മതനിഷേധി സത്യസന്ധനാണ്.
ഏറെക്കുറെ ദൈവനിഷേധിയും സത്യസന്ധനാണ്.
മതനിഷേധി ഉണ്ടെങ്കിൽ ഉള്ള ദൈവത്തെയും സത്യത്തെയും ഒരുതരം തടവറയിലും നിർവ്വചനത്തിലും കാലത്തിലും ഗ്രന്ഥത്തിലും ഒതുക്കാത്തവനാണ്
അറിയാത്തത് അറിയില്ലെന്ന് ആരെയും പേടിക്കാതെ പറയുന്ന സത്യസന്ധൻ നിഷേധി.
മറ്റ് പലതും നിഷേധിച്ച് കൊണ്ട് മാത്രമേ ആർക്കും ഏതെങ്കിലും ചിലതിലും വിശ്വസിക്കാൻ സാധിക്കൂ
വിശ്വാസി തൻ്റെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ സത്യസന്ധനല്ല.
ആരോ പറഞ്ഞത് യഥാർഥത്തിൽ മനസ്സിലാകാതെ മനസ്സിലായി എന്ന് കളവ് പറയുന്നവനാണ് വിശ്വാസി.
വിശ്വാസി ചിന്തിക്കുന്നില്ല, അന്വേഷിക്കുന്നില്ല,
വിശ്വാസി വീണുകിട്ടിയത് കൊണ്ടുനടക്കുന്നു,
വിശ്വാസി ചിന്തിക്കാതിരിക്കാനും അന്വേഷിക്കാതിരിക്കാനും തൻ്റെ ആ വീണുകിട്ടിയ വിശ്വാസത്തെ മറയാക്കുന്നു, ഉപയോഗിക്കുന്നു, ആയുധമാക്കുന്നു.
ഈ പറഞ്ഞതിന് നിങ്ങളുടെ മുൻപിൽ തന്നെ നിങ്ങളുടെ സമുദായവും നിങ്ങളുടെയടക്കം കുടുംബക്കാരും മാതാപിതാക്കളും അടങ്ങിയവർ ഉദാഹരണവും തെളിവും.
നമുക്ക് നമ്മെ തന്നെ അതിന് തെളിവും ഉദാഹരണവും ആക്കാം.
വിശ്വാസി തനിക്ക് വീണുകിട്ടിയ വിശ്വാസത്തെ ന്യായീകരിക്കാൻ പോലും വേണ്ടത്ര വായിച്ച് പഠിക്കാതെ.
വിശ്വാസികളിൽ മഹാഭൂരപക്ഷവും സാമൂഹ്യ സുരക്ഷിതത്വത്തിന് വേണ്ടിയും, വിവാഹം നടക്കാൻ വേണ്ടിയും, ലോകമാന്യത ചമയാൻ വേണ്ടിയും, സ്ഥാനവും അധികാരവും നിലനിർത്താൻ വേണ്ടിയും അനന്തിരസ്വത്ത് കിട്ടാൻ വേണ്ടിയും ഒക്കെയായി വിശ്വാസികൾ ആവുന്നതാണ്.
അബൂജഹലും ഉത്ത്ബത്തും ശൈബത്തും അബൂസുഫ്യാനും ഒക്കെ അക്കാലത്തായത് പോലെ ഇക്കാലത്തെ വിശ്വാസിയും.
പക്ഷേ, നിഷേധി മറിച്ചാണ്.
അവൻ സാമൂഹ്യ സുരക്ഷിതത്വം വരെ വേണ്ടെന്ന് വെച്ച് അന്വേഷിക്കുന്നു.
നിഷേധി ഉള്ളതും നഷ്ടപ്പെടാൻ തയ്യാറാവുന്നു.
നിഷേധിയുടെ അന്വേഷണമാണ് അവൻ്റെ നിഷേധം.
നിഷേധിയുടെ അന്വേഷണമാണ് അവൻ്റെ വിശ്വാസം.
അവൻ്റെ നിഷേധമാണ് യഥാർത്ഥ വിശ്വാസം. ജീവിതത്തിലുള്ള വിശ്വാസം. ജിവിതം മുന്നോട്ട് കൊണ്ടുപോകുന്ന വിശ്വാസം.
വിശ്വാസിയുടെ വിശ്വാസം യഥാർഥത്തിൽ കണ്ണടച്ച് നിഷേധിക്കാനുള്ള നിഷേധം മാത്രവും. മറ്റുള്ളതെല്ലാം നിഷേധിക്കാനുള്ള വിശ്വാസം.
നിഷേധിയുടേ നിഷേധം അവൻ്റെ അന്വേഷണത്തിന് വേണ്ടിയാണ് . എല്ലാറ്റിലും കണ്ണ് തുറന്നു വെച്ചുള്ള താണ് നിശേധിയുടെ നിഷേധം. തെളിവിൻ്റെ നിറവിൻ്റെ പച്ചത്തുരുത്ത് അന്വേഷിച്ചുകൊണ്ടുള്ള നിഷേധം.
നിലവിലുള്ളതിനെ സംശയിക്കാതെയും അന്വേഷിക്കാതെയും അന്വേഷിക്കാൻ സാധിക്കില്ല.
നിന്നിടം വിടാതെ മുന്നോട്ട് നടക്കാൻ സാധിക്കില്ല.
നിന്നിടം പോരെന്ന് തോന്നുന്നവൻ മാത്രമേ അവിടം വിട്ട്, അവിടം നിഷേധിച്ച് മുന്നോട്ട് പോകൂ.
നിഷേധി തൻ്റെ സാമാന്യബുദ്ധിക്കും സാമാന്യയുക്തിക്കും യോജിക്കാത്തതും മനസ്സിലാവാത്തതും മാത്രം നിഷേധിക്കുന്നു.
വ്യക്തത ഇല്ലാത്തത് വ്യക്തത ഇല്ലാത്തത് തന്നെ എന്ന് കൃത്യമായി പറയുന്നു.
അറിയാതെ അറിഞ്ഞെന്നും മനസ്സിലാകാതെ മനസ്സിലായെന്നും നിഷേധി പറയുന്നില്ല.
അങ്ങനെ അറിയാതെ അറിഞ്ഞെന്നും മനസ്സിലാകാതെ മനസ്സിലായെന്നും പറയാത്തത്താണ് അവൻ്റെ നിഷേധമായി മാറുന്നത്
എന്നിട്ടോ, യുക്തിക്കും ബുദ്ധിക്കും യോജിക്കുന്നതിന് വേണ്ടി അവൻ വീണ്ടും വീണ്ടും അന്വേഷിക്കുന്നു.
അങ്ങനെ നിഷേധി അന്വേഷിച്ചന്വേഷിച്ച്, നിഷേധിച്ച് നിഷേധിച്ച് ഉണ്ടാക്കിയ ശാസ്ത്രവും പുരോഗതിയും പാഠങ്ങളും ആണ് നാം ഇന്ന് അനുഭവിക്കുന്നതും പഠിക്കുന്നതും.
എല്ലാ ശാസ്ത്ര ശാഖകളും അങ്ങനെ മാത്രം ഉണ്ടായതാണ്.
ഒന്നിനും അവസാന വാക്ക് വന്നിട്ടില്ലെന്ന് കരുതി നിഷേധിച്ചന്വേഷിച്ച് മുന്നോട്ട് പോയവൻ ഉണ്ടാക്കിയതും കണ്ടെത്തിയതുമാണ് നാം ഇന്ന് അനുഭവിക്കുന്നതും പഠിക്കുന്നതും മുഴുവൻ.
No comments:
Post a Comment