Wednesday, May 22, 2024

നിഷേധവും വിശ്വാസവും രണ്ടും നിസ്സഹായത കൊണ്ടാണ്, അജ്ഞത കൊണ്ടാണ്.

നിഷേധവും വിശ്വാസവും രണ്ടും നിസ്സഹായത കൊണ്ടാണ്, അജ്ഞത കൊണ്ടാണ്. 

വിശ്വാസി തൻ്റെ നിസ്സഹായതയും അജ്ഞതയും മറച്ചുവെച്ച് അതിനെ ജ്ഞാനമാക്കി അവതരിപ്പിക്കുന്നു, വിശ്വാസമാക്കുന്നു. 

നിഷേധി തൻ്റെ നിസ്സഹായതയും അജ്ഞതയും സമ്മതിച്ച് പുറത്ത് പറയുന്നു, നിഷേധമാക്കുന്നു. 

എങ്ങിനെ എന്തുകൊണ്ട് എന്നുള്ള, എങ്ങിനെ എന്തുകൊണ്ട് എന്നറിയുന്ന ലോകത്താണ് നാം ജീവിക്കുന്നത്. 

എങ്ങിനെ എന്ത് കൊണ്ട് എന്നില്ലാത്തതാണ് ദൈവം. 

എങ്ങിനെ എന്ത് കൊണ്ട് എന്നില്ലാത്ത ദൈവത്തെ മനസ്സിലാക്കുക എങ്ങിനെ എന്തുകൊണ്ട് എന്നുള്ള, എന്നറിയുന്ന ലോകത്ത് നിന്ന് എളുപ്പമല്ല.

*******

അന്ധമായി വിശ്വസിക്കുന്നത് പോലെ അന്ധമായി നിഷേധിക്കുക സാധിക്കില്ല. 

നിഷേധം ബോധപൂർവ്വമായ പ്രക്രിയയാണ്. 

വിശ്വാസം ഏറെക്കുറെ മഹാഭൂരിപക്ഷത്തിൻ്റെ കാര്യത്തിലും ബോധപൂർവ്വമല്ലാത്ത പ്രക്രിയയും.

നിഷേധം അത്ര എളുപ്പമല്ല. 

നിഷേധത്തിൽ അനിശ്ചിതത്വവും റിസ്കും ഉണ്ട്. 

അതുകൊണ്ട് തന്നെ നിഷേധി വീണ്ടും അന്വേഷിച്ചുപോകും.

വിശ്വാസം എളുപ്പമാണ്, ഏറെക്കുറെ അനുകരണമാണ്. 

വിശ്വാസത്തിൽ അനിശ്ചിതത്വവും റിസ്കും ഇല്ല. 

അതുകൊണ്ട് തന്നെ വിശ്വാസി വീണ്ടും അന്വേഷിച്ചുപോകില്ല. 

അന്ധമായി വിശ്വസിക്കുന്നവർ മഹാഭൂരിപക്ഷമാണ്. 

അന്ധമായി നിഷേധിക്കുന്നവർ വളരെ വിരളവും. 

വിശ്വാസവും നിഷേധവും മനസ്സിലാകാത്തത് കൊണ്ടാണ്. 

പക്ഷേ വിശ്വസി, തനിക്ക് മനസ്സിലാകാത്തത് അംഗീകരിക്കാതെ, മറച്ചുവെച്ച് (കുഫർ എന്നാൽ മറച്ചുവെക്കുക എന്നുകൂടിയാണ്. കാഫിർ എന്നാൽ മറച്ചുവെക്കുന്നവൻ) മനസ്സിലായി എന്ന് വരുത്തി വിശ്വസിക്കുന്നു.

*******

നിഷേധിച്ചുകൊണ്ട് അന്വേഷിച്ചന്വേഷിച്ച്, നിന്നിടം വിട്ട് നടന്ന് നടന്ന് എത്തേണ്ടത് കൂടിയാണ് സാക്ഷ്യം ( ശഹാദത്ത്) സാധിച്ച് സാധിക്കേണ്ട വിശ്വാസം.

അതുകൊണ്ടാണ് ലാ ഇലാഹ എന്ന നിഷേധത്തിൽ വിശ്വാസിയുടെ വിശ്വാസം നടത്തേണ്ട, വിശ്വാസം തുടങ്ങുന്ന വാക്ക് തുടങ്ങുന്നത്.

നിഷേധിച്ച് നിഷേധിച്ച്, അന്വേഷിച്ചന്വേഷിച്ച്, നിന്നിടം വിട്ട് നടന്ന് നടന്ന്, സാധിച്ചാൽ എത്തേണ്ട ഇടമാണ് "ഇല്ലല്ലാ". 

ഒന്നുമില്ലെന്നറിഞ്ഞിടത്ത് അവൻ കണ്ടെത്തേണ്ട, ഒന്നുമില്ലെന്നതിന് പകരം അവൻ കണ്ടെത്തി വെക്കേണ്ട ഒന്ന്. അല്ലാഹു.



No comments: