കമ്യൂണിസവുമായി ഇസ്ലാമിനേയും ഇസ്ലാമുമായി കമ്യൂണിസത്തെയും കൂട്ടിക്കെട്ടുന്നത് ഇസ്ലാമിനെയോ കമ്യൂണിസത്തെയോ വെളുപ്പിച്ച് നന്നാക്കാനല്ല.
രണ്ടും വെളുത്തതും നല്ലതും തന്നെയാണ്.
രണ്ടും ഒരുപോലെ സാമ്രാജ്യത്വ അധികാര കച്ചവട സ്വാർത്ഥ താല്പര്യക്കാരുടെ കണ്ണിലെ കരടുകളാണ്.
ലക്ഷ്യവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് വാലറ്റുപോകുന്ന കമ്യൂണിസത്തിന് കുറച്ചെങ്കിലും പ്രസക്തിയും മാന്യതയും ഇപ്പോഴും ഉണ്ട് എന്നത് കൊണ്ട് കൂടിയാണ്.
പ്രസക്തമായും ജീവനോടെയും നിലനിൽക്കുന്ന ഇസ്ലാമിന് പ്രത്യേകിച്ചെന്തെങ്കിലും കൂടുതൽ പ്രസക്തി നേടാൻ വേണ്ടി കൂട്ടിക്കെട്ടുന്നതല്ല.
ഇസ്ലാമിനോളം വരില്ല കമ്യൂണിസം ഒരുതരത്തിലും.
കമ്യൂണിസം ഊഹവും സങ്കല്പവും മാത്രം. നടക്കുമോ, നടന്നോ എന്നുറപ്പില്ലാത്തത്.
ജനാധിപത്യവും സോഷ്യലിസവും ഒക്കെ ഇങ്ങനെ തന്നെ. നടക്കുമോ, നടന്നോ, നശക്കുന്നുണ്ടോ എന്നുറപ്പില്ലാത്തത്.
മറുഭാഗത്ത് ഇസ്ലാം എന്നത് യഥാർത്ഥത്തിൽ ഉണ്ടായിരുന്നതും ഇപ്പോഴും ഉള്ളതും, നടപ്പിലുള്ളതും നടപ്പാവുന്നതും മാത്രം. കൃത്യമായ മാതൃകകളും മാർഗ്ഗനിർദ്ദേശങ്ങളും ജീവിതത്തിന്റെ മുഴുവൻ മേഖലകൾക്കും നൽകിക്കൊണ്ട്.
ആ നിലക്ക് ഇസ്ലാം സമഗ്രമാണ്, സമ്പൂർണമാണ്.
ജീവിതത്തിന്റെ സർവ്വമേഖലയിലും സ്പർശിക്കാനും മാർഗനിർദേശങ്ങൾ നൽകാനും ഇസ്ലാമിനുണ്ട്.
വെറും രാഷ്ട്രീയവും സാമ്പത്തികവും മാത്രമല്ല ഇസ്ലാം കൈകാര്യം ചെയ്യുന്നത്; പകരം കച്ചവടവും കുടുംബവും വ്യക്തിജീവിതവും ആത്മീയതയും പരാത്രികതയും എല്ലാം കൂടിയാണ്.
ഒന്നിനെ തൊട്ട് മറ്റുള്ളത് വിട്ടുകൊണ്ടല്ല ഇസ്ലാം.
ജീവിതത്തിലെ എല്ലാം സ്പർശിച്ച് എല്ലാം ചേർത്തുപിടിച്ചുകൊണ്ടാണ് ഇസ്ലാം.
ജീവിതമാകുന്ന ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ഒരുപോലെ കൈകാര്യം ചെയ്തുകൊണ്ട് ഇസ്ലാം.
എല്ലാ മതങ്ങളെയും കണ്ട് അതുപോലെയാണ് ഇസ്ലാമും എന്ന് തെറ്റിദ്ധരിച്ചേടത്താണ് പലരുടെയും പ്രശ്നം.
ഇസ്ലാം നിശ്ചയിച്ച സക്കാത്തിന്റെ കാര്യം തന്നെ നോക്കൂ:
പലിശ നിഷിദ്ധമാക്കിയ കാര്യവും നോക്കൂ.
അറുക്കുന്നിടത്തും ഭക്ഷണം കഴിക്കുന്നിടത്തും ഇസ്ലാമുണ്ട്.
പെരുന്നാളിന് പോലും രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഓരോരുത്തരും അവരവരുടെ പേരിൽ രണ്ടര കിലോ വെച്ച് പാവങ്ങൾക്ക് ഭക്ഷണധാന്യം കൊടുക്കണം എന്ന് നിഷ്കർഷിച്ച തിനേക്കാൾ വലിയ സാമ്പത്തികമായ ഇടപെടൽ എവിടെ എങ്ങനെ നടത്താനാവും?
ഇസ്ലാം വെറുമൊരു ആചാര അനുഷ്ഠാന ആരാധന മതം അല്ലാത്തത് കൊണ്ടാണ് അങ്ങനെ.
സക്കാത്ത് തന്നെയും കൊടുക്കേണ്ട എട്ട് വിഭാഗങ്ങൾ ഉണ്ട്.
ആ എട്ട് വിഭാഗങ്ങൾ ഇല്ലാതായാൽ സക്കാത്ത് രാജ്യത്തെ പൊതുകാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്.
സക്കാത്തിൽ രാജ്യവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും മനുഷ്യസ്നേഹവും കാരുണ്യവും നീതിയും എല്ലാം ഒരുമിച്ച് നിൽക്കുകയാണ്.
സക്കാത്ത് നിർബന്ധമാക്കിയത് പാവങ്ങളും പണക്കാരനും രണ്ട് തട്ടിൽ എപ്പോഴും നിലനിൽക്കണം എന്ന വർഗ്ഗസംഘട്ടന സിദ്ധാന്തത്തെ ശരിവെച്ചും ശരിവെക്കാനും അല്ല.
പകരം വ്യത്യസ്ത വർഗ്ഗങ്ങൾ തേമ്മിലുള്ള സഹകരണം ഉറപ്പ് വരുത്താനും അവർ തമ്മിലുള്ള ദൂരവും അന്തരവും കുറക്കാനുമാണ്.
പാവപ്പെട്ടവനും പണക്കാരനും സ്വാഭാവികമായും ഇവിടെ ഉണ്ടാവുമെന്ന വസ്തുതക്ക് മുൻഗണന നൽകിക്കൊണ്ടാണ്, ആ വസ്തുതയെ കാല്പനികതക്ക് വേണ്ടി പോലും അവഗണിക്കാത്തത് കൊണ്ടാണ് സക്കാത്ത് നിർബന്ധമാക്കിയത് .
കണ്ണിൻ മുൻപിലുള്ളതിനെ അവഗണിച്ച് സങ്കല്പത്തെ മുറുകിപ്പിടിക്കാൻ സക്കാത്ത് നിർബന്ധമാക്കുന്നത് വേണ്ടെന്ന് വെച്ചില്ല.
സക്കാത്ത് നിർബന്ധമാക്കിയത് പാവപ്പെട്ടവനും പണക്കാരനും എന്ന, തൊഴിലാളി മുതലാളി എന്ന, രണ്ട് വർഗ്ഗത്തെ ഇല്ലാതാക്കാനാണ്.
സക്കാത്ത് നൽകുന്നത് ആരുടെയും ഔദാര്യമായല്ല, പകരം ഉള്ളവൻ ചെയ്യേണ്ട നിർബന്ധ ബാധ്യതയായും ഇല്ലാത്തവന് കിട്ടേണ്ട അവകാശമായും ആണ്
എന്തുകൊണ്ടെന്നാൽ, വർഗ്ഗവിരുദ്ധതയെയും വർഗ്ഗസംഘട്ടനത്തെയും സ്വന്തം പ്രത്യേശാസ്ത്രം പണികഴിക്കാൻ ഇസ്ലാം അസ്ഥിവാരമാക്കിയിട്ടില്ല.
പകരം മനുഷ്യസമൂഹത്തെ മുഴുവൻ ഒന്നായിക്കണ്ട്, ഒന്നായിത്തന്നെ അഭിസംബോധന ചെയ്യുകയാണ് ഇസ്ലാം ചെയ്തതും, ഇപ്പോഴും ചെയ്യുന്നതും .
വൈരുദ്ധ്യാത്മകത പറഞ്ഞ് , വൈരുധ്യങ്ങളിൽ അഭിരമിപ്പിച്ച് ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കാനല്ല, പകരം സമവായവും പൊരുത്തവും ഐക്യവും സാമ്യതകളും കണ്ടെത്തി ഒരുമിപ്പിച്ച് കൊണ്ടിപോകാനാണ് ഇസ്ലാമിന്റെ നീക്കം.
അത് തന്നെയാണ്, ഇസ്ലാമിന്റെ ഈ സമഗ്ര സമ്പൂർണ്ണ വീക്ഷണം തന്നെയാണ്, എല്ലാവരെയും പേടിപ്പിക്കുന്നതും ഇസ്ലാമിനെതിരെ എല്ലാവരേയും കൈമെയ് മറന്ന് ഒരുമിപ്പിക്കുന്നതും.
*******
അതുകൊണ്ട് തന്നെ ഇന്ന് എവിടെയും ഇസ്ലാമിക ഭരണം നടക്കുന്നില്ല.
ഇസ്ലാമിക ഭരണം നടക്കാതിരിക്കാൻ മുതലാളിത്ത ഫാസിസിറ്റ് ശക്തികൾ മുഴുവൻ ഒരുപോലെ ഒറ്റക്കെട്ടാണ്.
ഈയടുത്ത കാലം വരെ കമ്യൂണിസത്തിനെതിരെ നിന്നത് പോലെ തന്നെ.
ആ നിലക്കുള്ള ഒരുതരം ഇസ്‌ലാം വിരുദ്ധ ശീതയുദ്ധം ലോകത്ത് വ്യക്തമായും കൃത്യമായും നിലനിൽക്കുന്നുണ്ട്.