Monday, October 14, 2024

നാടിനും നാട്ടാർക്കും വേറെന്ത് പോംവഴി?

വൃഷംവെട്ടുന്നവർ മഴുവും കയ്യിലേന്തി സ്വയം വിശേഷിപ്പിക്കുന്നു വൃക്ഷങ്ങളെ സേവിക്കുന്നവരും സംരക്ഷിക്കുന്നവരുമെന്ന്. 

വൃക്ഷങ്ങൾ അത് വിശ്വസിച്ചുകൊള്ളണം. 

മുഖത്തോട്മുഖം മഴുവും മരണവും കാണുന്ന വൃക്ഷങ്ങൾക്ക് വേറെന്ത് പോംവഴി? 

നാട് നശിപ്പിക്കുന്നവരും സ്വയം വിശേഷിപ്പിക്കുന്നു അവർ നാടിനെ സേവിക്കുന്നവരും സംരക്ഷിക്കുന്നവരുമെന്ന്. 

നാടും നാട്ടുകാരും അതുപോലെയത് വിശ്വസിച്ചുകൊള്ളണം. 

അതല്ലാതെ നാടിനും നാട്ടാർക്കും വേറെന്ത് പോംവഴി? 

മുറിച്ചില്ലാതാക്കുന്ന ആയുധങ്ങളാണ് അവരുടെ കൈകൾ നിറയെ.

*******

ഹരിയാന: 

ആരും ഒന്നും സംശയിക്കരുത്. 

പോസ്‌റ്റൽ വോട്ടിന് നേർവിപരീതമായി പ്രത്യേകഘട്ടത്തിൽ ഇവിഎം മാറുന്നു.

ഇലക്ഷൻ കമ്മീഷൻ മന്ദഗതിയിലാവുന്നു.  

ഇവിടെ ജനാധിപത്യമെന്നത് നമ്മെ ചതിക്കാനും പറ്റിക്കാനും മാത്രമുള്ളതെന്നും, 

നമ്മളായ ജനങ്ങളുടെ മേലുള്ള ആരുടെയൊക്കെയോ ആധിപത്യം മാത്രമെന്നും 

നമ്മളാരും വെറുതേ പോലും ധരിച്ചുപോകരുത്. 

പകരം, നമുക്കെളുപ്പം വിഡ്ഢികളായി സ്വർഗ്ഗത്തിലാവാം.

*******

ഭരണകൂടപാർട്ടി അവർക്ക് വേണ്ട കോലത്തിൽ അവർക്ക് വേണ്ടത് വേണ്ടപ്പോൾ നടക്കുംവിധം ഭരണസംവിധാനത്തിൻ്റെ സർവ്വമേഖലയിലും സർവ്വവിധേനയും പിടിമുറുക്കിയിരിക്കുന്നു. 

ഇവിടെ ആർക്കും വേറൊരു പാർട്ടിക്കും ഇനിയങ്ങോട്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. 

അവിടിവിടെ ആശ്വാസത്തിന് ചില്ലറ എല്ലും മുള്ളും നേടുക മാത്രമല്ലാതെ. 

ജനാധിപത്യവും തെരഞ്ഞെടുപ്പും ഒക്കെ ഇനിയങ്ങോട്ട് പൊറാട്ട്നാടകങ്ങൾ മാത്രം.

*******

മുസ്‌ലിംവിരോധം മാത്രം തലക്ക് പിടിച്ച ഭരണകൂടമുള്ള, അതിന് പറ്റിയ കാര്യവിവരമില്ലാത്ത ജനതയെ വാർത്തെടുത്ത ഒരു നാടിൻ്റെ ആഭ്യന്തരനയവും വിദേശനയവും മുസ്ലീംവിരോധത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. 

ശരിതെറ്റുകളെ നോക്കിയും നീതിബോധം മുൻനിർത്തിയും ആയിരിക്കില്ല. 

പീഡിപ്പിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും മുസ്‌ലിം പേരുള്ളവരാണെങ്കിൽ എല്ലാം ശരിയെന്നതായിരിക്കും ആഭ്യന്തരനയവും വിദേശനയവും.


No comments: