Friday, May 3, 2024

നല്ല ബന്ധുക്കളും സുഹൃത്തുക്കളും കച്ചവടത്തിൽ പങ്കാളികളാവരുത്

ഈയുള്ളവൻ മുൻപേ പറയാറുണ്ട്:

"നല്ല ബന്ധുക്കളും നല്ല സുഹൃത്തുക്കളും പരസ്പരം കച്ചവടം ചെയ്യരുത്, കച്ചവടത്തിൽ പങ്കാളികൾ ആവരുത്" എന്ന്.

കാരണം, കച്ചവടത്തിൽ സൗഹൃദമില്ല, കച്ചവടത്തിൽ സൗഹൃദം സാധിക്കില്ല.  

കാരണം, സൗഹൃദത്തിൽ കച്ചവടമില്ല, സൗഹൃദത്തിൽ കച്ചവടം സാധിക്കില്ല.

കച്ചവടം സ്വാഭാവികമായും കാപട്യം ആവശ്യപ്പെടും. നല്ല ബന്ധവും നല്ല സൗഹൃദവും ഉള്ള കാപട്യവും ഇല്ലാതാക്കിക്കളയും, കരിച്ചുകളയും.

കച്ചവടത്തിൽ പൂർണ്ണമായ സത്യസന്ധതയില്ല, പൂർണ്ണമായ സത്യസന്ധത സാധ്യമല്ല. 

എന്നാലോ, നല്ല ബന്ധവും നല്ല സൗഹൃദവും സത്യസന്ധതയും സുതാര്യതയും ആവോളം ആവശ്യപ്പെടും.

കച്ചവടത്തേക്കാളും കച്ചവടത്തിൽ നിന്ന് കിട്ടിയേക്കാവുന്ന ലാഭത്തേക്കാളും എത്രയോ വലുതാണ് സൗഹൃദവും സൗഹൃദം തരുന്ന തണലും ആശ്വാസവും രക്ഷയും തുറവിയും.

ബില്യൺ ഡോളർ വിലവരുന്നതിനേക്കാൾ അമൂല്യമാണ് നിത്യബന്ധവും നിത്യസൗഹൃദവും. അത് കച്ചവടത്തിൽ സംശയിച്ച്, നിസ്സാരമായ വെള്ളിക്കാശിൻ്റെ ലാഭം നോട്ടം വെച്ച്, തർക്കിച്ച് നഷ്ടപ്പെടും. 

അങ്ങനെ ചെറിയ ചില്ലിക്കാശ് സാമ്പത്തിക ലാഭത്തിന് നഷ്ടപ്പെടുത്താനുള്ളതല്ല ജിവിതം തന്നെ ലാഭമാക്കുന്ന, ജീവിതം തന്നെ ലാഭമാക്കേണ്ട നല്ല ബന്ധങ്ങളും നല്ല സൗഹൃദങ്ങളും.

നല്ല ബന്ധങ്ങളും നല്ല സൗഹൃദങ്ങളും ജിവിതം തന്നെ, ജീവിതം ജീവിതത്തിന് വേണ്ടി തന്നെ ഒരുക്കൂട്ടുന്ന സംഗതികളാണ്.

നല്ല ബന്ധങ്ങളും നല്ല സൗഹൃദങ്ങളും ഒരുക്കൂട്ടുന്ന ജീവിതത്തിന് വേണ്ടി, ഒരുപക്ഷേ ഉപജീവനത്തിന് വേണ്ടി മാത്രം, ചെയ്യേണ്ടി വരുന്നതാണ് കച്ചവടം.

അത്തരം നല്ല ബന്ധത്തെയും നല്ല സൗഹൃദത്തേയും കച്ചവടം പോലുള്ള കുന്തത്തിൽ ചാരരുത്. 

കാരണം, കുന്തം ചിതലിക്കും, തുരുമ്പിക്കും. 

കുന്തത്തിന് ജീവൻ്റെയും ജീവിതത്തിൻ്റെയും വിചാരവികാരങ്ങൾ ഇല്ല.

ബന്ധത്തെയും സൗഹൃദത്തെയും ഒന്നുമല്ലാത്ത, വികാരവിചാരങ്ങൾ ബാധകമല്ലാത്ത കുന്തത്തിൽ ചാരിയാൽ, കുന്തം ചിതലിച്ച് തുരുമ്പിച്ച് വീഴുമ്പോൾ ബന്ധവും സൗഹൃദവും തകർന്ന് വീഴും. വികാരവിചാരങ്ങൾക്ക് വിള്ളലും വിങ്ങലും ഏൽക്കും. ജീവിതത്തിന് പരിക്കേൽക്കും.

