Thursday, May 30, 2024

പ്രധാനമന്ത്രിയോട് വ്യക്തിവിരോധമോ? എന്തിന്?

പ്രധാനമന്ത്രി ഒരു വ്യക്തിയല്ല, പദവിയാണ്. 

ജനങ്ങളുടെ ചിലവിൽ ജനങ്ങൾ നൽകുന്ന കാവൽ പദവിയാണ് പ്രധാനമന്ത്രി. 

പ്രധാനമന്ത്രി നാടിൻ്റെയും നാട്ടുകാരുടെയും പൊതുവായ ഇടം. ആരുടെയും സ്വകാര്യതയല്ല, ആരുടെയും സ്വകാര്യ ഇടമല്ല.

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമ്പോൾ ചോദ്യം ചെയ്യുന്നത് വ്യക്തിയെയല്ല. അത്തരം ചോദ്യംചെയ്യൽ വ്യക്തിപരമല്ല, വ്യക്തിവിരോധമല്ല. 

പ്രധാനമന്ത്രിയെ ചോദ്യംചെയ്യുന്നതിനെ വ്യക്തിപരമായി കാണരുത്, വരുത്തരുത്. 

പ്രധാനമന്ത്രി എന്ന പൊതുപദവിക്ക് പറ്റാത്തത് പ്രധാനമന്ത്രി ചെയ്യുന്നുവെന്ന് ആ പദവി ഏല്പിച്ച പൊതുജനത്തിൽ ആർക്ക് തോന്നിയാലും പ്രധാനമന്ത്രി എന്ന ആ പൊതുപദവിയെയും അതിൽ ഇരിക്കുന്ന ആളെയും ചോദ്യം ചെയ്യാം.

പ്രധാനമന്ത്രി ആവുന്ന ആളും ആവാൻ വേണ്ടി വരുന്ന ആളും വെറുമൊരു വ്യക്തിയും സ്വകാര്യവ്യക്തിയുമാവനല്ല വരുന്നത്. 

സ്വകാര്യത വേണ്ടെന്ന് വെച്ച് പൊതുജനങ്ങളുടെ മുൻപിൽ അവരുടെ ആളാവാൻ വരുന്ന ആളാണ് പ്രധാനമന്ത്രിയും മറ്റേതൊരു മന്ത്രിയും എംഎൽഎ എംപിയും. 

പൊതുജനങ്ങൾക്ക് അവകാശപ്പെട്ട ആളാവാൻ വരുന്ന ആളുകളാണവർ. 

പൊതുജനങ്ങളുടെ ചിലവിലും സൗകര്യത്തിലും മാത്രം സൗജന്യമായി ആർഭാടപൂർവ്വം പീന്നീട് ജീവിതം മുഴുക്കെ ജീവിക്കുന്നവർ. 

പ്രധാനമന്ത്രി ആവുന്ന ആളും ആവാൻ വേണ്ടി വരുന്ന ആളും അങ്ങനെയൊരു പൊതുവ്യക്തിയാണ്, പൊതുസ്വത്താണ്. 

പ്രധാനമന്ത്രിയോട് വ്യക്തിപരമായ വിരോധമുണ്ടാവാൻ പ്രധാനമന്ത്രിയെന്ന വ്യക്തിയുമായി വ്യക്തിപരമായി ഒന്നും ഇന്ത്യയിൽ മഹാഭൂരിപക്ഷത്തിനും ഉണ്ടാവില്ല. നേരറിവും പരിചയവും പോലും ഉണ്ടാവില്ല.

പിന്നെ പാവം ഇന്ത്യയിലെ ജനങ്ങൾ കരുതുന്നത് പോലെ ഇവിടെ പ്രധാനമന്ത്രിയാവുന്നവരൊന്നും വെറും പാവം നിഷ്കളങ്ക സംശുദ്ധ വ്യക്തികളല്ല, അവരാരും വെറും സ്വകാര്യവ്യക്തികളും അല്ല. 

പ്രധാനമന്ത്രിയാവുന്നവരൊക്കെയും വലിയ മഞ്ഞുമലകളുടെ തുമ്പുകൾ മാത്രമാണ്. 

പ്രത്യേകിച്ചും ഈ ഇന്ത്യയിൽ. മുകളിലും പുറത്തും നാം കാണുന്നതിൻ്റെ ഇരട്ടിയും അധികവും ഉള്ളിലും പുറത്തും ഒളിച്ചു സൂക്ഷിക്കുന്നവരാണവർ.

കുറേ ലോകങ്ങളെ ഉള്ളിലും പുറത്തും കീഴെയും മുകളിലും ഒളിച്ചും അല്ലാതെയും കൊണ്ടുനടക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ. അധോലോകമെന്ന് നാം പേരിട്ട് പേടിച്ച് വിളിക്കുന്ന ലോകങ്ങളെ വരെ കൊണ്ടും അറിഞ്ഞും നടക്കുന്നവർ. 

വളർന്നുവന്ന വഴിയിൽ ആവശ്യത്തിന് കൊന്നും കൊടുത്തും സംഹരിച്ചും വെട്ടിയും കുത്തിയും നിരത്തിയും മാത്രം തന്നെ കളങ്കപ്പെട്ട് അതിജീവിച്ച് വളർന്നുവന്നവർ. 

പാവം ജനത കണക്കാക്കും പോലെ അങ്ങനെയൊന്നും നിർമ്മലരും കരുണാമയരും ശുദ്ധരും നിഷ്കളങ്കരുമാവാൻ സാധിക്കാത്തവർ.

ഏത് നിർവ്വചനം വെച്ച് നോക്കിയാലും പറഞ്ഞാലും അവരൊക്കെയും ആകെ കലങ്ങിമറിഞ്ഞ പൊതുവ്യക്തിത്വങ്ങളാണ്.

എന്നിരുന്നാലും അവരൊക്കെയും നേതാക്കൾ എന്ന നിലക്ക്, എങ്ങിനെയൊക്കെയോ മറ്റുള്ളവരെ നയിക്കുന്നവരായി എന്ന നിലക്ക്, പൊതുസ്വത്തുക്കൾ മാത്രമാണ്. 

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള ആരുടെയും നിലപാടുകൾ പൊതുതാൽപര്യം വെച്ചുള്ളതാണ്. 

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള നിലപാടുകൾ അവരുമായുള്ള വ്യക്തിപരമായ അറിവും ബന്ധവും അനുഭവവും വെറുപ്പും ഇഷ്ടവും വെച്ചുള്ളതല്ല, വെച്ചുള്ളതാവണം എന്നില്ല.

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള ആരുടെ നിലപാടുകളിലും വ്യക്തിപരതയില്ല, വ്യക്തിപരത ഉണ്ടാവേണ്ടതില്ല, വ്യക്തിപരത കാണേണ്ടതില്ല. 

ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ അവരെ അനുകൂലിച്ചും എതിർത്തും ഉള്ള ആരുടെയും നിലപാടുകളിൽ വ്യക്തിപരത കാണരുത്, ചിത്രീകരിക്കരുത്. 

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള ആരുടെയും നിലപാടുകളെ അങ്ങനെ വ്യക്തിപരമായിക്കണ്ട് ചുരുക്കുന്നതാണ് തെറ്റ്. 

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള നിലപാടുകളെ വ്യക്തിപരമായി ചുരുക്കുന്നത് പൊതുവിഷയങ്ങളെ പൊതുവിഷയങ്ങളായി മനസ്സിലാക്കാത്തത് കൊണ്ടും പൊതുതാൽപര്യം വെച്ച് കാണാൻ സാധിക്കാത്തത് കൊണ്ടുമാണ്. 

ഒരുവേള പൊതുതാൽപര്യത്തേയും രാജ്യത്തേയും അവഗണിച്ച് പ്രധാനമന്ത്രിയെയും പദവിയെയും മുകളിൽ വെക്കുന്നത് കൊണ്ടാണ് അവരെ അനുകൂലിച്ചും എതിർത്തും ഉള്ള നിലപാടുകളെ വ്യക്തിപരമായി ചുരുക്കുന്നത്, കാണുന്നത്, ചിത്രീകരിക്കുന്നത്.

നമുക്ക് പൊതുവിഷയങ്ങളെ പൊതുവിഷയങ്ങളായി കാണാൻ സാധിക്കാത്തത് നാമറിയാത്ത, നാം പുറമേ അംഗീകരിക്കാത്ത ഉപബോധമനസ്സിനെ പേറിനടക്കുന്നത് കൊണ്ടാണ്. നമ്മുടെ തന്നെ മറ്റുചില സ്വാർത്ഥ നിക്ഷിപ്ത താൽപര്യങ്ങൾ കൊണ്ടാണ്. അവയെ നാം ഒളിച്ചുവെക്കുന്നത് കൊണ്ടും മാത്രമാണ്. 

അറിയണം ഇവരാരും വെറും സ്വകാര്യവ്യക്തികൾ അല്ല. പൊതുവ്യക്തികളാണ്, പൊതുസ്വത്തുക്കൾ ആണ്, പൊതുവിഷയങ്ങൾ ആണ്.

No comments: