എന്തായാലും സമയം ചിലവാകും.
ആരും സമയത്തെ പിടിച്ചുനിർത്തുന്നില്ല.
ആർക്കും സമയത്തെ പിടിച്ചുനിർത്താൻ സാധിക്കുകയുമില്ല.
ചികവാക്കേണ്ട എന്ന് കരുതിയാലും സമയം ചിലവഴിഞ്ഞു തീരും.
സമയം ഐസ്മിഠായി പോലെ.
നിങൾ കുടിച്ചാലും കുടിച്ചില്ലെങ്കിലും ഐസ്മിഠായി അലിഞ്ഞ് തീരും.
മാത്രവുമല്ല സമയം വലിയ വിലയുള്ളതാണെന്ന് പറയുന്നവർ തന്നെ ഒരു പണിയുമില്ലാതെയിരിക്കുമ്പോൾ സമയം ഒരു ബാധ്യതയായിക്കാണുന്നു.
കാരണം, സമയം ഞാനും നീയുമാണ്.
സമയം ചിലവഴിക്കാൻ മറ്റുവഴികൾ ഇല്ലാതെ വരുമ്പോൾ ബോറടിക്കുന്നുവെന്ന് മഹാഭൂരിപക്ഷവും പറയുന്നതും കേൾക്കാറില്ലേ?
ഞാനും നീയുമായ തന്നെത്തന്നെ ചിലവഴിക്കാൻ മറ്റുവഴികൾ ഇല്ലാതെ വരുമ്പോൾ പറഞ്ഞുപോകുന്നതാണ് ബോറടിക്കുന്നുവെന്ന്.
സമയം, അഥവാ താൻ, എന്തെന്നും എന്തിനെന്നും, സമയത്തെ, അഥവാ തന്നെത്തന്നെ, എങ്ങിനെ ചിലവഴിക്കണമെന്നും ആർക്കും കൃത്യമായ നിർദേശമോ നിർവ്വചനമോ നൽകാനില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.
*********
ജീവിതത്തിൻ്റെ അർത്ഥം മനുഷ്യൻ കണ്ടെത്തുന്നതെങ്ങിനെ?
തൻ്റെ ജീവിതത്തിന് വേണ്ടി, വേണ്ടത് ചെയ്യുന്നതിൽ, ഉണ്ടാക്കുന്നതിൽ.
ഉടമസ്ഥതയിലും അധികാരത്തിലും.
തന്നെത്തന്നെ സ്നേഹിച്ചുകൊണ്ട്.
തന്നോട് തന്നെയുള്ള സ്നേഹം കാരണം മറ്റുപലതിനെയും പലരെയും ഇഷ്ടപ്പെട്ടുകൊണ്ട്, കാര്യകാരണങ്ങളോടെ.
മക്കളെ ജീവിപ്പിക്കാനും വളർത്താനും പണിയെടുത്ത് കൊണ്ട്.
********
എല്ലാവരും ജീവിക്കും, ജീവിതം നേടും, ജിവിതം നഷ്ടപ്പെടുത്തും.
എല്ലാവരും മരിക്കും, മരണം നേടും. പിന്നീടൊരു മരണം ഇല്ലെന്നാക്കും.
എന്തായാലും നഷ്ടപ്പെടും, മരിക്കും എന്നറിഞ്ഞിട്ടും ജീവിതത്തിൽ അള്ളിപ്പിടിക്കാൻ എല്ലാവരും ശ്രമിക്കും.
*******
ജിവിതം പഴയതും പുതിയതുമല്ല.
ജീവിതം അനുസ്യൂതതയാണ്.
പഴയ ജീവിതത്തിൻ്റെ പാദമുദ്രകളിൽ
പുതിയ ജീവിതത്തിൻ്റെ പാദങ്ങൾ വെച്ച്
വീണ്ടും മുന്നോട്ട് പോകുന്ന അനുസ്യൂതത.
കടൽക്കരയിലെവിടെയും
ഓരോ മണൽ തരിയും
നിങ്ങൾക്കിത് പറഞ്ഞുതരും.
No comments:
Post a Comment