ഞാൻ സ്വാർത്ഥൻ। എല്ലാവരും ശ്രീബുദ്ധനും സ്വാർത്ഥർ.
കർഷകന്റെയും തേനീച്ചയുടെയും
സ്വാർത്ഥതയുടെ ഫലം നിസ്വാർത്ഥത.
തേനും പഴവും നെല്ലും.
**********
സാമൂഹ്യ രാഷ്ട്രീയ സേവനവും തൊഴിൽ.
അഭിനയം നിർബന്ധം. തന്നെ താൻ
സഹിക്കായ്ക കൊണ്ടുള്ള ഒളിച്ചോട്ടം.
ബാഹ്യമായതിൽ നിഴലിടാനുള്ള ശ്രമം.
********
ലോകം മുഴുവൻ അറിയേണമെന്നില്ല,
ജീവിതത്തെയും ഗ്രാമത്തെയും അറിയാൻ.
ജീവിതത്തെയും ഗ്രാമത്തെയും അറിഞ്ഞാൽ
ലോകത്തെ മുഴുവൻ അറിഞ്ഞു.
*********
ആലസ്യത്തിൽ തന്നെ ജീവിതം.
ജീവിതത്തിന്റെ ജീവിതം ലക്ഷ്യം.
കഥയും കവിതയും അദ്ധ്വാനവും ചിന്തയും
ജീവിതത്തെ നേടാൻ, നിഷേധിക്കാനല്ല.
*********
അഴിമതിക്കാർ തന്നെ എല്ലാവരും.
ഒരു സംശയവും ഇല്ല. പക്ഷെ, അതിൽ
അക്രമവും വെറുപ്പും വർഗീയതയും കൂടി
കൊണ്ടുവരുന്നു ചിലർ.
*********
അഴിമതിയുടെ വേര്. ഇന്ത്യ വലിയ രാജ്യം.
പ്രചാരണത്തിന് മാത്രം പാർട്ടികൾക്ക് നല്ല ചെലവ് വരും.
അതുണ്ടാക്കാൻ അഴിമതിയല്ലാതെന്തു വഴി?
ജനാധിപത്യത്തിന്റെ ദുര്യോഗം!!
**********
ബാക്കിയെല്ലാ തീവ്ര-ഭീകരവാദങ്ങളും
സ്ഥലകാലബന്ധിതം. പരിഹരിക്കാം.
മതതീവ്രവാദം സ്ഥലകാലാതീതം.
പരിഹരിക്കാനാവില്ല, തീരില്ല.
********
ടോപ്സിംഗറിലെ കുഞ്ഞുകുട്ടികളിൽ വരെ
ദൈവത്തെ നിഴലിട്ടു പ്രതിബിംബിച്ചു കാണുന്നത്ര,
ലളിതം, നിർമലം, വിശാലം ഭാരതീയ ദൈവസങ്കല്പം.
*********
സത്യം പറയണം. പേടിക്കുന്നില്ലേൽ, അഭിനയിക്കുന്നില്ലേൽ,
നിങ്ങൾ പ്രണയത്തെയും കാമത്തെയും
ഒരാളിൽ മാത്രം ഒതുക്കി നിർത്തുമോ?
*********
വിവാഹം (നികാഹ്) ശരിയാവാൻ,
ഇസ്ലാമികമായി ഖാളിയും മുസ്ലിയാരും
വേണ്ടെന്നുവരെ അറിയാത്തവർ മുസ്ലിംകൾ.
പൗരോഹിത്യം മുതലെടുക്കുന്നതും അവിടെ.
*********
ഹിന്ദുവായാൽ നീ എല്ലാ മതസ്ഥനുമായി.
മുസ്ലിമാവാനും ക്രിസ്ത്യനാവാനും
ഹിന്ദു ആവാതിരിക്കേണ്ടതില്ല.
ഹൈന്ദവതയുടെ നെഞ്ചകം വിശാലമാണ്.
**********
സൃഷ്ടി - കൂട്ട് ബുദ്ധി, ജ്ഞാനം-സരസ്വതി.
സ്ഥിതി - കൂട്ട് ധനം, ഐശ്വര്യം-ലക്ഷ്മി.
സംഹാരം - കൂട്ട് ശക്തി-പാർവതി.
സുന്ദരം, യുക്തിഭദ്രം
********
അറബ് ഭാഷ സ്കൂളിൽ പഠിപ്പിക്കുന്നു.
പിന്നെ മദ്രസ്സകൾ? മതവും വിശ്വാസവും
അറിഞ്ഞു തെരഞ്ഞെടുക്കേണ്ടത്.
കുഞ്ഞുപ്രായത്തിൽ അടിച്ചേല്പിക്കരുത്.
***********
ഉറുമ്പുകളും കൊതുകകളും ധ്യാനിക്കാറുണ്ട്.
കാമവും പ്രണയവും അവർക്കുമുണ്ട്.
അവരെ കൊല്ലുമ്പോൾ അഹിംസയൊന്നും
നമുക്ക് പ്രശ്നമാകാറുമില്ല.
********
എല്ലാ സദസ്സിലും സ്റ്റേജിലും ഇടിച്ചുകയറി വരുന്നൊരു
മുഖമുണ്ടാവും. സ്ഥാനവും ഫോട്ടോയും ആഗ്രഹിക്കുന്ന മുഖം.
കപടമുഖം.
**********
മുൻപും ഇതുവരെയും ഒരേയൊരു
ബുദ്ധനും കൃഷ്ണനും മുഹമ്മദും മാത്രം.
പക്ഷെ, ഇപ്പോൾ എഫ് ബിയിൽ നൂറായിരം
ബുദ്ധന്മാരും കൃഷ്ണന്മാരും മുഹമ്മദുമാരും.
**********
ഒരു തലമുറക്കപ്പുറം ഒരോർമയും നീളുന്നില്ല.
എന്നിട്ടും ഓർമിക്കപ്പെടാൻ കൊതിച്ചു
എന്തെല്ലാം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നു?
എല്ലാരും.
*********
എന്തെല്ലാമായാലും ജീവിതത്തിൽ കാര്യമായൊന്നുമില്ല.
ആവർത്തനമല്ലാതെ. ആവർത്തനം ഉറപ്പിക്കാൻ വേണ്ടി
പഠിക്കുന്നു, പണിയെടുക്കുന്നു.
No comments:
Post a Comment