Sunday, January 13, 2019

ജീവിതത്തിന്റെ നട്ടെല്ല് ശൂന്യതാബോധമാണ്. അതിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവർ ഭീരുക്കൾ

ജീവിതം പച്ചയായി രാവും പകലുമായി
നേരിടാൻ നല്ല ഉള്ളുറപ്പു വേണം. മദ്യം, ഭക്തി, ജോലി, സാമൂഹ്യ
പ്രവർത്തനം എന്നീ ഒളിച്ചോട്ടങ്ങളില്ലാതെ.

Question: Could you please explain

Answer: 

നല്ല ചോദ്യം. സത്യസന്ധമായും താങ്കൾ ചോദിച്ചു.
ജീവിക്കാനാവുന്നവർ വളരെ ചുരുക്കം. പ്രകൃതിയിലെ മറ്റെല്ലാം നഗ്നമായും ഒറ്റക്കും ജീവിക്കുന്നു. അവക്ക് ഒറ്റയ്ക്ക് ജീവിതത്തെ നേരിടാൻ ആവുന്നു. ജീവിതം ജീവിതം മാത്രമാവുന്നു. പച്ചയായി. ധ്യാനം പോലെ. നേർക്കുനേർ.

മറ്റേതൊരു ജീവിയേയും നോക്കൂ. രാവും പകലും എത്ര പച്ചായായി അനുഭവിച്ചു കൊണ്ട് അവ ജീവിക്കുന്നു? ബാഹ്യമായ പ്രതിബിംബനവും ബാഹ്യമായത് വെച്ചുള്ള വ്യക്തിത്വ രൂപീകരണവും ആവശ്യമില്ലാതെ.  ജോലി എന്ന സംഗതിയെ ഇല്ലാതെ. ജോലി എന്തെന്ന് ചോദ്യമാകാതെ. ജോലിയുമായി ബന്ധപ്പെട്ട വ്യക്തിത്വം ഒരു അത്യാവശ്യം ആകാതെ. ജീവിതം മാത്രം ജോലി ആയിക്കൊണ്ട്. അഥവാ ജീവിതം ജോളി ആക്കിക്കൊണ്ട്.

നമ്മൾ മനുഷ്യർ, ജീവിക്കാതിരിക്കുന്നു. ജീവിക്കാതിരിക്കുന്ന, ജോലി മാത്രം ചെയ്യേണ്ടിവരുന്ന ഭക്തിയിലും മദ്യത്തിലും ആകേണ്ടി വരുന്ന അവസ്ഥയെ ജീവിതം എന്ന് വിളിക്കുന്നു. രാവും പകലും പച്ചയായി അനുഭവിക്കാതെ. രാവും പകലും പച്ചയായി അനുഭവിക്കാനുള്ള ഉള്ളുറപ്പും ഉൽതെളിച്ചവും നമുക്കില്ല. അതിനാൽ ഏതെങ്കിലും എന്തെങ്കിലും എങ്ങങേമെന്റ്റ് വേണ്ടി വരുന്നു. സമയം എങ്ങിനെ ചിലവഴിക്കുന്നു എന്ന് ചോദിക്കേണ്ടി വരുന്നു.  സമയവും ജീവിതവും തള്ളി നീക്കേണ്ട ഒരു ബാധ്യത എന്ന പോലെ. തന്നിൽ നിന്നും  ജീവിതത്തിൽ നിന്നും തനിക്ക് ഒളിച്ചോടാൻ.

എല്ലാവരും ഏറെക്കുറെ ഒളിച്ചോടുന്നു. ജീവിക്കാനാവാതെ. ജീവിതത്തെ തന്നെ തൊഴിലും ധ്യാനവും പ്രാർത്ഥനയും ആരാധനയും നൃത്തവും ആക്കാൻ ആവാതെ. ഒളിച്ചോടാനാവാത്തപ്പോൾ ബോറടിക്കുന്നു എന്ന് പറയുന്നതും പറയേണ്ടി വരുന്നതും അതിനാൽ.  ഏതെങ്കിലും നിലക്കുള്ള ഒരു എൻഗേജ്മെന്റും ഒളിച്ചോട്ടവും ആവശ്യമാവുന്നത് അതിനാൽ.

ബാഹ്യവുമായി ബന്ധപ്പെട്ട്, അതിൽ തന്റെ നിഴിലിട്ടും അതിന്റെ നിഴൽ തന്നിലിട്ടും തന്നെയാണ് എല്ലാവരും ജീവിക്കുന്നത്. സമയം അഥവാ ജീവിതം നീക്കുന്നത്. അത് കൊണ്ട് തന്നെയാണ് കണ്ടുമുട്ടുന്ന മാത്രയിൽ 'എന്ത് ചെയ്യുന്നു' എന്ന് ചോദിക്കേണ്ടി വരുന്നതും, എന്ത് ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ടു വ്യക്തിത്വം കരുത്തേണ്ടി വരുന്നതും. നമ്മളാരുടെയും വ്യക്തിത്വം 'ജീവിക്കുന്നു', 'ജീവിക്കുന്നവൻ' എന്ന വ്യക്തിത്വമല്ലാത്തത് പോലെ. ജീവിക്കാൻ ജനിച്ചവൻ ജീവിക്കാൻ വേണ്ടി ജനിച്ചതല്ലാത്തത് പോലെ.

ബാഹ്യമായതിൽ പ്രതിബിംബിപ്പിച്ചു, അതിന്റെ വ്യക്തിത്വം തന്റേതാക്കിക്കൊണ്ട് മാത്രേം ജീവിക്കുന്നു എന്ന് വരുത്തുന്നു. യഥാർത്ഥത്തിൽ ജീവിക്കാനാവാതെ. ഇവർ സ്വർഗത്തിൽ, ഒന്നും ബാഹ്യമായി ചെയ്യാനില്ലാത്ത ഇടത്ത എങ്ങന്നെ ബോറടിക്കാതെ ജീവിക്കും, ആവോ?. കാരണം ഒന്നും ചെയ്യാനില്ലാത്തപ്പോൾ താനുമായി താൻ ഒറ്റക്കിരിക്കുമ്പോൾ ശൂന്യതാബോധം രൂപപ്പെടും. ബോറടി എന്ന് പറയും.  അതിനാൽ ഭക്തി, മദ്യം, ജോലി, സാമൂഹ്യ പ്രവർത്തനം. അതുണ്ടാക്കുന്ന ഒരുതരം മറവി. അങ്ങിനെ തന്നിൽ നിന്നു തന്നെയുള്ള ഒളിച്ചോട്ടം . ഒരുവന് അവനോടൊത്തു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ബോറടി. തനിക്കു താൻ ശത്രുവാണെന്നു തിരിച്ചറിയാത്ത അവസ്ഥ. തനിക്കു താൻ വലിയ ചോദ്യ ചിഹ്നവും ശത്രുവും ആവുന്ന അവസ്ഥ.              

ജീവിതത്തിന്റെ നട്ടെല്ല് ശൂന്യതാബോധമാണ്. അതിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവർ ഭീരുക്കൾ. അതുമായി കളിച്ചു രസിച്ചു കളിപറഞ്ഞു കഥ പറഞ്ഞു നടക്കാനാവുന്നവർ ഭാഗ്യവാന്മാർ. അവർ ആ ശൂന്യതയിൽ ദൈവികതയും മുഴുത്വവും പൂർണതയും ദർശിക്കാനാവുന്നവർ. മോക്ഷം നേടിയവർ.

അവർക്കു ആ ശൂന്യത ബോധത്തെയും ശൂന്യതയെയും തങ്ങള്ക്ക് ഉറങ്ങാനുള്ള തലയിണയും നൃത്തം ചവിട്ടാനുള്ള അരങ്ങും ആക്കാൻ കഴിയുന്നു. പൊരുത്തത്തിൽ അവർ തന്നെ ആയിക്കൊണ്ട്. ആയിരിക്കുന്ന അവസ്ഥയിൽ ആയി നിറഞ്ഞു തുളുമ്പി നിന്നുകൊണ്ട്. സംഘർഷം ഏതുമില്ലാതെ വരുത്തിത്തീർക്കാനായൊന്നുമില്ലാതെ.

********

Question:Arjunan Ramapalan ഇതിൽ ഒരു പ്രശ്നമുണ്ട് ?

Answer: താങ്കൾ ശരിയായി പറഞ്ഞിരിക്കുന്നു. സത്യസന്ധമായ സമീപനം. വളരെ സന്തോഷം.

എല്ലാം ആവാം. പക്ഷെ അവയില്ലെങ്കിൽ താനില്ല, തനിക്കാവില്ല, ജീവിക്കാൻ ആവില്ല, മടുക്കുന്നു. ബോറടിക്കുന്നു എന്ന് പറയുന്നിടത്തും പറയേണ്ടി വരുന്നിടത്തുമാണ് പ്രശ്നം.

ജോലി ചെയ്യേണ്ടെന്നും ചെയ്യരുതെന്നും അർത്ഥമാക്കിയില്ല. സാമൂഹ്യ പ്രവർത്തനം ആയാലും ചെയ്യേണ്ടി വരും. അതിജീവനവും ഉപജീവനവും സാധിക്കാൻ. വ്യവസ്ഥിതിയും സാമൂഹ്യതയും നിലനിൽക്കാൻ, നിലനിർത്താൻ. പക്ഷെ ജോലി ചെയ്തേ തീരു എന്ന് വന്നാൽ, ജോലിയും സാമൂഹ്യ പ്രവർത്തനവും ചെയ്തു വേണം തന്റെ വ്യക്തിത്വവും ജീവിതത്തിന്റെ അർത്ഥവും ഉണ്ടാവാൻ കണ്ടെത്താൻ എന്ന് വന്നാൽ, ജോലി ചെയ്യാതെ ഒരു നിമിഷവും, ബോറടിക്കാതെ, നിൽക്കാൻ കഴിയില്ലെന്ന് വന്നാൽ, തനിയെ ഇരിക്കേണ്ടി വരുന്ന അവസ്ഥയെ വെറുക്കേണ്ടിയും ബോറടിയെന്നു വിളിക്കേണ്ടിയും വന്നാൽ, ജോലിയുടെ വ്യക്തിത്വമാണ് തന്റേതെന്ന് വന്നാൽ , താൻ സ്വന്തമാക്കുന്നതിന്റെയും അധികാരപ്പെടുത്തുന്നതിന്റെയും വ്യക്തിത്വമാണ് തനിക്കെന്ന് വന്നാൽ, അപ്പോൾ ആണ് പ്രശനം. അത്തരക്കാർക്ക് ജോലിയും മദ്യവും ഭക്തിയും സാമൂഹ്യപ്രവർത്തനവും ഒളിച്ചോടാനും തന്നെ മറക്കാനും ബോറടി മാറ്റാനുമുള്ള ഒരേർപ്പാടു മാത്രമാവുന്നു. ജീവിതത്തെയും തന്നെയും ഒഴിവാക്കാനുള്ള, തന്നെ താൻ നേരിടാനും അറിയാതിരിക്കാനുമുള്ള ഒരേർപ്പാടു. അത്രയേ അർത്ഥമാക്കിയുള്ളൂ.

No comments: