Monday, May 6, 2024

സൗഹൃദത്തിനുള്ള അർത്ഥവും ആഴവും

ഈ ചിത്രത്തിൽ 

ലുങ്കിയും ഉടുത്ത് കൂടെയുള്ളവൻ 

നല്ല സൗഹൃദത്തിൻ്റെ നേർരൂപം....

******

സൗഹൃദത്തിന് വല്ല അർത്ഥവും ആഴവും ഉണ്ടോ ?

ഉണ്ടെങ്കിൽ ഉള്ള ആ അർത്ഥവും ആഴവും ആണ് ഈ കൂടെ നിൽക്കുന്നത്.

ശരിയായ സൗഹൃദത്തിൻ്റെ സാക്ഷ്യപത്രം.

മഞ്ഞ് പൊഴിയുന്നതും കാറ്റ് വീശുന്നതും മഴപെയ്യുന്നതും എന്തിനാണാവോ അതുപോലെ ഒരു സൗഹൃദം. 

ഒന്നും പറയാതെ, ഒന്നും ചോദിക്കാനാവാതെ സംഭവിച്ചു പോകുന്നത്. 

അത് പോലെ ഒരു സുഹൃത്ത്. 

അതുപോലെ ഒരു സാക്ഷ്യപത്രം.

വാക്കറിയാത്ത വാക്കിൻ്റെ അർത്ഥം പോലെ.

ശബ്ദമുണ്ടാക്കി അർത്ഥം തന്ന് കടന്നുപോയില്ലാതാവുന്നത് പോലെയൊരു വാക്ക്.

ആരുമറിയാത്ത ആഴങ്ങളിൽ, ഇരുട്ടറകളിൽ, ആരെയും ഒന്നും അറിയിക്കാതെ ഇറങ്ങിനടക്കുന്ന വേരുകൾ പോലെ ഒരു വാക്ക്. 

ജീവൻ്റെ നാമ്പ് പുറത്ത് കാട്ടാൻ അങ്ങനെയൊരു സുഹൃത്ത്, സൗഹൃദം, വേര്.

ഒരുതരം അവകാശവാദങ്ങളും പരസ്യവാക്കുകളും പെരുമ്പറകൊട്ടലും ഇല്ലാതെ.

വെറും വെറുതെ സ്വയം ഒരു വിഡ്ഢിയായി.

നല്ലൊരു സുഹൃത്താവാൻ കണക്ക്കൂട്ടാനറിയാത്ത നല്ലൊരു വിഡ്ഢിയുമാകണം എന്ന സുവിശേഷം പറയുന്നത് പോലെ.

അങ്ങനെ അങ്ങകലെ അമേരിക്കയിൽ നിന്നും ഏറെ ദൂരം താണ്ടി, കടലുകൾ ഏറെ കടന്ന് ഇയാൾ ഇടക്കിടെ വരുന്നു. 

എന്തിന്?

തൻ്റെ കുടുംബക്കാരാരേയും കാണാനല്ല.

തനിക്ക് നടത്തേണ്ട കച്ചവടത്തിനല്ല, ലാഭമുണ്ടാക്കാനല്ല.

രാഷ്ട്രീയം കളിക്കാനല്ല, അധികാരം ഉറപ്പിക്കാനല്ല.

നാട് സന്ദർശനവും ഊര് ചുറ്റലും ഉദ്ദേശമാക്കാനല്ല.

വെറും വെറുതെ സുഹൃത്തുക്കളെ കാണാൻ.

സുഹൃത്തുക്കളെന്ന് അയാൾ കണക്കാക്കുന്നവരെ അയാൾക്ക് കാണാൻ.

സൗഹൃദത്തിൻ്റെ വേരുകളെ തേടിക്കണ്ടെത്തി ആ വേരുകളിൽ തനിക്കാവുന്ന വെള്ളമൊഴിക്കാൻ. 

അവിടവിടെ അശ്രദ്ധമായി വീണുകിടക്കുന്ന വിത്തുകളെ സൗഹൃദത്തിൻ്റെ വിത്തുകളായി കാണാൻ.

ആ വിത്തുകളെ തനിക്കാവും വിധം മുളപ്പിക്കാൻ.

ജീവൻ്റെ നാമ്പ് സൗഹൃദത്തിൻ്റെ തണ്ടിൽ കണ്ടെത്താൻ.

അതിന് മാത്രം ആത്മാർത്ഥമായ സൗഹൃദം അയാളുമായി ആർക്കെങ്കിലും ഉണ്ടോ?

അറിയില്ല.

അയാൾക്കത് വിഷയമല്ല.

അയാൾക്കും അതവകാശപ്പെടാൻ സാധിക്കില്ല.

ആർക്കില്ലെങ്കിലും പക്ഷേ അയാൾക്ക് ആ സൗഹൃദമുണ്ട്. 

എല്ലാവരോടും. 

സൗഹൃദം വിറക് സ്വയം കത്തിയെരിഞ്ഞ് നഷ്ടപ്പെട്ട് നേടുന്ന തീയും ചൂടുമാണെന്ന അയാളുടെ തന്നെ വെളിപാടോടെ.

ഒന്നും നേടാനില്ലാത്ത, എല്ലാം നഷ്ടപ്പെടാൻ മാത്രമുളള സൗഹൃദം അയാളുടേത്.

സൗഹൃദം മാത്രം നേട്ടമാക്കുന്ന സൗഹൃദം. 

സൗഹൃദത്തിന് വേണ്ടി എന്തും നഷ്ടപ്പെടുത്തുന്ന, എല്ലാം നഷ്ടപ്പെടുത്തുന്ന സൗഹൃദം.

സൗഹൃദത്തിൻ്റെയും സുഹൃത്തിൻ്റെയും രക്തം സ്വസഹോദരൻ കിടന്ന ഗർഭപാത്രത്തിലെ വെള്ളത്തെക്കാൾ കനം കൂടിയതാണെന്ന് വിളിച്ചോതുന്ന സൗഹൃദം.

*******

ശരിയായ സൗഹൃദം അങ്ങനെയാണ്. 

സ്വയമറിയാതെയും സ്വയം കരുതാതെയും മറ്റാർക്കും ശക്തിയും തുണയും ആകുന്നത്. 

അങ്ങനെയൊരാൾ കൂടെയുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി. 

അങ്ങനെയൊരാൾ കൂടെയുണ്ടെന്ന് തോന്നിയാൽ മാത്രം മതി.

എല്ലാം നടന്നുകൊള്ളും.

ഒരിക്കലും അയാളെ പോലും ആശ്രയിക്കേണ്ടി വരാതെ. 

പക്ഷേ, ശക്തി കിട്ടിക്കൊണ്ടിരിക്കും.

ആർക്കും നഷ്ടമില്ലാതെ കിട്ടുന്ന ശക്തി.

നഷ്ടമെന്ന ചിന്ത തന്നെ സൗഹൃദത്തിൻ്റെ ചിന്തയല്ല.

ആർക്കും നഷ്ടമില്ലാതെ എല്ലാവർക്കും നേമുണ്ടാക്കുന്ന ശക്തിയാണ് സൗഹൃദം.

അങ്ങനെയൊരു ശക്തി സൗഹൃദത്തിനുണ്ട്.

ഒരുതരം ഉൽപ്രേരക (catalystic) ശക്തി.

മധ്യത്തിൽ, അല്ലെങ്കിൽ ചാരേ സൗഹൃദം ഉണ്ടായാൽ മാത്രം മതി.

പുഞ്ചിരി പോലെ.

ആർക്കും നഷ്ടമില്ല.

എല്ലാവർക്കും നേട്ടം.

പുഞ്ചിരിക്കുന്നവനും ആ പുഞ്ചിരി കാണുന്നവനും നേട്ടം.

സുഹൃത്തുക്കൾ തന്നെയായ ആ പുഞ്ചിരി കൂടെയില്ലെന്ന് തോന്നിയാലോ? 

ഭീതി കൂടും. 

അസ്വസ്ഥത വരും.

പിന്നെ, ആരെയെല്ലാം എത്ര ആശ്രയിച്ചാലും മതിയാവാതെ വരും.

ചായും ചാളും വളയും പുളയും വീഴും. 

ശരിയാണ്.

നിങൾ സാധാരണ ഏത് വഴിയിലും റോഡിലും നേരേ, വളയാതെ, പുളയാതെ, ചായാതെ, ചാളാതെ, വീഴാതെ നടക്കും.

എങ്ങിനെ, എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന നിങ്ങളുടെ അറിവും തോന്നലും തരുന്ന ധൈര്യം കാരണം. 

അതേ നിങൾ, ഒറ്റയടി പാലത്തിലൂടെ പോകുന്നുവെന്ന് കരുതുക.

തനിയേ നിങൾ വളയും പുളയും ചായും ചെരിയും വീഴും. 

നേരെ നടക്കുക ഏറെക്കുറെ അസാധ്യം എന്ന് തന്നെ വരും. അങ്ങേയറ്റം പരിശീലനം ഇല്ലെങ്കിൽ.

എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഇല്ലെന്ന നിങ്ങളുടെ അറിവും തോന്നലും നൽകുന്ന പേടി കാരണം മാത്രം. 

സാധാരണ വഴിയിൽ നേരെ നടന്ന അതേ നിങൾ തന്നെയായിട്ടും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ നേരെ നടക്കാൻ സാധിക്കുന്നില്ല. 

നിങൾ പരാജയപ്പെടുന്നു.

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് സൗഹൃദം. 

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് വളരെ ചിലർ മാത്രമായ നിങ്ങളുടെ സുഹൃത്തുക്കൾ.

കണക്ക് കൂട്ടാൻ അറിയാത്ത, കണക്ക് കൂട്ടലിൽ വരാത്ത സുഹൃത്തുക്കൾ.

അവർ അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന് തോന്നിയാൽ മാത്രം മതി. 

പിന്നെ നിങൾ ഏത് ഒറ്റയടി പാലത്തിലൂടെയും നേരെ നടക്കും.

വീഴില്ല, ചായില്ല, ചാളില്ല, വളയില്ല, പുളയില്ല, വീഴില്ല.

നിങ്ങളുടെ ജീവിതയാത്ര സഫലം, സുരക്ഷിതം, വിജയകരം.

ജീവിതത്തിന് ഒരർത്ഥവും ഇല്ലെന്ന് തോന്നിയാലും നിങ്ങൾക്ക് ഇനിയങ്ങോട്ട് ഉറപ്പിച്ച് പറയാം.

ജീവിതത്തിന് എന്തോ ചില അർത്ഥമുണ്ടെന്ന്. 

ജീവിതത്തിനർത്ഥം ജീവിതമുണ്ടാക്കുന്ന, ജീവിതത്തിലുണ്ടാവുന്ന ഇത്തരം സൗഹൃദത്തിൻ്റെയും സുഹൃത്തുക്കളുടെയും അർത്ഥമെന്ന്. 

ളരേ നിസ്സാരമെന്ന് തോന്നാവുന്ന ജീവിതത്തിൻ്റെ വലിയ അർത്ഥം. 

സൗഹൃദം. സുഹൃത്ത്.

*******

ചില വിട്ടഭാഗങ്ങൾ ഇങ്ങനെ എങ്ങിനെയെങ്കിലും പൂരിപ്പിക്കാൻ തോന്നും. 

ചിലർക്ക്.

പക്ഷേ, പൂരിപ്പിക്കുന്നതോടെ അതുവരെ ഉണ്ടായിരുന്ന കൗതുകവും കാത്തിരിപ്പും അവർക്ക് നഷ്ടമാകുമോ? 

അറിയില്ല.

കൗതുകവും കാത്തിരിപ്പും നൽകിയ സൗന്ദര്യം അപ്രത്യക്ഷമാകുമോ?

അറിയില്ല.

വിട്ടഭാഗങ്ങൾ വിട്ടു തന്നെയായിരുന്നുവോ വേണ്ടിയിരുന്നതെന്ന് പോലും പിന്നീടവർ ചിന്തിച്ചുപോകുമോ?

അറിയില്ല.

ഒന്ന് മാത്രമറിയാം.

സൗഹൃദത്തിനും നല്ല സുഹൃത്തിനും ഇത്തരം ചോദ്യങ്ങൾ ഇല്ല.

No comments: