാവില്‍ തൊടാതെ, മധുരം അറിയാതെ പഞ്ചസാര നല്‍കുക, വിഴുങ്ങുക. 
യാഥാര്‍ത്ഥത്തില്‍ ചോദ്യം ഇല്ലാത്തവന്‍ ഉത്തരം പറഞ്ഞാലും കേള്‍ക്കില്ല. ആര്‍ത്തവതി ആവാത്തവൾ ഗർഭം ധരിക്കാത്തത് പോലെ തന്നെ. 
അതേ സമയം ഉത്തരം പറയുന്നവന്‍ വലിയ ആളാണല്ലോ എന്ന് കരുതി അവർ വെറുതെ കൈയടിക്കുകയും ചെയ്യും. ഇവിടെയാണ്‌ അന്വേഷണം രണ്ട് ഭാഗത്തും മുടങ്ങുന്നത്. വഴിതെറ്റുന്നത്. മരീചികക്ക് പിന്നാലെ മാത്രമാവുന്നത്. 
ഉദ്ദേശിക്കാത്തത് പറയുക. മനസ്സിലാവാത്തത് കേട്ട് തല കുലുക്കുക. വെറും ഒരു ഉപചാരം മാത്രമായ ചോദ്യോത്തര പരിപാടി. 
എന്നാല്‍, അവന്‍ വിചാരിക്കാത്ത ഭാഗത്ത് നിന്ന് ഉത്തരം വന്നാലോ ചോദ്യകര്‍ത്താവ് അസ്വസ്ഥപ്പെടുകയും ചെയ്യും. കാരണം ഉത്തരം കേള്‍ക്കുന്ന ചെവി യാഥാര്‍ത്ഥത്തില്‍ ചോദ്യമില്ലാത്തവന് ഉണ്ടാവുകയില്ല. 
അവന് യഥാര്‍ത്ഥത്തില്‍ ചോദ്യമില്ല. നാട്യമല്ലാതെ. അതിനാലവന് ഉത്തരവും വേണ്ട. ഉത്തരമെന്ന നാട്യം മാത്രമല്ലാതെ.
ഗർഭം ധരിക്കാനും ബീജം സ്വീകരിക്കാനും അവന്നാവില്ല. മറുപക്ഷത്തുള്ള മഹാനവര്‍കള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഗർഭം ധരിപ്പിക്കാനും ബീജം നല്‍കാനുമതുമാവില്ല.
പകരം അവര്‍ക്ക് ചിലരോടുള്ള വിശ്വാസവും ആരാധനയും മാത്രം. അത് തന്നെ ചോദ്യവും ഉത്തരവും. 
അവര്‍ക്ക് ഉത്തരം വേണ്ട. വെറുതെ എന്തെങ്കിലും കേട്ടാല്‍ മതി. ഇനിയവർ ചടങ്ങ് പോലെ എന്തെങ്കിലും ചോദിച്ചാലോ?
വെറുതെ നാവ് ചലിപ്പിച്ച്, അവർ പോലും ഉള്ളില്‍ അറിയാതെ, ഉരുവിട്ട് ചോദിക്കുന്നത് മാത്രം.
അവർ കണ്ണടച്ച് വിശ്വസിക്കുന്ന ബഹുമാനിക്കുന്ന ആളോട് മാത്രം. ആ ആളില്‍ നിന്ന് വിവരംകെട്ട എന്ത് ഉത്തരവും അവരെ തൃപ്തിപ്പെടുത്തും. യഥാര്‍ത്ഥത്തില്‍ ഉത്തരം നല്‍കാതെ തന്നെ.
ഇനി അവർ ആദരിക്കാത്ത പ്രതീക്ഷിക്കാത്ത ഒരാൾ ആ ചോദ്യത്തിനുള്ള ശരിയായ ഉത്തരം നല്‍കിയാലോ? അവർ മനസിലാക്കുകയും കേള്‍ക്കുകയും ഇല്ല. കാരണം അവർ യോനിയും ഗർഭപാത്രവും ഉള്ളവരല്ല. 
പകരം യാഥാര്‍ത്ഥ ഉത്തരം അവരെ അസ്വസ്ഥപ്പെടുത്തും. ക്ഷുഭിതരാക്കും. അവിടെയാണ് യേശുവും മുഹമ്മദും കൃഷ്ണനും സോക്രട്ടീസും കുടുങ്ങിയത്. പീഡനത്തിനിരയായത്. അത്തരക്കാരെ അസ്വസ്ഥരാക്കിയത്. 
കാരണം അവരില്‍ ചോദ്യം ഉണ്ടായിരുന്നില്ല. ചോദ്യം ഉണ്ടെന്ന നാട്യവും ലഹരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക് ഉത്തരം വേണ്ട. എന്തെങ്കിലും കേട്ട് ഉത്തരം എന്ന് കരുതുകയേ വേണ്ടൂ.
ചോദ്യം വിത്താണെങ്കിൽ ഉത്തരമായ മരം ആകാനുള്ളത് ആ വിത്തില്‍ തന്നെ ഉണ്ട് എന്ന് പോലും അറിയാത്ത ചോദ്യകര്‍ത്താക്കളും ഉത്തരം നല്‍കുന്നവരുമാണ് ഏറെയും.
*****
വൈതരണി...
ഞാനും നാമും ഇല്ല.
ഞാന്‍ എന്നതും നാം എന്നതും സ്ഥിരമായ തുടര്‍ച്ചയുള്ള ബോധം അല്ല. ജീവിതം ജീവിതത്തിന്‌ വേണ്ടി, അതിജീവനത്തിന് വേണ്ടി, മാറ്റി മാറ്റി ഉണ്ടാക്കുന്ന ബോധം, കൂര്‍ത്ത്മൂര്‍പ്പ് മാത്രമാണ് ഞാന്‍ നാം എന്നിവ. തീര്‍ത്തും തലച്ചോറ്‌ ഉണ്ടാക്കുന്ന തോന്നൽ. ജനിച്ചതിന് ശേഷം ശരീര വളര്‍ച്ചക്കനുസരിച്ച് വളരുകയും ക്ഷീണിക്കുകയും ചെയ്യുന്ന, തലച്ചോറ്‌ ഉണ്ടാക്കുന്ന തോന്നൽ. ആ തലച്ചോറ്‌ ഉണ്ടാക്കുന്ന തോന്നൽ മാത്രമായ മനുഷ്യമനസ്സ് മാത്രമേ ഉള്ളൂ.
അതിനാല്‍ ജീവനും ജീവിതവും രൂപപ്പെട്ടതിന് ശേഷം തലച്ചോറും മനസ്സും രൂപപ്പെടുന്നു, വളരുന്നു.
ആത്മാവ്, ആ പേരില്‍, ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ.
പക്ഷേ വിശ്വാസപരമായി ഉള്ള ആത്മാവ് നാശവും വളര്‍ച്ചയും ഇല്ലാത്തത്. അത് അസ്ഥിരമായ മനസ്സും തലച്ചോറും 'ഞാന്‍ ബോധവും' അല്ല.
മനസ്സിനും തലച്ചോറിനും ഞാന്‍ ബോധത്തിനും മുന്‍പും ശേഷവും ഉള്ളത് ആത്മാവ്, അഥവാ ജീവിതം, പദാര്‍ത്ഥം, ബോധം, ഊര്‍ജാം. 
ആത്മാവ് എന്നാല്‍ ജീവിതം, പദാര്‍ത്ഥം, ബോധം, ഊര്‍ജാം. മനസ്സ് വിചാരിച്ചു കെണിച്ചു കൊണ്ടുവരുന്ന ഒന്നല്ല ആത്മാവ്.
ആത്മാവ് എന്ന ജീവനും ജീവിതവും ഉള്ളതിനാല്‍ അത് മൂലം രൂപപ്പെട്ട ശരീരമായ ജീവിതത്തില്‍ അതിജീവന ബോധമായി, തന്ത്രമായി രൂപപ്പെടുന്നതാണ് തലച്ചോറും മനസ്സും അതുണ്ടാക്കുന്ന 'ഞാന്‍, നാം' ബോധവും.
****
അത് കൊണ്ടാണ്‌ ജനിക്കുമ്പോള്‍ ഞാന്‍ ബോധം ഇല്ലാത്തത്.
അഥവാ ഒരു 'ഞാന്‍ ബോധം' ചെറിയ അളവില്‍ പിഞ്ചു കുഞ്ഞില്‍ ഉണ്ടെങ്കിൽ തന്നെ, ആ 'ഞാന്‍ ബോധം' വൈതരണിക്ക് ഇപ്പോൾ ഉള്ള 'ഞാന്‍ ബോധം' അല്ല.
അതിനാല്‍ തന്നെ ജനിച്ച ആരും മരിക്കുന്നില്ല.
ജനിച്ചത് ആരോ. മരിക്കുന്നത് വേറെ ആരോ.
ജനിച്ചത് ഊരും പേരും ഇല്ലാത്ത കുഞ്ഞുപൈതല്‍.
മരിക്കുന്നത് ഒബാമയും മോഡിയും മഹാത്മാഗാന്ധിയും.
അത് കൊണ്ട്‌ തന്നെ മരിച്ചു കഴിഞ്ഞാൽ തുടരുന്ന സ്ഥിരതയും തുടര്‍ച്ചയും ഉള്ള 'ഞാന്‍ ബോധവും' ഇല്ല.
'ഞാന്‍ ബോധം' എന്നത് (അതുണ്ടാക്കുന്ന മനസ്സും തലച്ചോറും എന്നത്) വളര്‍ന്നും ക്ഷീണിച്ചും കൊണ്ടിരിക്കുന്നത്. മരിച്ചില്ലാതാവുന്നത്. 
കുഞ്ഞിന്റെ 'ഞാന്‍ ബോധം' അല്ല യുവാവിന്റെതും വൃദ്ധന്റെതും. അതിനാല്‍ തന്നെ മരണാനന്തരത്തിലേക്ക് തുടരേണ്ട ഒരു പ്രത്യേക 'ഞാന്‍ ബോധം' ഇല്ല.
ആത്മാവ് എന്ന ജീവൻ എന്ന ജീവിതം മനസ്സും തലച്ചോറും അല്ല, അത് പോലെയല്ല.
ഉണ്ടെങ്കിൽ ഉള്ള ആത്മാവ് എപ്പോഴും ഒന്ന്. മാറ്റങ്ങള്‍ക്ക് വിധേയമല്ലാതെ. ക്ഷീണവും വളര്‍ച്ചയും ഇല്ലാതെ.
വിശ്വാസപ്രകാരം തന്നെ ദൈവത്തില്‍നിന്ന് ദൈവമായത്.
ദൈവത്തില്‍ നിന്നും ദൈവമായത് കൊണ്ടും ഒരിക്കലും കൂടാതെ കുറയാതെ. ക്ഷീണിക്കാതെ, വളരാതെ, തളരാതെ. എല്ലാറ്റിലും ഒരുപോലെ. എല്ലാറ്റിനും ഒരുപോലെ ആധാരമായത്. എല്ലാറ്റിനെയും അതാക്കുന്നത്. ജീവിതം. അഥവാ ദൈവം. പദാര്‍ത്ഥം എന്നും ആത്മാവ് എന്നും പേരുള്ള ഊര്‍ജം എന്നും ബോധം എന്നും വിവക്ഷയുള്ള ജീവിതം എന്ന ദൈവം.
തലച്ചോറ്‌ ഉണ്ടാക്കുന്ന ഞാന്‍ മാത്രമല്ലാത്ത ഞാന്‍ ഇല്ലെന്നറിയുകയും, ഉള്ളത്‌ എന്തോ അത് മാത്രമേ ഉള്ളൂ എന്നറിയുകയും സമ്മതിക്കുകയും ആവുകയും ആണ് മോക്ഷം, യോഗ.

No comments: