Monday, February 4, 2019

പ്രേമം - കാമത്തിന്റെ മാന്യമായ വസ്ത്രം. പ്രകൃതി എന്നാൽ ജീവിതം. ദൈവമെന്നാലും ജീവിതം

തടവറയിൽ പെട്ടവന്റെ 
സ്വാതന്ത്ര്യദാഹം മാത്രമാണ് പ്രേമം.  
തടവറയും നിഷേധവും ഇല്ലായിരുന്നെങ്കിൽ 
ഉണ്ടാവാത്തത്.

********


പ്രേമം. ലൈംഗിക ദാരിദ്ര്യവും നിഷേധവും 
മഹാഭൂരിപക്ഷത്തിനും ന്യായം.
വിവാഹം നിര്ബന്ധമാകുന്നതും

മറ്റൊന്ന് കൊണ്ടല്ല.

********



അല്പം ഒന്ന് വൈകി നിങ്ങളുടെ തീർത്തും അർത്ഥവത്തായ ഇടപെടലിനോട് പ്രതികരിക്കാൻ.  ആ
ചർച്ചയിൽ ഒന്ന് പാംങ്കെടുത്തു തീ പടർത്താൻ. ക്ഷമ ചോദിക്കുന്നു.

നിങ്ങൾ രണ്ട് പേരും വിഷയത്തിന്റെ മര്മത്തില് തന്നെ തൊട്ടു കളിക്കുന്നുണ്ടായിരുന്നു. അത് എവിടെ വരെ എത്തും എന്ന് താല്പര്യപൂർവ വീക്ഷിക്കുകയും ആയിരുന്നു. വളരെ സന്തോഷത്തോടെ. കുഞ്ഞും കുഞ്ഞു ചെടിയും വളർന്നു വരുന്നത് കാണുന്ന അതെ ആഹ്ലാദാതിരേകത്തോടെ. മൊട്ടിട്ടു പൂവായി തീരുന്ന കാഴ്ചയിലെ അതെ അനുഭൂതിയോടെ. വിഷയം വളരുന്നതിലെ ആനന്ദം നുകർന്ന് കൊണ്ട്. ഓരോ ഗർഭിണിയും സ്വന്തം കുഞ്ഞു വളരുന്നതിലെ ആനന്ദം വയർ തൊട്ടു, തടവി നോക്കി അനുഭവിക്കുന്നത് പോലെ തന്നെ. ബോധപൂർവമായ ഇടപെടലുകളില്ലാതെ. സ്വയം വളരാൻ അനുവദിച്ചുകൊണ്ട്.

*******

പ്രകൃതി എന്നാൽ ജീവിതം.  ദൈവമെന്നാലും ജീവിതമെന്നെ അർത്ഥമാക്കേണ്ടതുള്ളൂ. ജീവിതത്തിന്റെ മാനവും മാനദണ്ഡവും ജീവിതം. അഥവാ പ്രകൃതിയുടേയും ദൈവത്തിന്റേയും മാനവും മാനദണ്ഡവും പ്രകൃതിയും ദൈവവും തന്നെ. ജീവിതം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും ജീവിതം. മാനങ്ങൾ മാറിവരുന്ന ജീവിതം, ദൈവം, പ്രകൃതി.

ജീവിതം ജീവിതത്തിനു വേണ്ടി ഉണ്ടാക്കുന്ന വികാരങ്ങളെ ഉള്ളൂ. ജീവിതത്തിനു  ഉപകരണവും ഉപാധിയും മാത്രം എല്ലാ കാര്യങ്ങളും,  പിന്നെ എല്ലാവരും. പ്രേമമെന്നും കാമമെന്നും സ്നേഹമെന്നും കോപമെന്നും വെറുപ്പെന്നും ഇഷ്ടമെന്നും ക്രോധമെന്നും ഒക്കെ അതിനെ വിളിച്ചാലും വിശേഷിപ്പിച്ചാലും.

അന്തിമമായി ജീവിതം ജീവിതത്തിന്റെ ഒഴുക്ക് സാധ്യമാക്കുന്നു, അങ്ങിനെ സാധ്യമാക്കാൻ ഒക്കെ ഉണ്ടാക്കുന്നു, ഉപയോഗിക്കുന്നു പ്രകൃതി അതിന്റെ നൃത്തം, ദൈവം അതിന്റെ താണ്ഡവം. എന്തിനെ എന്ത് പേരിട്ടു വിളിച്ചാലും, വിശേഷിപ്പിച്ചാലും. എന്തെല്ലാം പേരിട്ടു നാമതിനെ വിളിച്ചാലും സ്നേഹമെന്നു മാത്രമായിട്ടൊന്നുമില്ല. നാമുണ്ടാക്കുന്ന കാല്പനികതയുടെ വിശദീകരണങ്ങൾ അല്ലാതെ.

********

പ്രേമം എന്നാൽ കാമത്തിനുള്ള മാന്യമായ വസ്ത്രം. പ്രേമവും കാമവും അന്തിമ വിശകലനത്തിൽ പുരുഷനെ ഉപകരണമാക്കി മാറ്റുന്നു. അതിനുള്ള ഒരു വികാരം മാത്രം പ്രേമം, കാമം. പ്രകൃതിയുടെ കെണി.

നാമുണ്ടാക്കുന്ന മാനങ്ങളുടെ തടവറയിൽ ആണ് നാം. ആ തടവറയിൽ നിന്നു കൊണ്ട് അറിയുന്നതും അനുഭവിക്കുന്നതും തന്നെയേ നമുക്കുള്ളൂ. ആ മാനങ്ങളുടെ അളവുകോലും മാനദണ്ഡങ്ങളും വെച്ചേ നാം അളക്കു, മനസ്സിലാക്കൂ. ഏകപക്ഷീയമായി നമ്മളെ നാം ഉയർന്നവരും ഉൽകൃഷ്ടരുമായി കണ്ടാലും ഇല്ലേലും. ശിഷ്ടം ജീവിതവും ജീവിക്കുന്നവരും മാത്രം.

******

ജീവിതം ജീവിതത്തെ ഉറപ്പിക്കുന്നു. അതിന്റെ ഭാഗം മാത്രമാണ് ലൈംഗിക വികാരവും സ്വാർത്ഥചിന്തയും ഒക്കെ.

സ്നേഹം എന്നതുണ്ടെങ്കിൽ അതവനവനോട്  മാത്രം. ദൈവം ദൈവത്തെ മാത്രം സ്നേഹിക്കുന്നു. ജീവിതം ജീവിതത്തെ മാത്രം. അതിനാൽ ഓരോരുത്തനും അവനവനെ മാത്രം. അവനവനോടുള്ള സ്നേഹത്തിന്റെ ഭാഗമായും പശ്ചാലതലത്തിൽ നിന്നും ഉണ്ടാവുന്ന, അവനവന്റെ സൗകര്യത്തിനും സുഖത്തിനും സുഗമമായ അതിജീവനത്തിനും വേണ്ടി ഉണ്ടാവുന്ന, വികാരം മാത്രമാണ് പ്രേമം, വെറുപ്പ്, ഇഷ്ടം, അനിഷ്ടം എന്നതൊക്കെ.

********

എല്ലാം ഉണ്ടെന്നുണ്ടങ്കിൽ, വിചാരിക്കും പോലെ സാധിക്കുമെന്നുണ്ടെങ്കിൽ, ആഗ്രഹിക്കേണ്ടി വരില്ല. എന്നതിനാൽ പ്രേമവും സംഭവിക്കില്ല.  വേണമെന്ന് തോന്നുന്ന കാര്യം ഇല്ല, കിട്ടുന്നില്ല എന്ന് തോന്നുമ്പോൾ ഉണ്ടാവുന്ന വികാരത്തെ ദിവ്യവത്കരിച്ചു, അമൂർത്തവത്കരിച്ചു, പറയുന്നത് മാത്രമാണ് പ്രേമം.

അവനവനെ സ്നേഹിച്ചു പോകുക എന്നത് അതിജീവനത്തിന്റെ ഭാഗമാണ്. അനുപേക്ഷണീയവും നിരുപാധികവും. തന്നെത്തന്നെ സ്നേഹിക്കാൻ കാരണങ്ങളും ന്യായങ്ങളും ഉണ്ടാക്കുക, കണ്ടെത്തുക സാധ്യമല്ല. പക്ഷെ പ്രേമത്തിനും ഇഷ്ടാനിഷ്ടങ്ങൾക്കും ന്യായമുണ്ട്, കാരണം ഉണ്ട്, മാനദണ്ഡം ഉണ്ട്.

********

ജീവിതം ജീവിതത്തെ ഉറപ്പിക്കുന്നു എന്നതിനാൽ പുരുഷൻ കാമമുള്ളവനാവുന്നു. സ്ത്രീയും.

വളരെ ഉപരിതല പ്രാധാന്യവും പ്രസക്തിയും മാത്രമുള്ള പുരുഷവികാരം ഒട്ടും ആഴമില്ലാത്തതായിട്ടും മുഴച്ചു നിൽക്കുന്നതും വലുതായി തോന്നുന്നതും അത് കൊണ്ടാണ്. പുരുഷൻ പ്രവർത്തിക്കേണം. വിത്തു വിതറുന്നവൻ താല്പര്യമെടുക്കേണം. എങ്കിലേ വേണ്ടത്ര വിതരപ്പെടൂ. അതിനാൽ പുരുഷന്റേത് മുഴച്ചു നിൽക്കും, നിൽക്കണം.

കാരണം, പ്രകൃതി അറിയുന്ന, നടപ്പിലാക്കുന്ന ഒരു വസ്തുതയുണ്ട് അതിനു പിന്നിൽ. നൂറായിരങ്ങളുണ്ടായാലേ ഒന്നെങ്കിലും അതീജീവിക്കൂ. അതിനാൽ പുരുഷ ബീജത്തിൽ നൂറായിരം ബീജങ്ങൾ. അതിനാൽ തന്നെയാണ് പുരുഷന് ഏതൊരു സ്ത്രീയിലും താല്പര്യവും ജനിക്കുന്നത്. അതിനാൽ തന്നെയാണ് ഭാര്യ ഗർഭിണിയായാൽ പുരുഷ ബീജോത്പാദനം നിൽക്കാത്തത്. സ്ത്രീയുടെ അണ്ഡോത്പാദനം പ്രസവിക്കുന്നത് വരെയും നില്കുന്നത് പോലെ. ഭാര്യക്ക് ഗർഭം ധരിക്കാൻ വേണ്ടെന്നു വെച്ച് പുരുഷന് വേണ്ടാതാവുന്നില്ല, ഉണ്ടാവാതിരിക്കുന്നില്ല.

കാരണം ഒരു പുരുഷനെയും ഒരു സ്ത്രീക്ക് വേണ്ടിയായി  പ്രകൃതി സംവിധാനിച്ചിട്ടില്ല.  വിവാഹം പ്രകൃതിപരമല്ലെന്നും ദൈവികം അല്ലെന്നും യഥാർത്ഥ ജീവിതത്തിന്റെ ഭാഷ്യമല്ലെന്നും വരുത്തും പോലെ, തെളിയിക്കും പോലെ. നമ്മുടെ കുടുംബ സാമൂഹ്യ ജീവിതത്തിനും വ്യവസ്ഥിതിയുടെ നടന്നു പോക്കിനും ആവശ്യമാണെന്നുണ്ടെകിൽ പോലും. വളരെ കൃത്രിമമായി, ആത്യന്തികവിരുദ്ധമായി, ആത്യന്തിക-പ്രകൃതിവിരുദ്ധമായി. നമ്മുടെ മാനങ്ങളും മാനദണ്ഡങ്ങളും നിശ്ചയിച്ച ആപേക്ഷിക-പ്രകൃതിയുമായി.

*******

അതിനാൽ ഒരു മാവിൽ നൂറായിരം പൂക്കുന്നു. നൂറായിരം പൂത്തത് മുഴുവൻ കായ്ക്കില്ല. കായ്ച്ചത് മുഴുവൻ മൂക്കില്ല. മൂത്തത്  മുഴുവൻ പഴുക്കില്ല. പഴുത്തത് മുഴുവൻ വിത്തായി വീണു മുളച്ചു വീണ്ടും മാവാവുകയും ഇല്ല.

ഇത് പ്രകൃതിക്കറിയാം. അതിൽ നടക്കുന്ന നിർധാരണവും കൊഴിഞ്ഞു പോക്കും. അത് കൊണ്ടാണ് പുരുഷന്റെ വികാരത്തിനിനും വകതിരില്ലാതാക്കിയത്. വ്യത്യസ്തമായത് കിട്ടുമെന്നുണ്ടെങ്കിൽ പുരുഷൻ എത്രയും വിതരണം നടത്തിയേക്കും.

കാരണം, പ്രകൃതിയുടെ, അഥവാ ദൈവത്തിന്റെ, കണ്ണിൽ കൃത്രിമമായ പ്രതിരോധ രീതികളും ചികിത്സാമുറകളും ഇല്ല. പുരുഷൻ എത്രയെല്ലാം വിതരണം ചെയ്താലും, എല്ലാം ഗർഭധാരണത്തിൽ കലാശിക്കില്ല. ഗർഭധാരണത്തിൽ കലാശിച്ചത് മുഴുവൻ കുഞ്ഞായി ജനിച്ചോളണം എന്നില്ല. ജനിച്ചത് മുഴുവൻ അതിജീവിച്ചോളണം എന്നില്ല. ആത്യന്തിക-പ്രകൃതി അങ്ങനെയാണ്.

*******

ജീവിതത്തിനു നന്മ തിന്മയെന്നതില്ല. എന്ന് വെച്ചാൽ ദൈവത്തിനും ജീവിതത്തിനും നന്മ തിന്മ എന്നതില്ല എന്നർത്ഥം. അതാണ് എല്ലാ വിധ ശ്രമങ്ങളും അർത്ഥമാക്കുന്നത്.

നന്മ തിന്മയെന്നത് നമ്മുടെ മാനങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്. ജീവിതത്തിനില്ല, പ്രകൃതിക്കില്ല, ദൈവത്തിനില്ല.

മാനങ്ങളിൽ കുടങ്ങിയതിനാൽ മാത്രമുണ്ടാവുന്ന സാമൂഹ്യ ജീവിതവും വ്യവസ്ഥയുമായി മാത്രം ബന്ധപ്പെട്ടതാണ് നന്മ തിന്മ. അങ്ങനെ മാത്രം ഉണ്ടാവുന്നതും ഉണ്ടാക്കുന്നതുമാണ് നന്മ തിന്മ. ആത്യന്തികതയുമായും പ്രകൃതിയുമായും ദൈവവുമായും നേരിട്ട് ബന്ധമില്ലാത്തതാണ് നന്മ തിന്മ.

ജീവിതത്തെ സംബന്ധിച്ചേടത്തോള, അനുകൂലമായതെല്ലാം നന്മ. പ്രതികൂലമായതെല്ലാം തിന്മ. തടവറയുണ്ടാക്കിയ നന്മ തിന്മ ബോധം, ഏറിയാൽ സാമൂഹ്യ ജീവിതവുമായും വ്യവസ്ഥിയുമായും ബന്ധപ്പെട്ടതാണ്. തടവറയിൽ പെട്ടവന്റെ സ്വാതന്ത്ര്യ ദാഹം മാത്രമാണ് ആ നിലക്ക് പ്രേമം.  തടവറയും നിഷേധവും ഇല്ലായിരുന്നെങ്കിൽ ഉണ്ടാവാത്തത്.

************

കുട്ടികളെയും കെട്ടിയോളെയും ജീവിതം മുഴുവൻ ഏറ്റെടുക്കാനും, ജീവിതം അങ്ങനെ കെട്ടിയോൾക്കു വേണ്ടി മുഴുനീളെ സമർപ്പിക്കാനും മാത്രം ആഴവും അർത്ഥവും ഉള്ളതല്ല പുരുഷ വികാരവും ലൈംഗികതയും. സാമൂഹ്യസുരക്ഷയുടെയും കുടുംബ ജീവിതത്തിന്റെയും അതിനു വേണ്ടിയുണ്ടാക്കിയ നിയമാവലികളുടെയും മാനവും മാനദണ്ഡവും വെച്ചല്ല ഇത് പറയുന്നത്.

നിമിഷ സുഖമല്ലാത്ത ഒരു രതിമൂർച്ഛയും പുരുഷനില്ല. അതാണെങ്കിലോ സ്വയംഭോഗത്തിൽ കിട്ടുന്നതിനുമപ്പുറമുള്ള ഒരു സുഖവും അല്ല. വസ്ത്രം ധരിച്ച സ്ത്രീയുടെ മുഖവും ആകാരവും കണ്ട് പലതും വന്യമായി പുരുഷൻ സങ്കല്പിക്കുമെങ്കിലും.

പുരുഷന്റെ ലൈംഗികത വെറും എടുത്തു ചാട്ടം മാത്രം.  പുരുഷന്റെ എടുത്തു ചാട്ടവും സ്ത്രീയുടെ കാണപ്പെടുന്ന, യഥാർത്ഥത്തിൽ അനുഭത്തിൽ ഇല്ലാത്ത, അനുഭവത്തിൽ ഒരു വ്യത്യാസവും ഉണ്ടാക്കാത്ത,  സൗന്ദര്യവും വെച്ച് മാത്രം മായ എന്താണെന്ന് പറയാം.

പാറപ്പുറത്തെ പൊടിപടലം പാറും പോലെ ഒരു പാറൽ. അത്രയേ ഉള്ളൂ, അത്രക്കെ ഉള്ളൂ പുരുഷന്റെ വികാരവും ലൈംഗികതയും. അതിനാൽ ആണ് പുരുഷൻ എവിടയും ചെന്ന് വീഴുന്നത്.  അന്തരംഗത്ത് അങ്ങിനെ വീഴാൻ  കൊതിക്കാത്ത പുരുഷൻ ഇല്ല തന്നെ. സാമൂഹ്യമായി, അവൻ കപടമായി, സൂക്ഷിക്കുന്ന വ്യക്തിത്വം മാറ്റി വെച്ചാൽ.

അതിനാൽ തന്നെയാണ് പുരുഷൻ  എല്ലാവരെയും ഇഷ്ടപ്പെടുന്ന കോലത്തിലും ആരിലും ഒട്ടി നിൽക്കാത്ത കോലത്തിലും ആയത്. ഒട്ടി നിൽക്കാൻ മാത്രം പുരുഷന് ഒരു സുരക്ഷിതത്വം കിട്ടാനില്ല. എന്നാലും, വിവാഹക്കാര്യത്തിൽ, ലൈംഗിക ദാരിദ്ര്യം കാരണം, നിഷേധം കാരണം,  മഴപ്പാറ്റ  തീയിലേക്ക് വന്നലക്കുമ്പോലെ പുരുഷൻ വന്നലക്കുന്നു.  സ്ത്രീയിലേക്ക്. അതിനപ്പുറം വിവാഹത്തിലേക്ക്.

സ്ത്രീക്കും ഇതൊന്നും ബാധകം എന്നർത്ഥം ഇല്ല.  പരിമിതമായ അർത്ഥത്തിൽ സ്ത്രീക്കും ബാധകം. അവളും ആരെയും ഇഷ്ടപ്പെട്ടേക്കാം. അനുരക്തയായേക്കാം. പക്ഷെ പ്രകൃതിപരമായ പരിമിതി ഉണ്ട്. വിത്ത്  വിതരണം ചെയ്യുന്നത്  അവൾക്കു ദൗത്യമായില്ല  എന്നതിനാൽ. വിത്ത് വിതരണ ചെയ്യുന്നവനാവുന്നത്ര സ്വീകരിക്കുന്നവൾക്കാവില്ല എന്നതിനാൽ. വിത്ത്  അവളിൽ വന്നൊട്ടും. അതവളുടെ പരിമിത. സ്ത്രീയെന്ന പരിമിതി. വിത്ത് സ്വീകരിക്കുക മാത്രമാണ് ദൗത്യം എന്നതിനാൽ. കിട്ടിയ ഒരു വിത്ത് തന്നെ ചുരുങ്ങിയത് ഒരു വര്ഷം അവൾക്കു വേറെ ഒന്നും സ്വീകരിക്കാനാവാത്ത വിധം ആക്കും എന്നതിനാൽ.  അതിനാൽ തന്നെ ആർത്തവവും അണ്ഡോത്പാദനവും മാസത്തിൽ ഒന്ന് മാത്രമേ ഉള്ളൂ എന്നതും പിന്നീട് ഗർഭധാരണവും മുലയൂട്ടലും ഒക്കെ പരിമിതികളുടെ മതിലുകൾ പണിയുന്നു. കിട്ടിയ ഒരു വിത്ത് തന്നെ ചുരുങ്ങിയത് ഒരു വര്ഷം വേറെ ഒന്നും സ്വീകരിക്കാനാവാത്ത വിധം അവളെയാക്കും എന്നതിനാൽ.

********

സ്ത്രീ പുരുഷ സൗന്ദര്യം, അവർക്കു പരസ്പരം സ്വകാര്യത അറിയും വരെ മാത്രം.  വിവാഹം ആ നിലക്ക് സൗന്ദര്യം നശിപ്പിക്കുന്നു. ചുരുങ്ങിയത് കെട്ടിയ ഭാര്യയുടെ സൗന്ദര്യമെങ്കിലും. പരസ്പരം വേണ്ടത്ര അറിയാത്തപ്പോൾ, ഉണ്ടാവുന്ന ദുരൂഹതയാണ് ഒരു വിധത്തിൽ സൗന്ദര്യവും പ്രേമം എന്ന വികാരവും.

********

യഥാർത്ഥത്തിൽ വിവാഹ ജീവിതത്തിൽ പുരുഷൻ പൂർണ പരാജയമാണ്, നിരാശനാണ്. വൈകൃതവും ശൂന്യതയും തൊട്ടറിയാത്ത പുരുഷനില്ല. മറച്ചു കടിച്ചു പിടിച്ചു നിന്നാലും ഇല്ലേലും.

വിവാഹവും വൈവാഹിക ജീവിതവും സ്ത്രീ മാത്രം ജയിക്കുന്ന പ്രതലമാണ്. ഏതര്ഥത്തിലായാലും. പുരുഷൻ സ്ത്രീക്ക് വഴിപ്പെടുകയും അവളുടെ ഉപകരണം മാത്രം ആവുകയുമാണ്. അല്ലെന്നു എങ്ങിനെയെല്ലാം  ഏതെല്ലാം മാർഗത്തിലൂടെ അവനറിയാതെ തന്നെ വരുത്തിത്തീർക്കാൻ ശ്രമിച്ചാലും.

പുരുഷൻ പരാജയപ്പെടുന്നതിന്റെയും പരാജയപ്പെട്ടതിന്റെയും ലക്ഷണവും ചിഹ്നവും  മാത്രമാണ് സ്ത്രീയുടെ മേലുള്ള (ഉണ്ടെന്നു പറയുന്ന, ഉണ്ടാവുന്നു എന്ന് പറയുന്ന, ഉണ്ടായിപ്പോവുന്ന) പുരുഷ മേധാവിത്വവും അധികാരവും.  കാര്യം നേടുന്ന സ്ത്രീ, സൂത്രത്തിൽ അഭിനയിച്ചങ്ങനെ നിൽക്കും. സർവം സഹ പോലെ.
സഹിക്കുന്നത് മുഴുവൻ പുരുഷൻ അല്ലെന്നു തോന്നിപ്പിക്കും പോലെ, വരുത്തിത്തീർക്കും പോലെ. പറഞ്ഞറിയിക്കാനാവാത്ത നിരാശയും നിസ്സഹായതയും മടുപ്പും പുരുഷനെ അതിലേക്കു കൊണ്ട് ചെന്നെത്തിക്കുന്നതാണ്. ആ നിരാശയും നിസ്സഹായതയും മടുപ്പും തന്നെയാണ് വേറൊരർത്ഥത്തിൽ മദ്യത്തിലേക്കും ഭക്തിയിലേക്കും ക്രൂരതയിലേക്കും പീഡനത്തിലേക്കും നയിക്കുന്നതും.

ശൂന്യത തൊട്ടറിയാത്ത സ്ത്രീ അമ്പലവും പള്ളിയും ഭക്തിയും മദ്യവും അധികാരവും പ്രശസ്തിയും വേണ്ടാത്ത വിധം നിറഞ്ഞു തുളുമ്പി നിൽക്കും.  നിരാശയും ബോറടിയും മടുപ്പും വെറുപ്പും ഇല്ലാതെ. വിവാഹത്തിലും ജീവിതത്തിലും.

പുരുഷ ലൈംഗികതയുടെ ഈ കൊടും ശൂന്യത  തൊട്ടറിഞ്ഞതും മനസ്സിലാക്കിയതും തന്നെയാണ് ബുദ്ധനെയും സന്യാസിമാരെയും മുനികളെയും ഋഷികളെയും മറ്റാത്മീയ സാമൂഹ്യ നേതാക്കളെയും അവരെന്തൊക്കെ ആയോ അതാക്കിയത്. വയ്യാവേലി വേണ്ടെന്നാക്കിയത്. ത്യാഗികളും ആശ്രമവാസികളും ആക്കിയത്.

*******

ഒരു നിലക്ക് വൈവാഹിക ജീവിതം തുടരുന്ന ഓരോ പുരുഷനും കെണിയിൽ വീണവനെ പോലെ തന്നെയാണ്. ആകർഷണം കണ്ട് തീയെടുത്തവനെ പോലെ ത്യാഗിയും ആണ്.

ആ ത്യാഗം ആർക്കോ വേണ്ടി നിർബന്ധിതമായി ചെയ്യുമ്പോഴാണ്, ചെയ്യേണ്ടിവരുമ്പോഴാണ്, പുരുഷസമൂഹത്തിനു തങ്ങളുടെ വിമ്മിഷ്ടവും നിസ്സഹായതയും വിളിച്ചറിയിക്കാൻ മദ്യവും ഭക്തിയും വേണ്ടി വരുന്നത്. അതല്ലെങ്കിൽ തന്റെ നിസ്സഹായതയെയും വെറുപ്പിനെയും സ്ത്രീയുടെ മേലുള്ള അധികരമാക്കി മാറ്റി സ്ഥാപിക്കേണ്ടി വരുന്നത്. വെറുപ്പിന്റെ അധികാരം. സഹിക്കവയ്യായ്കയുടെ അധികാരം. ക്രൂരതയുടെ രൂപത്തിൽ സ്ത്രീയുടെ മേൽ അടിച്ചേൽപിക്കേണ്ടി വരുന്ന അധികാരം. താൻ ചെയ്തു പോയ തെറ്റിലെ മടുപ്പു മറച്ചു വെക്കാനുള്ള അവസാനത്തെ ശ്രമം പോലെ. അതാണ് പുരുഷ പീഡനമായി മാറുന്ന പുരുഷന്റെ മടുപ്പും വെറുപ്പും. താൻ ചെയ്തുപോയത് നേരിട്ട് വിളിച്ചു പറയുന്നതിന് പകരം നടത്തിപ്പോകുന്ന വ്യംഗ്യമായ വിക്രിയകൾ. തീർത്തും നിസ്സഹായമായി.  അതൊന്നും ചെയ്യാത്ത ചെയ്യേണ്ടി വരാത്ത പുരുഷൻ നിസ്സഹായനും ഭീരുവമായി മാന്യത പിടിച്ചു നിർത്താൻ മൗനം അവലമ്പിച്ചു കടിച്ചു പിടിച്ചു നില്കുന്നതുമാണ്.

*********

ഈ കൊടും ശൂന്യത തന്നെയാണ് ഒരളവോളം പുരുഷസമൂഹത്തെ ദാര്ശനികതയും കവിത്വവും പ്രവാചകത്വവും ആത്മീയതയും അധികാരവും പ്രശസ്തിയും അന്വേഷിക്കുന്നവരും അവകാശപ്പെടുന്നവരും പറയുന്നവരും പ്രയോഗിക്കുന്നവരും ആക്കിയത്.

ഒരളവോളം സ്ത്രീകൾ ഇതൊന്നും ആവശ്യമില്ലാത്ത വിധം നിറഞ്ഞിരിക്കെ. വൈവാഹിക ജീവിതം വരെ പുരുഷൻ കൊണ്ട് നടക്കുന്നത് ഒരളവോളം  കപടപ്പമായും അഭിനയിച്ചും തന്നെ. സമൂഹമാന്യതയും നിയമങ്ങളും അവന്റെ മുൻപിൽ ഭീതിയുടെ മതിലുകൾ പണിയുന്നതിനാൽ।കുട്ടികളുമായുള്ള ബന്ധത്തിന് ജൈവികമായ കാരുണ്യബോധവും ദയയും ഒക്കെ കാരണമാകുന്നുണ്ടാവാമെങ്കിലും.

******

Question:
Then why do you find monogamous animals, birds etc? Are they also bound by certain social rules or customs?


Answer:

ജയറാം സർ, ചോദിച്ചത് ശരിയാണ്. പക്ഷെ അപവാദം വെച്ചല്ലല്ലോ പൊതുവായ കാര്യം പറയുക? അപവാദത്തിനു അതായിത്തന്നെ തുടരാനുള്ള സ്വാന്ത്ര്യവും അനുവദിച്ചു കൊടുത്തു കൊണ്ട് തന്നെ, പൊതുവായ കാര്യം വേറെ പറയുകയല്ലേ ചെയ്യുക? അല്ലാതെ ആ അപവാദമായ കാര്യം മനുഷ്യനിലും എല്ലാറ്റിലും പൊതുവായി നടക്കേണ്ടതാണെന്നു പറയാമോ?

ഒരൊറ്റ ഇണയെ മാത്രം ജീവിതം മുഴുക്കെ കൊണ്ട് നടക്കുന്ന ജീവികളുണ്ടെങ്കിൽ അവർ അങ്ങനെ തന്നെ ആവട്ടെ. അവരുടെ വഴിയാണത്, അതിന്റെ സ്വാതന്ത്ര്യം പ്രകൃത്യാ അവർക്കുണ്ട്. അവരുടെ വിത്ത് വിതരണം അത്രയേ വേണ്ടതുണ്ടാവുകയുള്ളൂ. അതിനനുസരിച്ചാണ് അവരുടെ ജനിതകം. അവരുടെ ജനിതകം ആണ് അവരുടെ പ്രകൃതിയും പ്രകൃതവും നിശ്ചയിക്കുന്നത്. ഓരോ ജീവിയുടേതും അങ്ങനെ തന്നെ. അവർക്കത് ശരി, അവരുടേത്.

ജനിതകം പറയുന്നതാണ് ചെയ്യുന്നതെങ്കിൽ വ്രതം എന്ന് പറഞ്ഞു കൂടാ. അവർ അവരുടെ മാനത്തിനുള്ളിലാണ്. മാനത്തിനനുസരിച്ച മാനദണ്ഡം മാത്രം ഉപയോഗിച്ച് കൊണ്ട്. അത് മാത്രം ഉപയോഗിക്കാനാവുന്നവരായിക്കൊണ്ട്. അതിന്റെ തടവറയിൽ. അവർ അങ്ങനെ ആയത് അവരുടെ തെരഞ്ഞെടുപ്പ് കൊണ്ടല്ല. അവർക്കതൊരു തിരഞ്ഞെടുപ്പല്ല. അവരത് ചെയ്യുന്നതും ഒരു തെരഞ്ഞെടുപ്പായല്ല, ത്യാഗം പോലെയല്ല.

മനുഷ്യന്റെ കാര്യം അങ്ങനെയാണെന്ന് നെഞ്ചിൽ കൈവെച്ചു നമുക്ക് പറയാൻ പറ്റുമോ? മനുഷ്യൻ തന്റെ ജനിതകത്തിനെതിരെയും പ്രകൃതിക്കും പ്രകൃതത്തിനും എതിരെയും ഉണ്ടാക്കിയ സമൂഹവും വ്യവസ്ഥിതിയും വെച്ചാണ്, അതുണ്ടാക്കിയ നിയമ വ്യവസ്ഥ വെച്ചാണ് ഒരൊറ്റ ഇണ മതിയെന്ന് വെക്കുന്നത്. അവന്റെ ശരീരമോ അതുണ്ടാക്കുന്ന മനസ്സോ വികാരമോ വെച്ചല്ല. ആ സമൂഹവും വ്യവസ്ഥിതിയും അവന്നു പലതും, സുരക്ഷിതത്തോടൊപ്പം ഉറപ്പു വരുത്തുന്നു എന്നത് മറ്റൊരു വിഷയം. മനുഷ്യന്റെ നന്മ തിന്മ അവന്റെ മാനവും മാനദണ്ഡവും വെച്ചുള്ളതാണ്. അവനുണ്ടാക്കിയ വ്യവസ്ഥിതിയും സമൂഹവും വെച്ചുള്ളതാണ്. ആ സമൂഹവും വ്യവസ്ഥിതിയും ഉണ്ടാക്കിയ മാനവും മാനദണ്ഡവും വെച്ചുള്ളതും ആണ്.

ഒന്നിലധികം സ്ത്രീകളെ ശാരീരികമായി പ്രണയിക്കാത്ത ആഗ്രഹിക്കാത്ത മനുഷ്യ പുരുഷന്മാരുണ്ടോ? ഒരുപക്ഷെ, വിത്ത് വിതരണം ദൗത്യമല്ലാത്ത സ്ത്രീയുണ്ടോ? നെഞ്ചിൽ കൈ വെച്ച് പറയണം. സാധിക്കാത്തതിനാലോ, സാധിക്കില്ലെന്നതിനാലോ, ധൈര്യമില്ലെന്നതിനാലോ, പേടിയുള്ളതിനാലോ, നിസ്സഹായത കൊണ്ടോ സാധിക്കാത്തവരുടെയും സാധിപ്പിക്കാത്തവരുടെയും കാര്യമല്ല പറയേണ്ടത്. മനുഷ്യൻ ജീവിതം മുഴുവൻ ഒരൊറ്റ ഇണയെ മാത്രം ആഗ്രഹിക്കുന്നു എന്ന് പറയാമോ? കുടുംബ സാമൂഹ്യ ജീവിതം നടന്നു പോകാൻ സ്വയം നിയന്ത്രിക്കുന്നത് കൊണ്ട് മാത്രമല്ലാതെ.

മനുഷ്യ- പുരുഷനിൽ ബീജം ഉണ്ടാവുന്നത് ഒരു സ്ത്രീക്ക് വേണ്ടത്ര മാത്രമോ? ആ സ്ത്രീ ഗർഭിണി ആയാലും ആർത്തവതിയായാലും പുരുഷന് വികാരം ഇല്ലാതാവുന്നുവോ? ശുക്ളോത്പാദനം നിലക്കുന്നുവോ?  ഒരു സ്ത്രീക്ക് ഗർഭിണി ആവാൻ ഇത്രയും അധികം, ഇത്രയും പ്രാവശയം ശുക്ളോത്പാദനവും ബീജോത്പാദനവും പുരുഷനിൽ നടക്കേണ്ടതുണ്ടോ? ഒന്ന് മാത്രം ആക്കി ചുരുങ്ങിപ്പോകാതിരിക്കുന്നത് കൂടിയാണ് സന്യാസം. ബ്രഹ്‌മചര്യം. അതുണ്ടാക്കുന്ന സ്വന്തബന്ധങ്ങളിൽനിന്നുള്ള മാറിനിൽക്കലും. പ്രകൃതിവിരുദ്ധനാവാതിരിക്കാൻ.

അല്ലാതെ പ്രകൃതിയെ നിഷേധിക്കുക എന്നതല്ല ബ്രഹ്മചര്യം. ബ്രഹ്മത്തിന്റെ ചര്യ എന്നാൽ പ്രകൃതി ചര്യ എന്ന് കൂടി അർത്ഥമാകാം. ബ്രഹ്മചാരി എന്നാലും, സന്യാസി എന്നാലും പ്രകൃതി വിരുദ്ധൻ എന്നർത്ഥം വരരുത്. പ്രകൃതിയുമായും പ്രകൃതിചര്യയിലും സമരസപ്പെട്ടു സംഘർഷവും സംഘട്ടനവും ഇല്ലാതെ പോകുന്നവൻ എന്നർത്ഥം വരേണം. അങ്ങനെയല്ലേ സർ?  ഗുരു എന്നാൽ പുരുഷൻ അല്ലെന്നും, മാതാവും പിതാവും എന്നാൽ സ്ത്രീയും പുരുഷനും അല്ലെന്നും അർഥം വരരുത്. എല്ലാം ആയിരിക്കെ, മറ്റെല്ലാം ആയിരിക്കും. 

No comments: