Wednesday, March 4, 2020

കെജ്‌രിവാള്‍ എന്ത് ചെയ്യണമായിരുന്നു? ഇവിടെ ചോദ്യം രാജ്യവും രാജ്യഭരണവും.

കെജ്‌രിവാള്‍ എന്ത് ചെയ്യണമായിരുന്നു?
തെറിവിളിച്ച തെമ്മാടിയെ അതേ ഭാഷയില്‍ തെറിവിളിച്ച് വേറൊരു തെമ്മാടി ആകണമായിരുന്നോ?
ഭൂരിപക്ഷ വര്‍ഗീയത കളിച്ചവനെതിരെ, അത് കളിച്ചവന്‍ ഉദ്ദേശിച്ചത്‌ പോലെ, ന്യൂനപക്ഷ വര്‍ഗീയത കളിച്ച് ന്യായം നഷ്ടപ്പെടുന്ന ഇളിഭ്യനാവണമായിരുന്നോ?
നിങ്ങൾ വികാരം മാറ്റിവെച്ച് വിചാരം കൊണ്ടും വിവേകം കൊണ്ടും ചിന്തിക്കൂ... 
ചോദ്യം :
കെജ്‌രിവാളിനെ "രക്ഷകൻ" ആയി കണ്ട റഹീമിന് ഇപ്പോൾ അയാളുടെ ഗുണം മനസ്സിലായി കാണുമെന്നു കരുതുന്നു .. ...?
ഉത്തരം :
ഈയുള്ളവന് ആരും രക്ഷകനല്ല. ഈയുള്ളവന്‍ തന്നെയല്ലാതെ. ജീവിതം എന്തെന്നും എന്തല്ലെന്നും വ്യക്തമായ ബോധം ഉള്ളതിനാല്‍. 
ഇവിടെ ചോദ്യം രാജ്യവും രാജ്യഭരണവും ആ രാജ്യത്തെ ഭരിക്കാന്‍ കിട്ടാവുന്ന നല്ല രാഷ്ട്രീയ നേതൃത്വവും ആണ്‌. നിഴലായാലും വെയിലായാലും. 
ആ വഴിയില്‍ ഈയുള്ളവന്‍ ഏതെങ്കിലും പാർട്ടിക്കാരനല്ല.
അതിന്‌ മാത്രം ചേര്‍ന്ന് നില്‍ക്കാവുന്ന സത്യസന്ധതയും ആശയവും അടിത്തറയും (വെറും സാമ്പത്തികവും ആൾബലവും അല്ലാത്ത) ആത്മാര്‍ത്ഥതയും ഉള്ള ഒരു പാർട്ടിയും നേതൃത്വവും ഇന്ത്യൻ മഹാരാജ്യത്ത് ഇന്നിതുവരെ ഇല്ല. ചെറിയ വ്യത്യാസം കണ്ടത്‌ ഇപ്പറഞ്ഞ ആപ്പിലും കേജരിവാളിലും തന്നെ. അതിന്റേതായ എല്ലാ പരിമിതികളോടും ഭീഷണികളോടും കൂടി... 
ഈയുള്ളവന്‍ ആര്‍ക്കും, ഏതെങ്കിലും മതത്തിനും രാഷ്ട്രീയപാർട്ടിക്കും നേതാവിനും തലച്ചോറ്‌ പണയം വെച്ചിട്ടില്ല.
നല്ലത് കണ്ടാല്‍ അത്, അത് പോലെ നല്ലതായി അംഗീകരിക്കുന്നു.
തെറ്റ് കണ്ടാലും, അത് അതുപോലെ തെറ്റായി ചൂണ്ടിക്കാട്ടുന്നു.
ഡെല്‍ഹി കലാപ വിഷയത്തില്‍ കേജരിവാള്‍ എന്ത് പിഴച്ചുവെന്നും, എന്ത് തെറ്റ് ചെയ്തുവെന്നും ഈയുള്ളവന് ഇനിയും മനസ്സിലായില്ല.
കേന്ദ്രം ഭരിക്കുന്നവർ അവരുടെ പൊലീസിനെ ഉപയോഗിച്ച് ചിലത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പോലെ കളിക്കുമ്പോള്‍ അവരാഗ്രഹിക്കുന്നത് പോലെ ഏതെങ്കിലും ഒരു ഭാഗത്ത് ചേര്‍ന്ന് നിന്ന് കേജരിവാള്‍ പെരുമാറണമായിരുന്നോ?
കാള പെറ്റുവെന്ന് കേട്ട് കേജരിവാള്‍ കയറെടുക്കണമായിരുന്നുവെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
അങ്ങനെ കലാപം പദ്ധതിയിട്ട് നടത്തിയവര്‍ക്ക് ചൂണ്ടിക്കാണിക്കാനും ആയിനത്തില്‍ ഒന്നുകൂടി വര്‍ഗീയധ്രുവീകരണം നടത്താനും ഒരു ഇരയെ കൂടി നല്‍കണമായിരുന്നു എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?
കേജരിവാളിനെ ഈയുള്ളവന് നേരിട്ടറിയില്ല. അദ്ദേഹത്തിന്റെ പാർട്ടിയെയും നേരിട്ടറിയില്ല. 
പക്ഷേ, ഒരു ചോദ്യം ഈയുള്ളവനുണ്ടായി.
ചെറിയ ലോകത്ത് നിന്ന് കാണുന്ന ചെറിയ വൈകാരികമായ പ്രതികരണമായിരുന്നുവോ കേജരിവാള്‍ കാണിക്കേണ്ടിയിരുന്നത്, നടത്തേണ്ടിയിരുന്നത്? 
അങ്ങനെ ആരുടെയെങ്കിലും താല്‍കാലികമായ വൈകാരിക ദാഹവും വിശപ്പും മാറ്റുകയായിരുന്നുവോ അധികാരത്തില്‍ ഇരുന്ന് കൊണ്ട്‌ അദ്ധേഹം ചെയ്യേണ്ടിയിരുന്നത്? ഒട്ടും ദീര്‍ഘവീക്ഷണം ഇല്ലാതെ. യാഥാര്‍ത്ഥ അക്രമികളുടെയും കലാപകാരികളുടെയും ലക്ഷ്യവും ഉദ്ദേശ്യവും സാധിച്ചു കൊടുക്കുന്ന രീതിയില്‍...??? 
അങ്ങനെ ആ അസ്വസ്ഥമായ അവസ്ഥയെ ഒന്നുകൂടി ആളിക്കത്തിക്കുകയായിരുന്നോ അദ്ദേഹം ചെയ്യേണ്ടിയിരുന്നത്? സിനിമയിലെ പോലെ വെറും ഹീറോ ആവാന്‍ 
അത്തരം ഒരു സന്ദര്‍ഭത്തില്‍ വര്‍ഗീയവാദികള്‍ ആഗ്രഹിക്കും പോലെ വര്‍ഗീയമായി വൈകാരികമായി അദ്ദേഹവും പ്രതികരിക്കണമായിരുന്നു എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
വര്‍ഗീയവാദികള്‍ വിരിച്ച വലയില്‍ എളുപ്പത്തില്‍ അവർ ഉദ്ദേശിക്കുന്നത് പോലെ ചെയ്ത്‌ ചെന്നു വീണു കൊടുക്കണമായിരുന്നുവെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? 
അങ്ങനെ ചെയ്തില്ല എന്നതല്ലേ യഥാര്‍ത്ഥത്തില്‍ അദ്ധേഹം കാണിച്ച വിവേകം, പക്വത?
അങ്ങനെ വീണു കൊടുത്തില്ല എന്നതല്ലേ അദ്ധേഹം കാണിച്ച രാഷ്ട്രീയ പക്വത.
സംഭവിച്ച ദുരന്തത്തിലെ തിരുശേഷിപ്പുകള്‍ തിരുത്താനുള്ള അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഊഴത്തെ കാത്തിരുന്നു കൊണ്ട്‌. അവതാനത സൂക്ഷിച്ചു കൊണ്ട്‌.
പൊലീസും പട്ടാളവും തന്റെ അധികാരത്തിനലും നിയന്ത്രണത്തിലുമല്ലെന്ന വ്യക്തമായ ബോധത്തോടെ. 
കത്തിക്കാനുള്ള സമയം പോര തീ അണക്കാന്‍ എന്ന് മനസിലാക്കിക്കൊണ്ട്.
മുറിച്ചിട്ടത് പോലെ എളുപ്പത്തില്‍ മുളപ്പിച്ച് വളര്‍ത്താനാവില്ല എന്ന തെളിച്ചത്തോടെ. 
വൈകാരികമായി ഏതെങ്കിലും ഒരു പക്ഷത്തിന്‌ വേണ്ടി ചാടിയിറങ്ങാതെ, മെല്ലെ, വേണ്ടത്, വേണ്ടിടത്ത്, വേണ്ടത് പോലെ ചെയ്യുക എന്നതല്ലേ അതിലെ യുക്തിയും നീതിയും,....?
ഒപ്പം വർത്തമാനകാല രാഷ്ട്രീയ ഇന്ത്യ ആവശ്യപ്പെടുന്ന, ഇപ്പോൾ യഥാര്‍ത്ഥത്തില്‍ വേണ്ട രാഷ്ട്രീയ നേതൃത്വവും അതുപോലുള്ളതല്ലേ ആവേണ്ടത്‌?

No comments: