Sunday, February 24, 2019

മരണത്തെ വിട്ടുകൊടുക്കുന്നിടത്താണ് മതത്തിന്റെ കടന്നു കയറ്റം.

ചത്ത നായയെയും പൂച്ചയേയും 
സ്വന്തംവീട്ടുവളപ്പിൽ കുഴിച്ചിടാം. 
പക്ഷെ മരിച്ച ഉപ്പയെയും ഉമ്മയെയും പറ്റില്ല. 
എവിടെയാണ്, എന്താണ് നമുക്ക് പിഴച്ചത്?

**********

ബദ്റിലും ഉഹ്ദിലും ഖന്ധക്കിലും 
മരിച്ചവരെ കുളിപ്പിച്ചിട്ടില്ല
പളളിക്കാട്ടിൽ അടക്കം ചെയ്തിട്ടില്ല
എവിടെയാണോ മരിച്ചത് അവിടെ.

**********

പള്ളിക്കാട്പൊതുസ്ഥലമെങ്കിൽ
അവിടെ മറ്റു മതസ്ഥരെ അടക്കരുതെന്നും
ഏതു ഖുർആനിലും ഹദീസിലും ആണുള്ളത്?
ശ്മാശാനത്തിനു എന്ത് മതം?

*******

മുസ്ലിം മരിച്ചാൽ പള്ളിക്കാട്ടിൽ
കുഴിച്ചുമൂടണമെന്നു ഏതു ഖുർആനിലും
ഹദീസിലും ആണുള്ളത്?

പിന്നെന്തിനു വേറെ വേറെ ശ്‌മശാനം?


Question:

പട്ടിയെയും, പൂച്ചയെ പോലേയുമാണ് മാതാപിതാക്കൾ എന്ന് താങ്കൾ കരുതിയത്…?

Answer:
മാതാപിതാക്കളെ പട്ടിയെയും പൂച്ചയേയും പോലെ എന്ന് പറയുകയായിരുന്നില്ല. ജീവിതത്തിന്റെ ഭാഷയിൽ ഒന്നുതന്നെയെങ്കിലും നമ്മുടെ സാമൂഹ്യ ക്രമത്തിന്റെ അടിസ്ഥാനത്തിലും നാം അകപ്പെട്ട മാനത്തിന്റെയും അതുണ്ടാക്കുന്ന മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ വേറെ വേറെ തന്നെയാണ്. വില വ്യത്യാസമുണ്ട്.

പട്ടിയെയും പൂച്ചയേയും നിങ്ങൾ സ്വന്തം പറമ്പിൽ അടക്കം ചെയ്യുന്നു.  മാതാപിതാക്കളുടെ ശവശരീരം  കാട്ടിൽ കൊണ്ട് പോയെറിയുന്നു. അങ്ങനെ ചെയ്യുന്നവർ പട്ടിക്കും പൂച്ചക്കും അവയുടെ ശവശരീരത്തിനും കൊടുക്കുന്ന വില പോലും മാതാപിതാക്കൾക്കും അവരുടെ  ശവശരീരത്തിനും കൊടുക്കുന്നില്ല എന്ന് സൂചിപ്പിക്കുകയായിരുന്നു. അതും ഒരു പ്രത്യേക വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ.

ശവശരീരം എന്ന നിലക്ക് എല്ലാം ഒരുപോലെ ആണെങ്കിലും, മണ്ണ് എല്ലാ ശവത്തെയും ഒരുപോലെയാണ് എതിരേൽക്കുന്നതും ദ്രവിപ്പിക്കുന്നതുമെങ്കിലും, സ്വന്തം മാതാപിതാക്കളുടെ ശവശരീരത്തെ സ്വന്തം വീട്ടുവളപ്പിൽ അടക്കം ചെയ്‌താൽ എന്ത് തെറ്റ് എന്ന് ചോദ്യ ചെയ്യുക മാത്രമായിരുന്നു.

അല്ലാതെ പൂച്ചയേയും പട്ടിയെയും പോലെ മാതാപിതാക്കളെ കരുതുകയായിരുന്നില്ല. ശവശരീരത്തിന്റെ കാര്യത്തിൽ എല്ലാം ഒരുപോലെ ആണെങ്കിലും.  എല്ലാം ഒരു പോലെ തന്നെ മണ്ണിൽ ദ്രവിക്കുമെങ്കിലും.


question:
താങ്കളുടെ പോസ്റ്റിൽ യുദ്ധങ്ങളുടെ പേരുകളാണ് കാണുന്നത് ..
യുദ്ധത്തിലല്ലാതെ മരിച്ചവരെ എങ്ങിനെയാ കബറടക്കിയത് ?
താങ്കളുടെ മയ്യത്തു എന്ത് ചെയ്യാനാ വസിയത് ?

Answer:
യുദ്ധങ്ങളുടെ പേരുകൾ തന്നെയാണ് പോസ്റ്റിൽ പറഞ്ഞത്. ശരിയാണ്. യുദ്ധങ്ങളിലായാലും ഇയ്യുള്ളവൻ പറഞ്ഞത് പോലെ തന്നെയല്ലേ സംഭവിച്ചത്? കുളിപ്പിക്കാതെ, എവിടെ മരിച്ചോ അവിടെ മറവു ചെയ്തുകൊണ്ട്. ശേഷം എന്ത് ന്യായങ്ങൾ ഉണ്ടാക്കിയാലും. ഒരുതരം പോസ്റ്റ് ഇവന്റ് തിയറി ആയിക്കൊണ്ട്.

ശവത്തെ അങ്ങനെയൊക്കെ കൈകാര്യം ചെയ്യാവുന്നതേ ഉള്ളു എന്നതിനുള്ള തെളിവ് തന്നെയല്ലേ അത്? കുളിപ്പിക്കാനില്ല, പള്ളിക്കാട്ടിൽ കൊണ്ട് ചെന്ന് വെക്കാനില്ല എന്നതിന്. സന്ദർഭത്തിന്റെ തേട്ടമനുസരിച് ചെയ്യാം, ഒന്നും നിര്ബന്ധമില്ല എന്നതിന്.  താങ്കളുടെ മതവിശ്വാസപ്രകാരം പോലും.



Question:
പിന്നെ ഈ ''ശവങ്ങൾ' എന്ത് ചെയ്യണം സാറേ?


Answer:
സുഹൃത്തേ ശവത്തിനു എന്ത് സംസ്കാരം? ശവമടക്കുന്നതിനു എന്ത് സംസ്കാരം? വേസ്റ്റ് ഒഴിവാക്കുന്നതല്ലേ? വിശ്വാസവും രാഹിത്യവും ഒക്കെ ജീവിച്ചിരിക്കുമ്പോഴല്ലേ? ശവമടക്കുന്നതിനു ഐഡന്റിറ്റി പ്രശ്നം ഉദിപ്പിക്കുന്നതിലാണ് പ്രശ്നം.

മരിച്ചവൻ വിശ്വസിച്ചാണോ അല്ലെ മരിച്ചത് എന്നൊക്കെ എങ്ങിനെ ഉറപ്പിക്കും? ഏതൊരു സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടോ അതവന്റെ മതവും വിശ്വാസവുമായി കണക്കാക്കുന്നത് മാത്രമല്ലേ? വിശ്വാസപരമായ ഐഡന്റിറ്റിക്കു അത്രയല്ലേ അർത്ഥമുള്ളൂ.

ഉപ്പാന്റെയും ഉമ്മാന്റെയും മകനായാൽ മുസ്ലിം. അച്ഛന്റെയും അമ്മയുടെയും മകനായാൽ ഹിന്ദു. അത്രയല്ലേ ഉള്ളൂ? അച്ഛനും അമ്മയും ഉമ്മയും ഉപ്പയും അപ്പടി തന്നെ ഹിന്ദുവും മുസ്ലിമും ആയവർ. അറിവും തെരഞ്ഞെടുപ്പും കൊണ്ടല്ല. വലിയ അറിവും അന്വേഷണവും സാധ്യമല്ലാത്തതിനാൽ കിട്ടിയതിനെ കൊണ്ട് നടന്നും ന്യായീകരിച്ചും ജീവിച്ചവർ. സാമൂഹ്യ സാമുദായിക സുരക്ഷിതത്വം നഷ്ടപ്പെടുന്ന ഒന്നും ചെയ്യാതെ, ചോദ്യം ചെയ്യാതെ.

*******

ശവത്തെ മൂടുന്നതിനു മുൻപ് വീട്ടിൽ വെച്ച് എന്ത് ചെയ്യുന്നു എന്നിടത്തല്ലേ ആചാരങ്ങളും മറ്റും ഏറിയാൽ ഉള്ളൂ? അടക്കുന്നിടത്തില്ലല്ലോ?

എങ്കിൽ എല്ലാവരെയും ഒരിടത്തു കുഴിച്ചിടാനാവുന്നതല്ലേ നല്ലത്? മത-ജാതി വ്യത്യാസം ഒന്നും ഇല്ലാതെ. ഒരു പൊതുസ്ഥലത്തു. മത-ജാതി ഐഡന്റിറ്റി പ്രശ്നമാവാവാതെ. അങ്ങനെ ചിന്തിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും തെരഞ്ഞെടുക്കുന്നവർക്കുമെങ്കിലും. മത - ജാതി ഐഡന്റിറ്റിക്കും ശവമടക്കിനും വേണ്ടി ജീവിത കാലത്തു ചിന്താപരമായും വിശ്വാസപരമായും പീഡിപ്പിക്കപ്പെടാതിരിക്കാൻ. ആർക്കും അത് വെച്ച് വിശ്വാസപരമായ മേൽക്കോയ്മ സാധിക്കാതിരിക്കാൻ. മഹല്ലിന്റെയും സംഘടനകളുടെയും ബഹിഷ്കരണങ്ങൾ അത് വെച്ച് നടക്കാതിരിക്കാൻ.

മറ്റിതര മതസ്ഥരെ പള്ളിക്കാട്ടിൽ വെക്കരുതെന്നും, മുസ്ലിം മരിച്ചാൽ മറ്റിടങ്ങളിൽ വെക്കരുതെന്നും വരേണ്ടതില്ല. അതിനു ഖുർആനോ ഹദീസോ പിന്തുണ നൽകുന്നുമില്ല. പള്ളിക്കാടിനു വിശ്വാസവുമായി ഒരു ബന്ധവും ഇല്ല.

ഒരാൾ മുസ്ലിം ആണോ മുസ്ലിം ആയി ആണോ മരിച്ചത് എന്ന് ആർക്കും മനസ്സിലാവുന്നതല്ല. മുസ്ലിം സമുദായത്തിൽ ജനിച്ചത് കൊണ്ട് മുസ്ലിം എന്ന് ധരിച്ച ഏതു വിശ്വാസിയെയും പള്ളിക്കാട്ടിൽ അടക്കാമെങ്കിൽ, ആരെയും പള്ളിക്കാട്ടിൽ അടക്കുന്നതിൽ എന്താണ് തെറ്റ്?

വിശ്വാസം തലച്ചോറിന്റെയും മനസ്സിന്റെയും ആർക്കും വ്യക്തമാവാത്ത അമൂർത്തമായ പ്രശ്നം അല്ലെ? അത് വെച്ച് ശവത്തെ എങ്ങിനെ വകതിരിക്കാം?

പള്ളിക്കാട്‌ ഖുറാനികമോ ഹദീസിന്റെ അടിസ്ഥാനത്തിലോ അല്ല. ബദ്റിലും ഉഹ്ദിലും ഖന്ധക്കിലും മരിച്ചവരെ കുളിപ്പിച്ചിട്ടില്ല പളളിക്കാട്ടിൽ അടക്കം ചെയ്തിട്ടില്ല.  എവിടെയാണോ മരിച്ചത് അവിടെ മാത്രമല്ലാതെ.

അത്രയേ ഉള്ളു, അത്രക്കെ ഉള്ളു. ശവത്തിന്റെ കാര്യം, ശവമടക്കിന്റെ കാര്യം.  വേറെ എന്തെല്ലാം ന്യായങ്ങൾ നമ്മൾ പിന്നീട് ഫത്‌വകളായി പറഞ്ഞുണ്ടാക്കിയാലും. വളരെ ലളിതം. വർഗീയവും സാമുദായികവും ആക്കാനില്ലാത്തത്.

*********


Question:
ഇത്തരം അനാവശ്യ ചർച്ചകൾ നടത്തുന്നതിന് പകരം ജീവിച്ചിരിക്കുന്ന മനുഷ്യരെക്കുറിച് സംസാരിച്ചാൽ പോരെ സുഹൃത്തെ.?


Answer:
സുഹൃത്തേ എല്ലാ വിഷയങ്ങളും സംസാരിക്കുന്നുണ്ട്. താങ്കൾ അറിയാതെ പോകുന്നതാണോ എന്നറിയില്ല. അതല്ല ഈ വിഷയത്തിൽ നിന്നും രക്ഷപ്പെടാൻ താങ്കൾ ഇങ്ങനെ പറയുന്നതാണോ എന്നുമറിയില്ല.

ഇത് പറയുമ്പോൾ അത് പറഞ്ഞുകൂടേ, അത് പറയുമ്പോൾ ഇത് പറഞ്ഞുകൂടേ എന്നുള്ള ചോദ്യം എപ്പോഴും ബാക്കിയായുണ്ടാവും. ഒരുപകാരവും ചെയ്യാത്ത ഒരു ചോദ്യമായി. പ്രസക്തമായ വിഷയം എന്തെന്ന് തെരഞ്ഞെടുക്കാനും മനസ്സിലാക്കാനുമുള്ള വിവേകം മറ്റുള്ളവർക്കും ഉണ്ടെന്നും, ഉണ്ടാവുമെന്നും, അത് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ഓരോരുവർക്കും ഉണ്ടെന്നും താങ്കൾ മനസ്സിലാക്കുമെന്നും മനസിസിലാക്കുന്നു.

പിന്നെ താങ്കളടക്കം ജീവിക്കുന്നവരുടെ എല്ലാവരുടെയും ഏറ്റവും വലിയ പ്രശനം മരണവും മരണാനന്തരവും തന്നെ അല്ലെ?

അല്ലെന്ന വാദം താങ്കൾക്കുണ്ടാവുമെന്നു തോന്നുന്നില്ല. ജീവിതം പരീക്ഷണമാണെന്നും പാരത്രികം ലക്‌ഷ്യം എന്നും പറഞ്ഞല്ലേ ഒട്ടുമിക്കവരുടെയും മതം ഉൽഘോഷിക്കുന്ന ജീവിതം. അതിനാൽ തന്നെ അല്ലെ മരണവും മരണാനന്തരവും വെച്ച് തന്നെ, അത് മാർക്കറ്റ് ചെയ്തു തന്നെ മതങ്ങൾ  വളരുന്നത്.

എന്നിരിക്കെ അതെ കുറിച്ച ചില ന്യായമായ അഭിപ്രായങ്ങൾ പറയുമ്പോൾ മാത്രം താങ്കൾ ഇങ്ങനെ പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ?  ശവമടക്കിന്റെ കാര്യത്തിൽ മതം തിരിച്ചു കാര്യങ്ങൾ ചെയ്യാൻ മതപരമായി പോലും വലിയ നിർദ്ദേശങ്ങൾ ഇല്ലെന്നു സൂചിപ്പിക്കുന്നത് മാനവികതയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമാത്തിന്റെ ഭാഗം കൂടിയാണ്.  ഇതൊക്കെ വെച്ച് വിഭജിക്കുന്ന കുടിലതന്ത്രങ്ങൾ ഒഴിവാക്കാൻ.

താങ്കൾ സത്യസന്ധമായിട്ടാവാം.  പക്ഷെ, വേറെ ഒരാൾ ഇങ്ങിനെ ഇതിനു മുൻപ് വന്നിരുന്നു. കൃത്യമായി പറഞ്ഞാൽ നിപ വൈറസിന്റെ സമയത്. വലിയ അഭിപ്രായം പറയുംപോലെ "ഇപ്പോൾ ഇതൊക്കെയാണോ പറയേണ്ടത്" എന്ന വലിയ വായിലെ വാക്കുമായി. പിന്നെ എവിടെയും അദ്ദേഹത്തെ മഷിയിട്ടു നോക്കിയിട്ടും കണ്ടിരുന്നില്ല. നല്ല പ്രസക്തമായ വിഷയങ്ങൾ സംസാരിച്ചപ്പോൾ അതിലൊന്നും അയാൾ പ്രത്യക്ഷപ്പെട്ടുമില്ല എന്നത് ചരിത്രവും തെളിവും.

നല്ല വിഷയങ്ങളിൽ നല്ല കാര്യങ്ങൾ ഇട്ടാൽ മിണ്ടാത്ത ആൾ ഇങ്ങനെ ഒരവസരം (തന്റെ അസൂയയും അസഹിഷ്ണുതയും വെച്ച് ഇടപെടാനാവുന്നത്) കിട്ടുമ്പോൾ തന്റെ അസഹിഷ്ണുതയും അസൂയയും മറയാക്കി വരും. നല്ല പിള്ള ചമഞ്ഞുകൊണ്ട്. കപടന്മാർ അങ്ങനെയാണല്ലോ. പരാജപ്പെടുത്താൻ കൂടും. വിജയിച്ചാൽ കൂടെയും നിൽക്കും.

നല്ല പിള്ള ചമയുന്ന ഇത്തരക്കാരുടെ പരിപാടി തങ്ങൾക്കു ശ്രദ്ധ കിട്ടുന്ന സ്റ്റേജുകളും സദസ്സുകളും  അന്വേഷിച്ചു നടക്കലും  ഒരു ഫോട്ടോയും പേരും പത്രത്താളിലും ടി വി യിലും  വരുത്തിക്കലും.  അതിനു വേണ്ടി ഏതറ്റം അവരെയും പോകുക.

വിഷയം അസഹിഷ്ണുതയായിരുന്നു.  ഒരുതരം അസൂയ. പിന്നെ പ്രശസ്തി മോഹവും.  അത് ഫലിപ്പിക്കാൻ കിട്ടുന്ന അവസരത്തെ ഉപയോഗിക്കുക. കപടമായി മുൻപിൽ ഒന്നും പിന്നിൽ നിന്നു മറ്റൊന്നും ചെയ്യുന്നതായും പറയുക.   താങ്കൾ അങ്ങനെയല്ലെന്ന ഉറപ്പോടെ ഇത്തരുണത്തിൽ ഓർമിച്ചു പറഞ്ഞു എന്ന് മാത്രം.

*************

Question:
ചില ശവശരീരങ്ങൾ ദ്രവിക്കാതെ നിലനിൽക്കുന്നതായി കാണുന്നുണ്ടല്ലോ? ഇയ്യടുത്തും അങ്ങനെ ഒരു വാർത്ത വന്നല്ലോ? എങ്കിൽ കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങൾ പൂശി അടക്കുന്നതിൽ ഒരർത്ഥമില്ലേ? അങ്ങനെ എപ്പോഴെങ്കിലും ആ ശരീരം അപ്പടിയെ കാണുമ്പോൾ മറ്റൊന്നും മണക്കാതിരിക്കാനെങ്കിലും?

Answer:
സുഹൃത്തേ, ഏതെങ്കിലും ശരീരം അങ്ങിനെ ദ്രവിച്ചുപോകാതെ ഇരിക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ ദ്രവിപ്പിക്കാൻ കഴിയാത്ത മണ്ണിന്റെ പ്രശ്നം ആയിരിക്കും.

അങ്ങിനെ ദ്രവിക്കാതാവുന്നത് ഏതെങ്കിലും പ്രത്യേക മതക്കാരന്റെ മാത്രം ശരീരമല്ല. പലയിടങ്ങളിൽ നിന്നും ഇങ്ങനെ പറഞ്ഞു കേൾക്കുന്നുണ്ട്. അറേബ്യൻ മരുഭൂമിയിൽ മണ്ണ് ദ്രവിക്കാൻ സഹായകം അല്ലാത്തതിനാൽ പലയിടങ്ങളിലും അങനെ ദ്രവിക്കാത്തതായി കേട്ടിട്ടുണ്ട്. അതാരുടെയും പുണ്യമോ ശ്രേഷ്ഠതയോ അല്ല. ഒരു മതവും അങ്ങനെ ആരുടെയെങ്കിലും ശരീരം എന്തെങ്കിലും പ്രത്യേകതകൊണ്ട് ദ്രവിക്കില്ല എന്ന് പറഞ്ഞതായും കേട്ടിട്ടില്ല. അങ്ങനെ ഒരു പ്രതിഫലം ഒരു മതവും ഒരു പുണ്യ ആത്മാവെന്നു വിളിക്കപ്പെടുന്ന ആർക്കും കൊടുത്തതായി എവിടെയും കാണാൻ പറ്റില്ല.  അങ്ങനെ ദ്രവിക്കാത്തത്  ഏതെങ്കിലും മതവിശ്വാസത്തെ ശക്തിപ്പെടുത്തുന്നുമില്ല.

ഇനി ഇങ്ങനെ മരിച്ചിട്ടു ദ്രവിക്കാതിരുന്നവരുടെ ശരീരം. ജീവിച്ചിരുന്നപ്പോൾ ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, മധ്യവയസ്സു, വാർദ്ധക്യം, എന്നീ അവസ്ഥാമാറ്റങ്ങൾക്കു വിധേയമായിട്ടുണ്ടെങ്കിൽ ആ ശരീരം പ്രകൃതിപരമായ എല്ലാ മാറ്റങ്ങൾക്കും വിധേയമാകുന്ന ശരീരം ആയിരുന്നു എന്നർത്ഥം. അവർ ജീവിച്ചിരുന്ന കാലത്ത് രോഗം വന്നവരും ശരീരത്തിൽ പൊട്ടുണ്ടായിരുന്നവരും ആയിരുന്നെങ്കിൽ എല്ലാ ശരീരത്തിനും പറഞ്ഞ ജീർണത അവർക്കും ബാധകം ആയിരുന്നു എന്നർത്ഥം. പിന്നീട് മരിച്ചതിനു ശേഷം മണ്ണിന്റെ ദ്രവിപ്പിക്കാനുള്ള (അണുക്കൾ ഇല്ലാത്തത് കൊണ്ടുള്ള) കഴിവില്ലായ്മ കാരണം വല്ലയിടത്തും വല്ല ശരീരവും ദ്രവിച്ചിട്ടില്ലെങ്കിൽ അതൊരു വാദമായി കൊണ്ട് നടക്കാനില്ല. അത് ആ മണ്ണിന്റെ കഴിവ് കേടായി മാത്രം കണ്ടാൽ മതി.

ശവത്തെ എവിടെ മൂടിയാലും പ്രശ്നമില്ല എന്ന ഒരു പോസ്റ്റിൽ ഇതെങ്ങിനെ ഒരു പ്രതിവാദമാകുന്നു എന്നത് തീരെ മനസ്സിലാകുന്നില്ല.

പിന്നെ ഈ വാർത്ത വന്നിരിക്കുന്നത് കേരളത്തിലെ തന്നെ വളരെ വിശ്വാസപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഭാഗത്തു നിന്നാണെന്നത് എടുത്തു പറയേണ്ട കാര്യം ആണ്. നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തെ ഒരു നിലക്കും ബാധിക്കുന്നതല്ലെങ്കിലും, ഈ വാർത്ത എത്രത്തോളം ശരിയാണ് എന്നത് ശരിക്കും പഠനവിധേയമാക്കേണ്ടതാണ്.    മുഖ്യധാരാ വാർത്താ മാധ്യമങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്തതായി കണ്ടിട്ടില്ല.

പിന്നെ താങ്കൾ പറഞ്ഞത് പോലെ ഒരു വാദം യഥാർത്ഥത്തിൽ ഇസ്ലാമിലും ഇല്ല.  ശരീരത്തെ മണ്ണ് തിന്നില്ല എന്നത്. അങ്ങനെ വന്നാൽ മതം വീണ്ടും പരാജയപ്പെടും. മഹാ മഹാ ഭൂരിപക്ഷവും പരാജയപ്പെടും. ഇത്രയെല്ലാം മതങ്ങൾ  കഹ്ഷ്ടപ്പെട്ടു ശ്രമിച്ചിട്ടും കേവലം ഒന്നോ രണ്ടോ പേരെയേ ലോകത്ത്  ദ്രവിച്ചുപോകാതെ കിട്ടിയിട്ടുള്ളു എന്ന് വരും. അങ്ങനെയുള്ളവരുടെ വൃത്തിക്ക് വേണ്ടിയും സുഗന്ധത്തിനു വേണ്ടിയുമാണ് ശവത്തെ കുളിപ്പിക്കുന്നത് എന്ന വാദവും പുതുതായി ഉണ്ടാക്കേണ്ടിവരും. പ്രവാചകനുപോലും അറിയാത്ത, പറയാൻ കഴിയാത്ത പുതിയ വാദം പ്രവാചകന്റെ പേരിൽ ഉണ്ടാക്കേണ്ടി വരും.


*********

Question:
ഫ്ലാറ്റിൽ ആണെങ്കിൽ കുടുങ്ങുല്ലേ?


Answer:
സുഹൃത്തേ എവിടെയും കുഴിച്ചുമൂടാം എന്ന് വരേണം, അതിലാണ് ശരി. അത് സമർത്ഥിക്കാൻ മാത്രമേ  ശ്രമിച്ചിട്ടുള്ളു. പള്ളിക്കാട്ടിൽ വേണ്ടെന്നും അരുതെന്നും പറയാൻ അല്ല ശ്രമം.

പള്ളിക്കാട്ടിലും ആവാം. മറ്റെവിടെയും ആവുമ്പോലെ. അത്രമാത്രം. പള്ളിക്കാട്ടിൽ തന്നെ വേണം എന്ന ധാരണ വേണ്ടതില്ല.

തിരുത്തുക മാത്രം. പള്ളിക്കാട്ടിലാവുമ്പോൾ എന്തോ പുണ്യം ഉണ്ടെന്ന ധാരണ തിരുത്തുക. പള്ളിക്കാട്ടിലാവൽ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന ധാരണ തിരുത്തുക. പള്ളിക്കാട്ടിലല്ലെങ്കിൽ എന്തോ തെറ്റുണ്ടെന്ന ധാരണ തിരുത്തുക. സ്വന്തമായി സ്ഥലമുള്ളവനും കാട്ടിലേക്ക് വലിച്ചെറിയുന്ന ഏർപ്പാടാവരുത് എന്ന് മാത്രം ഉറപ്പിക്കാൻ. സ്വന്തം വളപ്പിൽ നായക്കും പൂച്ചക്കും ഉള്ള സ്ഥാനമെങ്കിലും സ്വന്തം ഉമ്മാക്കും ഉപ്പാക്കും മകനും നൽകാം എന്ന് മാത്രം സൂചിപ്പിക്കാൻ. അതും വലിയ ഒരു മതവിശ്വാസത്തിന്റെ മറപിടിച്ചു നിർബന്ധം പോലെ. തെറ്റിച്ചാൽ എന്തോ പാതകം ചെയ്യുന്നത് പോലെ. പള്ളിക്കാട്ടിൽ അടക്കുന്നത് സ്വർഗപ്രവേശത്തിനുള്ള ന്യായവും, അല്ലാത്തത് നരകപ്രവേശത്തിനുള്ള ന്യായവും എന്ന ധാരണ തിരുത്തുക.

താങ്കൾ ഉന്നയിച്ചത് ശരിയായ കാര്യമാണ്. സ്വന്തമായ സ്ഥലം ഇല്ലാത്തവൻ എന്ത് ചെയ്യണം?

അവൻ പൊതുസ്ഥലത്തു വെക്കേണം. ശരിയാണ്. ആ പൊതുസ്ഥലം പള്ളിക്കാട്‌ എന്ന് മാത്രമാവേണ്ടതില്ല. പള്ളിക്കാടും ആവാം എന്നുമാത്രം.

പൊതുസ്ഥലം മതം വിഭജിച്ചുണ്ടാക്കുന്നതാവരുത്. ആശുപത്രിയും സ്കൂളും പോലെ സർക്കാർ വക ഉണ്ടാവേണ്ടതാണ്.  സർക്കാർ ശ്മാശാനങ്ങൾ ഉണ്ടാവണം. മതേതരമായി എല്ലാവർക്കും ഒരുപോലെ കൊണ്ടുവന്നു വെക്കാവുന്ന സ്ഥലം.  ഓരോ പഞ്ചായത്തിലും ഒരു പൊതുശ്മശാനം. മരിച്ചാലെങ്കിലും ഇവരെല്ലാം ഒരുമിക്കട്ടെ. മതജാതി ഭേദമാന്യേ.

മരണത്തെ മതത്തിനു വിട്ടുകൊടുക്കുന്നിടത്താണ് മതത്തിന്റെ കടന്നു കയറ്റം. നിസ്സഹായതയെ മുതലെടുക്കുന്ന കടന്നുകയറ്റം. എല്ലാ  അധിനിവേശവും നിസ്സഹായതയെ മുതലെടുത്തു കൊണ്ട് മാത്രമാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. മരണവീട് മതം ഏറ്റെടുക്കുകയാണ്. മതത്തെ മാർക്കറ്റ് ചെയ്യാനുള്ള ഏറ്റവും വലിയ എളുപ്പ വഴിയാക്കുകയാണ് മരണത്തെ. അവിടെ എല്ലാവരും അറിയാതെയോ അറിഞ്ഞോ വഴിപ്പെട്ടുപോവുകയും മൗനികളാവുകയും ചെയ്തു പോകുന്നു.

പിന്നെ, അങ്ങനെ പൊതുസ്ഥലത്തും സ്വന്തം വീട്ടുവളപ്പിലും ശവം മറവു ചെയ്യുന്നത് ഒരു മതവിശ്വാസത്തിനും എതിരല്ല.  ഒരു മതവിശ്വാസവും അങ്ങനെ ഒരു തിട്ടൂരം എവിടെയും ഉണ്ടാക്കിയിട്ടില്ല, ഇറക്കിയിട്ടില്ല. നമ്മൾ ശീലങ്ങളിലൂടെ സ്വാർത്ഥ താല്പര്യസംരക്ഷണാര്ഥം ഉണ്ടാക്കിയ ആചാരങ്ങളും സംവിധാവനവും മാത്രമാണ് എല്ലാം.

********

Question:
നീ എത്ര ദിവസമായി ഇതും കൊണ്ട് കെട്ടി മറിയുന്നു?


Answer:
സംഗീത എന്താണ് ഇങ്ങനെ? രാമൻ സീതക്കു എപ്പടി എന്ന മട്ടിൽ.

ഒന്നുകിൽ സംഗീതക്ക് ഒന്നും മനസ്സിലാവുന്നില്ല. അപ്പോഴെടുക്കുന്ന ഒരടവ്. അല്ലെങ്കിൽ ഒന്നും മനസ്സിലാക്കേണ്ട എന്ന നിര്ബന്ധ ബുദ്ധി സംഗീത കൊണ്ട് നടക്കുന്നു. അപ്പോഴുമെടുക്കുന്നു മറ്റൊരടവ്.  സ്വയം ഇരുട്ട് സൃഷ്ടിച്ചു അറിയാതിരിക്കുന്നു, കാണാതിരിക്കുന്നു. എല്ലാ കാര്യത്തിലും അങ്ങനെ തന്നെ. യഥാ-സ്ഥിതിയുമായ്.

ഒരുപക്ഷെ ഒന്നും മനസ്സിലാകാത്തത് കൊണ്ടോ മനസ്സിലാക്കണമെന്ന് ആഗ്രഹം ഇല്ലാത്ത കൊണ്ടോ, എന്തെഴുതിയാലും ഒരു വലിയ വേലയും ബാധ്യതയുമായ് സംഗീതക്ക് തോന്നുന്നു. ഒരുതരം നിഷ്കളങ്കത എന്ന മറപിടിക്കാം. പക്ഷെ പലപ്പോഴും അത് വളരെ കുറ്റകരമായതാവുന്നു എന്ന് മാത്രം.  നാടൻ ഭാഷയിൽ പറഞ്ഞാൽ ശുദ്ധൻ ദുഷ്ടന്റെ ഫലം ഉണ്ടാക്കുന്നു. പലതും കണ്ണടച്ച് വിശ്വസിച്ചും നിഷേധിച്ചും. എല്ലാ കാര്യങ്ങളിലും.

ഇയ്യുള്ളവൻ എപ്പോഴും എന്തൊക്കെ എഴുതുന്നു, ഏതൊക്കെ വിഷയങ്ങളിൽ എഴുതുന്നു, പറയുന്നു എന്ന് നന്നായി അറിയുന്ന സംഗീത, പിന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നതിന്റെ പൊരുൾ മനസ്സിലാവുന്നില്ല.

ഇവ്വിഷയത്തിലും ഒരു മൂന്നു നാളുകൾ മാത്രമേ ആയുള്ളൂ.  ഒരവതാരം ഒരു യുഗത്തിന് വേണ്ടി മുഴുവൻ ആണെന്ന് മനസ്സിലാക്കുന്ന സംഗീതക്ക് സംഗതി വേഗം മടുക്കുന്നു.  ഇങ്ങനെയെങ്കിൽ സംഗീത എങ്ങിനെ വേദങ്ങളും അതിന്റെ വിശദീകരങ്ങളായ ഉപനിഷത്തുകളും ഒക്കെ വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കും? വേഗം ബോറടിക്കുമല്ലോ? അത് പറയുന്നവരെ ബോറന്മാരെന്നും വേഗം വിളിക്കുമല്ലോ?

പക്ഷെ ഒന്നും മനസ്സിലായില്ലെങ്കിലും ചിലതിനെ പൊക്കി നടക്കുമെന്നും മറ്റു ചിലതിനെ വേണ്ടെന്നു വെക്കുമെന്നും ആണ് നിലപാടെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ?

No comments: