വെറും വെറുതെയോ?
അല്ലെന്ന് പറയാനെന്ത് ന്യായം?
ദൈവം തന്നെയും ദൈവമായിരിക്കുന്നത് വെറും വെറുതെ.
പദാര്‍ത്ഥം പദാര്‍ത്ഥമായിരിക്കുന്നത് പോലെ. വെറും വെറുതെ.
അല്ലാതെ ദൈവവും പദാര്‍ത്ഥവും അതായിരിക്കുന്നത് വേറെന്തിന്?
അല്ലേലും സ്വയംഭൂവായ സ്വയംപൂര്‍ണമായ ദൈവത്തിനും പദാര്‍ത്ഥത്തിനും എന്ത് ലക്ഷ്യമുണ്ടാവാന്‍? എന്ത് അര്‍ത്ഥമുണ്ടാവാന്‍? എന്താവശ്യമുണ്ടാവാന്‍?
ദൈവം മാത്രം തന്നെയല്ലാതെ,
പദാര്‍ത്ഥം തന്നെയല്ലാതെ അവയ്ക്ക് എന്തര്‍ത്ഥം, എന്ത് ലക്ഷ്യം, എന്താവശ്യം?
ദൈവം എന്നത് പോലും, അഥവാ പദാര്‍ത്ഥം എന്നത് പോലും, ദൈവത്തിനും പദാര്‍ത്ഥത്തിനും ലക്ഷ്യവും അര്‍ത്ഥവും ആവശ്യവും അല്ലെന്നിരിക്കെ.
*****
പ്രകൃതി മഹാത്ഭുതം തന്നെ.
സ്ഥൂലപ്രപഞ്ചവും സൂക്ഷ്മാണുവും ഒരുപോലെ അതിവിശാലം.
അങ്ങിനെ തന്നെ നമ്മളോട് പറഞ്ഞു പോകും.
അതിലെ വൈവിധ്യവും സൂക്ഷ്മമായ വിന്യാസവും സംവിധാനവും കണ്ടാല്‍.
എന്നാലും അക്ഷരപ്പിശക് പോലെ
രോഗം, ദാരിദ്ര്യം, വൈകല്യം, വേദന, ദുഃഖം, വിഷമം.
ഇത്രക്ക് ഗംഭീരമായ വിന്യാസവും സംവിധാനവും അവയെ ഇല്ലാതാക്കിയില്ല.
ഉദേശത്തിനുള്ളിലെ ഉദ്ദേശരാഹിത്യം പോലെ.
ഉദ്ദേശരാഹിത്യത്തിനുള്ളിലെ ഉദ്ദേശം പോലെ.
*******
വെറും വെറുതെ നടക്കുമ്പോള്‍ വരെ എത്രയെല്ലാം ഉറുമ്പുകളും, സൂക്ഷ്മമെന്ന് നാം കരുതുന്ന, ജീവികളും കാലിന്നടിയില്‍ ചതഞ്ഞരയുന്നു, വേദനിച്ചു പുളയുന്നു, മരിക്കുന്നു.....!!!!!
വെറും വെറുതെ തന്നെ നടക്കുമ്പോൾ നടക്കുന്ന സൃഷ്ടിയും സ്ഥിതിയും സംഹാരവും പോലെ.
കൊതുകിനെയും അണുക്കളെയും എന്തെല്ലാം കരുതി, പേടിച്ചും ശ്രദ്ധിച്ചും സൂക്ഷിച്ചും, നാം പീഡിപ്പിക്കുന്നു, വേദനിപ്പിക്കുന്നു, ഇല്ലായ്മ ചെയ്യുന്നു, രോഗികളാക്കുന്നു.
വൃത്തിയെന്നും ആരോഗ്യമെന്നും ഒക്കെ പേരിട്ട്.
പ്രകൃതിക്ക് ആധാരവും മാധ്യമബിന്ദുവും ശ്രദ്ധാകേന്ദ്രവും നാമെന്ന് നാം കരുതും പോലെ.
വെറുതെ ഇരിക്കുന്ന പൂച്ചയും ഓരോ അണുവും അങ്ങനെ തന്നെ കരുതും പോലെ.
നടന്ന് പോകുന്ന കാലന്‍മാര്‍ നാമെന്ന് അറിയാതെയും നാം പറഞ്ഞു വെക്കുന്നു.
*****
ഇന്നിപ്പോൾ ഈയുള്ളവന്റെ കാലിന്നടിയില്‍, ഈയുള്ളവന്‍ പോലുമറിയാതെ, ഏതോ മരച്ചില്ലയില്‍ നിന്നും വീണ പക്ഷിക്കുഞ്ഞ് ചതഞ്ഞരഞ്ഞു.
ഉദ്ദേശരഹിതമായ ഉദ്ദേശം പോലെ.
രക്തം തെറിച്ച് കാലുകള്‍ തണുത്തപ്പോൾ മാത്രം ഈയുള്ളവനതറിഞ്ഞു.
എത്ര നിസാരമായി അത് സംഭവിച്ചു?
ഈയുള്ളവന്‍ ഞെട്ടണമായിരുന്നോ?
ഞെട്ടിയിട്ടും എന്ത് കാര്യം?
ഈയുള്ളവന് ഒന്നും മനസ്സില്ലായില്ല.
എന്ത് ചെയ്യാം? വെറും നിസ്സഹായത.
നിസ്സഹായതയിലെ നിസ്സംഗത.
ഗാലറിയില്‍ വെറുതെ ഇരുന്ന് കളി കാണും പോലെ തന്നെ നാം എല്ലാം ചെയ്യുന്നു.
എല്ലാറ്റിനെയും കൊല്ലുന്നു.
വളരേ നിസ്സംഗമായി.
ജീവിക്കും പോലെ.
നൃത്തം ചെയ്യും പോലെ.
താഴ്ചയും ഉയര്‍ച്ചയും ജനനവും മരണവും ഒരുപോലെ ഒന്നില്‍ ലയിപ്പിച്ച്.
കളിക്കുന്നവനും കാണുന്നവനും കളിയും കളിയരങ്ങും ഒന്നാകുന്ന കാര്യമറിയാതെ. അറിയാനില്ലാതെ.
വെറും സാക്ഷിയായും
നാം കാല്‍വെപ്പ് നടത്തുന്നു, കൊല്ലുന്നു.
*****
ശരിയാണ്.
ഈയുള്ളവന്റെ ശരീരത്തിലും കോശത്തിലും സൂക്ഷ്മാണുവിലും സ്ഥൂലപ്രപഞ്ചത്തിലും ഒരുപോലെ കണ്ടാല്‍ തീരാത്തത്ര, പറഞ്ഞറിയിക്കാനാവാത്തത്ര മഹാത്ഭുതങ്ങൾ, മഹാവിന്യാസങ്ങൾ, അതിസാഹസിക സംവിധാനങ്ങൾ. .
ആലോചിക്കുമ്പോള്‍ അന്തം വിട്ടുപോകുന്നു.
സ്ഥൂലപ്രപഞ്ചത്തിനുള്ളത്ര ആഴവും പരപ്പും സൂക്ഷ്മാണുവിലും, കോശങ്ങള്‍ക്കുള്ളിലും.....
അടക്കിനിര്‍ത്താനാവാത്ത അത്ഭുതത്തോടെ നോക്കിക്കാണാം.
അതുവെച്ച് ദൈവം ഉണ്ടെന്നോ ഇല്ലെന്നോ കരുതാം.
ആ ദൈവം പദാര്‍ത്ഥം മാത്രമാണെന്നോ, ഊര്‍ജമോ ബോധമോ എന്നൊക്കെ കരുതാം.
നിസ്സഹായതയില്‍ വേരാഴ്ത്തി ആ ദൈവത്തെ സ്തുതിക്കുകയോ മഹത്വപ്പെത്തുകയോ ചെയതുപോകാം.
പക്ഷേ, അങ്ങനെ ചെയ്യുന്നതൊന്നും ഉള്ളതോ ഇല്ലാത്തതോ ആയ ദൈവത്തിന്റെ ആവശ്യങ്ങളില്‍ പെട്ടതാണെന്ന് വരുത്തരുത്.
നിങ്ങളുടെ ആശ്ചര്യവും നിസ്സഹായതയും മാത്രമായല്ലാതെ.
പോരാത്തതിന് ഈ ആശ്ചര്യവും ചിന്തയും ഉണ്ടാവുന്നു എന്നത് കൊണ്ടൊന്നും ജീവിതം കൂടുതല്‍ അര്‍ത്ഥമുള്ളതാണെന്നും, വെറും വെറുതെയല്ലെന്നും അര്‍ത്ഥമാക്കരുത്.
ദൈവം, അല്ലെങ്കിൽ പദാര്‍ത്ഥം, എന്തര്‍ത്ഥം പുതുതായി ഉണ്ടാക്കാനാണ്?
ദൈവത്തിനില്ലാത്ത എന്തര്‍ത്ഥം ജീവിതത്തിന് ഉണ്ടാവാനാണ്?