പ്രിയ ജ്യേഷ്ഠ സുഹൃത്ത് ഹാരിസ്, എന്തെങ്കിലും പറയണമെന്നും വരുത്തിത്തീർക്കണമെന്നും നിർബന്ധം ഉള്ളതിനാൽ പറയുന്നതും എഴുതുന്നതുമല്ല। അങ്ങനെ പറഞ്ഞു വരുത്തിത്തീർത്തു നേടാനും നഷ്ടപ്പെടാനുമുള്ള സ്വർഗ്ഗവും മോക്ഷവും നരകവും ശിക്ഷയുമില്ല. സ്ഥാനവും ശമ്പളവും ലക്ഷ്യമിടുന്നുമില്ല.
പിന്നെ എന്ത് കൊണ്ട് ഇങ്ങനെ ശക്തിയുക്തം പറയുന്നു, എഴുതുന്നു?
ഒരുപക്ഷെ വേട്ടയാടും പോലെ.
താങ്കളെയെങ്കിലും. താങ്കൾക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ.
പ്രതികരിക്കേണ്ടി വരുമ്പോൾ മാത്രം പറയേണ്ടിയും എഴുതേണ്ടിയും വരുന്നതാണ്. അഥവാ ചുറ്റുവട്ടവുമായി സംവദിക്കുമ്പോഴും സംവദിക്കേണ്ടി വരുമ്പോഴും മാത്രം. ആരെങ്കിലും പ്രതികരിപ്പിക്കുമ്പോൾ. വെറും വെറുതെ. പറഞ്ഞുപോയതിന്റെ പൂര്ണതക്ക് വേണ്ടി. പൂർണത ദര്ശിപ്പിക്കാൻ. പറഞ്ഞുപോയതിനെ വഴിക്കിട്ടു പോകാതെ "ഉത്തരവാദിത്വവും" പിതൃത്വവും ഏറ്റെടുക്കുന്നതിനാൽ. ഓരോ ബുദ്ധനും മുഹമ്മതും ഗുരുവും അങ്ങനെയാണ്.
********
അതല്ലെങ്കിൽ നിശ്ചലമായി തെളിഞ്ഞു അനക്കവും ആട്ടവുമില്ലാതെ നിൽക്കും ജലാശയം, ബുദ്ധൻ, മുഹമ്മദ്, യേശു, കൃഷ്ണൻ, രാമൻ, മാർക്സ്, ഋഷി, മുനി. നിസ്സംഗമായി. ആരും ഒന്നും പറഞ്ഞു പ്രതികരിപ്പിക്കുന്നില്ലേൽ। വെറുതെ, ഉദ്ദേശരഹിതമായി. എന്താണോ വന്നു പെടുന്നത് അതിനെ തന്നെ പ്രതിബിംബിച്ചു കൊണ്ട്. പ്രതികരണം വേറെ, നിസ്സംഗമായി നിഷ്ക്രിയമായി ചെയ്യുന്ന പ്രതിബിംബനം വേറെ.
അതിനാൽ പ്രതികരിപ്പിച്ചാൽ മാത്രം പറയുന്നതാണ്. പ്രതികരിപ്പിക്കുന്നതിനു അനുസരിച്ചു പ്രതികരിക്കുന്നതാണ്. ചുറ്റുപാടിന്റെ ആവശ്യാനുസാരം. അറിയുന്നതും പറയാനുള്ളതും മുഴുവനും വെച്ചല്ല. ചുറ്റുപാടിനോട് സംവദിച്ചും പ്രതികരിച്ചുമാണ്.
********
അതിനാൽ തന്നെ ഇന്ന് പറഞ്ഞത് നാളെ പറഞ്ഞു കൊള്ളേണമെന്നില്ല. വൈദ്യൻ ഇന്ന് ഇയാൾക്ക് കൊടുത്ത മരുന്ന് നാളെ മറ്റൊരാൾക്ക്, എന്നല്ല ഇയാൾക്ക് തന്നെയും, കൊടുത്തുകൊള്ളേണം എന്നില്ല. ആവശ്യാനുസാരം സന്ദര്ഭാനുസാരം. ആവശ്യവും സന്ദർഭവും ആവശ്യപ്പെടുന്നതിനനുസരിച്ചു.
അതിൽ വൈരുദ്ധ്യവും നോൺസെൻസും ദർശിച്ചിട്ടു കാര്യമില്ല. വൈദ്യൻ മറ്റൊരാൾക്ക് കൊടുത്ത മരുന്ന് ആയാളായി കഴിക്കാത്തതിൽ അസ്വാഭാവികതയും ദർശിക്കേണ്ടതില്ല. ബുദ്ധനും മുഹമ്മദും യേശുവും കൃഷ്ണനും ഒക്കെ അങ്ങനെയായിരുന്നു. മറിച്ചാവാൻ പറ്റാത്തവർ ആയിരുന്നില്ല. മറ്റൊരു സന്ദർഭത്തിൽ. എന്നിട്ടും സന്ദർഭത്തോട് നീതി പുലർത്തുന്ന കോലത്തിൽ മാത്രം പ്രതികരിച്ചു. അതല്ലെങ്കിൽ വെറുതെ ഉള്ളതെന്തോ അത് പ്രതിബിംബിച്ചു മാത്രം നിന്ന്। പ്രതിബിംബനം നോക്കി മനസ്സിലാക്കാനാവുന്നവർ ചുറ്റുവട്ടത് ഉണ്ടാവുക വളരെ വിരളം. എല്ലാ കാലത്തും എല്ലാ സമൂഹത്തിലും.
*********
അതിനാൽ, കല്ലിട്ടാൽ അനുരണനമുണ്ടാവും. പ്രതികരണം പോലെ. ഉത്തരം പറയുന്നത് പോലെ। കല്ലിടുന്നവൻ അറിഞ്ഞാലും ഇല്ലേലും. ആവശ്യപ്പെട്ടായാലും ഇല്ലേലും. അങ്ങനെയുള്ള, സ്വാഭാവികമായും ഉണ്ടാവുന്ന, ഉണ്ടാവേണ്ട, അനുരണനങ്ങൾ മാത്രം ആണ് ഈ പറയുന്നതും പ്രതികരിക്കുന്നതും.
കല്ലിട്ടിട്ടില്ലായിരുന്നെങ്കിൽ ഇല്ലാതാകുമായിരുന്ന പ്രതികരണങ്ങൾ, അനുരണനങ്ങൾ, തരംഗങ്ങൾ. കല്ലിടുന്ന കുട്ടി അറിയില്ല, ജലാശയത്തിൽ താനിടുന്ന കല്ല് ഉണ്ടാക്കുന്ന അനുരണങ്ങൾ എത്ര, എവിടെ വരെ എന്ന്. ഏതെല്ലാം മൽസ്യങ്ങൾ എങ്ങിനെയെല്ലാം അതിനു ചെവി കൊടുക്കുന്നു എന്ന്. ഒരുപക്ഷെ അതിനാൽ ആരൊക്കെ ഇത്രയെല്ലാം അസ്വസ്ഥമാകുന്നുവെന്നു. എഫ് ബി യിലൊക്കെ വെറുതെ എന്തെങ്കിലും പറയുന്നവരും കമന്റ് ഇടുന്നവരും അപ്പടി. എന്തിനെന്നറിയാതെ ജീവിക്കുന്നവർ മുഴുവരും. എന്ന് വെച്ചാൽ മഹാഭൂരിപക്ഷ ജനങ്ങളും. കുറ്റം പറയാനില്ല. ആരുമറിയുന്നില്ല അവർ ചെയ്യുന്ന, ചെയ്യേണ്ടി വരുന്ന ധർമം എന്തെന്ന്. അവരറിയാതെയും ആ ധർമം നിറവേറുന്നു. അതിനാൽ ഇത്തരം ഉത്തരങ്ങളും ഉണ്ടാവുന്നു.
*********
പ്രിയ സുഹൃത്തേ, പ്രതികരണം ആണല്ലോ ജീവിതത്തെ ജീവിതമാക്കുന്നത്. പ്രതികരിക്കുന്നുണ്ട് എന്നതാണ് ആർക്കും ജീവനുണ്ടെന്നു തെളിയിക്കുന്നത്. ചുരുങ്ങിയത് വൈദ്യശാസ്ത്രപരമായി പറഞ്ഞാലെങ്കിലും.
ആ പ്രതികരണബോധത്തെ നമ്മൾ മറ്റൊരു തലത്തിലും അർത്ഥത്തിലും പറയുന്നതാണ് ചോദ്യത്തിന് ഉത്തരം പറയുക, ഉത്തരം പറയുന്ന ബോധം എന്ന്. മരുന്നിനോട് പ്രതികരിക്കുക എന്ന്. കഴിച്ച ഭക്ഷണം ദഹിപ്പിക്കുക എന്ന്। അഥവാ ഉത്തരം പറയുന്ന, പറയേണ്ടുന്ന, പ്രതികരിക്കുന്ന, ദഹിപ്പിക്കുന്ന ബോധത്തെയാണ്, പ്രതികരണപരതയെ ആണ്, ഉത്തരവാദിത്വം എന്ന് പറയുന്നത്. ഉത്തരം വാദിക്കേണ്ടി വരുന്ന, ഉത്തരം പറയേണ്ടി വരുന്ന അവസ്ഥ.
കല്ലിടുക എന്നാൽ ചോദ്യം ഉയർത്തുക. ഉത്തരം എന്നാൽ അതിനുള്ള പ്രതികരണം. അങ്ങനെ ഉത്തരം പറയുന്ന, പറയേണ്ടി വരും, പ്രതികരിക്കേണ്ടി വരും എന്ന് തോന്നുന്ന, ബോധമാണ് ഉത്തരവാദിത്തബോധം. ഇന്ഗ്ലീഷിൽ പറഞ്ഞാൽ എബിലിറ്റി റ്റു റസ്പോണ്ട ആണല്ലോ റെസ്പോണ്സിബിലിറ്റി. റെസ്പോണ്സിബിലിറ്റി ആണ് ജീവിതത്തെ ജീവിതമാക്കുന്ന പ്രതികരണപരത, അഥവാ ഉത്തരവാദിത്തബോധം.
*********
അത് തന്നെയാണ് ജലാശയത്തിലെ അനുരണനവും എന്റെ ഈ അർത്ഥത്തിലുള്ള, ഒരുപക്ഷെ താങ്കൾ ഇഷ്ടപ്പെടാത്തത്ര നീളത്തിൽ ഉള്ള പ്രതികരണവും. സംഭവിച്ചു പോകുന്നത്। ജീവനുള്ളതിനാൽ, ജീവിക്കുകയാൽ. മനസ്സിലാക്കുമല്ലോ?
********
ഒരു വിത്ത് വിത്തെന്ന നിലയിൽ വളരെ ചെറുതാണ്. ഓരോ പ്രവൃത്തിയും പറച്ചിലും ആ നിലക്ക് അങ്ങിനെ തന്നെ. ബാഹ്യമായ കണ്ണുകൾക്ക്, കാതുകൾക്ക്. പക്ഷെ നീണ്ടാൽ, വളർന്നാൽ വൃക്ഷത്തോളം വലുതാവും, പക്ഷികളെ പോലെ പറന്നു നടക്കും। ഈ ഉത്തരം പോലെ. ഒരുപക്ഷെ താങ്കൾ ഇഷ്ടപ്പെടാത്തത്ര നീളമുള്ള എന്റെ ഉത്തരം പോലെ.
താങ്കൾ വെറുതെ എന്ന് തോന്നി പറയുന്ന ചില കാര്യത്തിൽ അത്തരം വിത്തുകളയും മുട്ടകളെയും ബീജത്തെയും കണ്ട്പോകുന്നത് കുറ്റമായിരിക്കാം. പക്ഷെ അങ്ങനെ കണ്ട്പോകുന്നവൻ അറിയാതെയും അറിഞ്ഞും അതിനെ വിരിയിച്ചു പോകും, മുളപ്പിച്ചു പോകും. അതിനാൽ കുഞ്ഞുങ്ങളാകും, വൃക്ഷങ്ങൾ ഉണ്ടാവും, പക്ഷികൾ പറക്കും. ഉത്തരങ്ങളായി. അതിന്റെ ആകാവുന്ന സാധ്യതയിലേക്കു. താങ്കൾ ഉദ്ദേശിച്ചാലും ഇല്ലേലും. അതിന്റെ ഇലാസ്തിക മാനം കണ്ടെത്തിക്കൊണ്ട്.
**************
താങ്കളെ പിന്തുടർന്ന് പിടികൂടുകയാണ് എന്ന തോന്നൽ വേണ്ട. കാണിച്ച സൗഹൃദത്തെ ഇങ്ങനേയും വേട്ടയാടാമോ എന്ന തോന്നൽ വേണ്ട. ഇങ്ങനെയും മടുപ്പിക്കാമോ എന്ന തോന്നൽ. ഇയ്യുള്ളവൻ ആവർത്തിച്ചു ക്ഷമ ചോദിക്കുന്നു.
താങ്കൾ വെറുതെ എന്ന് കരുതി ചില കാര്യങ്ങൾ പറഞ്ഞാലും, അവയിൽ വ്യംഗ്യമായ നല്ലതും തിയ്യതുമായ ചില സൂചനകളും നാമ്പുകളും ഉള്ളതിനാൽ വീണ്ടും വീണ്ടും തൊട്ടുപോകുന്നതാണ്, വിശദീകരണം തന്നു പോകുന്നതാണ്.
താങ്കൾ പൂർണമായും എന്നെ അംഗീകരിച്ചേ തീരൂ എന്ന നിലയിലും നിലപാടിലും അല്ല. പറയുന്നതിന്റെ വേരും തലയും കാണിച്ചു തരിക മാത്രം. വേരും തലയും ഉള്ളതാണ് പറയുന്നതെന്ന് വ്യക്തമാക്കാൻ. വേരും തലയും അറിയുമ്പോഴല്ലേ താങ്കൾക്കും മനസ്സിലാവൂ, ഒരു വ്യക്തമായ തീരുമാനത്തിലെത്താൻ പറ്റൂ. ഈ വൃക്ഷവും അതിലെ പഴവും പൂവും താങ്കൾക്കു പറ്റിയതല്ല, വേണ്ടതല്ല എന്ന മനസ്സിലാക്കലിലും തീരുമാനത്തിലും എത്താനാവൂ.
***********
താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണ്. ഒരേ വണ്ടിയിൽ ആയിപ്പോവുകയും അങ്ങനെ ഒരുമിച്ചു ഒരേ ദിശയിലേക്കു യാത്ര പോകാനാവുകയെന്നതും മാത്രം തന്നെയേ ഉള്ളൂ. അതും യാദ്ര്ശ്ചികമായി.
അങ്ങനെ യാത്ര ചെയ്യുന്നവരെല്ലാം ഒരേ ലക്ഷ്യവും ആശയവും ഉള്ളാവരായിക്കൊള്ളേണം എന്നും ഒരേ കാര്യത്തിനായിക്കൊള്ളേണമെന്നും യാത്ര ചെയ്യേണ്ടത് എന്നും നിർബന്ധിക്കാൻ പറ്റില്ല. പരസ്പരം മനസ്സിലാക്കണമെന്നും എല്ലാ കാര്യത്തിലും പൊരുത്തം ഉള്ളവർ ആയിക്കൊള്ളണം എന്നുമില്ല। താങ്കൾ എന്നെ മനസ്സിലാക്കുന്ന കാര്യത്തിലായാലും.
********
ഒരു കാര്യം. അങ്ങനെ മനസ്സിലാക്കാൻ മാത്രം ഇയ്യുള്ളവൻ ഒന്നും വേറിട്ട് വ്യത്യസ്തമായി പറയുന്നില്ല। ഇയ്യുള്ളവൻ പറയുന്നത് പഴയതും പുതിയതുമാകാം. കാരണം, പറയുന്നത് ജീവിതം മാത്രമാണ്. ജീവിതമാണ് സത്യം, പ്രയോഗം എന്നാണു. ദൈവവും ശരിയും ഒഴുക്കും നിശ്ചലതയും എല്ലാം ജീവിതം ആണെന്ന്. ജീവിതം അല്ലാത്ത തെളിവും ന്യായവും അവസ്ഥയും ഇല്ലെന്നു.
അത് പുതിയതെന്നും പഴയതെന്നും ഉണ്ടാവും. ആരെങ്കിലും മുൻപ് പറഞ്ഞതെന്നും അല്ലെന്നും ഉണ്ടാവും. പക്ഷെ പഴയതാണോ പുതിയതാണോ ആരെങ്കിലും മുൻപ് പറഞ്ഞതാണോ അല്ലെ എന്ന് നോക്കിയല്ല ഒന്നും പറയുന്നത്। ബോധ്യപ്പെട്ട കാര്യം, സത്യം എന്ന നിലക്ക് മാത്രമാണ് പറയുന്നത്। സത്യത്തിനും ജീവിതത്തിനും പഴയതെന്നും പുതിയതെന്നും ഇല്ലല്ലോ? അധികാരവും സ്ഥാനവും അംഗീകാരവും ഉദ്ദേശിച്ചുമല്ലല്ലോ സത്യം പറയുന്നത്. ബോധ്യപ്പെട്ടത് പറയാനാവുന്നതിനേക്കാൾ വലിയ അധികാരവും സ്ഥാനവും അംഗീകാരവും ഇല്ല. ബോദ്ധ്യതയിൽ ആണ് ദൈവവും മനസ്സാക്ഷിയും. ബോദ്ധ്യതയിൽ തന്നെ ആണ് അധികാരവും സ്ഥാനവും അംഗീകാരവും.
*********
പിന്നെ സ്ഥാപിതമായ, അധികാരം കൂടെയുള്ള ഒന്നും എനിക്ക് പറയാനില്ല. അതിനാൽ തന്നെ താങ്കൾക്കു മനസിലാക്കിക്കാനും പറ്റില്ല. പറയുന്നതുമായി ഒത്തുപോവാൻ തോന്നുകയും ഇല്ല.
അധികാരവും സ്ഥാപനവും ഉണ്ടെങ്കിൽ കൂടെ കൂടാൻ വളരെ അധികം പേരെ ആർക്കും കിട്ടും। അങ്ങനെയാണ് സ്ഥാപിത മതങ്ങൾ മുഴുവൻ പിൽകാലത്ത് ആയത്। ഇപ്പോൾ കാണുന്നത് പോലെ. അല്ലെങ്കിൽ അത്ഭുതം കാണിക്കേണം. ഒരു മാജിക് എങ്കിലും. ആൾ ദൈവങ്ങൾ ഉണ്ടാവുന്ന വഴി അതാണല്ലോ? മാജിക് കാണിച്ചിട്ടും (അവരുണ്ടാക്കിയ അവരുടെ ചരിത്രത്തിൽ അങ്ങനെ പറയപ്പെടുന്നു) യേശുവിനു രക്ഷയില്ലാതായി എന്ന് ചരിത്രം. യേശു എന്നിട്ടും ആരും ചോദ്യം ചെയ്യാനില്ലാതെ (അത് നടക്കുന്ന വേളയിൽ) ക്രൂശിക്കപ്പെട്ടു.
പൊതുജനം അധികാരവും സ്ഥാപനവും മാജിക്കുമായും കൂട്ടിക്കുഴച്ചാണ് ആശയത്തെ തിരിച്ചറിയയുന്നത്, അഥവാ കൊണ്ട് നടക്കുന്നത്. അല്ലെങ്കിൽ അവർ കണ്ടില്ലെന്നു നടിക്കും. അവർക്കു സുരക്ഷിതത്വം നൽകുന്ന സ്ഥാപനവും അധികാരവുമാണ് വലുത്, പ്രധാനം. അതല്ലെങ്കിൽ ചരിത്രത്തിൽ കഥയായി മാത്രം ഏറിയാൽ അവർ അംഗീകരിക്കും. ഇപ്പോൾ സൂഫികളെ കുറിച്ചും മറ്റും പറഞ്ഞു നമ്മളിൽ പലരും ആളാവുന്നത് പോലെ. സൂഫിയെ നേരിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവർ, അടുത്ത നിർത്താത്തവർ. കൂടെ നില്കാത്തവർ. എല്ലാവരും വിശ്വാസികളാവുന്നത് അക്കൊലത്തിൽ അത്തരം വ്യക്തിത്വങ്ങൾ ബാധ്യത ആവാത്ത കോലത്തിൽ. റിസ്ക് എടുക്കേണ്ടി വരാത്ത കോലത്തിൽ. സ്ഥാപനവും അധികാരവും ആണ് ആശയത്തെ മനസ്സിലാക്കാനുള്ള സാദാരണ രീതിയിലുള്ള എളുപ്പ മാർഗം. മഹാഭൂരിപക്ഷം വിശ്വാസികളാവുന്നതും പിന്തുടരുന്നതും അക്കോലത്തിൽ.
*******
ഖുർആനും പറഞ്ഞത് കേട്ടില്ലേ (അഥവാ മുഹമ്മത് മുഹമ്മതിനെ തന്നെ ഒന്നോർമിപ്പിച്ചു പറഞ്ഞത്)?
"ദൈവത്തിന്റെ സഹായവും അധികാരവും വന്നു കിട്ടിയാൽ, ജനങ്ങൾ കൂട്ടം കൂട്ടമായി മതത്തിലേക്ക് പ്രവേശിക്കുന്നത് നിനക്ക് കാണാം. (പക്ഷെ നീ അതിൽ അന്തംവിട്ടു അഹങ്കരിച്ചു പോകേണ്ട। പകരം,) അപ്പോൾ നീ ദൈവത്തെ സ്തുതിച്ചു പരിശുദ്ധപ്പെടുത്തി പാപമോചനം തേടുക, നേടുക. (അറിയുക, ഖുറാനികമായി പാപമോചനം തേടൽ മുഹമ്മത് നബിക്കും ബാധകം. എന്തെന്നാൽ പാപം ചെയ്യുക എന്നത് മുഹമ്മത് നബിക്കും സംഭവിച്ചിട്ടുണ്ട്, സംഭവിക്കും. ഇവിടെ വിഷയം അതല്ല, അതിനാൽ വഴിതെറ്റി അതിനെ ഏറെ വിശദമാക്കുന്നില്ല.)
സമൂഹ മനശാസ്ത്രം അതാണ്, അങ്ങിനെയാണ്। കൂട്ടമനശാസ്ത്രം അതാണ്, അങ്ങിനെയാണ്। അധികാരവും സ്ഥാപനവും വേണം. അവർ കൂടെ പോവാൻ, വരാൻ। അവർക്കു ആശയത്തിന്റെ ബലം മാത്രം പോരാ. അധികാരത്തിന്റെയും സ്ഥാപനത്തിന്റെയും ധൈര്യം വേണം, തണൽ വേണം. അപ്പോഴേ പറഞ്ഞതിലെ അർഥം അവർ കണ്ടെത്തൂ. അപ്പോഴേ ഇല്ലാത്ത വ്യാഖ്യാനങ്ങളെ പറഞ്ഞതിനും ജീവിതത്തിനും അവർ ഉണ്ടാക്കൂ. പോസ്റ്റ് ഇവന്റ് തിയറിയും വ്യാഖ്യാനവും പുകഴ്ത്തലുകളും ചരിത്രവും ആക്കിക്കൊണ്ട് ഉണ്ടായി വരും, അവരത് ഉണ്ടാക്കും. സംഭവാനന്തര വ്യാഖ്യാനം, സൗകര്യം പോലെയുള്ള വിശദീകരണം. സംഭവത്തിന് മുൻപോ കൂടെയോ ഇല്ലാതിരുന്ന കുറെ കാര്യങ്ങളും ന്യായങ്ങളും വ്യാഖ്യാനങ്ങളും വിശദീകരങ്ങളും, അദ്ഭുതഹങ്ങളും പറയും, ഉണ്ടാവും. പിൽകാലത്ത് . അത് ചരിത്രവുമാവും. നമ്മൾ തെറ്റായി മനസിലാക്കുന്ന, യാഥാർഥ്യവുമായി ഒരു പുലബന്ധവും ഇല്ലാത്ത ചരിത്രം.
*******
അങ്ങനെയാണ് ചരിത്ര പുരുഷന്മാർ ഇന്ന് നമ്മൾ കേൾക്കുന്നത് പോലെ ആയത്. അവരെക്കാൾ ഗഹനമായത് പറഞ്ഞവർ അധികാരം കൂടെയില്ലായിരുന്നു, മാജിക് കാണിച്ചിരുന്നില്ല എന്നതിനാൽ, ഭൗതികാർത്ഥത്തിൽ വിജയിച്ചവർ അല്ലായിരുന്നു, എന്നതിനാൽ ഓർക്കപ്പെടാത്തതും.
ഇന്ന് നമ്മൾ മനസ്സിലാക്കുന്നത് പോലുള്ള ഒരു യേശുവും മുഹമ്മദും അന്നുണ്ടായിരുന്നെങ്കിൽ അമ്പത്തഞ്ചാം വായാസിലും മുഹമ്മദിന് നാട് വിടേണ്ടി വരില്ലായിരുന്നു. യേശുവിനു മുപ്പത്തിആറാം വയസ്സിൽ കുരിശിൽ റെന്റിയും വരിലല്ലായിരുന്നു. ഒരാൾ പോലും യേശുവിനെ തിരിച്ചറിയാനില്ലാതെ. തിരിച്ചറിയപ്പെടാത്തത്ര അപ്രസക്തനും അപ്രശസ്തനും ആയിരുന്നത് കൊണ്ടായിരിക്കുമല്ലോ ശിഷ്യന്മാരിൽ ഒരാളെ തിരിച്ചറിയാൻ വേണ്ടി മാത്രം കൂലി കൊടുത്തു കൊണ്ട് ശത്രുവിനും കൂട്ടേണ്ടി വന്നത്.
എല്ലാം പോസ്റ്റ് ഇവന്റ് തിയറി। സംഭവാനന്തരം, വിജയിച്ചു കഴിഞാൽ മാത്രം ഉണ്ടാവുന്ന വ്യാഖ്യാനങ്ങളും സിദ്ധാന്തങ്ങളും.
അടിച്ചു പോയത് ദേഷ്യം വന്നിട്ട്. ഒരു നിയന്ത്രണവും ഇല്ലാതെ. പക്ഷെ അടിച്ചതിനു ശേഷം കുറെ ന്യായങ്ങള് സിദ്ധാന്തനങ്ങളും. സംഭവാനന്തര സിദ്ധാന്തം. അത് തന്നെയായിരുന്നു ഇതിനു മുൻപ് ഇയ്യുള്ളവൻ ഇട്ട മറ്റൊരു പോസ്റ്റിന്റെ അർത്ഥവും തലവും.
"കുറിക്കു കൊള്ളിച്ചതല്ല; കൊണ്ടതാണ്.
കൊള്ളിച്ചതാണെന്നത് പോസ്റ്റ് ഇവന്റ് തിയറി.
ആവർത്തിക്കാൻ കഴിയില്ല-
ബുദ്ധനും കൃഷ്ണനും മുഹമ്മദിനും"
താങ്കൾ അതങ്ങിനെ തന്നെ മനസ്സിലാക്കിയോ എന്നറിയില്ല. ചെറിയ ഒരു കമന്റ് ഇട്ടത് കണ്ടതല്ലാതെ। വൗ എന്ന്.