Wednesday, October 23, 2019

എന്താണ്‌ ധര്‍മ്മം? എങ്ങിനെ അതറിയാം? സ്വഭാവത്തിലാണ് ധര്‍മ്മം. ധര്‍മ്മത്തിലാണ് സ്വഭാവം

ചോദ്യം: എന്താണ്‌ ഒരാളുടെ ധര്‍മ്മം? എങ്ങിനെ അതറിയാം? 
ഒരാളുടെ സ്വഭാവത്തിലാണ് അയാളുടെ ധര്‍മ്മം.
ഒരാളുടെ ധര്‍മ്മത്തിലാണ് അയാളുടെ സ്വഭാവം.
സ്വഭാവമല്ലാത്തത് സ്വാഭാവികമല്ല. കൃത്രിമമായത്. കാപട്യം, അഭിനയം. 
ഒരാളുടെ അറിവുമായോ ശ്രമവുമായോ ബോധവുമായോ തേട്ടവുമായോ ഒരു ബന്ധവും ധര്‍മ്മത്തിനും സ്വഭാവത്തിനും ഇല്ല. അത് ജീവിതമായി സംഭവിക്കുന്നതാണ്. സംഭവിക്കുന്നത് കൊണ്ട്‌ സംഭവിക്കുന്നത്. 
എല്ലാം ജീവിതം, അഥവാ മുഴുത്വം, മുഴുവന്റെ സമഗ്രതയില്‍ സമഗ്രതക്ക് വേണ്ടി സംഭവിക്കുന്നത്, സംഭവിപ്പിക്കുന്നത്. 
എന്നല്ല, ഒരാൾ അയാളുടെ ധര്‍മ്മവും സ്വഭാവവും അറിഞ്ഞ് കൊള്ളണം എന്ന് പോലും ഇല്ല. ഇത് ഒരു പൂവിന്റെയും തേനീച്ചയുടെയും വൃക്ഷത്തിന്റെയും കാര്യത്തിലും അങ്ങനെ തന്നെ. 
അഥവാ അറിഞ്ഞാല്‍ തന്നെ അത് പൂര്‍ണമോ പൂര്‍ണാര്‍ത്ഥത്തിലോ ആയിക്കൊള്ളണം എന്നുമില്ല.
കാരണം അയാൾ എന്നത്‌, അല്ലേല്‍ പൂവും തേനീച്ചയും വൃക്ഷവും എന്നത്, സ്ഥായിയായ തുടര്‍ച്ചയുള്ള സംഗതിയും ബോധവുമല്ല. ജീവിതം ജീവിതത്തിന്‌ വേണ്ടി ഉപയോഗിക്കുന്ന ഒരു സംഗതിയും ബോധവും മാത്രമാണ് അയാളും അയാളുടെ അയാൾ എന്ന തോന്നലും. 
എന്നത്‌ കൊണ്ട്‌ തന്നെ അയാൾ മനസിലാക്കുന്ന ശരി തെറ്റ് എന്നതും, ധര്‍മ്മം അധര്‍മ്മം എന്നതും സ്ഥായിയായതല്ല. ധര്‍മ്മം അധര്‍മ്മമായും, അധര്‍മ്മം ധര്‍മ്മമായും ഭവിക്കും. ജീവിതത്തിന്‌ എല്ലാം ഒന്ന്. മുഴുവനിൽ എല്ലാം ഒന്ന്. 
ആ നിലക്ക് പറഞ്ഞാൽ ധര്‍മ്മത്തിനും സ്വഭാവത്തിനും ശരി തെറ്റ് എന്നതില്ല. ധര്‍മ്മം അധര്‍മ്മം എന്നതും ഇല്ല. എല്ലാം ജീവിതം. 
എല്ലാം ജീവിതമെന്ന (ദൈവമെന്നും പദാര്‍ത്ഥമെന്നും പേരുള്ള) സമഗ്രതയില്‍ വേണ്ട സ്വഭാവവും ധര്‍മ്മവും മാത്രം. 
എല്ലാവരും ധര്‍മ്മം മാത്രം നടത്തുന്നു. സ്വാഭാവം മാത്രം കാണിക്കുന്നു. മറ്റൊരു നിര്‍വാഹമില്ലാതെ. ഏറെക്കുറെ അറിയാതെ. 
അയാൾ പോലും അറിയാതെ ഉദ്ദേശിക്കാതെ നടക്കുന്നതാണ് അയാളുടെ പ്രസക്തിയും സ്വഭാവവും ധര്‍മ്മവും അര്‍ത്ഥവും.
ആപേക്ഷികമായി നീ നിന്നെയും മറ്റാരെയും എന്ത്, എങ്ങിനെ മനസിലാക്കിയാലും മുഴുത്വത്തില്‍ നിന്നും നോക്കാതെ, കാണാതെ, അറിയാതെ, നീ എന്ത്, എന്തിന്‌ വേണ്ടി എന്നതും നിന്റെ സ്വഭാവവും ധര്‍മ്മവും പ്രസക്തിയും എന്തെന്നും യഥാര്‍ത്ഥത്തില്‍ നിനക്ക് മനസ്സിലാവില്ല.
അക്ഷരം വക്കിലാണ്. വാക്കിന് വേണ്ടിയാണ് ഓരോ അക്ഷരവും.
ഒറ്റക്ക് ഒരര്‍ത്ഥവും ധര്‍മ്മവും അക്ഷരത്തിന് ഇല്ലെന്നും കണ്ടില്ലെന്നും വന്നേക്കും. അക്ഷരത്തിനും കുത്തിനും കോമക്കും അങ്ങനെ ഒരര്‍ത്ഥവും ധര്‍മ്മവും കാണാന്‍ കഴിഞ്ഞു കൊള്ളണം എന്നുമില്ല.
എന്ന് വെച്ചാല്‍ ബാഹ്യമായ ഒരു ധര്‍മ്മവും സ്വഭാവവും അക്ഷരത്തിലും കുത്തിലും കോമയിലും ഒറ്റക്ക് നേരിട്ട് ദര്‍ശിക്കാന്‍ കഴിഞ്ഞു കൊള്ളണം എന്നില്ല.
കാരണം, ധര്‍മ്മവും സ്വഭാവവും തനിക്ക് പോലും അറിഞ്ഞ് ബോധ്യപ്പെട്ടു രൂപപ്പെടുന്നതും നടക്കുന്നതും മനസിലാക്കാന്‍ സാധിക്കുന്നതും അല്ല. മുഴുവനും വേണ്ടിയല്ലാതെ. സമഗ്രതക്ക് വേണ്ടി സമഗ്രതയില്‍ അല്ലാതെ. 
അക്ഷരത്തെ പോലെ തന്നെ,
വാക്ക് വാചകത്തിലും വാചകം അധ്യായത്തിലും അധ്യായം ഗ്രന്ഥത്തിലും പ്രസക്തമാകുന്നു, അര്‍ത്ഥം നല്‍കുന്നു. പൂര്‍ണാര്‍ത്ഥത്തിലുള്ള പ്രസക്തിയും സ്വഭാവവും ധര്‍മ്മവും പ്രദര്‍ശിപ്പിക്കുന്നു. 
അന്തിമവിശകലനത്തില്‍ അക്ഷരം പോലും അദ്ധ്യായത്തിലേക്കാണ്, പിന്നെയും കടന്ന് പറഞ്ഞാൽ ഗ്രന്ഥത്തിലേക്കാണ് അതിന്റെ പ്രസക്തിയും അര്‍ത്ഥവും സ്വഭാവവും ധര്‍മ്മവും നല്‍കുന്നത്.
ഗ്രന്ഥത്തിന്റെയും അദ്ധ്യായത്തിന്റെയും പരിപ്രേക്ഷ്യത്തില്‍ നിന്ന് മാത്രമേ വാചകത്തിന്റെയും വാക്കിന്റെയും അക്ഷരത്തിന്റെയും ധര്‍മ്മവും സ്വഭാവവും മനസ്സിലാകൂ. ആ നിലക്കുള്ള ഞാനും നീയും എന്റെതും നിന്റെതും മാത്രമേ ഉള്ളൂ.
അല്ലാതെ താന്‍ എന്ത്, എന്തിന്‌ വേണ്ടി എന്ന് ഒരാളും ഒറ്റയില്‍ മനസ്സിലാക്കില്ല, അറിയില്ല. അങ്ങിനെ മനസ്സിലാക്കേണ്ടതും അറിയേണ്ടതും ഇല്ല. അങ്ങനെ മനസ്സിലാക്കിയാല്‍ അതയാള്‍ക്ക് മാത്രം ബാധകമായ വെറും ആപേക്ഷികമായ അല്പബോധം, അറിവ്, തോന്നൽ. 
ഒരാളുടെ ധര്‍മ്മവും സ്വഭാവവും രൂപപ്പെടാന്‍ അങ്ങനെ ഒരാളും ഉദ്ദേശിക്കേണ്ടതോ സ്വന്തത്തെ അറിയേണ്ടതോ മനസ്സിലാക്കേണ്ടതോ ബോധം ചെലുത്തണ്ടതോ ഇല്ല. അറിയാതെയും ബോധം ചെലുത്താതേയും പ്രസക്തിയും സ്വഭാവവും ധര്‍മ്മവും അര്‍ത്ഥവും രൂപപ്പെടും. 
ആ നിലക്ക് അല്പത്തിലെ, തനിക്ക് അറിഞ്ഞ് ബോധ്യപ്പെടുന്ന അര്‍ത്ഥവും ഇല്ല, വെറും തോന്നൽ മാത്രമായല്ലാതെ. സ്വഭാവവും ധര്‍മ്മവും അപ്പടി.
മുഴുവനിലേക്ക് തനിക്ക് നല്‍കാനുള്ള അര്‍ത്ഥവും സ്വഭാവവും ധര്‍മ്മവും മാത്രമേ ഉള്ളൂ. മുഴുവന്‍ മാത്രമേ ഉള്ളൂ. മുഴുവന് വേണ്ടി മാത്രമാണ് എല്ലാം. മുഴുവന്‍ മാത്രമാണ് എല്ലാം. നീ അതിനെ വിധി എന്ന് വിളിച്ചാലും ഇല്ലേലും.
ഓരോ അക്ഷരവും വാക്കും, അതിന്റെ സ്വഭാവവും അര്‍ത്ഥവും പ്രസക്തിയും ധര്‍മ്മവും നല്‍കാന്‍ വേണ്ട വിധിയില്‍ തന്നെ.
ഉച്ചരിച്ച ഓരോ വാക്കും അതറിയാത്ത അര്‍ത്ഥവും സ്വഭാവവും ധര്‍മ്മവും കാണിക്കുന്ന, നടപ്പിലാക്കുന്ന വിധിയിലും ദൗത്യത്തിലും ഓട്ടത്തിലും തന്നെ. സ്വയം താന്‍ എന്തെന്ന് അന്വേഷിച്ചും അന്വേഷിക്കാതെയും, വരുത്തിയും വരുത്താതേയും, സമര്‍ഥിച്ചും സമര്‍ഥിക്കാതേയും. 
*****
നമ്മളാരും തേടി നേടുന്നതല്ല, നടപ്പാക്കുന്നതല്ല നമ്മുടെ സ്വഭാവവും ധര്‍മ്മവും പ്രസക്തിയും. തേടാതെയും അറിയാതെയും സംഭവിക്കുന്നതാണത്. 
കുരുമുളക് തേടുന്നതല്ല അതിന്റെ എരിവ്. പകരം അതിന്റെ സ്വഭാവമായും ധര്‍മ്മമായും നല്കുന്നതാണ് കുരുമുളക് അതിന്റെ എരിവ്.
കുരുമുളകും അതിന്റെ ചെടിയും എന്തെങ്കിലും തേടുന്നത്, ധര്‍മ്മവും സ്വഭാവവും അർത്ഥവും നൽകാൻ വേണ്ട സംഗതികള്‍ ഒരുക്കൂട്ടാൻ മാത്രം. വെള്ളമായാലും വെളിച്ചമായാലും മറ്റെന്തായാലും. 
തേടുന്നതും നല്‍കുന്നതും ഒന്നല്ല. രണ്ടും രണ്ടാണ്.
നാം തേടുന്നതല്ല നാം. നാം സ്വയം എന്തെന്ന് സ്ഥാപിക്കാനും സമര്‍ഥിക്കാനും ശ്രമിക്കുന്നതല്ല നാം, നമ്മുടെ ധര്‍മ്മം, സ്വാഭാവം. 
നാം നാമറിയാതെ പോലും നല്കുന്നതാണ് നാം, നമ്മുടെ ധര്‍മ്മം, സ്വാഭാവം. 
തേടുന്നത് വളരാൻ വേണ്ടത്. ധര്‍മ്മവും സ്വഭാവവും സാധിക്കാന്‍ വേണ്ടത്. പ്രസക്തനാവാനും അര്‍ത്ഥം ഉണ്ടാക്കാനും വേണ്ട സംഗതികള്‍ ഒരുക്കൂട്ടാൻ. 
നല്‍കുന്നത്‌ വളര്‍ന്ന് വലുതായാല്‍, വിത്ത് ഗുണം വെച്ചുള്ള സ്വന്തം സ്വഭാവവും ധര്‍മ്മവും വെച്ച്.
നല്‍കുന്നത്‌ വെച്ചാണ് ധര്‍മവും സ്വഭാവവും പ്രസക്തിയും വിവക്ഷയാവുന്നത്. സ്വാഭാവികമായതാണ് ധര്‍മ്മവും സ്വഭാവവും. വ്യാഖ്യാനവും വിശദീകരണവും ആവശ്യമില്ലാത്തത്. 
തേനീച്ച തേടുന്നത് പൂവിലെ മധു.
തേനീച്ച നല്‍കുന്നത്‌ തേൻ.
തേനീച്ച നല്‍കുന്നത്‌ വെച്ച് അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു പോരുന്നു. നാം നിര്‍വ്വചിച്ചു വരുന്നു. മധു ശേഖരിക്കുന്ന വഴിയില്‍ പരാഗണം നടത്തിയാല്‍ അതും. 
ധര്‍മ്മമായും സ്വഭാവമായും ഇല്ലാത്തതും, വളര്‍ച്ചക്ക് വേണ്ടതും, ധര്‍മ്മവും സ്വഭാവവും അര്‍ത്ഥവും രൂപപ്പെടാന്‍ വേണ്ടതും തേടും.
തേടി നേടുന്ന അസംസ്കൃത വസ്തു അല്ല ധര്‍മ്മം, സ്വാഭാവം.
എരിവ് കുരുമുളകിന്റെ തേടി നേടുന്ന അസംസ്കൃത വസ്തുവല്ല.
എരിവ് കുരുമുളകിന്റെ സ്വഭാവമായ, ഉത്പന്നമായ ധര്‍മ്മം ആണ്. കുരുമുളകാണ്. 
മനുഷ്യന്‍ തേടുന്ന ശാന്തിയും അധികാരവും സമ്പത്തും ഒന്നും അത്പോലെ തന്നെ മനുഷ്യന്റെ ധര്‍മ്മവും സ്വഭാവവും അല്ല. പകരം മേല്‍ പറഞ്ഞത് പോലെ മറിച്ചാണ്. അസംസ്കൃത വസ്തുക്കള്‍ മാത്രമാണവ. ധര്‍മ്മവും സ്വഭാവവും സംഭവിക്കാന്‍ വേണ്ട സാഹചര്യവും സൗകര്യവും ഒരുക്കാന്‍ വേണ്ടത്. 
അസംസ്കൃത വസ്തു ധര്‍മ്മം ഉണ്ടാക്കാന്‍. സ്വാഭാവം രൂപപ്പെടുത്താന്‍.
അസംസ്കൃത വസ്തു വെച്ച് ഉണ്ടാക്കി നല്‍കുന്നത് ധര്‍മ്മം, സ്വാഭാവം.
സ്വഭാവം വെച്ച് സംഭവിക്കുന്നത് ധര്‍മ്മം. സ്വാഭാവം തന്നെ ധര്‍മ്മം. 
ആ നിലക്ക്, വിത്ത് ഗുണത്തില്‍ ധര്‍മ്മവും സ്വഭാവവും അന്തര്‍ലീനമായിരിക്കുന്നു.
സ്വാഭാവവും ധര്‍മ്മവും സംഭവിക്കാന്‍ പലതും പല സൗകര്യങ്ങളും തേടും, നേടും.
ആ നേടുന്ന സംഗതികള്‍ ധര്‍മ്മം അല്ല, സ്വാഭാവം അല്ല. അധികാരമായാലും, സമ്പത്തും ശാന്തിയുമായാലും. 
മനുഷ്യന്‍ തേടുന്ന, നേടുന്ന, നല്‍കുന്ന ശാന്തിയും അധികാരവും സമ്പത്തും മനുഷ്യന്റെ സ്വഭാവവും ധര്‍മ്മവും അല്ല. പകരം ധര്‍മ്മവും സ്വഭാവവും രൂപപ്പെടുത്താന്‍ വേണ്ടതും സംഭവിപ്പിക്കാന്‍ വേണ്ടതും. 
വെള്ളവും വെളിച്ചവും തേടുന്ന വൃക്ഷം പഴവും തണലും ശുദ്ധവായുവും വിറകും കൂടും നല്‍കും.
തേടുന്നത് വേറെ, നല്‍കുന്നത് വേറെ. 
ധര്‍മം നടക്കുന്നത്, സ്വഭാവമായി മാറുന്നത്, നല്‍കുന്നത്‌ വെച്ച്.
ധര്‍മ്മവും സ്വഭാവവും നടന്ന് കിട്ടാന്‍ വേണ്ടി തേടുന്ന, നേടുന്ന വെള്ളവും വെളിച്ചവും അതിന്റെ സ്വഭാവവും ധര്‍മ്മവും അല്ല. 
വൃക്ഷം അറിയപ്പെടുന്നത് അതെന്ത് തേടുന്നു എന്നത്‌ വെച്ചല്ല.
വൃക്ഷം അറിയപ്പെടുന്നത് അതെന്ത് നല്‍കുന്നു എന്നത്‌ വെച്ചാണ്. അതിന്റെ സ്വഭാവവും ധര്‍മ്മവും വെച്ച്. 
മനുഷ്യന്‍ തേടുന്നതാണ് ശാന്തി. നില്‍ക്കക്കള്ളി ഇല്ലാതെ. സമ്പത്തും അധികാരവും ഒക്കെ പോലെ. 
മനുഷ്യന്‍ അവന്റെ സ്വഭാവമായും ധര്‍മ്മമായും നല്‍കുന്നതല്ല ശാന്തി, അധികാരം സമ്പത്ത്‌. 
ശാന്തി മനുഷ്യന്റെ ധര്‍മ്മമോ സ്വഭാവമോ അല്ല. അധികാരവും സമ്പത്തും ലഹരിയും ഭക്തിയും അപ്പടി. 
പകരം, ഒരുപക്ഷേ, തന്റെ ധര്‍മ്മവും സ്വഭാവവും നടന്ന് കിട്ടാന്‍ വേണ്ട പലതരം അസംസ്കൃത വസ്തുക്കളില്‍ ഒന്ന് മാത്രമാണ് ശാന്തി, സ്വസ്ഥത, സമ്പത്ത്, അധികാരം, ലഹരി, ഭക്തി. 
മനുഷ്യന്‍ എന്ത് നല്‍കുന്നു, ആ നിലക്ക്, മനുഷ്യന്‍ എന്ത് ധര്‍മം നിര്‍വ്വഹിക്കുന്നുവെന്ന് മനുഷ്യരല്ലാത്തവര്‍ക്ക് മാത്രം മനസിലാവും. മുഴുവനിൽ നിന്ന് കാണുമ്പോള്‍ മനസിലാവും. അങ്ങനെ കാണാന്‍ സാധിക്കുമെങ്കിൽ. മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടിലെ മനുഷ്യരല്ലാത്തവര്‍ക്ക് അത് എളുപ്പം ബോധ്യമാവും, മനസ്സിലാവും. അവർ എങ്ങിനെ മനസ്സിലാക്കുന്നുവെന്ന് ഇന്നും മനുഷ്യന് അറിയില്ല. അവര്‍ക്ക് അങ്ങനെയൊരു മനസിലാക്കല്‍ തന്നെയും ഉണ്ടോ എന്ന് പോലും. 
മനുഷ്യന്റെ സ്വഭാവവും ധര്‍മ്മവും അല്ല ശാന്തിയും അധികാരവും സമ്പത്തും ഭക്തിയും മറ്റൊന്നും. 
മനുഷ്യന്റെ സ്വഭാവവും ധര്‍മ്മവും അല്ലാത്തതാണ് ശാന്തി, അധികാരം, സമ്പത്ത്, ഭക്തി. 
മനുഷ്യന്‍ അടിസ്ഥാനപരമായി അശാന്തനാണ്.
അവന്റെ അശാന്തിയാണ് അവന്റെ കഥയും കവിതയും ചിന്തയും സന്യാസവും അധികാരമോഹവും ഭക്തിയും ഒക്കെ സൂചിപ്പിക്കുന്നത്. നിര്‍വാണ നേടും വരെ. അവകാശവാദമായെങ്കിലും. 
മറ്റെന്തോ ആയ മനുഷ്യന്റെ ആ നിലക്കുള്ള ധര്‍മവും സ്വഭാവവും നടത്താനും നേടാനും വേണ്ട അസംസ്കൃത സാധനങ്ങൾ മാത്രമാണ് അവന്‍ തേടുന്ന പലതില്‍ ചിലത് മാത്രമായ ശാന്തി, അധികാരം, സമ്പത്ത്, ഭക്തി. 
മനുഷ്യന്‍ നല്‍കുന്നത് എന്താണ്‌, അഥവാ മനുഷ്യന്റെ ധര്‍മമായ സ്വാഭാവം എന്താണ്‌, എന്ന് മനുഷ്യരല്ലാത്ത സമ-സഹ സൃഷ്ടികള്‍ക്ക് അവരുടെ അനുഭവത്തിലൂടെ മാത്രമേ മനസ്സിലാവൂ. മുഴുവനിൽ നിന്ന് കണ്ടാല്‍ മനസിലാവും. 
നമ്മൾ മാവിനെയും തേനീച്ചയേയും പൂവിനെയും അതിന്റെ സ്വഭാവവും ധര്‍മ്മവും വെച്ച് മനസിലാക്കുന്നത് പോലെ നമ്മളല്ലാത്തവര്‍ നമ്മെ മനസ്സിലാക്കുന്നത് വെച്ചാണ് നമ്മുടെ ധര്‍മ്മവും സ്വഭാവവും മനസ്സിലാക്കേണ്ടത്. നാം ചുറ്റുപാടിന് നല്‍കുന്നത്‌ വെച്ച്. നമ്മൾ മനുഷ്യര്‍ക്ക് തന്നെ നല്‍കുന്നത്‌ വെച്ചല്ല. അല്ലേല്‍, അത് മാത്രം വെച്ചല്ല. 
പൂവിന്റെ പൂമണം നമുക്ക് മാത്രമാണ് പൂമണം.
പൂവിനത് അതിന്റെ വിയര്‍പ്പിന്റെ ഗന്ധമോ പൂവിനെ പേറുന്ന ചെടിക്കത് അതിന്റെ ശുക്ലത്തിന്റെ ഗന്ധമോ മാത്രമാണ്.
****
തേടാതെ ആവുന്നതാണ് ധര്‍മ്മം, സ്വാഭാവം. 
ധര്‍മ്മവും സ്വഭാവവും സംഭവിക്കാനാണ് എല്ലാം തേടുന്നതും നേടുന്നതും.
നാം അറിയാതെയും ധര്‍മ്മം സംഭവിക്കുന്നു. സ്വാഭാവം സംഭവിക്കുന്നു.
******
നല്‍കലും തേടലും തമ്മിലെ വ്യത്യാസം മനസിലാക്കണം.
നല്‍കുന്നത്‌ സ്വാഭാവം വെച്ച്. ധര്‍മ്മം ആവാന്‍. സ്വാഭാവം കാണിക്കാന്‍. 
തേടുന്നത് സ്വാഭാവം, അതല്ലേല്‍ ധര്‍മ്മം, മുളപ്പിച്ച് കണ്ടെത്താനും നിലനിര്‍ത്താനും വളര്‍ത്താനും.

മനസ്സ്, ആത്മാവ്, ശരീരം.

മനസ്സ്, ആത്മാവ്, ശരീരം.
വൈതരണി പറയുന്നു:
"മനസ് ആത്മാവിനെ ആവാഹിച്ചിരുത്തി കെട്ടിപ്പടുത്ത കല്ലറയാണ് ശരീരം." 
ഈയുള്ളവന്റെ പ്രതികരണം:
വൈതരണി....
മേല്‍ പ്രയോഗങ്ങൾ കണ്ട് ഞെട്ടിയത് കൊണ്ട്‌ ചിലത്. അവനവനോടുള്ള സ്നേഹം കാരണം.
വാക്കുകള്‍ നമ്മൾ അറിഞ്ഞ് ഉപയോഗിക്കുക.
പ്രത്യേകിച്ചും മനസ്സ്, ആത്മാവ് എന്നൊക്കെ പ്രയോഗിക്കുമ്പോള്‍. അറിഞ്ഞ്, ധരിച്ച് തന്നെ പറയുക.
ഗർഭം ധരിക്കാതെ ഗർഭം ധരിച്ചുവെന്ന് നമുക്ക് വരുത്താം. പക്ഷേ, പ്രസവിക്കുക സാധ്യമല്ല. 
കുറച്ച് വാക്കുകൾ എങ്ങിനെയും സംയോജിപ്പിച്ച് മരീചിക സൃഷ്ടിച്ചത് കൊണ്ട്‌ കാര്യമില്ല. എന്തൊക്കെയോ വരുത്താം. പക്ഷേ, ചിത്രത്തിലെ മുന്തിരി മാത്രമേ ആവു. ആ മുന്തിരി ദാഹം മാറ്റില്ല. മധുരം നല്‍കില്ല.
വെറും സാഹിത്യ സൃഷ്ടിയുടെ പ്രശ്നം അതാണ്.
എഴുതാന്‍ വേണ്ടി എന്തും എങ്ങിനെയും എഴുതുക. ഏതെല്ലാമോ വാക്കുകൾ കൂട്ടിയോജിപ്പിച്ച് എഴുതുക. ഏറിയാല്‍ സുഖിപ്പിക്കുക, സുഖിപ്പിക്കുന്നു എന്ന് വരുത്തുക.
അന്ധരായ അനുയായികള്‍ ഉണ്ടെങ്കിൽ പറയുകയും വേണ്ട. എന്തായാലും കൈയടി വീഴും. പുരോഹിതന്മാര്‍ക്ക് കിട്ടും പോലെ. 
വൈതരണി, കാര്യം മറിച്ചാണ്.
കേള്‍ക്കുന്ന പലരും കേള്‍ക്കുന്നില്ല. ചോദിക്കുന്നവർ ചോദിക്കുന്നവരല്ല. പറയുന്നവർ പറയുന്നവരുമല്ല.
വൈതരണിക്ക് അറിയുമോ എന്നറിയില്ല.
ചോദ്യം ചോദിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ ചോദ്യം ഇല്ലാത്തവർ, ചോദിക്കാത്തവർ. ചോദ്യം ധരിക്കാന്‍ പ്രായം ആവാത്തവർ. കേട്ട് പഠിച്ച് അനുകരിച്ച് യാന്ത്രികമായി നാവ് ചലിപ്പിച്ച് ചോദ്യമാക്കുന്നവർ. സ്വന്തം തലച്ചോറിലേക്ക് ആ ചോദ്യത്തിന്റെ വേരുകൾ വേദനയായ് ആഴ്ത്താതെ. 
ഉത്തരം നല്‍കുന്നവര്‍ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ആ ചോദ്യം കേട്ട് ധരിക്കാത്തവരും ഉത്തരം ഇല്ലാത്തവരും, ഉത്തരം നല്‍കാത്തവരും.
എന്നാലും ചോദ്യം ചോദിച്ചവർ ഉത്തരം നല്‍കിയവരുടെ ഒന്നുമല്ലാത്ത ഉത്തരം കൊണ്ട്‌ സംതൃപ്തരാവും.
കാരണം മറ്റൊന്നുമല്ല. അവര്‍ക്ക് ചോദ്യം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല. ഉത്തരം അവർ കേട്ടിട്ടുമുണ്ടായിരുന്നില്ല. എല്ലാം വെറും നാട്യം, നാടകം. അന്ധമായ വിശ്വാസം.
ആചാരവും അനുഷ്ഠാനവും മാത്രമായ യാന്ത്രികമായി അനുകരിച്ച് നടക്കുന്ന കര്‍മ്മവും പ്രാർത്ഥനയും പോലെ. ഏതോ ഭാഷയില്‍ ആരോ എന്തോ അങ്ങോട്ടും ഇങ്ങോട്ടും പറയുക. നാവില്‍ തൊടാതെ, മധുരം അറിയാതെ പഞ്ചസാര നല്‍കുക, വിഴുങ്ങുക. 
യാഥാര്‍ത്ഥത്തില്‍ ചോദ്യം ഇല്ലാത്തവന്‍ ഉത്തരം പറഞ്ഞാലും കേള്‍ക്കില്ല. ആര്‍ത്തവതി ആവാത്തവൾ ഗർഭം ധരിക്കാത്തത് പോലെ തന്നെ. 
അതേ സമയം ഉത്തരം പറയുന്നവന്‍ വലിയ ആളാണല്ലോ എന്ന് കരുതി അവർ വെറുതെ കൈയടിക്കുകയും ചെയ്യും. ഇവിടെയാണ്‌ അന്വേഷണം രണ്ട് ഭാഗത്തും മുടങ്ങുന്നത്. വഴിതെറ്റുന്നത്. മരീചികക്ക് പിന്നാലെ മാത്രമാവുന്നത്. 
ഉദ്ദേശിക്കാത്തത് പറയുക. മനസ്സിലാവാത്തത് കേട്ട് തല കുലുക്കുക. വെറും ഒരു ഉപചാരം മാത്രമായ ചോദ്യോത്തര പരിപാടി. 
എന്നാല്‍, അവന്‍ വിചാരിക്കാത്ത ഭാഗത്ത് നിന്ന് ഉത്തരം വന്നാലോ ചോദ്യകര്‍ത്താവ് അസ്വസ്ഥപ്പെടുകയും ചെയ്യും. കാരണം ഉത്തരം കേള്‍ക്കുന്ന ചെവി യാഥാര്‍ത്ഥത്തില്‍ ചോദ്യമില്ലാത്തവന് ഉണ്ടാവുകയില്ല. 
അവന് യഥാര്‍ത്ഥത്തില്‍ ചോദ്യമില്ല. നാട്യമല്ലാതെ. അതിനാലവന് ഉത്തരവും വേണ്ട. ഉത്തരമെന്ന നാട്യം മാത്രമല്ലാതെ.
ഗർഭം ധരിക്കാനും ബീജം സ്വീകരിക്കാനും അവന്നാവില്ല. മറുപക്ഷത്തുള്ള മഹാനവര്‍കള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഗർഭം ധരിപ്പിക്കാനും ബീജം നല്‍കാനുമതുമാവില്ല.
പകരം അവര്‍ക്ക് ചിലരോടുള്ള വിശ്വാസവും ആരാധനയും മാത്രം. അത് തന്നെ ചോദ്യവും ഉത്തരവും. 
അവര്‍ക്ക് ഉത്തരം വേണ്ട. വെറുതെ എന്തെങ്കിലും കേട്ടാല്‍ മതി. ഇനിയവർ ചടങ്ങ് പോലെ എന്തെങ്കിലും ചോദിച്ചാലോ?
വെറുതെ നാവ് ചലിപ്പിച്ച്, അവർ പോലും ഉള്ളില്‍ അറിയാതെ, ഉരുവിട്ട് ചോദിക്കുന്നത് മാത്രം.
അവർ കണ്ണടച്ച് വിശ്വസിക്കുന്ന ബഹുമാനിക്കുന്ന ആളോട് മാത്രം. ആ ആളില്‍ നിന്ന് വിവരംകെട്ട എന്ത് ഉത്തരവും അവരെ തൃപ്തിപ്പെടുത്തും. യഥാര്‍ത്ഥത്തില്‍ ഉത്തരം നല്‍കാതെ തന്നെ.
ഇനി അവർ ആദരിക്കാത്ത പ്രതീക്ഷിക്കാത്ത ഒരാൾ ആ ചോദ്യത്തിനുള്ള ശരിയായ ഉത്തരം നല്‍കിയാലോ? അവർ മനസിലാക്കുകയും കേള്‍ക്കുകയും ഇല്ല. കാരണം അവർ യോനിയും ഗർഭപാത്രവും ഉള്ളവരല്ല. 
പകരം യാഥാര്‍ത്ഥ ഉത്തരം അവരെ അസ്വസ്ഥപ്പെടുത്തും. ക്ഷുഭിതരാക്കും. അവിടെയാണ് യേശുവും മുഹമ്മദും കൃഷ്ണനും സോക്രട്ടീസും കുടുങ്ങിയത്. പീഡനത്തിനിരയായത്. അത്തരക്കാരെ അസ്വസ്ഥരാക്കിയത്. 
കാരണം അവരില്‍ ചോദ്യം ഉണ്ടായിരുന്നില്ല. ചോദ്യം ഉണ്ടെന്ന നാട്യവും ലഹരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക് ഉത്തരം വേണ്ട. എന്തെങ്കിലും കേട്ട് ഉത്തരം എന്ന് കരുതുകയേ വേണ്ടൂ.
ചോദ്യം വിത്താണെങ്കിൽ ഉത്തരമായ മരം ആകാനുള്ളത് ആ വിത്തില്‍ തന്നെ ഉണ്ട് എന്ന് പോലും അറിയാത്ത ചോദ്യകര്‍ത്താക്കളും ഉത്തരം നല്‍കുന്നവരുമാണ് ഏറെയും.
*****
വൈതരണി...
ഞാനും നാമും ഇല്ല.
ഞാന്‍ എന്നതും നാം എന്നതും സ്ഥിരമായ തുടര്‍ച്ചയുള്ള ബോധം അല്ല. ജീവിതം ജീവിതത്തിന്‌ വേണ്ടി, അതിജീവനത്തിന് വേണ്ടി, മാറ്റി മാറ്റി ഉണ്ടാക്കുന്ന ബോധം, കൂര്‍ത്ത്മൂര്‍പ്പ് മാത്രമാണ് ഞാന്‍ നാം എന്നിവ. തീര്‍ത്തും തലച്ചോറ്‌ ഉണ്ടാക്കുന്ന തോന്നൽ. ജനിച്ചതിന് ശേഷം ശരീര വളര്‍ച്ചക്കനുസരിച്ച് വളരുകയും ക്ഷീണിക്കുകയും ചെയ്യുന്ന, തലച്ചോറ്‌ ഉണ്ടാക്കുന്ന തോന്നൽ. ആ തലച്ചോറ്‌ ഉണ്ടാക്കുന്ന തോന്നൽ മാത്രമായ മനുഷ്യമനസ്സ് മാത്രമേ ഉള്ളൂ.
അതിനാല്‍ ജീവനും ജീവിതവും രൂപപ്പെട്ടതിന് ശേഷം തലച്ചോറും മനസ്സും രൂപപ്പെടുന്നു, വളരുന്നു.
ആത്മാവ്, ആ പേരില്‍, ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ.
പക്ഷേ വിശ്വാസപരമായി ഉള്ള ആത്മാവ് നാശവും വളര്‍ച്ചയും ഇല്ലാത്തത്. അത് അസ്ഥിരമായ മനസ്സും തലച്ചോറും 'ഞാന്‍ ബോധവും' അല്ല.
മനസ്സിനും തലച്ചോറിനും ഞാന്‍ ബോധത്തിനും മുന്‍പും ശേഷവും ഉള്ളത് ആത്മാവ്, അഥവാ ജീവിതം, പദാര്‍ത്ഥം, ബോധം, ഊര്‍ജാം. 
ആത്മാവ് എന്നാല്‍ ജീവിതം, പദാര്‍ത്ഥം, ബോധം, ഊര്‍ജാം. മനസ്സ് വിചാരിച്ചു കെണിച്ചു കൊണ്ടുവരുന്ന ഒന്നല്ല ആത്മാവ്.
ആത്മാവ് എന്ന ജീവനും ജീവിതവും ഉള്ളതിനാല്‍ അത് മൂലം രൂപപ്പെട്ട ശരീരമായ ജീവിതത്തില്‍ അതിജീവന ബോധമായി, തന്ത്രമായി രൂപപ്പെടുന്നതാണ് തലച്ചോറും മനസ്സും അതുണ്ടാക്കുന്ന 'ഞാന്‍, നാം' ബോധവും.
****
അത് കൊണ്ടാണ്‌ ജനിക്കുമ്പോള്‍ ഞാന്‍ ബോധം ഇല്ലാത്തത്.
അഥവാ ഒരു 'ഞാന്‍ ബോധം' ചെറിയ അളവില്‍ പിഞ്ചു കുഞ്ഞില്‍ ഉണ്ടെങ്കിൽ തന്നെ, ആ 'ഞാന്‍ ബോധം' വൈതരണിക്ക് ഇപ്പോൾ ഉള്ള 'ഞാന്‍ ബോധം' അല്ല.
അതിനാല്‍ തന്നെ ജനിച്ച ആരും മരിക്കുന്നില്ല.
ജനിച്ചത് ആരോ. മരിക്കുന്നത് വേറെ ആരോ.
ജനിച്ചത് ഊരും പേരും ഇല്ലാത്ത കുഞ്ഞുപൈതല്‍.
മരിക്കുന്നത് ഒബാമയും മോഡിയും മഹാത്മാഗാന്ധിയും.
അത് കൊണ്ട്‌ തന്നെ മരിച്ചു കഴിഞ്ഞാൽ തുടരുന്ന സ്ഥിരതയും തുടര്‍ച്ചയും ഉള്ള 'ഞാന്‍ ബോധവും' ഇല്ല.
'ഞാന്‍ ബോധം' എന്നത് (അതുണ്ടാക്കുന്ന മനസ്സും തലച്ചോറും എന്നത്) വളര്‍ന്നും ക്ഷീണിച്ചും കൊണ്ടിരിക്കുന്നത്. മരിച്ചില്ലാതാവുന്നത്. 
കുഞ്ഞിന്റെ 'ഞാന്‍ ബോധം' അല്ല യുവാവിന്റെതും വൃദ്ധന്റെതും. അതിനാല്‍ തന്നെ മരണാനന്തരത്തിലേക്ക് തുടരേണ്ട ഒരു പ്രത്യേക 'ഞാന്‍ ബോധം' ഇല്ല.
ആത്മാവ് എന്ന ജീവൻ എന്ന ജീവിതം മനസ്സും തലച്ചോറും അല്ല, അത് പോലെയല്ല.
ഉണ്ടെങ്കിൽ ഉള്ള ആത്മാവ് എപ്പോഴും ഒന്ന്. മാറ്റങ്ങള്‍ക്ക് വിധേയമല്ലാതെ. ക്ഷീണവും വളര്‍ച്ചയും ഇല്ലാതെ.
വിശ്വാസപ്രകാരം തന്നെ ദൈവത്തില്‍നിന്ന് ദൈവമായത്.
ദൈവത്തില്‍ നിന്നും ദൈവമായത് കൊണ്ടും ഒരിക്കലും കൂടാതെ കുറയാതെ. ക്ഷീണിക്കാതെ, വളരാതെ, തളരാതെ. എല്ലാറ്റിലും ഒരുപോലെ. എല്ലാറ്റിനും ഒരുപോലെ ആധാരമായത്. എല്ലാറ്റിനെയും അതാക്കുന്നത്. ജീവിതം. അഥവാ ദൈവം. പദാര്‍ത്ഥം എന്നും ആത്മാവ് എന്നും പേരുള്ള ഊര്‍ജം എന്നും ബോധം എന്നും വിവക്ഷയുള്ള ജീവിതം എന്ന ദൈവം.
തലച്ചോറ്‌ ഉണ്ടാക്കുന്ന ഞാന്‍ മാത്രമല്ലാത്ത ഞാന്‍ ഇല്ലെന്നറിയുകയും, ഉള്ളത്‌ എന്തോ അത് മാത്രമേ ഉള്ളൂ എന്നറിയുകയും സമ്മതിക്കുകയും ആവുകയും ആണ് മോക്ഷം, യോഗ.

കൊതുകുകളും ഈച്ചകളും നാട് ഭരിക്കുന്ന കാലം.

കൊതുകുകളും ഈച്ചകളും നാട് ഭരിക്കുന്ന കാലം.
അവർക്ക് വ്രണം വേണം.
എവിടെയും എല്ലായിടത്തും.
അഴുക്ക് ചാലുകള്‍ വേണം.
നാട് തന്നെയും ഒരഴുക്ക് ചാലായി മാറണം.
അവിടെ അഭിഭാഷകര്‍ ഓരോ കേസിനെയും തനിക്ക് ചലവും രക്തവും കുടിക്കാനുള്ള വ്രണമായി മാത്രം കാണും.
കോടതിയെ തനിക്ക് അഴുക്ക് വെള്ളം കിട്ടുന്ന അഴുക്ക്ചാലായ് മാത്രം കാണും. 
അങ്ങനെയല്ലാതെ പെരുമാറിയാല്‍ അവന് ദാരിദ്ര്യം സമ്മാനമാവും.
ഇതേ പ്രശ്‌നം വൈദ്യന്‍മാരുടെ കാര്യത്തിലും.
അവർ രോഗത്തെയും രോഗിയെയും ഇങ്ങനെ തന്നെ വ്രണമായി കാണുന്നു. തങ്ങൾക്ക് രക്തവും ചലവും കുടിക്കാന്‍ മാത്രം. ആശുപത്രി സ്ഥിരമായി അവര്‍ക്ക് കുടിക്കാനുള്ള അഴുക്ക് വെള്ളം ഒഴുക്കുന്ന അഴുക്ക്ചാലും. 
രാഷ്ട്രീയക്കാര്‍ നാട്ടാരെയും നാട്ടാരുടെ പ്രശ്നങ്ങളെയും കാണുന്നതും ഇത് പോലെ തന്നെ. വ്രണമായ്. തങ്ങൾക്ക് രക്തവും ചലവും ഉറപ്പ് നല്‍കുന്ന വ്രണങ്ങള്‍. നാടിനെ തങ്ങൾക്ക് കുടിക്കാന്‍ വേണ്ട അഴുക്ക് വെള്ളം ഒഴുക്കുന്ന അഴുക്ക് ചാലായും.
അതിനാലവർ സ്വയം കൊതുകുകളെ പോലെയായി യോഗ്യത നേടുന്നു. നാടിനെ അഴുക്ക്ചാലായും നാട്ടാരെ അവര്‍ക്ക് ചലവും രക്തവും കുടിക്കാനുള്ള വ്രണമായും മാത്രം കാണുന്നു. അല്ലെങ്കിൽ അവരങ്ങനെ ആക്കുന്നു. നാടിനെയും നാട്ടാരെയും. ഉദ്യോഗസ്ഥര്‍ അങ്ങനെ അവര്‍ക്കത് ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. 
എല്ലാവരും അതാത് രംഗത്ത് ചൂഷണം മാത്രം ചെയത് ജീവിക്കുന്ന പുരോഹിതന്‍മാര്‍.
വേഷം കെട്ടുന്ന കൊതുകുകള്‍.
യഥാര്‍ത്ഥത്തില്‍ ഉല്പാദിപ്പിക്കുന്ന കര്‍ഷകനെയും കോഴിവളര്‍ത്തുകാരനെയും മീൻപിടിക്കുന്നവരേയും വഞ്ചിച്ച് ചൂഷണം ചെയത് വ്രണമുള്ള രോഗികളാക്കി വീണ്ടും ചൂഷണം ചെയത് കൊഴുക്കുന്ന കൊതുകുകള്‍. ഈച്ചകള്‍. പുരോഹിതന്‍മാര്

ഒന്നും തിരുത്താനില്ല, എല്ലാം വേണ്ടത് പോലെ.

ഒന്നും തിരുത്താനില്ല, 
എല്ലാം വേണ്ടത് പോലെ. 
എല്ലാം വേണ്ടത് പോലെയേ നടക്കുന്നുള്ളൂ.
അല്ലെന്ന് തോന്നുന്നത് ഓരോരുവനും പെട്ട പെടലിന്റെത്. മുഴുവനില്‍ നിന്നും കാണാത്തതിന്റെത്. അവന്‍ വെറുതെ അസ്വസ്ഥപ്പെടുന്നു.
ഒരു തിരുത്തും വരുത്താന്‍ കഴിയാതെ.
ഓടുന്ന വണ്ടിയില്‍ കിടന്ന് ഓടിക്കിതക്കുക മാത്രം അവന് ഫലം.
അങ്ങനെ കിതച്ച് ക്ഷീണിക്കുകയും അപൂര്‍ണത തൊട്ടറിയുകയും.
ഒഴിവാക്കാനാവാത്ത കിതപ്പും ക്ഷീണവും അപൂര്‍ണതാബോധവും അതിനാലുള്ള ശ്രമങ്ങളും. 
അത് ബുദ്ധനായാലും യേശുവായാലും കൃഷ്ണനായാലും മാര്‍ക്സായാലും മുഹമ്മദായാലും ശരി.
അവരവര്‍ക്കുണ്ടായ, അവരവർ അകപ്പെട്ടുണ്ടായ, അസ്വസ്ഥത മാറ്റാൻ ഓരോരുവനും ശ്രമിച്ചു.
അത്ര മാത്രം.
****
എല്ലാ ശ്രമങ്ങളും നല്ലത്..
എല്ലാ ശ്രമങ്ങളും ഒഴിവാക്കാനാവാത്തത്.
എല്ലാ ശ്രമങ്ങളും ഞാനും ഞാനും ഉണ്ടെന്ന് ധരിച്ച് ഉണ്ടാവുന്നത്. 
എല്ലാ ശ്രമങ്ങളും ഓരോരുവനും അവന് വേണ്ടി എന്ന് കരുതി മുഴുവനും വേണ്ടി നല്‍കാനുള്ളത് (ധര്‍മ്മം) സംഭവിക്കാന്‍ വേണ്ടി സംഭവിക്കുന്നത്. 
എല്ലാ ശ്രമങ്ങളും പൂര്‍ണത തേടിയുള്ളത്.
പൂര്‍ണത തേടുന്നത് കൊണ്ടുണ്ടാവുന്നത്...
ആ ശ്രമങ്ങൾ ഉണ്ടാക്കുന്ന തിരുത്താണ് എല്ലാം.
ജീവിതം ജീവിതത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ഉണ്ടാക്കുന്ന ശ്രമങ്ങൾ.
ആ ശ്രമങ്ങൾ ഉണ്ടാക്കുന്ന വളർച്ച തന്നെയായ ജീവിതം തന്നെയായ തിരുത്ത്. 
അറിയാമല്ലോ,
പൂര്‍ണത തേടുന്നത് മാത്രം; ഒരിക്കലും നേടുന്നതല്ല.
പൂര്‍ണത മുഴുവന് മാത്രം.
പൂര്‍ണത മുഴുവനുമായ ആത്യന്തിക ജീവിതത്തിന്‌ മാത്രം.
അതിനെ നിങ്ങൾ എന്ത് പേരിട്ട് വിളിച്ചാലും. 
അതിനാല്‍ തന്നെ നിന്റെ ജീവിത ലോകത്തെ ശ്രമവും വളർച്ചയും നില്‍ക്കാത്തത്.
കിതപ്പും ക്ഷീണവുമതും.

ഗുരു ഉറങ്ങുകയാണ്. പൂച്ചയുറക്കം. സംശയം വേണ്ട, ആ ഗുരു തന്നെയാണ് ഉറങ്ങുന്നത്.

ഗുരു ഉറങ്ങുകയാണ്.
പൂച്ചയുറക്കം. 
സംശയം വേണ്ട,
ആ ഗുരു തന്നെയാണ് ഉറങ്ങുന്നത്.
നാക്ക് പറയാനും
രുചിക്കാനും മാത്രമുള്ളതാണ്
എന്ന എന്റെ ധാരണയെ
തിരുത്തിയ
അതേ ഗുരു തന്നെയാണ്,
ഈ സോഫയില്‍
കിടന്നുറങ്ങുന്നത്.
നാക്ക് കൊണ്ട്‌
മുറിവിന് ചികില്‍സയും
ശരീരത്തിന് വൃത്തിയും
ആകാമെന്ന് പഠിപ്പിച്ച
എന്റെ ആ ഗുരു. 
പോരാത്തതിന്,
ഉറങ്ങുന്നതിന്‌ മുന്‍പ്‌
എന്റെ ഗുരു ഒന്ന് കൂടി
വ്യക്തമായിപ്പറഞ്ഞു.
'വേട്ടയാടാന്‍ പോകാത്തതെന്തേ'
എന്ന എന്റെ ചോദ്യത്തിന്റെ മുനമ്പ്
ഓടിച്ചുകളഞ്ഞു കൊണ്ട്‌. 
'ആര്‍ക്കാണ് വേട്ടയാടുന്നത് ഇഷ്ടം?
"അതൊന്നും ആര്‍ക്കും
വലിയ ഇഷ്ടമുള്ള കാര്യമല്ല.
"നിസ്സഹായത അങ്ങിനെയും
ചെയ്യിപ്പിക്കുന്നു എന്ന് മാത്രം. 
"കിട്ടാത്തത് കൊണ്ട്‌ മാത്രം അങ്ങനെയാകുന്നതാണ്. 
"അങ്ങനെ മാത്രം
വേട്ടയാടുന്നതാണ് നാം.
"വേണ്ടതാണ്‌
നിങ്ങൾ കാണുക.
വേണ്ടതിതിനെയാണ്
നിങ്ങള്‍ക്ക് ഇഷ്ടമാവുക.
"പൂമ്പാറ്റയില്‍
നിങ്ങൾ സൗന്ദര്യം ദര്‍ശിക്കുന്നു.
നമ്മൾ ഇരയെയും. 
"നിങ്ങൾ നിങ്ങള്‍ക്ക് വേണ്ടത്,
ഞങ്ങൾ ഞങ്ങൾക്ക് വേണ്ടത്,
കാണുന്നു, ഇഷ്ടപ്പെടുന്നു. 
"സുഭിക്ഷമായി കിട്ടുമെങ്കില്‍,
നമ്മളും വേട്ടയാടില്ല.
വേട്ടയാടുന്നത് വേണ്ടെന്ന് വെക്കും.
"നിങ്ങൾ ഈ പറയുന്ന
ധീരമായ വേട്ട
അത്രക്കെ ഉള്ളൂ.
"നിത്യവും വേട്ട ചെയ്തേ തീരൂ എന്നത്
അത്രക്ക് സുഖമുള്ള കാര്യമല്ല. 
"വേട്ടയാടി
എന്തെങ്കിലും കിട്ടുന്നതിന്‌ മുന്‍പ്‌
നാം അനുഭവിക്കുന്ന വിശപ്പും
അനിശ്ചിതത്വവും
നിങ്ങള്‍ക്ക് മനസിലാവില്ല.
അതത്ര വലിയ മഹത്വമുള്ള ഒരേര്‍പ്പാടൊന്നുമല്ല."
എന്നാലും
ഗുരു ഉറങ്ങുക തന്നെയാണ്.
'പക്ഷേ, ഇപ്പോൾ
ഇവിടെ അകത്ത് കിടക്കുന്നതും,
ഉറങ്ങാൻ പോകുന്നതും?
പുറത്തല്ലേ നിന്റെ ലോകം?'
ഗുരു ഉറങ്ങുന്നതിന് മുന്‍പ്
ഈയുള്ളവന്‍
അങ്ങനെയും ചോദിച്ചു. 
"ആര് പറഞ്ഞു,
പുറത്താണ് നമുക്ക് ഇഷ്ടമെന്ന്?
"നമുക്ക് അങ്ങനെയൊരു
പഥ്യമൊന്നും ഇല്ല.
"നമുക്ക് അങ്ങനെയൊരു
പുറം അകം എന്ന
സങ്കല്‍പവ്യത്യാസവും ഇല്ല. 
"അല്ലേലും എന്താണ്‌
ഈ അകം പുറം?
"സുരക്ഷിതമായിരിക്കുക
എന്നത് മാത്രമല്ലേ?
സുരക്ഷിതനായിരിക്കാനല്ലേ
എല്ലാ അകവും പുറവും? 
സുരക്ഷിതമായിരിക്കുക തന്നെയല്ലേ
ആര്‍ക്കും ജീവിതത്തില്‍ പ്രധാനം?
സുരക്ഷിതമായിരിക്കുക തന്നെയല്ലേ
അതിജീവനത്തിന്റെ ഭാഷ? 
"പുറത്തുറങ്ങുന്ന നമ്മൾ
സന്തുഷ്ടരൊന്നുമല്ല.
"അങ്ങനെ ഉറങ്ങേണ്ടി വരുന്നതാണ്.
തെരഞ്ഞെടുപ്പില്ലാതെ. 
"നമുക്ക് പേടി ഇല്ലെന്നാര് പറഞ്ഞു?
"അങ്ങനെയൊന്നും ആരും
നമ്മൾക്ക് വേണ്ടി പറയേണ്ട.
"നമുക്ക് പേടി ഇല്ലെന്നും
ആരും കരുതേണ്ട.
"നമുക്കും പേടിയുണ്ട്.
"സുരക്ഷിതരാവാന്‍
നമുക്കും കൊതിയുണ്ട്. 
"സുരക്ഷയുടെ അകം
കാണിച്ച് തന്നാല്‍
നമ്മളും അകത്ത് തന്നെ ഉറങ്ങും.
സുരക്ഷിതരായിത്തന്നെ ഉറങ്ങും .
"ജീവിതത്തിന്റ അരക്ഷിതത്ത്വം
നമ്മളെന്നല്ല,
ആരും ഇഷ്ടപ്പെടുന്നില്ല,
"ആരും അരക്ഷിതാവസ്ഥയെ
സ്വയംവരിക്കുന്നില്ല. 
"പേടി തന്നെയാണ് നമ്മുടെയും
സര്‍വ്വതിന്റെയും ആയുധം.
ജീവിതത്തിന്റെ മുഖം. 
"ആ മുഖത്തെ,
ആയുധത്തെ,
ജാഗ്രതയാക്കി
ജീവിക്കുകയാണ്
എല്ലാവരും.
"അതിനാല്‍ മാത്രമാണ്
നമ്മുടെ ഉറക്കം
ദീര്‍ഘമേറിയതല്ലാത്തത് .
"പൂച്ചയുറക്കമെന്ന് നിങ്ങൾ
ഭംഗിയുള്ള പേരിട്ട് വിളിക്കുന്ന
വെറും ചെറിയ
കണ്ണ് കാച്ചല്‍ മാത്രമായത്."

പരബ്രഹ്മജ്ഞാനി താന്‍ നാസ്തികനാണ്


ആസ്തികത കൊണ്ട്‌ 'ഞാന്‍' ഉണ്ടെന്നും നാസ്തികത കൊണ്ടും 'ഞാന്‍' ഇല്ലെന്നും, അല്ലെങ്കിൽ ദൈവം ഉണ്ടെന്നും ഇല്ലെന്നും ആണ് നിങ്ങൾ പരസ്പരം പറയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ, ഒന്നറിയുക.
ആ നിലയ്ക്കുള്ള (ഞാന്‍ ഉണ്ടെന്ന, ദൈവം ഉണ്ടെന്ന) ആസ്തികത പരബ്രഹ്മജ്ഞാനത്തില്‍ ഇല്ല.
അത് നീയാണ്, തത്ത്വമസി, എന്നും ഞാന്‍ തന്നെ പരബ്രഹ്മം, അഹം ബ്രഹ്മാസ്മി, എന്നും പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ഞാന്‍ ഇല്ലെന്നും, ഞാന്‍ അല്ലാത്ത പരബ്രഹ്മം ഇല്ലെന്നും (നിഷേധം) പരബ്രഹ്മം തന്നെയായ ഞാന്‍ മാത്രമേ ഉള്ളൂ എന്നുമാണ്.
അല്ലാതെ ഞാന്‍ ഉണ്ടെന്നും എന്റെ അഹങ്കാരം വലുതാക്കിയാണ് പരബ്രഹ്മവും പരബ്രഹ്മജ്ഞാനവും ഉണ്ടാവുന്നത് എന്നും അല്ല.
പരബ്രഹ്മജ്ഞാനി താന്‍ ഇല്ലെന്ന് അറിയുന്ന നാസ്തികനാണ് ആവുന്നത്. ഞാന്‍ മാത്രമുള്ള പരബ്രഹ്മം ഇല്ലാത്ത നിഷേധം കൂടി അതിലുണ്ട്. 
ഇനി പരബ്രഹ്മം എന്താണ്‌ എന്ന ചോദ്യത്തിന് ആസ്തികരുടെയും നാസ്തികരുടെയും വാദം ഒന്നാവുന്ന ഉത്തരം മാത്രമേ ഉള്ളൂ.
പരബ്രഹ്മം പോത്ത്.
പോത്ത് എന്നത് കൊണ്ട്‌ ജീവനുള്ള പോത്ത് എന്നല്ല അര്‍ത്ഥം.
പകരം, നിങ്ങൾ എങ്ങിനെ മനസിലാക്കുന്നുവോ, കണക്കാക്കുന്നുവോ, അങ്ങനെ എന്നർത്ഥം. നിഷേധമായും വിശ്വാസമായും. 
അത് നാസ്തികര്‍ കണക്കാക്കുന്നത് പോലെ പദാര്‍ത്ഥം എന്ന് കരുതിയാലും, ആസ്തികര്‍ കണക്കാക്കും പോലെ ആത്മാവ് എന്ന് കണക്കാക്കിയാലും ഒന്ന് എന്നര്‍ത്ഥം. പേരിലെ വ്യത്യാസം മാത്രം. സംഗതി ഒന്നിനെ വ്യത്യസ്തമായ കോലത്തില്‍ കണ്ട് സംസാരിക്കുന്നു. അത്ര തന്നെ. 
ബോധം എന്നായാലും ഊര്‍ജം എന്നായാലും ഒന്ന് എന്നർത്ഥം.
ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒന്ന് എന്നര്‍ത്ഥം.
നിരീശ്വരനും ഈശ്വരനും ഒരേ തട്ടില്‍ എന്നര്‍ത്ഥം.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാൽ നിരീശ്വര വിശ്വാസിയാണ് യാഥാര്‍ത്ഥ പരബ്രഹ്മത്തെയും അദ്വൈതത്തെയും കറകളഞ്ഞ് ഉള്‍കൊണ്ട്‌ ഒന്ന് മാത്രമേ ഉള്ളൂ എന്ന് സംസാരിക്കുന്നത്. രണ്ട് അല്ലാത്ത ഒന്ന് മാത്രമേ ഉള്ളൂ എന്ന്. ഉള്ളത് എന്തോ അത് മാത്രം തന്നെ എല്ലാം എന്ന്. കാണുന്നതും കാണാത്തതും ഒന്ന് മാത്രമെന്ന്. പ്രത്യക്ഷവും പരോക്ഷവും ഒന്ന് മാത്രമായത് എന്ന്. 
രണ്ട് ഇല്ലെന്നും പറയുന്നത് നിരീശ്വര വിശ്വാസി ആണ്‌. യാഥാര്‍ത്ഥ അദ്വൈതം.
ഉള്ള ഒന്നിനെ പദാര്‍ത്ഥം എന്ന് വിളിച്ചാലും ആത്മാവ് എന്ന് വിളിച്ചാലും സംഗതി ഒന്ന്. വിളിക്കുന്നതിലെ വ്യത്യാസം മാത്രം വ്യത്യാസം. 
നിഷേധം വിശ്വാസത്തെക്കാള്‍ അര്‍ത്ഥവത്താവുന്നത്, നിഷേധം വിശ്വാസം തന്നെയാവുന്നത്, അവിടെ, അങ്ങനെയാണ്.
ദൈവം മാത്രമുള്ള അവസ്ഥയില്‍, പരബ്രഹ്മ ജ്ഞാനത്തില്‍, ദൈവം ഉണ്ടെന്നും ഇല്ലെന്നും സമര്‍ഥിക്കാന്‍ ഇല്ല.
രണ്ടില്ലെങ്കില്‍ ഒന്നുമില്ല.
തുലനം ചെയത് വേര്‍തിരിഞ്ഞ് വ്യതിരിക്തമായി കാണപ്പെടുന്ന ഒന്ന് ഇല്ല. 
ദൈവം മാത്രമായാല്‍ ഇല്ലെന്ന് പറയാനും ഉണ്ടെന്ന് പറയാനും ആരും ഇല്ല.
രണ്ടാമത് ഒരാള്‍ ഇല്ല, ഉണ്ടാവില്ല.
ദൈവം അഥവാ പദാര്‍ത്ഥം അല്ലാത്ത ആരും ഇല്ല.
ഉള്ളത്‌ എന്തോ അത് മാത്രം.
താന്‍ മാത്രമായാല്‍ താനും ഇല്ലെന്ന അവസ്ഥ.
ഇല്ലെന്നും ഉണ്ടെന്നും പറയേണ്ടി വരാത്ത, അനുഭവം ആകാത്ത, പറയാൻ ആളില്ലാത്ത അവസ്ഥ.
ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒന്ന് ആവുന്ന അവസ്ഥ.
രണ്ടില്ലാത്ത അവസ്ഥ.
വിപരീതം വെച്ച് സ്വന്തത്തെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
നിഷേധവും വിശ്വാസവും ഒന്നാവുന്ന അവസ്ഥ.
****
ആ നിലക്ക് ഒന്ന് മാത്രമായാല്‍ ഉണ്ടാവുന്ന നിസ്സഹായതയാണ് ഓരോ അറിവും.
നമ്മുടെ നിസ്സഹായത matt എല്ലാറ്റിനെയും നിഷേധിക്കുന്ന നമ്മുടെ കാഴ്ചപ്പാട് ആവരുത്. 
അല്ലെങ്കിൽ പിന്നെ നമ്മുടെയൊക്കെ നിസ്സഹായത തന്നെയാണ് നമ്മുടെയൊക്കെ കാഴ്ചപ്പാട് എന്ന് ഉറക്കെ നമ്മൾ വിളിച്ച് പറയാൻ കഴിയണം.
ശരീരത്തിന്റെ ഞാന്‍ ബോധം ശരീരം ഇല്ലാതെയായാവുമ്പോള്‍ ഇല്ലാതാവും. അത് വെച്ച് ഞാന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. 
ശരീരത്തിന്റെ വളർച്ചക്കും തളര്‍ച്ചക്കും അനുസരിച്ച് തളരുന്നതും വളരുന്നതുമാണ് ആ ഞാന്‍ ബോധം.
ആ നിലക്ക് ഞാന്‍ ഇല്ലെന്ന് തന്നെ പറയാം.
സ്ഥിരമായ അര്‍ത്ഥത്തില്‍, തുടര്‍ച്ച ഇല്ലെന്ന അര്‍ത്ഥത്തില്‍, ഞാനും ഞാന്‍ ബോധവും ഇല്ലെന്നര്‍ത്ഥം.

പ്രവാചകന്റെ മാനസികാവസ്ഥ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുവോളം

ഫ ലഅല്ലക്ക ബാഖിഉന്‍ നഫ്സക്ക അലാ ആസാരിഹിം ഇന്‍ലം യൂമിനൂ ബിഹാദല്‍ ഹദീസി അസഫാ.
'നീ നിന്നെ തന്നെ നശിപ്പിച്ചു കളഞ്ഞേനെ, അവരുടെ പ്രതികരണവും നിലപാടും കണ്ടിട്ട്. നിന്റെ വാര്‍ത്തയിലും വർത്തമാനത്തിലും അവർ വിശ്വസിക്കാത്തതിൽ മനംനൊന്ത് കൊണ്ട്‌. (ഖുര്‍ആന്‍. സൂറ : അല്‍ കഹഫ്).
സമൂഹം നടത്തിയ തിരസ്ക്കാരത്തില്‍, കല്ലേറില്‍, അസഭ്യവര്‍ഷത്തില്‍ പ്രവാചകന്‍ എത്തിയ മാനസികാവസ്ഥ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുവോളം ഉണ്ടായിരുന്നു എന്നര്‍ത്ഥം.
*******
"ലാ തുഹര്‍രിക്ക് ബിഹി ലിസാനക്ക, ലി തഅജല ബിഹി. ഇന്ന അലൈനാ ജംഅഹു വ ഖുര്‍ആനഹു, സുമ്മ ഇന്ന അലൈനാ ബായാനഹു."
"നീ നിന്റെ നാവിനെ ചലിപ്പിക്കേണ്ട. തിരക്ക് കൂട്ടാൻ, ധൃതിപ്പെടാന്‍. ('പറഞ്ഞുവെന്നും കേട്ടുവെന്നും ചോദിക്കുന്നുവെന്നും വരുത്തിത്തീര്‍ക്കാന്‍ തലയാട്ടിയും നാവ് ചലിപ്പിച്ചും 'ങാ' 'ങേ' എന്ന് പറയേണ്ട, എന്തെങ്കിലും യാന്ത്രികമായി ചോദിക്കേണ്ട' എന്ന് സാരം).
നിശ്ചയമായും ഇത് വായിച്ച് തരികയും ശേഖരിച്ച് തരികയും നമ്മുടെ ബാധ്യത. പിന്നെ അത് വിശദീകരിച്ച് തരികയും നമ്മുടെ ബാധ്യത." (ഖുര്‍ആന്‍). 
യഥാര്‍ത്ഥത്തില്‍ കേള്‍ക്കാത്തവരും ചോദ്യം ഇല്ലാത്തവരും തന്നെ മഹാഭൂരിപക്ഷവും എന്നര്‍ത്ഥം. അത് പ്രവാചകൻ തന്നെ ആയാലും പ്രവാചകനെ കേള്‍ക്കുന്നവരായാലും. അവർ ചോദിക്കുന്നവരും കേള്‍ക്കുന്നവരുമായി കാണപ്പെട്ടാലും. അവർ നിന്നിടത്ത് നില്‍ക്കുന്നവർ. 
അവരുടെ ചോദ്യവും, ഉത്തരം കേട്ടാലുള്ള പ്രതികരണവും, വെറുതെ നാവ് ചലിപ്പിക്കലും തലയാട്ടലും മാത്രം.
കേട്ടുവെന്നും പറഞ്ഞെന്നും വരുത്തിത്തീര്‍ക്കുക മാത്രം. ഉപചാരം മാത്രമായ്. ഉപചാരത്തിനപ്പുറം അവർ അസഭ്യം മാത്രം പറയും. 
യഥാര്‍ത്ഥത്തില്‍ ചോദ്യം ഇല്ലാത്തവര്‍ക്ക് ഉത്തരം കൊടുത്താല്‍ അങ്ങനെയാണ്.
വെറുതെ തലയാട്ടും. 'ങാ ങാ' എന്ന് വെറുതെ പറയും. അതും നിങ്ങളെ അവർ അല്പമെങ്കിലും ഏതെങ്കിലും നിലക്ക് ബഹുമാനിക്കുന്നവരാണെങ്കില്‍ മാത്രം. നിങ്ങളില്‍ ഭൗതികാര്‍ത്ഥത്തില്‍ അധികാരത്തിന്റെയും നോട്ടത്തിന്റെയും പ്രതീക്ഷയും വെക്കുന്നവരെങ്കിൽ. 
അതല്ലെങ്കിൽ അവർ നിങ്ങളെ വേട്ടയാടും, അസഭ്യം പറയും, കാല്ലെടുത്തെറിയും, അപമാനിക്കും. 
പ്രവാചകൻ മുഹമ്മദിന്റെ കഥ അതായിരുന്നു.
എന്ത്‌, എങ്ങിനെ പറഞ്ഞിട്ടും മക്കയില്‍ തിരിച്ചു കിട്ടിയത് വെറും കല്ലേറും അസഭ്യവും അപമാനവും മാത്രം.
കാരണം മറ്റൊന്നുമല്ല.
അദ്ദേഹത്തിന് പറയാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വേഷത്തിന്റെയോ അധികാരത്തിന്റെയോ മാജിക്കിന്റെയോ പിന്‍ബലം ഉണ്ടായിരുന്നില്ല. 
മഹാഭൂരിപക്ഷം മക്കക്കാര്‍ക്കും യാഥാര്‍ത്ഥ സംശയവും ചോദ്യവും ഉണ്ടായിരുന്നില്ല.
അവരില്‍ ചോദിക്കുന്നവർ മുഴുവന്‍ കുറ്റവാളിയാക്കാനും കുത്തിനോവിക്കാനും മാത്രം ചോദിക്കുകയായിരുന്നു.
അവർ ഒരു ചോദ്യവും യഥാര്‍ത്ഥത്തില്‍ ഇല്ലാതെ, നിന്നിടത്ത് നില്‍ക്കുക മാത്രമായിരുന്നു.
അവർ യാഥാ സ്ഥിതി കൈവരുത്തുകയും ഉറപ്പിക്കുകയുമായിരുന്നു. 
യാഥാര്‍ത്ഥ ചോദ്യവും സംശയവും ഉണ്ടാവുക ആര്‍ക്കും അത്ര എളുപ്പവും ആയിരുന്നില്ല.
അവർക്ക് വേണ്ടത്, പൊതുവെ എല്ലാവർക്കും വേണ്ടത് തന്നെ. ചോദ്യം ഇല്ലാതെ, ചോദ്യം ചെയ്യപ്പെടാതെ കഴിയുക. 
അറിഞ്ഞതും കേട്ടതും തന്നെ, അവയുടെ വിശദീകരണം മാത്രം തന്നെ, കേള്‍ക്കാതെ കേള്‍ക്കുക. സ്ഥാപിതമായ തങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് മാത്രം. 
കേട്ടുവെന്ന് തോന്നിപ്പിച്ചു, കേള്‍ക്കാതെ, പറയുന്നവരെ സുഖിപ്പിക്കുക.
അങ്ങനെ നിന്നിടത്ത് നില്‍ക്കുക.
അവർ വെറുതെ തലയാട്ടും. പുറമെ തട്ടിത്തെറിക്കുന്ന കര്‍ണ്ണങ്ങള്‍ മാത്രമേ അവർക്കുള്ളൂ.
ഒരര്‍ത്ഥത്തില്‍ പറഞ്ഞാൽ, അവര്‍ക്ക് ചെവിയുണ്ട്, പക്ഷെ ചെവിയില്ല. 
നല്‍കുന്ന ഒരുത്തരവും അവരെ ചോദ്യം ചെയ്യരുത്. ചോദ്യം ചെയ്താല്‍ അവര്‍ക്ക് അത്വരെ ഇല്ലാത്ത ചെവി ഉണ്ടാവും. അവർ വല്ലാതെ ക്ഷുഭിതരായി പ്രതികരിക്കും. അങ്ങനെ പ്രതികരിക്കാന്‍ മാത്രം അവരുടെ ചെവികള്‍ പ്രവർത്തിക്കും. 
അതിനാല്‍ അവരുടെ യഥാസ്ഥിതിക്ക് ഭംഗം വരുത്തരുത്.
അത് മാത്രം മതിയായിരുന്നു അവര്‍ക്ക്. മക്കക്കാര്‍ക്കും മറ്റാര്‍ക്കും. 
*****, 
പ്രവാചകൻ മുഹമ്മദ് പറഞ്ഞത് അങ്ങനെയല്ലാത്തത് കൊണ്ട്‌ അസഭ്യവും തെറിയും കല്ലേറും കൊണ്ട്‌ അവർ മുഹമ്മദിനെ ഗതിമുട്ടിച്ചു.
അതിനാല്‍ ഒരു ചെറിയ പ്രതീക്ഷയുമായ് പ്രവാചകൻ, തൊട്ടടുത്ത പ്രദേശമായ താഇഫിലേക്ക് പോയി.
അവിടെ കുറച്ച് നല്ല ബന്ധുക്കളും സഹൃദയരും മാന്യന്‍മാരും മനുഷ്യരും ഉണ്ടെന്ന പ്രതീക്ഷയില്‍. തന്നെ വല്ലാതെ തൊട്ടറിയാത്ത അടുത്തറിയാത്ത അപരിചിതത്വം കൈമുതലാവുമെന്നും കരുതി. 
അവിടെയും പ്രവാചകൻ തനിക്ക് പറയാനുള്ളത് പറഞ്ഞു. തന്റെ കൈവശമുള്ള ഏക ഉത്തരം കൊടുത്തു. ആത്യന്തിക സത്യം എന്നും ഒന്നാകയാല്‍. ആരെയും സുഖിപ്പിക്കുക സത്യം പറയുമ്പോൾ ഉദ്ദേശം ആയിരുന്നില്ല പ്രവാചകൻ മുഹമ്മദിനും അപ്പോൾ. ആ നിലക്കുള്ള വെറും പണ്ഡിതനും പുരോഹിതനും ആയിരുന്നില്ല പ്രവാചകൻ. 
അതിനാല്‍ പ്രവാചകന് അവിടെയും തെറ്റി.
അവിടെയും ചോദ്യമുള്ളവർ ഉണ്ടായിരുന്നില്ല. ഉത്തരം വേണ്ടവർ ഉണ്ടായിരുന്നില്ല. നിന്നിടത്ത് നില്‍ക്കേണ്ടവർ തന്നെയേ അവിടെയും ഉണ്ടായിരുന്നുള്ളൂ. 
യാഥാര്‍ത്ഥത്തില്‍ കേള്‍ക്കുന്നവരും കാണുന്നവരും പറയുന്നവരും അവിടെയും ഉണ്ടായിരുന്നില്ല. 
അവര്‍ക്കും പുതുതായി ഒന്നും കേള്‍ക്കേണ്ടതില്ലായിരുന്നു. പുതിയത് കൊണ്ട്‌ അസ്വസ്ഥപ്പെടുന്നവർ തന്നെയായിരുന്നു അവരും. 
അവര്‍ക്കും ഉത്തരം വേണ്ടായിരുന്നു. ഗർഭം ധരിക്കാനുള്ള കരുത്തും വളര്‍ച്ചയും അവർക്ക് ഇല്ലായിരുന്നു. 
അതിനാല്‍ തന്നെ, പ്രവാചകൻ തനിക്ക് പറയാനുള്ളത് പറഞ്ഞ മാത്രയില്‍, അത് കേട്ട മാത്രയില്‍, അവരും കോപംകൊണ്ട്‌ പ്രതികരിച്ചു. തട്ടിക്കയറി. കല്ലെറിഞ്ഞു. അസഭ്യവര്‍ഷം നടത്തി. 
യാഥാര്‍ത്ഥത്തില്‍ ചോദ്യം ഇല്ലാത്തവരും, നിന്നിടത്ത് നിൽക്കാന്‍ മാത്രം ശഠിക്കുന്നവരും പ്രതികരിക്കും പോലെ തന്നെ.
അവരും നടത്തി അതേ കല്ലേറ്‌, അസഭ്യം പറച്ചില്‍, വേട്ടയാടല്‍. ഭ്രാന്താണെന്ന് തീര്‍പ്പാക്കല്‍. 
അത്‌ കൊണ്ട്‌ തന്നെ ഖുര്‍ആനില്‍ അങ്ങനെയൊരു വചനം ഉണ്ടായി.
പ്രവാചകനെ പോലും തിരുത്തുന്ന വിധം. 
"ലഅല്ലക്ക ബാഖിഉന്‍ നഫ്സക്ക അലാ ആസാരിഹിം ഇന്‍ലം തൂമിനൂ ബിഹാദല്‍ ഹദീസി അസഫാ." 
' നീ നിന്നെ തന്നെ നശിപ്പിച്ചു കളഞ്ഞേനെ, അവരുടെ പ്രതികരണവും നിലപാടും കണ്ടിട്ട്. നിന്റെ വാര്‍ത്തയിലും വർത്തമാനത്തിലും അവർ വിശ്വസിക്കാത്തതിൽ മനംനൊന്ത് കൊണ്ട്‌. (ഖുര്‍ആന്‍. സൂറ : അല്‍ കഹഫ്)
"മാ വദ്ദഅക്ക റബുക്ക വ മാ ഖലാ."
"നിന്നെ നിന്റെ നാഥന്‍ വെറുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല." (സൂറ: അല്‍ ദുഹാ)

Monday, October 14, 2019

നോട്ടം ശ്രമമാണ്. കാഴ്‌ച വിശ്രമവും.

തെളിഞ്ഞ വെള്ളത്തിന്‌ 
പ്രതിബിംബം ഭാരമല്ല
അത്പോലുമറിയാതെ 
അതിലത് സംഭവിക്കുന്നു
അവകാശവാദം മുഴക്കാനില്ലാതെ
ബോധം ചെലുത്താനില്ലാതെ.

*********

വ്യത്യസ്തമാക്കണം എന്ന് വിചാരിച്ചു പറയുന്നതല്ല
പരിസരവും പശ്ചാത്തലവും 
വ്യത്യസ്തമാവുന്നത് കൊണ്ട്‌ 
പറയുന്നത് വ്യത്യസ്തമാവുന്നതാണ്.

********

തലതെറിച്ച് വിളിച്ച്പറയുന്നവരെ പേടിയാവും
കാരണം, കാഴ്ചക്കും ഉപചാരത്തിനുമപ്പുറം 
കൂടെയിരിക്കാനോ ഇടപെടാനോ 
നീ ഉദ്ദേശിക്കുന്നില്ല.

********

നോട്ടമല്ല കാഴ്
കാഴ് തന്നെയാണ് കാഴ്
നോട്ടം ശ്രമമാണ്
കാഴ് വിശ്രമവും
നോട്ടം അല്‍പത്തെയും 
കാഴ്ച മുഴുവനെയും കാണിക്കും.

********

ആഘോഷങ്ങളുണ്ടാക്കുന്ന 
വിശ്വാസങ്ങള്‍ നിലനില്‍ക്കട്ടെ
ആഘോഷങ്ങളെ നിഷേധിക്കുന്ന
അതൊന്ന് മാത്രം ശരിയെന്ന് പറയുന്ന 
വിശ്വാസങ്ങളെ തള്ളുക.

********

സുന്ദരിയെ കാണുമ്പോള്‍  
ആര്‍ത്തവതിയാണ് എന്ന് കൂടി ഓര്‍ക്കുക
മായ ബോധ്യപ്പെടും
സുന്ദരിക്ക് വയറിളക്കം
മായയെ തൊടാന്‍ വേറെന്തു വേണം?

********

കുറേ പറഞ്ഞാൽ 
കുറെ ശരി ഉണ്ടാവില്ല
വിട്ടഭാഗം പൂരിപ്പിക്കലാണധികവും
വിട്ടഭാഗം കാണുക, നേരിടുക, ഒഴിഞ്ഞിരിക്കുക 
ഏവര്‍ക്കും പേടിയാകയാൽ.

********

എന്നിലെ ഞാന്‍ പോയാല്‍ 
നിന്നിലെത്തും, നീയാവും
നിന്നിലെ നീ പോയാല്‍ 
എന്നിലെത്തും, ഞാനാവും
ഞാനും നീയുമില്ലാത്ത ജീവിതം ദൈവം, പദാര്‍ഥം.

********

ദൈവം ഉണ്ടേലെന്ത്, ഇല്ലേലെന്ത്
ഉണ്ടേലും ഇല്ലേലും നടക്കുന്നത് നടക്കും
വിശ്വാസം ദൈവത്തെ കൂട്ടില്ല
നിഷേധം ദൈവത്തെ കുറക്കില്ല.

*******

'നിശ്ചയം, ഞാന്‍ അല്ലാഹു
ഞാനല്ലാത്ത ദൈവമില്ല
നിങ്ങളെന്നെ ആരാധിക്കുക.' 
എന്ന് ദൈവവും പറയേണ്ടിവരിക
എന്തൊരു നിസ്സഹായത, അല്പത്തം?!

*******

ദൈവമേ, നിനക്ക് പോലും 
'നിന്നെ', നിന്റെ "ഞാൻ" എന്ന അധികാരബോധത്തെ
ഉപേക്ഷിക്കാനാവുന്നില്ലെന്നോ
പിന്നെയാണോ ചെറിയ മനുഷ്യന്റെ കഥ?

*******

വേര്‍പാട്: പൂവായിത്തീരാന്‍ 
മൊട്ടില്‍ ഒന്നായ് നിന്ന ഇതളുകള്‍ 
പരസ്പരം അകലുന്നത്

അനിവാര്യമായ സുഖമുള്ള വേദന.