Friday, January 4, 2019

ഗുരുവെന്നാൽ സുഖിപ്പിക്കുന്നവൻ എന്നും അംഗീകാരം കൊതിച്ചു വേഷം കെട്ടുന്നവൻ എന്നും അർത്ഥമില്ല.

താങ്കൾ ഗുരു എന്ന വാക്ക് പരാമർശിച്ചത് കൊണ്ട്, ഒട്ടും അലോസരപ്പെടുത്താതെ അവകാശവാദങ്ങൾക്കു പോകാതെ, താങ്കൾ പറഞ്ഞവ ഒന്നും നിഷേധിക്കാതെ തന്നെ ചിലത് പറയട്ടെ. എല്ലാവരും അവരവർ വളർന്നിടത്തോളമേ മനസ്സിലാക്കേണ്ടതുള്ളൂ. അതിനപ്പുറമുള്ളത് ദഹനക്കേടും വാർസ്തംഭനവും ഉണ്ടാക്കും. ഭക്ഷിച്ചതും ഭക്ഷിച്ചവനും നശിക്കും. അത് കൊണ്ടാണ് കുഞ്ഞു കുട്ടിക്ക് ബിരിയാണി കൊടുക്കാത്തത്. അല്ലാതെ അമ്മക്ക് അസൂയ ഉള്ളത് കൊണ്ടല്ല.

***********

ഗുരു സുഖം തോന്നുന്ന വാക്കുകൾ വെളിച്ചത്തിന്റേതായി പറഞ്ഞിരിക്കും. പക്ഷെ  ഗുരുവെന്നാൽ വെറും സുഖിപ്പിക്കുന്നവൻ എന്നർത്ഥമില്ല. സുഖിപ്പിക്കാനുള്ള വേഷം കെട്ടാനും അതിന്റെ കുറെ വിധേയത്വവും അഭിനയവും നിറഞ്ഞ ജോലികൾ ചെയ്യാനും താല്പര്യമില്ലാത്തതിനാലും കൂടിയാണ് ഒട്ടുമിക്ക ഗുരുക്കന്മാരും യാചന വഴിയാക്കിയത്. ബുദ്ധനടക്കം. ഒട്ടുമിക്ക സത്യസന്ധരായ സന്യാസികളും.

ഗുരു, എന്നാൽ അംഗീകാരം കൊതിച്ചു വേഷം കെട്ടുന്നവർ എന്നും അർത്ഥമില്ല. ഒരുവേള എല്ലാ വേഷങ്ങളും അഴിഞ്ഞുതീരുമ്പോഴേ ഗുരുത്വം രൂപപ്പെടൂ. അറിയാമല്ലോ, യഥാർത്ഥ ഗുരു ദൈവം, പരബ്രഹ്മം. പിന്നെ ഈശ്വരന്മാരൊക്കെ തന്നെയും. ആ പരബ്രഹ്മവും ദൈവവും ഈശ്വരന്മാരും അവർക്കു വേണ്ടിതെരഞ്ഞെടുത്ത വഴിയും രീതിയും ഏതാണ്? അറിയപ്പെടാതിരിക്കുക, കാണപ്പെടാതിരിക്കുക, ശ്രദ്ധിക്കപെടാതിരിക്കുക എന്നത്. അല്ലാതെ വന്നു പേടിപ്പിച്ചും ആകർഷിച്ചും മാർക്കറ്റ് ചെയ്യുക എന്നതല്ല.

എന്നിട്ടും ദൈവത്തെ ശ്രദ്ധിക്കേണം പേടിക്കേണം എന്ന് പറയുന്നവർ ഇല്ലേ? ഉണ്ട്. അവർ അല്പന്മാർ. സ്വയം ശ്രദ്ധ ആഗ്രഹിക്കുന്നവർ. പുരഹിതരും താന്ത്രിമാരും പണ്ഡിതരും. അവരെ പോലെ മാത്രമാക്കി അവർ ദൈവത്തെയും ചുരുക്കിക്കളയുന്നു. അതിനാൽ നൈഷ്ഠികബ്ര്ഹമചര്യം ആരോപിക്കുന്നു. അത് സൂക്ഷിക്കാൻ കഴിയാത്തവനായും.  ആരെങ്കിലും അടുത്ത ചെന്നാൽ നഷ്ടപ്പെടുന്ന നൈഷ്ഠികബ്രഹ്മചര്യം.  അതിനു വേണ്ടി ലോകം മുഴുവൻ ഭയപ്പെടേണ്ടി വരുന്ന അവസ്ഥയും. എല്ലാം വേഷം കെട്ടുകാരുടെ വേഷം സൂക്ഷിക്കാനും കാര്യം നടക്കാനും. നമ്മളെ ശ്രദ്ധിക്കുന്ന ദൈവത്തെ ശ്രദ്ധിക്കാൻ ദൈവത്തിനറിയാം എന്ന ലളിത പാഠം മറന്നുകൊണ്ട്.

ഗുരു എന്നാൽ വേഷം കെട്ടുന്ന പുരോഹിതൻ എന്നും തന്ത്രി എന്നും അർത്ഥമില്ല. ഓർമകളെ അറിവാക്കി ഭാരം തൂങ്ങി നടക്കുന്ന പണ്ഡിതനുമല്ല ഗുരു. ഗുരുത്വം വിറങ്ങലിച്ച ശവം തന്നെയായി മാറിയ ജീർണിക്കുന്ന ഓർമകളുടെ ദുർഗന്ധവും ഭാരവും അല്ല.ഗുരു കുഴിമാടങ്ങൾ ആധാരമാക്കുന്നവനല്ല. ഭൂതത്തെ കൊണ്ട് വർത്തമാനത്തിൽ നിഴലിടുന്നവനുമല്ല.

അഭിനയിക്കാനും അവകാശപ്പെടാനും ശമ്പളം പറ്റാനും ആണെങ്കിൽ ആരും ഗുരു ആവുകയുമില്ല. ഗുരു ആയാൽ സംഗതി എളുപ്പമല്ല. gഗുരുവും  ഗുരുത്വവും സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യമെന്നാൽ അരക്ഷിതത്വം എപ്പോഴും കൂടെ എന്നാണർത്ഥം. സുരക്ഷിതത്വം വേണമെങ്കിൽ, വേഷം കെട്ടണം, സമൂഹത്തോടൊപ്പം സുഖിപ്പിച്ചു നിൽക്കണം. യഥാർത്ഥത്തിൽ തോന്നിയതൊന്നും പറയരുത്. മാർക്കറ്റിനു വേണ്ടത് മാത്രം പറയണം. പുരോഹിതനെയും തന്ത്രിയെയും പോലെ. അങ്ങിനെ മാത്രം ആവുന്നവൻ ഗുരുവും അല്ല.

താൻ ഗുരു എന്ന് പോലും ഗുരു അറിയില്ല. അറിയാൻ ഇടവരില്ല. ഒരുവേള ഇഷ്ടപ്പെടുകയുമില്ല. അദ്ദേഹത്തിന് അതങ്ങനെ അറിയേണ്ടതുമില്ല. ഒരരുവിയും പുഴയും ഫലവൃക്ഷവും പോലെ. ധർമം അറിയാതെയും നിഷ്കാമമായും നടക്കും. സ്വാർത്ഥനിലൂടെ പോലും. തങ്ങൾ അത് ചെയ്യുന്നു, ആരൊക്കെ അതുപയോഗപ്പെടുത്തുന്നു എന്ന് പോലും അറിയാതെ, അറിയാൻ ശ്രമിക്കാതെ. തേനും പഴവും കിട്ടുന്നതെങ്ങിനെ. കഞ്ഞിവെക്കാനുള്ള അരിയും പച്ചക്കറിയും കിട്ടുന്നതും അങ്ങിനെ.

എന്നും ശിഷ്യനെ ശിഷ്യനായി സൂക്ഷിക്കുന്നവനല്ല ഗുരു. അവൻ ഗൂഢ നിക്ഷിപ്ത താല്പര്യങ്ങളുള്ള കച്ചവടക്കാരനാണ്. ശിഷ്യൻ നടന്നേക്കാം. പക്ഷെ ഗുരു നടത്തില്ല. എന്തെങ്കിലും കാരണമുണ്ടാക്കി അകറ്റിയിരിക്കും. ശിഷ്യൻ അകന്നിരിക്കും. അല്ലങ്കിൽ ശിഷ്യൻ സ്വയം ഗുരുവായി സുഹൃത്തായി കൂടെ നടന്നിരിക്കും. വിത്തിലും മാരുമുണ്ടെന്നു കാണുന്നവനും അത് കണ്ടെത്തിക്കൊടുക്കുന്നവരുണമാണ് ഗുരു. അനേകായിരം വിത്തുകൾക്കും വൃഷങ്ങൾക്കും ജന്മങ്ങളാവാൻ

അക്കാര്യത്തിൽ ഗുരു മാതാവിനെ പോലെ. വളർച്ചയെത്തിയാൽ ഗർഭപാത്രത്തിൽ നിന്നും പുറത്തേക്കിടും. ശിഷ്യനെ.  എപ്പോഴും സുരക്ഷിതത്വം നൽകില്ല. കാരണം ഗുരു അറിയുന്നു യഥാർത്ഥ ജീവിതം അരക്ഷിതമാണ്, അരക്ഷിതത്വത്തിലാണ്.  സ്വതന്ത്ര്യവും പ്രകൃതിപരതയും അരക്ഷിതത്വത്തിലാണ്. അവിടെ ജനവവും മരണവും, ജീവിതവും മരണാനന്തരവും ഒന്നാണ്. ഏതായാലും ഒന്നെങ്കിലും, ഏതു വേണമെങ്കിലും അവിടെ അവൻ പോരടിക്കേണം. മത്സരിക്കേണം. അതിനാൽ പൊക്കിൾകൊടി ബന്ധം മുറിക്കും. പ്രായമായാൽ മുലയൂട്ടില്ല. പാറക്കമുറ്റിയാൽ ഉപേക്ഷിക്കും. തന്നെ പോലെ മാതാവാവാൻ കുഞ്ഞിനേയും അനുവദിക്കും.

യഥാർത്ഥ ഗുരു ശിഷ്യനെയും ഗുരുവാക്കും. ശിഷ്യൻ ഗുരുവായാലും ഇല്ലേലും ഗുരു ഒഴിഞ്ഞുപോകും. പക്ഷെ ഓരോ കുഞ്ഞും ക്രമേണ മാതാവും പിതാവും തന്നെ ആയി ഭവിക്കും പോലെ. എല്ലാവരും ഗുരുക്കന്മാർ തന്നെ ആയി ഭവിക്കും. അത് ദൈവിക, പ്രകൃതി ഭാഷ്യം, പ്രക്രിയ. ഒന്നും ആരുടെയും കുത്തകയല്ല. കുത്തകയാക്കണമെന്നുണ്ടെങ്കിൽ നിക്ഷിപ്ത കപട താല്പര്യം വെക്കണം. അത്രമേൽ കളങ്കപ്പെടേണം. .

ഗുരു: അയാൾ ചെയ്തു കൊണ്ടിരിക്കുന്നത് ചെയ്തു കൊണ്ടിരിക്കും. ഗുരുത്വത്തിനു വേണ്ടിയല്ല. പ്രകൃതിപരമായ നിയോഗം പോലെ. അത് കര്ഷകന്റെതിൽനിന്നും കോഴി വളർത്തുകാരന്റേതിൽനിന്നും കടത്തുകാരന്റേതിൽനിന്നും വ്യത്യസ്തവുമല്ല അയാൾക്ക്.

അറിഞ്ഞും അറിയാതെയും, എല്ലാവരെയും പോലെ അയാളും സംഭാവനകൾ നല്കിയിരിക്കും. അയാളുടേതിന് മാത്രം പ്രത്യേക മോഡി വേണമെന്ന്  അയാൾക്ക് ഒരു നിര്ബന്ധവും ഉണ്ടാവില്ല. കാരണം ഗുരു അറിയുന്നു: മോഡി മുഴുവൻ ദൈവത്തിനും പ്രകൃതിക്കും അവകാശപ്പെട്ടത്.  പുഴയും വൃക്ഷങ്ങളും നൽകും പോലെ അയാളും നൽകും. തെളിനീരും, പഴങ്ങളും.  അതിനെ നിങ്ങൾ എന്ത് വേണമെങ്കിലും പെരിട്ടോളൂ. മാങ്ങയെന്നും ജലമെന്നും ചക്കയെന്നും വെള്ളമെന്നും ഒക്കെ. നിങ്ങൾ മാങ്ങക്കു മാങ്ങയെന്നു പേരിട്ടത് ആ വൃക്ഷത്തിന് അറിയില്ല, ബാധകമല്ല. മാവെന്നു പേരിട്ടതും മാവിന് അറിയില്ലാത്തതും ബാധകം അല്ലാത്തതും പോലെ. ഏതു സ്വാർത്ഥനും അന്തിമ വിശകലനത്തിൽ നടത്തുന്നത് നിസ്വാർത്ഥ നിഷ്കാമ പ്രവർത്തനം. മാതാവിനെയും പുഴയെയും പിലാവിനേയും തേനീച്ചയെയും പോലെ. അതും ഗുരു അറിയുന്നു. പറയുന്നു. അതാണ് അത്രക്കെ ഉള്ളൂ ഗുരു ഗുരുവിനും.

പിന്നെ ചോദ്യം വരും: അയാൾ അറിയാതെയും അയാൾ ഗുരു ആവുന്നത് എങ്ങിനെ?
അയാൾ  ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ ആയത് കൊണ്ട്. ഇരുട്ടിൽ വെളിച്ചം കാണുന്നവൻ ആയത് കൊണ്ട്. ഇരുട്ടും അയാൾക്കു വെളിച്ച ആവുന്നത് കൊണ്ട്. ടോർച്ച പോലെ സ്വയം ഇരുട്ടിൽ നിന്ന് അയാൾ ജനങ്ങൾക്ക്  വെളിച്ചം ഉണ്ടാക്കിയും കണ്ടെത്തിയും നൽകുന്നത് കൊണ്ട്. കർഷകൻ പഴങ്ങളും പച്ചക്കറികളും കണ്ടെത്തും പോലെ തന്നെ. കർഷകൻ ഭക്ഷണത്തിന്റെ ധായകൻ, ഗുരു. ഗുരു വെളിച്ചം നൽകുന്ന ഗുരു. അറിവല്ല; വെളിച്ചം, തിരിച്ചറിവ്. കര്ഷകന് കൃഷിയിടം പോലെ ഗുരുവിനു ഇരുട്ട്. ഇരുട്ട് വെളിച്ചമുള്ളയിടവും. അങ്ങനെ 'ഗു' 'രു'  ഗുരു ആയി. ജനങൾക്ക് ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ. അത്ര മാത്രം. പുരോഹിതനെയും തന്ത്രിയെയും അറിവ് ഭാരമാക്കിയ പണ്ഡിതനെയും പോലെ ജനങ്ങൾക്ക് ഇരുട്ടിനെ സമ്മാനിക്കുന്നവൻ അല്ല ഗുരു.

ഇനിയെന്താണ് ആരാണ് ഗുരു? ആരോ പറഞ്ഞതും പഠിപ്പിച്ചതും ബോദ്ധ്യതയില്ലാതെ യാന്ത്രികമായി പഠിപ്പിച്ചു കൊടുക്കുന്ന ആൾ അല്ല. ശമ്പളത്തിന് വേണ്ടി അങ്ങനെ ചെയ്യുന്നത് ഗുരുവൃത്തിയുമല്ല. ഗുരു, അതിനേക്കാൾ മെച്ചമായി കാണുക യാചിക്കുന്നതായിരിക്കും. അത് കൊണ്ടാണ് ബുദ്ധനും സന്യാസികളും യാചന തെരഞ്ഞെടുത്തത്. (ഒരുവേള പഴനിയിൽ പോകുന്നതിനു മുൻപ് യാചിക്കുന്നതിന്റെ കഥയും ഇതാവണം). ബാക്കിയുള്ളത് ശുദ്ധ കാപട്യമുള്ള പൗരോഹിത്യത്തിന്റെ വഴി. അവർ സുഖിപ്പിച്ചു സ്വപ്‌നങ്ങൾ തന്നു വഞ്ചിക്കും. സത്യത്തിലേക്ക് നടത്തുകയെ ഇല്ല. അവർ കാഴ്ച മുട്ടുന്നിടത്തെ ആകാശമെന്നു വിളിപ്പിച്ചു വിശ്വസിപ്പിച്ചു സന്തോഷിപ്പിക്കും.

പൊതുജനത്തിന് ഗുരു കാട് പിടിച്ചു കിടക്കുന്നിടമാണ്. കർഷകൻ വൃത്തികെട്ടവനും. പക്ഷെ ശിഷ്യൻ  ആ കാടിനെ തോട്ടമാക്കി ജനങ്ങളിലെത്തിക്കും. അങ്ങനെയുള്ള ശിഷ്യന്മാർ വന്നു പെട്ടാൽ. വന്നു  പെട്ടുകൊള്ളണമെന്നു ഒരു നിര്ബന്ധവും ഗുരുവിനും കാലത്തിനും ഇല്ല. പരമഹംസന് വിവേകാനന്ദൻ വന്നു പെട്ടത് പോലെ. പരമഹംസർ പൂക്കളമായി ദർശിക്കപ്പെട്ടെങ്കിൽ വിവേകാനന്ദൻ എന്ന ശിഷ്യൻ കാരണമായി.

ഗുരു കൊടുക്കുന്ന മുട്ടകളെ കല്ലെന്നു ധരിച്ചു ചവിട്ടു പൊട്ടിച്ചു കളയും പൊതുജനം. കാരണം വേഷഭൂഷാതികളുള്ള പുരോഹിതരും താന്ത്രിമാരും പണ്ഢിതരും നൽകിയ മുട്ടകൾ വരെ കല്ലുകൾ മാത്രമായിരുന്നു എന്ന ദുരനുഭവം അവക്കു മുൻപേ ഉണ്ടായിരുന്നു. അത്കൊണ്ട് ഭ്രാന്തനായി കാണപ്പെടുന്ന ഗുരുവിൽ നിന്നും അവർ മുട്ടകൾ പ്രതീക്ഷിക്കുകയുമില്ല. അത് മുട്ടകളാണെന്നു മനസ്സിലാക്കുന്ന ശിഷ്യൻ വന്ന് വേണം വിരിയിച്ചു കുഞ്ഞുങ്ങളെ കാണിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ. അപ്പോഴേക്കും ഗുരു അപ്രത്യക്ഷമായിട്ടുമുണ്ടാവും.

സ്ത്രീയുണ്ടെങ്കിലേ പുരുഷൻ പുരുഷനാവുന്നുള്ളൂ. നേരെ മറിച്ചും. കുഞ്ഞുണ്ടെങ്കിലേ സ്ത്രീ അമ്മയാവുന്നുള്ളൂ. സ്ത്രീക്കു പുരുഷനിലും പുരുഷന് സ്ത്രീയിലും നിർവഹിക്കാനുള്ളതാണ് വ്യത്യസ്തമായ സമയങ്ങളിൽ വ്യത്യസ്‍തമായ രീതിയിൽ ശിഷ്യനും നടത്താറുള്ളത്. അര്ധനാരീശ്വരം എന്നത് ഗുരുവിനും ശിഷ്യനും ഒരുപോലെ ബാധകവും ആണ്. രണ്ട് പേരും തിരിഞ്ഞും മരിജുമ ഗുരു ശിഷ്യന്മാരായ പരസ്പരം മാറും. രണ്ടാളും സ്ത്രീയും രണ്ടാളും പുരുഷനും ആകും. ആവശ്യാനുസാരം. സന്ദർഭത്തിന്റെ തേട്ടമനുസരിച്.

*******

ശിഷ്യൻ, ഗുരുവെന്ന സ്ത്രീയിൽ ആകൃഷ്ടനായി ചോദ്യം ചോദിക്കുന്ന, ബീജം നൽകുന്ന പുരുഷനാവും.  അതേ ശിഷ്യൻ ഗുരുവിൽനിന്നും ഉത്തരം വാങ്ങി ഗർഭം ധരിക്കുന്ന സ്ത്രീയുമാവും.

ഗുരു ശിഷ്യനിൽ നിന്നും ബീജമായ ചോദ്യം ധരിക്കുന്ന ഉത്തരത്തെ കുഞ്ഞായി തിരിച്ചു നൽകുന്ന സ്ത്രീയാവും. അതേ ഗുരു ശിഷ്യന് ഗർഭം ധരിക്കാൻ ബീജങ്ങളായ ഉത്തരങ്ങൾ നൽകുന്ന പുരുഷനും ആകും.

ഗുരു ചോദ്യത്തിൽ അടയിരുന്ന ഉത്തരങ്ങളായ കുഞ്ഞുങ്ങളെ പ്രസവിക്കും.

ശിഷ്യൻ ആ ഉത്തരങ്ങളെ, അടയിരുന്ന്  ജനങ്ങൾക്ക്, അവ പ്രായോഗികമായതും ജീവിതം തന്നെഎന്നും  തെളിയിക്കും വിധം കുഞ്ഞുങ്ങളാക്കി മാറ്റും.

അങ്ങനെ രണ്ടാളും പരസ്പരം സ്ത്രീയും പുരുഷനുമാകും. രണ്ടാളും പരസ്പരം ഗുരുക്കന്മാരാവും. മാറിയും മറിഞ്ഞും. അവർ അങ്ങിനെ വെറും ജീവിതമാകും.

കാരണം ഗുരുവിനും ശിഷ്യനും ഒന്നായും ഒറ്റയായും പറയാനും പ്രവർത്തിച്ചു കാണിക്കാനുമുള്ള ഒരേ ഒരു സത്യം ജീവിതം മാത്രമാണ്. ദൈവവും ഞാനും നീയും എല്ലാം ഒന്നാവുന്ന ജീവിതം.

*******

ഇനിയെന്താണ് ഗുരു ചെയ്യുന്ന പണി? സൃഷ്ടിയും സ്ഥിതിയും സംഹാരവവും ഒരുമിച്ചു നടത്തുന്നു. അങ്ങനെ നടത്താനാവുന്നവൻ ആണ് ഗുരു. പക്ഷെ ഗുരു ആരിൽ അത് നടത്തുന്നു? ശിഷ്യനിൽ. ചുറ്റുപാടിൽ. അങ്ങനെ നടത്തുമ്പോൾ ഒന്നറിയേണം. സൃഷ്ടിയും സംഹാരവും സുഖിപ്പിക്കലിന്റേതായിക്കൊള്ളേണമെന്നില്ല. പുരോഹിതനും പണ്ഡിതനും ചെയ്യുന്ന കപടമായ സുഖിപ്പിക്കൽ അവിടെ പ്രതീക്ഷിക്കേണ്ട. വേണ്ടത് സൃഷ്ടിക്കുക, വേണ്ടാത്ത നശിപ്പിക്കുക, വേണ്ടതിനെ വളവും വെള്ളവും നൽകി സംരക്ഷിക്കുക. എല്ലാറ്റിനും അവക്ക് വേണ്ടതൊക്കെ ചെയ്തു കൊണ്ട്.

എന്ന് വെച്ചാൽ? ഗുരു ശിവനും ബ്രഹ്‌മാവും വിഷ്ണുവും ഒന്നായൊരുമിച്ചവൻ. അങ്ങനെ ഒന്നായൊരുമിപ്പിച്ചു വാഴുന്നവൻ ഗുരു.

അതിനാലല്ലയോ ഭാരതീയർ പണ്ടേ പഠിച്ചതും പഠിപ്പിച്ചതും പാടിയതും:  ഗുരു ബ്രഹ്മ ഗുരുർ വിഷ്ണു ഗുരു ദേവോ മഹേശ്വര: ഗുരുസ്‌സാക്ഷാൽ പരബ്രഹ്മ, തസ്മൈ ശ്രീ ഗുരവേ നമ:

No comments: