ഓരോ ഘട്ടവും ഒരു തോട്പൊട്ടിക്കൽ പ്രക്രിയ കൂടിയാണ്.
തോട്പൊട്ടിക്കലിലൂടെയാണ് ഓരോ ഘട്ടവും കൈവരുന്നതും.
ഉള്ളത് നഷ്ടപ്പെടുന്നത് പോലുള്ള, ഇല്ലാത്തതെന്തോ നേടാനും ആയിത്തീരാനും പോലുളള തോട്പൊട്ടിക്കൽ.
നിന്നിടംവിടുക തന്നെയും തോട്പൊട്ടിക്കലാണ്.
തോട്പൊട്ടിക്കൽ ചെയ്തുകൊണ്ട് മാത്രമേ ആരും എന്തും മുന്നോട്ട് പോകൂ.
തോട്പൊട്ടിച്ചും ഉള്ളത് നഷ്ടമാക്കിയും തൊലികളഞ്ഞും ഘടന നഷ്ടപ്പെടുത്തിയും തന്നെയേ അനുഭവങ്ങൾ ഉള്ളൂ, അനുഭവിക്കാൻ സാധിക്കൂ.
വളർച്ചയെന്നാലും നാശമെന്നാലും തോട്പൊട്ടിക്കലാണ്, തോട്പൊട്ടിക്കലിലൂടെയാണ്.
ജീവിതവും മരണവും അനുസ്യൂതമായ തോട്പൊട്ടിക്കലാണ്, തോട്പൊട്ടിക്കലിലൂടെയാണ്.
വിറക് നഷ്ടപ്പെടാതെ തീയും ചൂടും കിട്ടില്ല.
വിറകിൻ്റെ തോട്പൊട്ടിക്കലാണ് അതിൻ്റെ കത്തിയെരിയൽ.
വിറകും വെള്ളവും അരിയും നഷ്ടപ്പെടുമ്പോൾ, തോട്പൊട്ടിച്ച് സ്വയം ഇല്ലാതാകുമ്പോൾ കിട്ടുന്നത് ചോറ്.
അതും അരിയും വെള്ളവും തീയും എന്നതിനപ്പുറം അടുപ്പിൻ്റെയും പാത്രങ്ങളുടെയും അവസ്ഥാമാറ്റവും കൂട്പൊട്ടിക്കലും കൂടിയുണ്ടതിൽ.
ഇട്ടേച്ചും വിട്ടേച്ചും പോയി മാത്രമേ ജനിക്കുന്നുള്ളൂ, ജീവിച്ച് വളരുന്നുള്ളൂ.
ഇട്ടേച്ചും വിട്ടേച്ചും പോകുന്നതാണ് ജീവിതം, മരണം.
ഓരോ വളർച്ചയും നാശവും കുറേ ഇട്ടേച്ച്പോക്കും വിട്ടേച്ച്പോക്കും ഒക്കെയാണ്.
നിശ്ശബ്ദതയൊന്നും നാം വിശേഷിപ്പിക്കും പോലെ നിശ്ശബ്ദതയല്ല.
ഇട്ടേച്ച്പോക്കും വിട്ടേച്ച്പോക്കും കൂടിയാണവ.
ശബ്ദങ്ങൾ ഒക്കെയും ശബ്ദങ്ങളും അല്ല. അവയും ഇട്ടേച്ച്പോക്കും വിട്ടേച്ച്പോക്കുമാണ്.
നിശ്ശബ്ദതക്കുള്ളിൽ ശബ്ദവും ശബ്ദത്തിനുള്ളിൽ നിശ്ശബ്ദയും ഉണ്ട്.
രണ്ടും പരസ്പരം മറ്റേതിനുള്ള വിത്ത്പോലെ, ഗർഭപാത്രം പോലെ.
രണ്ടും പരസ്പരം തോട്പൊട്ടിച്ചുണ്ടാവുന്നതാണ്.
രണ്ടും പരസ്പരം ഇട്ടേച്ച്പോക്കും വിട്ടേച്ച്പോക്കും തന്നെയാണ്.
വൃക്ഷത്തെ ഗർഭംധരിക്കുന്ന വിത്ത് പോലെ ശബ്ദവും നിശബ്ദതയും അവയ്ക്ക് പരസ്പരം.
No comments:
Post a Comment