ഇന്നലെ ഒരു കച്ചവടക്കാരൻ കൂടിയായ സുഹൃത്ത് സംസാരിക്കുമ്പോൾ മേൽപറഞ്ഞ കാര്യം പൂർണമായും ശരിയാവുന്നത് പോലെ തോന്നി. 

ഒന്നുമല്ലാതെ, ഒന്നിനുമല്ലാതെ, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ആ സുഹൃത്ത് വല്ലാതെ അസ്വസ്ഥപ്പെട്ടു, ഏറെക്കുറേ ക്ഷുഭിതനായി. ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് പോലെ തോന്നി. പലപ്പോഴും കയ്യൊഴിയുന്നത് പോലെ വരെ.

കച്ചവടം കാരണം. 

കച്ചവടം ഉണ്ടാക്കുന്ന കുറ്റബോധം കാരണം, കൃത്രിമ ഉപചാരബോധം കാരണം. 

ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെ, വെറും വസ്ത്രമായ ഉപചാരം പോലെ അയാൾ സംസാരിച്ചു. 

ഏറെ അണിഞ്ഞ വസ്ത്രം കൊണ്ട് ഉളളിൽ ചൂടെടുത്ത് വിറളിപൂണ്ട നിലയിൽ.

ഒരുപക്ഷേ അയാൾക്ക് പോലും നിയന്ത്രണമില്ലാത്ത അയാളുടെ പ്രകൃതം കൊണ്ടും ഹൈപ്പർടെൻഷൻ കാരണമായുമാരിക്കും. 

അയാളറിയാത്ത ആവശ്യമില്ലാത്ത അയാളുടെ കുറ്റബോധവും കാരണമായിരിക്കും. 

കുറ്റബോധങ്ങൾ യാത്രികമായ കുറേ വിശദീകരണങ്ങൾ ഉണ്ടാക്കും.

അയാളെ സമാധാനിപ്പിച്ച് നിയന്ത്രിച്ച് നിർത്താൻ ശരിക്കും പാടുപെടുകയായിരുന്നു. സമുദ്രമധ്യത്തിൽ സൗഹൃദം ചുണ്ടിൽ നിന്ന് വീണ് നഷ്ടമാവാതിരിക്കാൻ.

കച്ചവടക്കാരനെ ഉപഭോക്താവ് സമാധാനിപ്പിക്കേണ്ടി വരുന്ന വല്ലാത്തൊരവസ്ഥ.

ഒരിക്കലും വിഷയമല്ലാത്ത എല്ലാ വിഷയങ്ങളിലേക്കും അയാളറിയാതെ നിയന്ത്രണം വിട്ട് കാട്കയറിപ്പോയി.

അയാളുടെ സത്യസന്ധത കൊണ്ട് തന്നെയായിരിക്കും അത് സംഭവിച്ചത്. 

ആരും അയാളുടെ സത്യസന്ധത സംശയിക്കുന്നില്ല. 

പക്ഷേ അതയാൾ അറിയുന്നില്ല. 

പക്ഷേ അയാൽ കുറ്റബോധപ്പെടുന്നു. വിശദീകരിക്കുന്നു. 

കുറ്റബോധം ആവശ്യമാക്കുന്ന വിശദീകരണങ്ങൾ ഓടയിൽ നിന്നെന്ന പോലെ ഒരുകുറെ ഒഴുകുന്നു.

ആരോ എവിടെയോ സംശയിക്കുന്നു എന്ന അയാളുടെ തോന്നലിൽ നിന്നുകൂടിയായിരിക്കും അങ്ങനെയൊരു ക്ഷുഭിതനായി ഒഴിഞ്ഞുമാറുന്ന സംസാരം ഇത്ര പെട്ടെന്ന് വന്നത്. പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ.

തമ്മിലുള്ള സൗഹൃദവും ബന്ധവും പരിചയവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

അതുകൊണ്ട് തന്നെ ഇത്ര നിസ്സാരമായ കാര്യത്തിൽ തട്ടി ഉലയേണ്ടതുമല്ല ഈ സൗഹൃദവും ബന്ധവും പരിചയവും. 

അങ്ങനെ ഉലയുന്നുണ്ടെങ്കിൽ, അങ്ങനെ ഉലയാൻ കാരണമാകുന്ന സംഗതി ഉപേക്ഷിക്കുകയാണ് വേണ്ടത്. 

കാരണം, സൗഹൃദത്തിന് ജീവൻ്റെ വിലയും ജീവൻ രക്ഷിക്കുന്ന വിലയും ഉണ്ട്. 

പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും സൗഹൃദമെന്ന വീട്ടിന് മുകളിലേക്ക് ഭീഷണിയായി ചാഞ്ഞാൽ, സൗഹൃദം എന്ന വീട് സംരക്ഷിക്കാൻ ആ മരം വെട്ടുക തന്നെയാണ് വേണ്ടത്.

നല്ല ബന്ധവും സൗഹൃദവും തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല, തുമ്മിയാൽ തെറിക്കുന്ന മൂക്ക് പോലെ ആയിക്കൂടാ നല്ല ബന്ധവും സൗഹൃദവും.

ആ നിലക്ക് പേടിച്ചല്ല, പേടിപ്പിച്ചല്ല, അധികാരം സ്ഥാപിച്ചല്ല നല്ല ബന്ധവും സൗഹൃദവും ഉണ്ടാക്കേണ്ടതും ഉണ്ടാവുന്നതും നിലനിൽക്കുന്നതും.

വെടക്കാക്കി തനിക്കാക്കും പോലെയുമല്ല നല്ല ബന്ധവും സൗഹൃദവും ഉണ്ടാക്കുന്നതും ഉണ്ടാവുന്നതും നിലനിൽക്കുന്നതും.

നല്ല ബന്ധവും സൗഹൃദവും പരസ്പരമുള്ള ഔദാര്യമല്ല, പക്ഷേ ജീവിതത്തിൻ്റെ മാത്രമായ ഔദാര്യമാണ്. 

നല്ല ബന്ധവും സൗഹൃദവും പരസ്പരമുള്ള അവകാശമല്ല, പക്ഷേ ജീവിതത്തിൻ്റെ മാത്രമായ അവകാശമാണത്. 

കല്പനകൾ കല്പനകൾ അല്ലാതാവുന്ന അവകാശങ്ങൾ മാത്രം, ഔദാര്യങ്ങൾ മാത്രം സൗഹൃദത്തിൽ. 

പരസ്പരം ബാധ്യതപ്പെടുന്ന അവകാശങ്ങൾ, ഔദാര്യങ്ങൾ മാത്രം സൗഹൃദത്തിൽ. 

നല്ല സൗഹൃദം ജീവിതകാലം മുഴുവൻ വേണ്ട, നീളേണ്ട, സൂക്ഷിക്കേണ്ട വിവേകമാണ്, വിചാരമാണ്, വീടാണ്, തണലാണ്.

പക്ഷേ അതിൽ അങ്ങിങ്ങ് താൽക്കാലികമായ വികാരവിക്ഷോഭങ്ങൾ കാട്ടുന്ന ജനാലകൾ, ഇളക്കങ്ങൾ ഉണ്ടാവും. 

വെളിച്ചവും കാറ്റും പുറംകാഴ്ചകളും നൽകുന്ന ജനാലകളും ഇളക്കങ്ങളും...

*******

ഒരുകാര്യം ഉറപ്പിച്ച് പറയാം.

ഈയുള്ളവൻ്റെ ജിവിതം തന്നെ നല്ല സൗഹൃദമാണ്, നല്ല സൗഹൃദം ഒരുക്കൂട്ടിയതും പിടിച്ചുനിർത്തിയതുമാണ്.

ഈയുള്ളവൻ്റെ ജിവിതം തന്നെ നല്ല സൗഹൃദത്തിനുള്ള തെളിവും നേർസാക്ഷ്യവുമാണ്.

********

അതുകൊണ്ട് തന്നെ സൗഹൃദത്തിനിടയിൽ കച്ചവടം ചിതലായി വന്ന് സൗഹൃദം നശിപ്പിക്കുന്നു എന്ന് തോന്നിയാൽ ഉടനെ, സ്വരം നന്നാവുമ്പോൾ താനേ പാട്ട് നിർത്തുന്നത് പോലെ കച്ചവടം നിർത്തണം, സൗഹൃദം സംരക്ഷിക്കണം.

No comments: