Monday, March 25, 2019

സ്വന്തം ചിന്തകൾ തന്നെ. പക്ഷെ, സ്വന്തം ചിന്തകൾ എങ്ങനെയുണ്ടായി എന്നിടത്താണ് വ്യത്യാസം.

പണം, ആര്‍ഭാടം, ലൈംഗികത-
കിട്ടുമെങ്കില്‍ അനുഭവിക്കും
ഇല്ലെങ്കില്‍ ആദര്‍ശം പറയും
നിസ്സഹായത, അസൂയ, പേടി, വിവരക്കേട് 
നമ്മുടെ ആദര്‍ശം.

*******

Question:
സ്വന്തം ചിന്തകൾ സാമാന്യവൽക്കരിക്കുന്നതും ഒരുതരം വിവരക്കേട്!



Answer: 
ശരിയാണ്. സ്വന്തം ചിന്തകൾ തന്നെ; ആരാന്റെതല്ല. കടമെടുത്തതല്ല, മോഷ്ടിച്ചതല്ല.

പക്ഷെ സ്വന്തം ചിന്തകൾ എങ്ങനെയുണ്ടായി എന്നിടത്താണ് വ്യത്യാസം. സാമൂഹ്യയാഥാർഥ്യം സ്വന്തത്തിൽ പ്രതിബിംബിച്ചുകൊണ്ട് ഒരു കണ്ണാടിയായി പറയുന്നതാണോ, അതല്ല സ്വന്തത്തെ സമൂഹത്തിൽ നിഴലിട്ടു പ്രതിബിംബിപ്പിച്ചു ആരോപണമായി പറയുന്നതാണോ

നമ്മൾ എല്ലു തൊട്ടറിഞ്ഞു വാസ്തവം പറയണം. നഗ്നത തൊട്ടറിഞ്ഞു വസ്തുത പറയണം. മൂടുപടം സൃഷ്ടിക്കുന്ന കാല്പനികത പറഞ്ഞിട്ട് കാര്യമില്ല. സ്വന്തത്തെ വലുതാക്കാൻ എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ല. അതിനു വേണ്ടി നാം എവിടെയെല്ലാമോ എത്താൻ കൊതിച്ചിട്ടും കാര്യമില്ല.

യഥാർത്ഥത്തിൽ സാമാന്യമായ കാര്യം ഇയ്യുള്ളവൻ വ്യക്തിപരമായി, വ്യക്തിപരമാക്കി പറഞ്ഞു എന്നതല്ലേ കൂടുതൽ ശരി? വ്യക്തിപരമായി  ഇതെല്ലാം എല്ലാവരിലും ഉണ്ട് എന്നതിനാൽ. അത് തിരിച്ചറിഞ്ഞുകൊണ്ട്. ഉണ്ടെങ്കിൽ ഇയ്യുള്ളവനിലും ഉണ്ടെന്ന കുറ്റ സമ്മതത്തോടെ. പരിശുദ്ധവേഷം ചമയാതെ.

അതുകൊണ്ടല്ലേ ഇല്ലാത്തവൻ ഇല്ലാത്തപ്പോൾ പറഞ്ഞ ആദർശം ഉണ്ടാവുമ്പോൾ കാണാത്തത്? എന്നല്ല മുൻപ് അവൻ തന്നെ വിമർശിച്ച  ഉള്ളവനെക്കാൾ മോശമായി അവൻ മാറുന്നതും? കമ്യൂണിസ്റ്റുകാരനാണ് മുതലാളിയെക്കാൾ മുതലാളി ആയത്? കുറുക്കൻ മുന്തിരി പുളിക്കുന്നു എന്ന് പറയുംപോലെ പറഞ്ഞ ഒരു വസ്തുത മാത്രമല്ലേ ഇഴുള്ളവൻ പറഞ്ഞത്

താങ്കൾ വ്യക്തിപരമായി ഇങ്ങനെയൊന്നുമല്ലെന്നു താങ്കൾക്കു പറയാം. താങ്കൾ വ്യക്തിപരമായി പണവും ആർഭാടവും ലൈംഗികതയും അല്പവും സ്വാധീനിക്കാത്ത, വകവെക്കാത്ത, വേണ്ടെന്നു വെക്കുന്ന ആൾ തന്നെ ആയിരിക്കാം. അത് ശരിയാണ്. ഒരു അപവാദമായി  ആർക്കും അക്കാര്യത്തിൽ, താങ്കൾ അങ്ങനെ പറയുന്നിടത്തോളം കാലം, താങ്കളുമായി തർക്കിക്കാനും പറ്റില്ല. താങ്കളെ വ്യക്തിപരമായി തേജോവധം ചയ്യുകയല്ലല്ലോ വിഷയം ചർച്ച ചെയ്യുമ്പോൾ പ്രധാനം? ചിലർക്ക് ചിലപ്പോഴും, അല്ലെങ്കിൽ എപ്പോഴും തന്നെ അങ്ങനെയാവുമെങ്കിലും. സ്വയം വ്യക്തിപരനാവുന്നവൻ മറ്റുള്ളവരിലും വ്യക്തിപരത മാത്രം ദർശിക്കുന്നതിനാൽഅതൊരു കുറ്റമല്ല. അയാൾ അകപ്പെട്ട അവസ്ഥയുടെ പ്രശ്നം ആണ്. അയാളോട് സഹതപിക്കുക മാത്രം

പക്ഷെ മഹാഭൂരിപക്ഷവും അങ്ങനെയല്ലല്ലോ? താങ്കൾ തന്നെ ആലോചിച്ചു നോക്കൂ. പെൺകുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുമ്പോൾ കഴിവും ശേഷിയും സമ്പത്തുമുള്ള ആൺകുട്ടിയെ അന്വേഷിച്ചു കല്യാണം കഴിച്ചുകൊടുക്കുന്നതിനെ നമുക്ക് മനസ്സിലാക്കാം. നമ്മുടെ നാട്ടുനടപ്പനുസരിച്ചു സ്വാഭാവികം എന്നും കരുതാം. കാരണം, പെണ്ണ് സംരക്ഷിക്കപ്പെടേണം. പെണ്ണിനെ സംരക്ഷിക്കാൻ പറ്റിയ ആണായിരിക്കേണം ഭർത്താവ്

പക്ഷെ നേരെ മറിച്ചു, ആണൊരുത്തൻ കല്യാണം കഴിക്കുമ്പോഴും, ആണൊരുത്തനായ സ്വന്തം മകനെ കല്യാണം കഴിച്ചുകൊടുക്കുമ്പോഴും നാം പെണ്ണിന്റെയും അവളുടെ കുടുംബത്തിന്റെയും സ്വത്തുവകകൾ നോക്കുന്ന, ആഗ്രഹിക്കുന്ന കാര്യമോ? ആണായ ഒരുത്തൻ  സ്വയം കല്യാണം കഴിക്കുന്നതും ആൺമക്കളെ വരെ കല്യാണം കഴിച്ചു കൊടുക്കുന്നതും സമ്പത്തും ആർഭാടവും പുളിങ്കൊമ്പും  മാത്രം നോക്കി ആവുമ്പോൾ? ഇയ്യുള്ളവൻ അടക്കം. ആൺകുട്ടി പെൺകുട്ടിയെ സംരക്ഷിക്കേണ്ടവൻ. എന്നിട്ടും പെണ്ണിന്റെ സ്വത്തുവകകൾ അന്വേഷിക്കുന്നതിന്റെ പിന്നിലെ ചതോവികാരംഎല്ലാവരും ഏതെല്ലാമോ അർത്ഥത്തിൽ അങ്ങനെ തന്നെയല്ലേ? പറ്റാത്തതുകൊണ്ട് അങ്ങനെയാവുന്നതൊഴിച്ചുനിർത്തിയാൽ

അപ്പോൾ മനസ്സിലാക്കേണ്ട കാര്യം എന്താണ്? അവസരം കിട്ടിയാൽ ആരും ഒന്നും വേണ്ടെന്നു വെക്കുന്നില്ല. ഇല്ലാത്തപ്പോഴും കിട്ടാത്തപ്പോഴും അസൂയ, നിസ്സഹായത, പേടി, അറിവുകേട്എന്നിവ ഉപയോഗിച്ച്, ആയുധമാക്കി ആദർശം പറയും എന്ന്മാത്രം. അല്ലാത്തപ്പോൾ ആർഭാട വിരുദ്ധനായവൻ ആർഭാടം കൊട്ടിഘോഷിക്കും, പരിസ്ഥിതി പരിപാലനം പറഞ്ഞു എയർകണ്ടീഷന് വിരുദ്ധനായവൻ സെൻട്രൽ എയർകണ്ടീഷൻ തന്നെ ഏർപ്പാടാക്കും.

ആദർശം ഒന്നും ആദർശമായിരുന്നില്ല; പകരം ഇല്ലാത്തപ്പോൾ നിസ്സഹായതയും അസൂയയും മുതലെടുത്തു പറയുന്ന വാക്കുകൾ മാത്രമായിരുന്നുവെന്നു വ്യക്തം. അതിനാലാണ് കമ്യൂണിസ്റ്റുകാരനെ വരെ ഇക്കോലത്തിൽ കാണുന്നത്

കിട്ടിയിട്ടും കിട്ടുമായിരുന്നിട്ടും വേണ്ടെന്നു വെക്കുന്നവൻ മാത്രമേ വേണ്ടെന്നു വെക്കുന്നവൻ ആവുന്നുള്ളു. ഇല കൊഴിയുംപോലെ വേണ്ടാതാവുന്നവൻ. അടിച്ചമർത്താതെ, നിഷേധിക്കപെടാതെ, നിഷേധിക്കാതെ, അഭിനയിക്കാതെ. യാചകരിലധികവും നിസ്സഹായത കൊണ്ട് ആയവർ ആണ്. തെരഞ്ഞെടുത്തവർ അല്ല. അവരുടെ കണ്ണുകളും ധനികന്റെ കോട്ടത്തലങ്ങളിലാണ്. ധനികനാവാൻ കൊതിച്ചു തന്നെയാണ്. തെരഞ്ഞെടുത്ത യാചകൻ കോടിയിലൊന്നുമില്ല. അങ്ങനെയൊരുവനുണ്ടെങ്കിൽ അവനാണ് ബുദ്ധൻ. സംതൃപ്തൻ. സന്തുഷ്ടൻ. വിജയിച്ചവർ

എങ്കിൽ നമ്മൾ വാസ്തവം പറയണം. നഗ്നത തൊട്ടറിഞ്ഞു വസ്തുത പറയണം. മൂടുപടം സൃഷ്ടിക്കുന്ന കാല്പനികത പറഞ്ഞിട്ട് കാര്യമില്ല

No comments: