Tuesday, February 12, 2019

2019 - കോൺഗ്രസോ ബി ജെ പി യോ? രാജ്യം ലേലം വിളിക്കപ്പെടുന്നു.

ചിലത് പറയുന്നത് കോൺഗ്രസിനെ പിന്തുണക്കുന്നത് കൊണ്ടും ബി ജെ പി യെ അന്ധമായി വെറുക്കുന്നത് കൊണ്ടും മറിച്ചും അല്ല. അതല്ലേൽ മറ്റേതെങ്കിലും പാർട്ടി വന്നു ഇന്ത്യയെ രക്ഷിക്കും എന്ന് കരുതുന്നതിനാലും അല്ല. പിന്തുണക്കാൻ മാത്രം, പിന്തുണച്ചേ തീരൂ എന്ന് കരുതാൻ മാത്രം, കണ്ണ് തള്ളിക്കുന്ന ആശയഗതിയുള്ള, ആത്മാർത്ഥതയെ നീരുറവയാക്കുന്ന ഒരു പാർട്ടിയും നേതാവും ഇവിടെ ഇന്ത്യയിൽ ഇല്ല.

ആർക്കും അമ്മയെ ചികില്സിക്കുകയല്ല ദൗത്യം. എല്ലാ പാർട്ടികൾക്കും അവരുടെ പാർട്ടികളുടെയും നേതാക്കളുടെയും അതിജീവനം തന്നെ പ്രധാനം. പാർട്ടിക്ക് പടർന്നു കയറാൻ, നേതാവിന് പഴം പറിക്കാൻ ഒരു മരം. ഇന്ത്യ.

അതിനാൽ അമ്മയെ രോഗിയാക്കുക. അമ്മ രോഗിയാണെന്ന് വരുത്തി ചികില്സിക്കുന്ന വൈദ്യന്മാരും രക്ഷകന്മാരും ആയി തങ്ങളെ അവതരിപ്പിക്കുക, സ്വയം ചിത്രീകരിക്കുക. അതിനു വേണ്ടി, അമ്മ രോഗിയല്ലെങ്കിലും രോഗിയാക്കി മാറ്റും വൈദ്യന്മാരായ ഈ രക്ഷകന്മാർ. അങ്ങനെയാണ് വർത്തമാനകാല ഇന്ത്യ രോഗി മാത്രമായിക്കൊണ്ടിരിക്കുന്നതും.

തങ്ങളുടെ പ്രസക്തിയാണ്, തൊഴിലാണ്, അതിലെ മെച്ചമാണ്, അമ്മയുടെ ആരോഗ്യത്തെക്കാൾ, ക്ഷേമത്തെക്കാൾ പ്രധാനം. അമ്മയുടെ മാറ് മുറിച്ചു വിറ്റാൽ കിട്ടുന്ന പണവും വിദേശ ബാങ്കുകളിൽ തന്നെ നിക്ഷേപിക്കേണമെന്നു നിര്ബന്ധമുള്ളത്ര ദേശസ്നേഹം തുളുമ്പുന്ന ദേശീയ പാർട്ടികളാണ് ഭാഗ്യത്തിന് ഇന്ത്യ രാജ്യത്തിന് വരമായി ലഭിച്ചിട്ടുള്ളത്। അത്രയ്ക്ക് മംസസ്സാക്ഷിക്കുത്ത് അല്പവും തീണ്ടിയിട്ടില്ലാത്ത, തീണ്ടിയാനിടയില്ലാത്ത പാർട്ടികളും നേതാക്കളും.

********

ഒന്നുകിൽ ഭരണം മാത്രം ലക്ഷ്യമാക്കി മതേതരത്വമോ ദേശീയതയോ ജനാധിപത്യമോ സോഷ്യലിസമോ മറന്നുപോയ പാർട്ടികൾ। അധികാരമല്ലാത്ത ഒരാദർശമില്ലാത്ത പാർട്ടികൾ. അല്ലെങ്കിൽ ഹിന്ദുത്വം പറഞ്ഞു ഹൈന്ദവതയെയും അതിന്റെ മാതൃസ്വഭാവം ഉള്ള വിശാല വീക്ഷണത്തെയും സംസ്കാരത്തെയും സഹിഷ്ണുതയയെയും നിഷ്കരുണം വധിച്ചു ഇല്ലാതാക്കുന്ന പാർട്ടികൾ. അതുമല്ലെങ്കിൽ മണ്ടയില്ലാത്തവനെ മണ്ടനെന്നു വിളിക്കുന്നത് പോലെ നല്ല കുറെ പേരുകളുള്ള വിശേഷണങ്ങളുള്ള പാർട്ടികൾ.

എല്ലാ പാർട്ടികളും ഇന്ത്യയെ ബാധിച്ച കൊക്കൂണുകളും വിരകളും തന്നെ. ഇത്തിൾകണ്ണികൾ. സ്വയം വളരാൻ  നാടിന്റെ ശരീരത്തെ കാർന്നു തിന്നുന്നവർ. നാടിന്റെ ശരീരത്തെ കാർന്നു തിന്നുന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്നവർ. അതിനായി പരസ്പരം രഹസ്യമായ ഒരലിഖിത നിയമം നടപ്പാക്കുമ്പോലെ കൈകോർക്കുന്നുണ്ട്, സംരക്ഷിക്കുന്നുണ്ട് ഇവർ. അല്പസ്വല്പം പൊടിപടലം ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ബോധ്യപ്പെടുത്തി, ആ നിലക്ക് ജങ്ങൾക്കു ചർച്ച ചെയ്തു ചുമക്കാനുള്ള, ആശ്വസിക്കാനുള്ള, ആസ്ത്മ ഉണ്ടാക്കിക്കൊണ്ട്। രാഷ്ട്രീയ ആസ്ത്മ. തെരഞ്ഞെടുപ്പിന്റെയും അഴിമതിയുടെയും പേരിൽ പരസ്പരം ആരോപിക്കുന്നത് പോലെ തോന്നിപ്പിക്കുന്ന ചില കാര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടും ചർച്ച ചെയ്തുകൊണ്ടും. നാടെന്ന പോലെ നാട്ടാരെയും നശിപ്പിക്കുന്ന, ശ്വാസം മുട്ടിക്കുന്ന ആസ്ത്മ.

അക്കേഷ്യ മരങ്ങൾ പോലെ നമ്മുടെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും. നാട്ടിലെ എല്ലാ നന്മയും നനവും വലിച്ചെടുക്കും। പഴവും തണലും കൊടുക്കില്ല. നാടിനെ വരണ്ടതാക്കും. ചർച്ച ചെയ്തു ചുമച്ചു തുപ്പാൻ ജനങ്ങൾക്കു വേണ്ടി ആസ്ത്മ മാത്രം ഉണ്ടാക്കുന്ന പൂമ്പൊടി പാറ്റുകയും ചെയ്യും.

**********

രാജ്യസ്നേഹം വെറും മുതലക്കണ്ണീർ. ഇപ്പറയുന്ന എല്ലാ പാർട്ടികൾക്കും. രാജ്യസ്നേഹം പറയുന്നത് രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനുമല്ല, പകരം തങ്ങളുടെ പാർട്ടിക്ക് പറഞ്ഞു നിൽക്കാനും വളാരാനുമുള്ള, ജനങ്ങളെ വിഭജിക്കാനുള്ള, ഒരു ന്യായം ആയി. ഇര കണ്ടെത്താൻ. തങ്ങളുടെ വാഹനത്തിനു ഉരുളാനുള്ള ടയർ। ആ ടയറിനുള്ളിൽ രാജ്യതാല്പര്യം തന്നെ അരിഞ്ഞമര്ന്നാലും പ്രശ്നമില്ലാതെ.

അങ്ങനെയുള്ള ഒരു ഇന്ത്യയും കുറെ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളും മാത്രമേ നമുക്ക്ള്ളൂ. മതവും രാജ്യവും വന്നാൽ മതത്തിന്റെ പിന്നാലെ പോകുന്ന ഒരു ജനതയും അതിനു വേണ്ടി മാത്രം നിലകൊള്ളുന്ന പാർട്ടികളും നേതാക്കളും. ജനങ്ങളെ ബുദ്ധിപരമായും ബോധപരമായും ഉയർത്താതെ, പകരം ജനങ്ങളുടെ നിലവാരത്തകർച്ചയിലേക്കു സ്വയം തരംതാഴ്ന്നു  ജനങ്ങളെ ഉറക്കിക്കെടുത്തുന്ന പാർട്ടികളും നേതാക്കളും.

അനുഭവിക്കാൻ രാജ്യം, രാജ്യം നൽകുന്ന റോഡ്, വെളിച്ചം, റേഷൻ അരി, സ്‌കൂൾ, ആശുപത്രി, ആനുകൂല്യങ്ങൾ. കൂടെ പോകുന്നതോ ഒന്നും നൽകാത്ത, സ്വപ്‌നങ്ങൾ മാത്രം നൽകി വേര്തിരിവുണ്ടാക്കുന്ന മതത്തോടൊപ്പം. അങ്ങനെയുള്ള ഒരു ഇന്ത്യയും അതിലെ ജനങ്ങളും.

അതിനാൽ ചില വാസ്തവവും വസ്തുതയും മാത്രം വിശകലനം ചെയ്യുകയാണ്. ആർക്കെതിരായാലും അനുകൂലമായാലും.

*********

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആണോ ജനങ്ങളാണോ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് എന്ന് തിക്തമായും വ്യക്തമായും അറിയാത്ത വർത്തമാനകാല ഇന്ത്യയുടെ അടിസ്ഥാന യാഥാർഥ്യം വെച്ച് നോക്കിയാൽ, കോൺഗ്രസ്സനെക്കാൾ ബി ജെ പി ക്കു ഒരു മുൻകൈയ്യും ഈ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇല്ലെന്നു വ്യക്തമാകും. ദേശീയ പാർട്ടികൾക്ക് ഒരു പോലെ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ എണ്ണം പൊതുവെ കുറഞ്ഞു വരികയാണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ. പ്രാദേശിക പാർട്ടികൾക്ക് സാധ്യത കൂടുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടി വരികയാണെന്നും.

ബി ജെ പി ഒറ്റയ്ക്ക് ജയിക്കുന്ന സംസ്ഥാനം ഇല്ലെന്നു തന്നെ വന്നിരിക്കുന്നു. ഗുജ്‌റാത്ത് അടക്കം. പ്രാദേശിക പാർട്ടികൾക്ക് പ്രാമുഖ്യമുള്ള  ഒട്ടു മിക്ക സംസ്ഥാനങ്ങളിലും രണ്ടാm  സ്ഥാനത്തോ ഒന്നാം സ്ഥാനത്തോ ഉള്ളത് കോൺഗ്രസ്സ് ആണ്. ആ നിലക്ക് പ്രാദേശിക പാർട്ടികൾ ബി ജെ പി യെ, കോൺഗ്രസിനെതിരെ അധികാരം നിലനിർത്താൻ വേണ്ടി, കൂട്ടുകാരനാക്കി മാറ്റുന്നുണ്ടെങ്കിലും.

അത് തന്നെയാണ് ഒരർത്ഥത്തിൽ  കോൺഗ്രസ്സ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെടാനുള്ള കാരണവും. ബി ജെ പി യുടെ വളർച്ച അല്ല. പ്രാദേശിക പാർട്ടികൾക്ക് ശത്രു കോൺഗ്രസ്സ് ആയി എന്നതിനാൽ. അതാതിടങ്ങളിൽ കോൺഗ്രസ്സിനാണ് ശക്തി എന്നതിനാൽ. അവർക്കു മത്സരിക്കാനുള്ളതും കോൺഗ്രസ്സുമായിട്ടാണ് എന്നതിനാൽ.

പ്രാദേശിക പാർട്ടികളുമായി  കൂടുതൽ സംസ്ഥാനങ്ങളിൽ ഏറ്റുമുട്ടേണ്ടി വരുന്ന ദേശീയ പാർട്ടി കോൺഗ്രസ്സ്। എന്നത് ബി ജെ പി യെക്കാൾ കൂടുതൽ സംസ്ഥാനങ്ങൾ കോൺഗ്രസ്സിനുണ്ടെന്നു തെളിയിക്കും.

പക്ഷെ, അതാത് സംസ്ഥാങ്ങളിലെ പ്രാദേശിക പാർട്ടികൾക്ക് തങ്ങളുടെ അവിടത്തെ എതിരാളി കോൺഗ്രസ്സ് ആണെന്നത് ബി ജെ പി യുമായി ബാന്ധവം ഉണ്ടാക്കാൻ അവരെ പ്രേരിപ്പിക്കുന്നു. അത് ബി ജെ പി ക്കു പൊതുവെ അനുകൂലമായി കഴ്ഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചു. ഒരു പക്ഷെ ഇപ്പോഴും പ്രവർത്തിക്കുന്നു.

മതേതരത്വവും ജനാധിപത്യവും അത്രക്കെ ഉള്ളൂ. അധികാരത്തിലേക്കെത്താനുള്ള കുറുക്കു വഴി ഏതോ അതാണ് മതേതരത്വവും ജനാധിപത്യവും. അത് തന്നെയാണ് ബി ജെ പി ക്കെതിരെ പ്രതിപക്ഷ കക്ഷികൾ കോൺഗ്രസിനുകീഴിൽ ഒരുമിക്കുന്നതിൽ വൈഷമ്യവും പ്രതിബന്ധവും സൃഷ്ടിക്കുന്നത്. എന്നത് ബി ജെ പി യെ മുന്നണി നായകൻ എന്ന നിലയിൽ ഇനിയങ്ങോട്ടും ഒരളവോളം സഹായിച്ചേക്കും.  യു പി യും ബിഹാറും ഇതിനു അപവാദം ആവുമെങ്കിലും (ബി ജെ പി യാണ് ഇവിടെ പ്രാദേശിക പാർട്ടികൾക്ക് എതിരാളി. കോൺഗ്രസ്സ് അതിന്റെ സ്വയംകൃതാനർത്ഥം കൊണ്ട് അപ്രസക്തമായ സ്ഥിതിക്ക്). കേരളവും ബംഗാളും പ്രത്യേയശാസ്ത്രപരമായി ബി ജെ പി യുമായി അകന്നു നിൽക്കുകയും ചെയ്യും.

*******

ഒന്ന് നോക്കൂ.  ബി ജെ പി ഇല്ലാത്ത, ബി ജെ പി ക്കു ഒന്നും ചെയ്യാനില്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം എത്രയെന്നു നോക്കൂ. അവ തന്നെ ഏറെയുണ്ട്. എന്നിട്ടും ബി ജെ പി എങ്ങിനെ ഇത്ര വലിയ ഭൂരിപക്ഷം നേടി രാജ്യം ഭരിച്ചു എന്ന് മൂക്കിന് വിരൽ വെച്ച് ചോദിച്ചു പോകും.

പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‍നാട്, പശ്ചിമ ബംഗാൾ, കേരളം. ആകെ നൂറ്റി അന്പത്തിയഞ്ചു സീറ്റുകൾ. ഇവിടെ എവിടെയും ബി ജെ പി യെ മഷിയിട്ടു നോക്കിയാലും കാണാൻ പറ്റില്ല. സീറ്റുകളുടെ കാര്യത്തിൽ.

പ്രതിപക്ഷ കക്ഷികളിലെ ചിലർ ഒരുമിച്ച് നിന്നാൽ ബി ജെ പി നിലം തൊടാൻ സാധ്യതയില്ലാത്ത സംസ്ഥാനങ്ങൾ വേറെ കുറെ പിന്നെയുമുണ്ട്.

കർണാടക (കോൺഗ്രസ്സ് - ജെ ഡി സ്.), ഉത്തർപ്രദേശ് (ബി സ് പി - സ് പി), ബീഹാർ (ആർ je ഡി -  കോൺഗ്രസ്സ്). ആകെ നൂറ്റി നാല്പത്തിയെട്ട്.

എന്ന് വെച്ചാൽ മുന്നൂറിലധികം സീറ്റുകൾ ഇപ്പോൾ തന്നെ ആയി. ബി ജെ പി ക്കു ഒന്നും ചെയ്യാൻ കഴിയാത്ത കോലത്തിൽ.

പിന്നെ ബാക്കിയുള്ള ഇടങ്ങളിൽ ബി ജെ പി യും കോൺഗ്രസ്സും നേർക്കുനേർ. രണ്ടാൾക്കും പകുത്തെടുക്കാനുള്ളത് ഒരു പോലെ. മഹാരാഷ്ട്ര, ഗുജ്‌റാത്,  മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തര്ഖണ്ഡ്, ഗോവ , ഒറീസ, ജാർഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ആസാം, ജമ്മു കാശ്മീർ। ആകെ ഇരുനൂറ്റി അഞ്ച്. ഇതിൽ ബി ജെ പി ക്കു കോൺഗസ്സിനു മേൽ ഒരു മേൽക്കോയ്മായും ഇല്ല. മാത്രമല്ല കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ തരംഗം മുൻനിർത്തി പറഞ്ഞാൽ, കോൺഗ്രസ്സിന് മുൻ‌തൂക്കം ഉണ്ടാവുകയും ചെയ്യും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ചതിക്കില്ലായെങ്കിൽ.

*******

എന്നിരിക്കെ രണ്ടായിരത്തി പത്തൊൻപത് ബി ജെ പി ക്ക് ഇപ്പോൾ തന്നെ പതിച്ചു കൊടുത്തു കാണുന്നതിന്റെ ന്യായവും ന്യായീകരണവും പിടി കിട്ടുന്നില്ല. പ്രതിപക്ഷ കക്ഷികൾ വേണ്ടത് പോലെ അതാതിടത് പറ്റിയ കോ ലത്തിൽ സഖ്യങ്ങൾ ഉണ്ടാക്കുക കൂടി ചെയ്‌താൽ പറയുകയും വേണ്ട. ദേശീയാടിസ്ഥാനത്തിൽ വേണം എന്നില്ല. ഒരു മുന്നണിയും വരില്ലയായിരിക്കും. പക്ഷെ ബി ജെ പി യോ, ബി ജെ പി നയിക്കുന്ന മുന്നണിയോ വരാനുള്ള സാധ്യത അല്പവും ഇല്ലെന്നു വരും, പറയാനാവും.

പിന്നെയുള്ളത് നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങൾ. ബി ജെ പി യുടെ രാഷ്ട്രീയ സംസ്കാരത്തിന് ഒരു നിലക്കും പറ്റാത്ത ഭൂമിക. പാകിസ്ഥാൻ അല്ല അതിർത്തി രാഷ്ട്രം എന്നതിനാൽ.  ബംഗ്ളാദേശ് ചൈന വിരുദ്ധതെയെ പാക്കിസ്ഥാൻ വിരുദ്ധത പോലെ കത്തിക്കാൻ പറ്റില്ല എന്നതിനാൽ. ഇപ്പോൾ കോൺഗ്രസ്സ് പിറകിലാണെങ്കിലും കോൺഗ്രസ്സിന് മാത്രം സാന്നിധ്യമുള്ള ബി ജെ പി ക്കു സ്വന്തം നിലക്ക് സാന്നിദ്ധ്യം തീരെ ഇല്ലാത്ത സംസ്ഥാനങ്ങൾ മാത്രം. കോൺഗ്രസ്സ് ആണ് അവിടങ്ങളിലെ ആദ്യത്തെ ഭരണകക്ഷിയും ഇപ്പോഴത്തെ പ്രതിപക്ഷവും എന്നത് അവിടങ്ങളിലെ പാർട്ടികളെ ബി ജെ പി യിലേക്ക് അടുപ്പിക്കും എന്ന് മാത്രം. പക്ഷെ ആകയാലുള്ളത് വെറും ഇരുപത്തിയൊന്ന് സീറ്റുകൾ.

********

പിന്നെ എവിടെ നിന്ന് കൊണ്ട് വരും കൊട്ടിഘോഷിക്കപ്പെടുന്ന ബി ജെ പി ശക്തിയും സീറ്റുകളും?

ബി ജെ പി നൂറു തികക്കില്ല എന്ന് വരെ ഇത്തരുണത്തിൽ പറയാൻ പറ്റും.  ഒരൊറ്റ നിബന്ധനയെ അത് യാഥാർഥ്യമാവാൻ വേണ്ടതുള്ളൂ. പ്രതിപക്ഷ പാർട്ടികൾ വേണ്ടത് പോലെ, അധികം ഒന്നും വേണ്ടതില്ലാതെ, ചെയ്‌താൽ മതി. അതാതിടങ്ങളിൽ. കോൺഗ്രസിനെതിരെ ബി ജെ പി ക്കു അത് സാധിച്ചിട്ടുണ്ട്. അതിനാൽ ആണ് ബി ജെ പി ഇപ്പോഴുള്ള അവസ്ഥയിൽ എത്തിച്ചേർന്നതും.

പക്ഷെ ബി ജെ പി ക്ക് അതിനു സാധിച്ചത് ഒട്ടു മിക്ക സംസ്ഥാനങ്ങളിതും കോൺഗ്രസ്സ് ആണ് ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ളത് എന്നതിനാൽ. ആയതിനാൽ അവിടങ്ങളിലെ പ്രാദേശിക പാർട്ടികൾക്ക് ബി ജെ പി യുമായി ഒത്തുപോകാൻ, ഒരു പ്രയാസവും ഉണ്ടായില്ല. എന്ന് മാത്രമല്ല, തങ്ങളുടെ സംസ്ഥാനത്തെ രാഷ്ട്രീയ എതിരാളി ആയ കോൺഗ്രസ്സിനെ തകർക്കാനുള്ള ഒരു പോംവഴി കൂടിയായിരുന്നു അത്. അത് ഒരളവോളം സാധിച്ചു.

പക്ഷെ പകരം സ്ഥാനം പിടിച്ചിരിക്കുന്നത് അതിനേക്കാൾ ഭയാനകമായതും ജനാധിപത്യത്തെ തന്നെ ചോദ്യ ചെയ്യുന്നതും വിലക്ക് വാങ്ങുന്നതും. പോരാത്തതിന് വിഷം ചീറ്റുന്നതും തന്നെ എന്ന് എല്ലാവരും ഏറെക്കുറെ തിരിച്ചറിഞ്ഞിരിക്കുന്നു. എന്ത് കളവും എങ്ങിനെയും പറഞ്ഞു ഫലിപ്പിക്കാൻ അറിയുന്നവർ.

തറവാട് തകർത്തവർ ഇപ്പോൾ ഖേദിക്കുന്നു. പരിണിതി ഇതാവുമെന്നു ഓർത്തില്ലെന്നത് ഓർത്തുകൊണ്ട്ത. റവാട് തകർന്നു. ശരിയാണ്. പക്ഷെ, തകർന്ന്നിടത്ത തകർത്തവരാരും വന്നില്ല. തകർത്തവർക്കു ഒരു കുടിൽ പോലും പകരമായി വെക്കാനായില്ല. പാമ്പും തേളും പഴുതാരയും ആ സ്ഥാനം പിടിച്ചു.  ബി ജെ പി യുടെയും ഇതര സംഘടനകളുടെയും വേഷത്തിൽ. രാജ്യത്ത് വിഷം തന്നെ തേനും വികാരവുമായി.

********

അതേ കളി ഇനി കോൺഗ്രസ്സിന് ബി ജെ പി ക്കെതിരെയും കളിക്കാനാവണം. വെറുപ്പിന്റെയും കളവിന്റെയും കാര്യത്തിൽ അല്ല. അക്കാര്യത്തിൽ അവരുമായി മത്സരിക്കാൻ ആർക്കും സാധിക്കില്ല, സാധിക്കരുത്. പകരം എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിപ്പിച്ചു കൊണ്ട്. പക്ഷെ അതത്ര എളുപ്പം സാധ്യമല്ല. കാരണം,  ഇപ്പോഴും ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ബി ജെ പി അല്ല പ്രാദേശിക പാർട്ടികളുടെ രാഷ്ട്രീയ എതിരാളി. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ളത്  കോൺഗ്രസ്സ് ആണ്.

എടുത്തു നോക്കൂ. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ഹരിയാന, തമിഴ്നാട്, ബംഗാൾ, പഞ്ചാബ്, ആസാം, ഒറീസ്സ, ഡൽഹി, മഹാരാഷ്ട്ര, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ളത്  കോൺഗ്രസ്സ്. യു പിയും ബിഹാറും മാറ്റി നിർത്തിയാൽ, കോൺഗ്രസ്സ് അതാതിടങ്ങളിലെ പ്രാദേശിക കക്ഷികൾക്ക് എതിരാളി. ബി ജെ പി യെക്കാൾ. അതാണ് ബി ജെ പി ക്കു കൺഗ്രസ്സിനെതിരെ കിട്ടുന്ന വലിയ ആയുധം. കോൺഗ്രസ്സിനു ബി ജെ പി ക്കെതിരെ കിട്ടാത്ത ആയുധവും.

കോൺഗ്രസ്സിനു ആ ആയുധം പയറ്റി ആ കളി തന്നെ ബി ജെ പി ക്കെതിരെ കളിക്കാനായാൽ,  ബി ജെ പി അൻപത്  സീറ്റുകൾ പോലും തികക്കില്ല, തികയ്ക്കാൻ തരമില്ല.

അതല്ലെങ്കിൽ പ്രതിപക്ഷം കണ്ടറിഞ്ഞു എല്ലാ അജണ്ടകളും മറന്നു പ്രവർത്തിക്കേണം. അധികാരദുര  മാത്രം മൂത്ത പാർട്ടികൾക്ക് അതിനാവുമോ എന്നറിയില്ല.

കേന്ദ്രത്തിനു വേണ്ടി തങ്ങളുടെ സംസ്ഥാനങ്ങളിലെ താല്പര്യം ആ നിലക്ക് അവർ ബാലീ കഴിക്കില്ല. അങ്ങനെ കഴിഞ്ഞെങ്കിൽ, രണ്ടായിരത്തി പതിന്നാലിലെ  കോൺഗ്രസ്സിനേക്കാൾ പരിതാപകരമാവാനേ ഉള്ളൂ ബി ജെ  പി യുടെ ഇപ്പോഴത്തെ നില.

ചെയ്യപ്പെട്ട വോട്ടുകളിൽ വെറും മുപ്പൊത്തൊന്നു ശതമാനം വോട്ട് മാത്രമേ  രണ്ടായിരത്തി പതിന്നാലിലും ബി ജെ പി ഒറ്റക്കും എൻ ഡി എ പൊതുവിലും ഇത്രയും വലിയ ഭൂരിപക്ഷം നേടിയപ്പോഴും അവർക്കു കിട്ടിയിരുന്നുള്ളു എന്നോർക്കുമ്പോൾ.

******

ആർ എസ് എസ്സും അവരുടെ ശാഖകളും ചിട്ടയായ പ്രവർത്തനവും കൈമുതലായുള്ളത് മാത്രമാണ് ബി ജെ പി യുടെ ആകയാലുള്ള ആശ്വാസം. പ്രതിപക്ഷത്തിരിക്കുന്ന ഒരു പാർട്ടിക്കും അവകാശപ്പെടാനും സ്വപ്നം കാണാനും കഴിയാത്തത്. അല്പമെങ്കിലും ഉണ്ടായിരുന്നത് ഡി എം കെ ക്കും കമ്മ്യുണിസ്റ് പ്രസ്ഥാനങ്ങൾക്കും. ഇപ്പോൾ അത് മറ്റൊരു പാർട്ടിക്കും ഇല്ലെന്നതും അവർക്കു ധൈര്യമേകുന്നു.

ആ നിലക്ക് മറ്റു പാർട്ടികളുടെ അണികൾക്ക് ആശയപരമായ വികാരപരമായ ഒരുക്കവും അച്ചടക്കവും ഇല്ല.  അതിനാൽ തന്നെ മറ്റേതൊരു പാർട്ടി പ്രവർത്തകനും എന്തിനു ആ പാർട്ടിക്കാരൻ ആവണം എന്നതിന് ഉത്തരം ഇല്ലാത്തവൻ. ഏതു സമയത്തും ഏതു ദിശയിലേക്കും മാറിമറിയാവുന്ന ഒരുതരം വന്നു പോയി സംസ്കാരമേ ഇവർക്കുള്ളൂ. എന്ന് ബി ജെ പി സമാധാനിക്കുന്നു.

ഒരു പക്ഷെ ആ സാധ്യതയിലേക്ക് തന്നെയായിരിക്കും ബി ജെ പി യുടെ രണ്ടായിരത്തി പത്തൊൻപത്തിലുള്ള നോട്ടവും. തങ്ങളുടെ പ്രവർത്തകർ എന്നും എപ്പോഴും തങ്ങളോടൊപ്പം. മറ്റുള്ള പാർട്ടികളുടെ പ്രവർത്തകർ ഏതു സമയവും ചാഞ്ചാടുന്നവർ. അധികാരവും വിജയവും എവിടെയുണ്ടോ അങ്ങോട്ടും, അതിനാൽ  എങ്ങോട്ടും, പോകാവുന്നവർ. അത് ബി ജെ പി ക്കു നൽകുന്ന ധൈര്യം ചെറുതല്ല.

*******

ബി ജെ പി ക്കും കൂട്ടർക്കും അറ്റകൈക്ക്‌ എളുപ്പത്തിൽ പ്രയോഗിക്കാനാവുന്ന പതിനെട്ടാം അടവും പത്തൊൻപതാം അടവും ഇരുപതാം അടവും വേറെയുണ്ട്. ഒരളവോളം മറ്റു പാർട്ടികൾക്കൊന്നും നടപ്പാക്കാൻ സാധിക്കാത്ത അടവുകൾ. ഇന്ത്യൻ മനശാസ്ത്രത്തെ തെരഞ്ഞെടുപ്പ് വിജയത്തിനായി എങ്ങിനെ ദുസ്സ്വാധീനിക്കാമെന്നു ഗവേഷണം നടത്തിയുണ്ടാക്കിയ അടവുകൾ.

രാമജന്മഭൂമിയും ശബരിമലയും പ്രയോഗിക്കുന്നതിനൊക്കെ അപുറത്താണത്. എന്തും വിശ്വസിക്കുന്ന, വിശ്വസിക്കാൻ തയ്യാറാവുന്ന, പച്ചപ്പാവങ്ങളായ, വികാരം കൊള്ളാൻ ഓങ്ങിനിന്നു വെറുപ്പും വിഷവും തുപ്പാൻ തയാറെടുത്തു നിൽക്കുന്ന അണികൾ ഉണ്ട് എന്ന ധൈര്യം ബി ജെ പി ക്കും കൂട്ടർക്കും ഉള്ളതിനാൽ.

തങ്ങളുടെ പ്രധാനമന്ത്രിക്ക് വരെ, സ്ഥാനവും മാനവും മറന്നു, സ്റ്റേജിൽ എന്ത് തെറിയും കളവും ആരോപണവും ചരിത്രനിഷേധവും നടത്തി പറഞ്ഞു പ്രചരിപ്പിക്കാനാവും എന്നതാണ് ഒരടവ്.

പിന്നീട്, തെരഞ്ഞെടുപ്പ് അടുത്തടുത്തു വരുമ്പോൾ പാകിസ്ഥാനെ കേന്ദ്രീകരിച്ചു, പ്രതിപക്ഷ പാർട്ടികളെ ഒന്നടങ്കം അതിൽ കുടുക്കുന്ന, എന്തെങ്കിലും ചില ആരോപണങ്ങൾ.  അതിർത്തിയിൽ പ്രശ്നമുണ്ടാക്കുക.

ഒപ്പം ഇന്ത്യയിൽ അങ്ങോളമിങ്ങോളം വളരെ തന്ത്രപരമായി വർഗീയ ലഹളകൾ ഉണ്ടാക്കുക.

അതിലേക്കു അല്പം ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും മെഴുക്കു പുരട്ടുക കൂടി ചെയ്‌താൽ, സംഗതി കുശാൽ, തെരഞ്ഞെടുപ്പ് വ്യജയം ഉറപ്പു. വിഭജനത്തിന്റെയും അധിനിവേശത്തിന്റെയും മുറിവുകളിൽ ഇപ്പോഴും വേദന അനുഭവിക്കുന്ന ഉത്തരേന്ത്യൻ മനസ്സിൽ ഇതും ഇതിലപ്പുറവും ചിലവാകും. സാമാന്യ മതേതര പാർട്ടികൾക്കും അങ്ങനെയൊന്നും ചെയ്യാനും പറ്റില്ല.  പ്രതിപക്ഷ പാർട്ടികൾക്കടക്കം അന്തം വിട്ടു നോക്കി നിൽക്കാനേ പറ്റൂ.

ഇതൊക്കെ ഉത്തരേന്ത്യൻ സംസ്ഥനങ്ങളിൽ ഉണ്ടാക്കുന്ന, ഉണ്ടാക്കിയേക്കാവുന്ന എന്തെല്ലാം അങ്കലാപ്പുകളും മാറിമറിച്ചിലുകളും പരിഗണച്ചതിനു ശേഷമേ യഥാർത്ഥത്തിൽ ഒരു പ്രവചനം ഇന്ത്യയിലെ ഇനി അങ്ങോട്ടുള്ള ഏതു തെരഞ്ഞെടുപ്പുകളിലും  അന്തിമമായി നടത്താൻ പറ്റൂ. 

No comments: