Saturday, January 5, 2019

പാണ്ഡിത്യമല്ല ഗുരുത്വമെന്ന് ഓർമിക്കുക. ഒന്നും പറയാനില്ലാത്തവൻ ആണ് ഗുരു എന്നും.

താങ്കൾ പുരോഹിതനോ പുരോഹിതനെ പോലെയോ ആവുന്നില്ല എന്ന് ഉറപ്പിക്കുക.
പാണ്ഡിത്യമല്ല ഗുരുത്വമെന്ന് ഓർമിക്കുക. ഒന്നും പറയാനില്ലാത്തവൻ ആണ് ഗുരു എന്നും.

അതെന്തേ?
പുരോഹിതൻ വേഷങ്ങളുടെ കരുത്തിൽ ജീവിക്കുന്നു,
പണ്ഡിതൻ ശവങ്ങളുടെ ദുർഗന്ധത്തിലും ജീവിക്കുന്നു.
പുരോഹിതൻ ജനങ്ങളുടെയും പണ്ഡിതൻ ശവങ്ങളുടെയും ചിലവിൽ ജീവിക്കുന്നു.
അതിനാൽ താങ്കളും?

ചിതല് പോലെ. സംരക്ഷിക്കാൻ ചുറ്റുന്നു എന്ന് തോന്നിപ്പിക്കും.
ഒന്നോർത്തു നോക്കുക, താങ്കൾ, വ്യാജേന, ജനങ്ങളുടെ ഉള്ളുറപ്പു തിന്നു നഷ്ടപ്പെടുത്തി നശിപ്പിച്ചു ജീവിക്കുന്നു.

അതെന്തേ എല്ലാവരും ജനങ്ങളുടെ ചിലവിൽ തന്നെയല്ലേ ജീവിക്കുന്നത്? അങ്ങനെയൊക്കെ തന്നെയല്ലേ?

അതെ, താങ്കൾക്കത് ന്യായമാക്കാം.
പക്ഷെ അങ്ങിനെ ജീവിക്കാൻ അവരോടു ഇല്ലാത്ത സ്വപ്‌നങ്ങൾ പറയേണ്ടി വരുന്നു താങ്കളായ പണ്ഡിതനും പുരോഹിതനും.
അവരുടെ തെറ്റുകളിൽ ഖണ്ഡിതമായ തീർപ്പു പറയാനാവാത്ത വിധം സുഖിപ്പിച്ചും.
ചങ്കു പൊളിച്ചു വരുന്ന അവരിൽ ചിലരുടെയെങ്കിലും ചോദ്യങ്ങൾക്കു ഉത്തരം പറയാതെ താങ്കൾ വെറും സുഖിപ്പിക്കൽ മാത്രം നടത്തുന്നു.

പിന്നെ, വേറെ എന്ത് വഴി?
യാചകൻ ആവണം. ഭേദം അതാണ്. നഗ്നമായ യാചന.

അതെന്തേ യാചകൻ ആയാൽ ഒരു വ്യത്യാസം?
അപ്പോഴും തിന്നുന്നത് ജനങളുടെ സമ്പത് തന്നെയല്ലേ?

പക്ഷെ, യാചകൻ കളവു പറയുന്നില്ല. വാക്കു കൊടുക്കുന്നില്ല. സ്വപ്നങ്ങളെ വിൽക്കുന്നില്ല. വേഷം കെട്ടുന്നില്ല. അവകാശ വാദങ്ങൾ ഉണ്ടാക്കുന്നില്ല, ബഹുമാനം തേടുന്നില്ല, നേടുന്നില്ല. അതിനു വേണ്ടി വിധേയപ്പെടുന്നില്ല. കാല്പനികവത്കരിച്ചു വഞ്ചിക്കുന്നില്ല.

ഓ, അങ്ങിനെയാണ് അല്ലെ?

അതെ.
അംഗീകാരം കിട്ടില്ലെങ്കിലും, യാചന തെരഞ്ഞെടുക്കാൻ ബുദ്ധനെ പ്രേരിപ്പിച്ചത് മേല്പറഞ്ഞതൊക്കെയാവാം. .
കാപട്യവും അഭിനയവും ഏതും ആവശ്യമില്ലാത്ത സ്വാതന്ത്ര്യം. യാചന അതുറപ്പ് തരുന്നു.

പുരോഹിതൻ ഇല്ലാത്തത് വിട്ടു എന്ന് വരുത്തി ലാഭം കൊയ്യുന്നു.
കച്ചവടക്കാരൻ നഷ്ടപ്പെടാൻ തയ്യാറായി, ഉള്ളത് വിട്ടു, ഉപകാരം ചെയ്ത് ലാഭം ഉണ്ടാക്കുന്നു.
യാചകൻ നിസ്സഹായത തൊട്ടറിക്ജ് അത് സമ്മതിച്ചു ജീവിക്കുന്നു.

എല്ലാം അറിയുന്നവനാണ് ഗുരു.
ഒന്നും അറിയേണ്ടതും അറിയിച്ചു തരാനും ഇല്ലാത്തവനാണ് ഗുരു.

എങ്കിൽ ഗുരു പറയുന്നതോ?
ചോദിക്കുമ്പോൾ മാത്രം. ചോദ്യങ്ങൾ ചുറ്റുപാടിൽ ഉണ്ടാവുമ്പോൾ മാത്രം.
ജീവിതവും വർത്തമാനവും ഉത്തരമാക്കിക്കൊണ്ട്.

അത് കൊണ്ട് താങ്കളുടെ ഈ പണ്ഡിതന്റെ വിശദീകരിക്കുന്ന വേഷമുണ്ടല്ലോ?
അതങ്ങു ഉപേക്ഷിച്ചേക്കുക.

No comments: