Monday, October 14, 2019

ജാഗ്രത ജീവിതത്തിന്റെ ആവരണവും ഭാഷയും

നിങ്ങൾ വേറൊന്നും
ചോദിക്കരുത്.
പൂച്ചയോടൊപ്പം
ഇരിക്കണം.
അവിടെ
ചോദ്യവും ഉത്തരവും
ഒന്നാവും.
വെറുതെയെന്ന് തോന്നുന്ന
ജീവിതമാവും. 
സ്വസ്ഥമായി
ഒഴിഞ്ഞിരിക്കാന്‍
നിന്നെ
പൂച്ച പഠിപ്പിക്കും.
നിസാരനായിരിക്കുന്നതിലെ
നിറവ്
പൂച്ച നിനക്ക് കാണിച്ചുതരും. 
പൂച്ചയുമായ്
ഒഴിഞ്ഞിരിക്കുമ്പോള്‍
നീ സൂക്ഷ്മത്തില്‍
സ്ഥൂലത്തെ കാണും.
നിസാരം
ഗൗരവമേറിയതെന്നറിയും. 
ജാഗ്രതയെന്നാല്‍
പ്രതികരണപരതയെന്ന്
അറിയിച്ച് പരിശീലിപ്പിച്ച്
പൂച്ച നിന്നെ ഒരുക്കും. 
സൂക്ഷ്മ ചലനങ്ങളറിയാൻ
സൂക്ഷ്മമായി
വീക്ഷിക്കാനറിയാന്‍
നീ പൂച്ചയോടൊപ്പം തന്നെ
ഇരിക്കണം.
സൂക്ഷ്മ പ്രതികരണം
ജീവിതമാക്കാന്‍
നീ പൂച്ചയെ പോലെയാവണം. 
ഇളകുന്നതെന്തും
പൂച്ചക്ക് കളിപ്പാട്ടം.
പാമ്പിന്റെ ഇളക്കം
അതിന്‌ കളി ചിരി. 
ഇളകുന്നതെന്തുമായും
അതിന് കളിക്കണം,
പോരടിക്കണം. 
ഇളക്കം
പൂച്ചക്ക്
ഇരയെ
കാണിക്കുന്നു.
എന്നല്ല,
ഇളക്കത്തിലാണ്
പൂച്ചയുടെ ഇര.
എന്താണിത്രക്ക് പൂച്ചേ?
"ഇളക്കമാണ്
എനിക്ക്
ജാഗ്രതയരുളുന്നത്.
ഇളക്കമാണ്
ജാഗ്രതയെ എനിക്ക്
ജീവിതത്തിന്റെ
ആവരണവും
ഭാഷയും
ആക്കുന്നത്. 
ഓരോ ഇളക്കത്തിലും
ശത്രുവിനെ
കാണാം, തിരയാം.
ശത്രുവിനെ കണ്ട് തന്നെ,
ജാഗ്രതയോടെ
പ്രതിരോധിച്ച് തന്നെ,
ജീവിതത്തെ
വെറും വെറുതെ
ജീവിക്കുന്ന
കളി തമാശയാക്കണം 
കാരണം,
ഇളക്കമാണ്
പ്രാപഞ്ചികതയുടെ
താളം.
പ്രാപഞ്ചികതയെ
വളര്‍ത്തുന്ന താളം 
ഇളക്കമാണ്
പ്രപഞ്ചത്തെ
ഉണ്ടാക്കുന്നതും
പ്രപഞ്ചമാക്കുന്നതും."
ഇത്‌ പറയുമ്പോഴും
പൂച്ച
കാലിനടുത്ത്
ചുരുണ്ട്കൂടി
ഉറങ്ങുകയാണ്.
നിങ്ങൾ വേറൊന്നും
ചോദിക്കരുത്.

No comments: