Wednesday, March 4, 2020

എന്താണ്‌ We, the people എന്നതിന്റെ അര്‍ത്ഥം?

We, the people. 
അതിഥികളെ വിളിച്ചു സല്‍ക്കരിക്കാന്‍ സ്വന്തം വീട്ടുകാരെ സംശയിക്കരുത്, പുറത്താക്കരുത്.
സ്വന്തം വീട്ടുകാരെ വെറുക്കാൻ വേണ്ടി മാത്രം അതിഥികളെ സല്‍ക്കരിക്കുകയുമരുത്. 
We, the people എന്ന് പറഞ്ഞു കൊണ്ട്‌ നമ്മുടെ ഭരണഘടന തുടങ്ങുന്നു.
എന്താണ്‌ We, the people എന്നതിന്റെ അര്‍ത്ഥം? 
പൗരന്മാരായ ജനങ്ങളാണ്‌ ഭരണഘടനയെയും തദടിസ്ഥാനത്തില്‍ രാജ്യത്തെയും ഉണ്ടാക്കിയത് എന്നര്‍ത്ഥം.
ജനങ്ങളെയും പൗരന്മാരെയും രാജ്യമല്ല ഉണ്ടാക്കിയതും നിശ്ചയിച്ചതും, ഉണ്ടാക്കുന്നതും നിശ്ചയിക്കുന്നതും എന്നര്‍ത്ഥം.
പിതാവ്, അല്ലേല്‍ മാതാവ്, അതുമല്ലെങ്കില്‍ മാതാപിതാക്കള്‍ കുട്ടിയെ ജനിപ്പിക്കുന്നു. 
പിതാവിനെ, അല്ലേല്‍ മാതാവിനെ, അതുമല്ലെങ്കില്‍ മാതാപിതാക്കളെ കുട്ടി ഉണ്ടാക്കുന്നില്ല, നിശ്ചയിക്കുന്നില്ല.
ആ നിലക്ക് രാജ്യത്തെയും സര്‍ക്കാരിനെയും ഉണ്ടാക്കുന്ന ഓരോ പൗരനും താന്‍ പൗരനാണോ എന്ന് സംശയിപ്പിക്കാനും നിശ്ചയിക്കാനുമല്ല ഒരു സര്‍ക്കാറും രാജ്യവും എന്നര്‍ഥം.
ജനങ്ങൾക്ക് ആ നിലക്ക് അസ്വസ്ഥതയും പരിഭ്രാന്തിയും പേടിയും സൃഷ്ടിക്കാനല്ല രാജ്യവും ഭരണഘടനയും സർക്കാരും.
പകരം, സ്വസ്ഥതയും സുരക്ഷിതത്വവും നൽകാൻ മാത്രമാണ് രാജ്യവും ഭരണഘടനയും സർക്കാരും.
ജനങ്ങളാണ് ആദ്യം. രാജ്യമല്ല. 
ആ ജനങ്ങളാണ്‌ രാജ്യത്തെ ഉണ്ടാക്കിയത്.
ആ ജനങ്ങളുടെ ജീവിതം സുഖകരമാക്കാന്‍ വേണ്ടിമാത്രമാണ് രാജ്യം. 
ഹിന്ദുവും മുസ്ലിമും ഇല്ലാത്ത ജനങ്ങൾ. 
പൗരത്വം സംശയിക്കുന്ന, നിശ്ചയിക്കുന്ന, നിഷേധിക്കുന്ന രാജ്യമല്ല ആദ്യം.
പൗരന്മാരുണ്ടാക്കിയ രാജ്യമാണ്, അതിന്റെ സര്‍ക്കാരാണ്‌.
സര്‍ക്കാരിനെ പൗരന്മാരാണുണ്ടാക്കുന്നത്.
ഏറിയാല്‍ സര്‍ക്കാറിനെ പൗരന്മാരാണ് സംശയിക്കേണ്ടത്. 
പൗരന്മാരെ സർക്കാരല്ല. 
പൗരന്മാരെ സംശയത്തില്‍ നിര്‍ത്താനും പേടിപ്പിക്കാനും, അവരുടെ പൗരത്വം ചോദ്യം ചെയ്യാനുമല്ല ഒരു രാജ്യവും സര്‍ക്കാറും തുനിയേണ്ടത് .
സര്‍ക്കാറിനെ സംശയത്തില്‍ നിര്‍ത്താനും പേടിപ്പിക്കാനും പൗരന്മാരാണ് ആര്‍ജവം കാണിക്കേണ്ടത്. 
പൗരന്മാരെ സംശയിക്കാനും പേടിപ്പിക്കാനും ആ നിലക്ക് ജനങ്ങൾ ഉണ്ടാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായ രാജ്യത്തിനും അതിലെ സര്‍ക്കാരിനും അധികാരമില്ല.
ഉള്ളവരെ മുഴുവന്‍ വകഭേദമില്ലാതെ ഉള്‍ക്കൊള്ളുക മാത്രമല്ലാതെ.
അതിഥികളെ സല്‍ക്കരിക്കാന്‍ വീട്ടുകാരെ സംശയിച്ചുകൂട. പുറത്താക്കിക്കൂട.
*****
അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാം. വലിയ തെറ്റൊന്നും അതിലില്ല.
പൗരത്വ നിയമത്തെ സാധൂകരിക്കാന്‍ നമ്മൾ ഏകപക്ഷീയമായി പറയും പോലെ തന്നെ അവിടങ്ങളില്‍ അവർ പീഢനം സഹിക്കുന്നു എന്നതും ഏറെക്കുറെ ശരി വെക്കാം.
അതിനാല്‍ തന്നെ വേണമെങ്കില്‍ അവരുടെ മതവും നോക്കാം. 
ഒരളവോളം.
ഭരണഘടന അത് ശരി വെക്കുന്നില്ലെങ്കിലും.
നമ്മുടെ പാര്‍ലമെന്റ് നിയമം ഉണ്ടാക്കേണ്ടത്, പക്ഷെ വിദേശികള്‍ക്ക് വേണ്ടിയും സ്വദേശികളെ ഉപദ്രവിക്കാനും വിഭജിക്കാനും വേണ്ടിയും അല്ല എന്നുണ്ടെങ്കിലും.... 
എന്നാലും വലിയ തെറ്റില്ല.
പക്ഷേ അതിന്റെ പേരില്‍ മുഴുവന്‍ നാട്ടുകാരും സംശയത്തിന്റെ നിഴലില്‍ വരുന്നത്‌ എത്രത്തോളം ശരിയാവും?
അതിന്റെ പേരില്‍ നാട്ടുകാര്‍ക്ക് അവര്‍ നാട്ടുകാരാണ് എന്ന് തെളിയിക്കാന്‍ സാധാരണ രേഖകൾ ഒന്നും പോരെന്ന് വരുന്നത്‌ എത്രത്തോളം ശരിയാവും?
അതിഥിയെ സല്‍ക്കരിക്കാന്‍ വീട്ടുകാരെ സംശയിക്കുന്നത് ശരിയാവുമോ?
ഇന്ത്യക്കാരെ ബാധിക്കില്ല എന്ന് വാ കൊണ്ട്‌ നമുക്ക് വെറുതെ പറയാം.
പക്ഷേ ബാധിച്ചാല്‍ എന്ത് ചെയ്യും? 
അങ്ങനെ ബാധിക്കുമ്പോള്‍ അത്തരമൊരു ഭൂമികയില്‍ ഓരോരുത്തരും ഒറ്റക്കാവും അത് നേരിടുക.
ഇപ്പോള്‍ കാണുന്ന ഒരു കൂട്ടവും അപ്പോൾ ഉണ്ടാവില്ല.
പറഞ്ഞ വാക്ക് രേഖയല്ലാത്തതിനാല്‍ അതും സഹായത്തിനുണ്ടാവില്ല.
എല്ലാം പോട്ടെ.
ഇനി ഇന്ത്യക്കാരെന്ന് എങ്ങിനെ ആര് നിശ്ചയിക്കും?
അത്‌ നിശ്ചയിക്കുന്ന വഴിയില്‍ എത്ര പേർ എത്ര ബുദ്ധിമുട്ടും.
Macro sense ല്‍ പറയാൻ എളുപ്പമാണ്‌.
മൈക്രോ ലെവലില്‍ ആണ്‌ ഇതിൽ പ്രശ്നം ഉണ്ടാവുക.
ഇത്‌ നടപ്പാക്കുമ്പോള്‍. 
അങ്ങനെ ഇന്ത്യക്കാരെന്ന് നിശ്ചയിക്കുന്നവര്‍ ആരായിരിക്കും?
അങ്ങനെ നിശ്ചയിക്കാന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൂടുതൽ കേമത്തമുണ്ടോ?

No comments: