സ്വാതന്ത്ര്യം. അത് കിട്ടിയാൽ, കൊടുത്താൽ,
ആരും ഒന്നും ചെയ്യില്ല.
ആലസ്യം പൂകും. സ്വർഗീയത -
ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.
********
Question: Sameer Keloth Manassilayilla Suhruthe?
Question: Sameer Meethal Kallayi Onnum manasilaavunilllla ...... confused?
Answer: സുഹൃത്തേ. ന്യായമായും താങ്കൾ സൂചിപ്പിച്ചു. വളരെ സന്തോഷം, അങ്ങിനെ സൂചിപ്പിച്ചപ്പോൾ. അങ്ങിനെ സൂചിപ്പിക്കുക തന്നെയാണ് വേണ്ടത്. മനസ്സിലായില്ലെങ്കിൽ മനസ്സിലായില്ലെന്ന് പറയേണം.
വിഴുങ്ങിയത് ദഹിക്കുന്നത് പോലെയാണ് വായിച്ചത് മനസ്സിലാവൽ. ദാഹിച്ചാൽ അത് നിങ്ങളായി. ദഹിച്ചില്ലെങ്കിൽ അത് വേറെ ആരുടേതോ ആയി തന്നെ ദഹിക്കാതെ നിലകൊള്ളും. പിന്നെ ദഹനക്കേടുണ്ടാവും. വയർസ്തംഭനം ഉണ്ടാവും. ഭക്ഷണം വേസ്റ്റ് ആവും. എന്ന് മാത്രമല്ല, അത് തിന്നവൻ രോഗിയാവും. ഭക്ഷണവും അത് തിന്നവനും നശിക്കും.
ആശയങ്ങളുടെ ലോകത്തും വിശ്വാസങ്ങളുടെ ലോകത്തും സംഗതി അങ്ങനെ തന്നെ. എത്രയെത്ര ഗുരുക്കന്മാർ അങ്ങിനെ (അവർ പോലുമറിയാതെ) എത്രയെത്ര ലോകത്തെ നശിപ്പിച്ചു!!! മരിച്ചു ജീവിക്കുന്നവരാക്കി!!!
ഏറെക്കുറെ വിശ്വാസി സമൂഹത്തിൽ സംഭവിക്കുന്നതും അതാണ്. ദഹിക്കാത്തത് കഴിച്ചു അത് തന്നെ ചർദ്ധിക്കേണ്ടി വന്നു വൃത്തികേടുണ്ടാക്കുക. അനുകരണം പോലുള്ള വിശ്വാസ വചനങ്ങളും പ്രാർത്ഥന അനുഷ്ഠാന രീതികളും അത് സൂചിപ്പിക്കുന്നു. അതുണ്ടാക്കുന്ന സ്തംഭനത്തിന്റെയും വയറിളക്കത്തിന്റേതുമായ അസഹിഷ്ണുതയുടെയും തീവ്രതയുടെയും വൃത്തികേടും അതുണ്ടാക്കുന്നു.
ദഹനക്കേടിന്റെ അസഹിഷ്ണുതയും തീവ്രതയും ആണ് ഇവിടമാസകാലം. ദഹിക്കാത്തവനും ദഹനക്കേടും സ്തംഭനവും ഉണ്ടായവനും മറ്റെല്ലാ ഭക്ഷണത്തോടും (മറ്റിതര വിശ്വാസങ്ങളോടും) ഉണ്ടാവുന്ന വിരക്തിയും വെറുപ്പും ആണ് അസഹിഷ്ണുതയും തീവ്രവാദവും.
മനസ്സിലാവാത്തവന്ന് മുട്ടകൾ പോലും വെറും കല്ലുകൾ. വിരിയില്ല, അവൻ വിരിയിക്കില്ല. ചവിട്ടിയും തട്ടിയും മുട്ടിയും പൊട്ടിക്കും. അല്ലെങ്കിൽ അവ അങ്ങിനെ പൊട്ടിപ്പോവും. അതുമല്ലേൽ കാലപ്പഴക്കം കൊണ്ട് നശിച്ചു പോവും. അത്തരക്കാർക്കു തോട്ടവും വെറും കാട്.
സുഹൃത്തേ താങ്കൾ ഇപ്പോൾ നടത്തിയ ഇത്തരം തുറന്നു പറച്ചിലായ ചോദ്യങ്ങൾ തന്നെയാണ് മുട്ടകളെ വിരിയിക്കുന്നത്, കാടിനെ തോട്ടമാക്കുന്നത്, ഉത്തരങ്ങളെ ഉണ്ടാക്കുന്നത്. വളരെ സന്തോഷം, നന്ദി.
മനസ്സിലാകായ്ക ഒരു തെറ്റല്ല, കുറ്റമല്ല. അത് താങ്കൾക്കായാലും എനിക്കായാലും. എല്ലാവരും എല്ലാം എപ്പോഴും മനസ്സിലാക്കിക്കൊള്ളേണം എന്നില്ല. കൃഷി സംബന്ധമായ കാര്യം കർഷകൻ അറിയുന്നു. അക്കാര്യത്തില് ബുദ്ധനും യേശുവും കർഷകൻ തന്നെ. അല്ലാത്ത നമ്മൾ അറിയുന്ന യേശുവിനും മുഹമ്മദിനും അക്കാര്യത്തിൽ ഒന്നും പറയാനുണ്ടാവില്ല. ചിലർക്ക് ഇഷ്ടമാകുന്ന ഭക്ഷണവും പാകമാകുന്നവസ്ത്രവും മറ്റെല്ലാവർക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നും പാകമായിക്കൊള്ളണമെന്നും ഇല്ല. ഇഷ്ടപ്പെട്ടില്ലെങ്കിലും പാകമായില്ലെങ്കിലും അതൊരു തെറ്റുമല്ല.
പറഞ്ഞത് മുഹമ്മതായാലും യേശുവായാലും അങ്ങിനെ തന്നെ. എല്ലാവര്ക്കും എല്ലാം ഒരുപോലെ ബാധകമല്ല. സ്ഥലകാല പശ്ചാത്തലം ഒരുക്കുന്ന പരിധിയും പരിമിതിയും വേറെയുമുണ്ട്. ഓരോരുത്തർക്കും അവരുടെ പശ്ചാത്തലത്തിൽ നിന്ന് അവർ നടത്തിയ അന്വേഷണത്തിന്റെയും യാത്രയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയ കാഴ്ചകളും നിഗമനങ്ങളും ആണ്. അവ അതെ കോലത്തിൽ മറ്റാർക്കും ബാധകമല്ല. ആരും മറ്റൊരാൾ പറഞ്ഞത് പോലെ തന്നെ മനസ്സിലാക്കിക്കൊള്ളേണം എന്നുമില്ല.
പക്ഷെ, എനിക്കോ നിനക്കോ മനസ്സിലാകുന്നില്ല എന്നത് അതില്ലെന്നും തെറ്റാണെന്നും പറയുന്നിടത്ത നമ്മളെ എത്തിക്കരുത്. അപ്പോഴാണ് നമ്മൾ അസഹിഷ്ണുക്കളും തീവ്രരും ആവുന്നത്. അതിനാൽ തന്നെ, മനസ്സിലാകാതിരിക്കുമ്പോൾ താങ്കൾ ഇപ്പോൾ കാണിച്ച രീതി തന്നെയാണ് ശരി. മനസ്സിലായില്ല എന്ന് തുറന്നു പറയുക. അതാണ് മാന്യത, ആർജവം.
വിഷയം: മേൽ പറഞ്ഞ പോസ്റ്റ് മനസ്സിലായില്ല എന്നതാണല്ലോ?
പോസ്റ്റ്: "സ്വാതന്ത്ര്യം. അത് കിട്ടിയാൽ, കൊടുത്താൽ, ആരും ഒന്നും ചെയ്യില്ല. ആലസ്യം പൂകും. സ്വർഗീയത - ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ".
ആവശ്യങ്ങളിൽ നിന്നും ആവശ്യങ്ങളിൽ നിന്നും വരെ ഉള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം. എല്ലാം ചെയ്യേണ്ടി വരുന്ന, ചെയ്യാൻ കൊതിയാവുന്നു അവസ്ഥയല്ല അത്. അത്തരം അവസ്ഥ അസ്വാതന്ത്ര്യമാണ്. ഒന്നും ചെയ്യേണ്ടിവരാത്ത അവസ്ഥയാണ് സ്വാതന്ത്ര്യം. എന്തും ചെയ്യണം എന്ന് തോന്നുന്ന കൊതിയിൽ നിന്ന് വരെയുള്ള സ്വാതന്ത്ര്യം.
ഒന്നും ആവശ്യമില്ലാത്തത്ര നിരാശ്രയത്വം ഉണ്ടെങ്കിൽ മാത്രം ഉളവാകുന്ന കാര്യമാണ് സ്വാതന്ത്ര്യം. ആവശ്യങ്ങളുണ്ടെങ്കിൽ അതിനു വേണ്ട ആശ്രയം ഉണ്ടാവും, വിധേയത്വം ഉണ്ടാവും. വിധേയനും ആശ്രയിക്കുന്നവനും ആവും. അത് സ്വാതന്ത്യമല്ല.
ആവശ്യങ്ങൾ ഇരട്ടിപ്പിക്കുന്നവനല്ല സ്വതന്ത്രൻ. ആവശ്യങ്ങൾ ഇല്ലാതാവുന്നവനാണ് സ്വതന്ത്രൻ. ആവശ്യങ്ങളുണ്ടാക്കുന്ന തടവറയിൽ നിന്ന് വരെയുള്ള സ്വാതന്ത്ര്യം. ആവശ്യങ്ങൾക്ക് വേണ്ടി പണിയെടുക്കേണ്ടി വരിക, അതിന്റെ നിബന്ധനകൾക്കു വിധേയമാവുക എന്നത് അസ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം നിരാശ്രയത്വത്തോടൊപ്പം മാത്രം ഉണ്ടാവുന്ന ഒന്നാണ്.
സ്വാതന്ത്ര്യം യഥാർത്ഥത്തിൽ കൊടുക്കാനാവുന്ന കാര്യമല്ല. കിട്ടുന്നതും ആർജിക്കുന്നതുമാണ്. മേല്പറഞ്ഞ പോസ്റ്റിൽ "കൊടുത്താൽ" എന്ന് പറഞ്ഞത് ആരെങ്കിലും കൊടുക്കേണം എന്ന നിലക്കല്ല. സ്വാതന്ത്ര്യം ആർജിച്ചവനും കിട്ടിയവനും അത് കൊടുത്താൽ, അഥവാ അനുവദിച്ചു കൊടുത്താൽ എന്ന അർത്ഥത്തിൽ മാത്രമാണ്. അവനെ തടയാതിരുന്നാൽ എന്ന് മാത്രം .
സാധ്യമാവുമെങ്കിൽ, എല്ലാവരും ഒന്നും ചെയ്യാതിരിക്കുക തന്നെയാണ് ചെയ്യുക. ആയിരിക്കുന്ന അവസ്ഥയിൽ തുടരുക. ന്യൂട്ടന്റെ ഒന്നാം ചലാൻ നിയമം സൂചിപ്പിക്കുന്നത് പോലെ. ആയിരിക്കുന്ന അവസ്ഥയിൽ ആയിത്തുടരുക. ബാഹ്യമായ സമ്മർദ്ധം നിര്ബന്ധിച്ചില്ലേൽ. അതിജീവനം പ്രശ്നമാവുന്നില്ലെങ്കിൽ. അതാണ് അങ്ങിനെയാണ് സ്വർഗ്ഗവും സ്വർഗീയതയും.
ചെയ്യണ്ടി വരിക എന്ന നിലക്ക് ചെയ്യുക എന്നാൽ വിധേയപ്പെടുക എന്ന് തന്നെയാണ് അർഥം. വിധേയപ്പെടുകയെന്നാൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയെന്നും. ആത്മീയമായ ഔന്നത്യത്തിൽ, അഥവാ സ്വർഗീയതയിൽ നാം ആയിരിക്കുമെന്ന് പറയുന്ന അവസ്ഥ അതാണ്. ഒന്നും ചെയ്യേണ്ടി വരാത്ത അവസ്ഥ. കാരണം അവിടെ അതിജീവനം ഒരു വിഷയമല്ല. ജീവിതം മാത്രം തുടിച്ചു തുള്ളുന്നു അവിടെ. എല്ലാ അവസ്ഥയിലും ജീവിതം മാത്രം എന്നറിയുന്ന അവസ്ഥ. ഞാനും നീയും പ്രസക്തമല്ലാത്ത വശ്യമാകാത്ത, ഇല്ലാത്ത അവസ്ഥ.
**************
എങ്കിൽ ചോദ്യം ഉയരും. ആളുകൾ എന്തെങ്കിലും ചെയ്യുന്നത് എന്ത് കൊണ്ട്?
ഉത്തരം: ആവശ്യങ്ങളുള്ളതിനാൽ. ആവശ്യങ്ങൾ പണിയെടുക്കാതെ ഒരുങ്ങില്ല നടക്കില്ല എന്നതിനാൽ.
എങ്കിൽ പിന്നെയും ചോദ്യം: എല്ലാം ഒരുങ്ങിക്കിടക്കുന്ന അവസ്ഥയിൽ എന്താണ് സംഭവിക്കുക?
ഉത്തരം: ആലസ്യം പുകുക തന്നെ.
അല്ലെങ്കിലും കളി പോലെ എന്തെങ്കിലും ചെയ്യുമെന്നല്ലാതെ, യഥാർത്ഥത്തിൽ ആർക്കാണ് ചെയ്യേണ്ടി വരുന്ന ജോലി എന്ന നിലയിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹം ഉള്ളത്? നിർബന്ധിതമായ അവസ്ഥയിൽ ചെയ്യുന്നു, ചെയ്യേണ്ടി വരുന്നു എന്നല്ലാതെ. എന്നിട്ടു, അങ്ങിനെ ചെയ്യുന്നതിൽ തന്റെ വ്യക്തിത്വം ദർശിക്കുകയും ജീവിതത്തിന്റെ അർഥം കണ്ടെത്തുകയും അല്ലാതെ. ഒരു വെറും നിസ്സഹായത പോലെ.
********
സുഹൃത്തേ, സ്വർഗം ആണല്ലോ വാഗ്‌ദാനം ചെയ്യപ്പെടുന്ന ഏറ്റവും വലിയ സങ്കല്പവും സംഗതിയും.
ചോദ്യം: എന്താണ് സ്വർഗ്ഗത്തിലെ അവസ്ഥ?
ഉത്തരം: സ്വാതന്ത്ര്യം. ഒന്നും ചെയ്യേണ്ടി വരാത്തത്ര സ്വാതന്ത്ര്യം.
ചോദ്യം: സ്വർഗീയത എന്നാൽ എന്താണ്?
ഉത്തരം: ഒന്നും ചെയ്യേണ്ടി വരാത്ത അവസ്ഥ.
എല്ലാം ഒരുങ്ങിക്കിടക്കുന്ന, ഒന്നിനേയും ആരും ആശ്രയിക്കാനില്ലാത്ത അവസ്ഥ. ഒരർത്ഥത്തിൽ ആവശ്യങ്ങളുണ്ടാവാത്ത അവസ്ഥ. ആവശ്യങ്ങൾ ഇരട്ടിച്ചിട്ടിരട്ടിച്ചു എന്തും ഏതും ചെയ്യേണ്ടി വരാത്ത അവസ്ഥ. എല്ലാം സ്വയംഭൂവായുണ്ടാവുന്ന സ്വാശ്രയത്വത്തിന്റെ അവസ്ഥ. നിരാശ്രയത്വത്തിന്റെ ഒന്നും ചെയ്യേണ്ടി വരാത്ത അവസ്ഥ.
ചോദ്യം: അല്ലെങ്കിലും എല്ലാം കിട്ടിയാൽ എന്താണ് ചെയ്യാനുണ്ടാവുക?
ഉത്തരം: സ്വാതന്ത്ര്യത്തിലും അതാണ് ചെയ്യാനുണ്ടാവുക.
****************
ആപേക്ഷിക തലത്തിൽ ആവശ്യങ്ങളുടെ തടവറയിൽ ശ്വാസം മുട്ടി നിൽക്കുന്ന നമുക്ക് തോന്നും സ്വാതന്ത്ര്യം കിട്ടിയാൽ എന്തും ethum ചെയ്‌തേക്കും എന്ന്. അപ്പോൾ അപകടം ഉണ്ടാവില്ലേ എന്ന്.
ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ചിന്തിക്കുമ്പോൾ അത് ശരിയാണ്. സ്വാതന്ത്ര്യം കിട്ടിയാൽ അങ്ങനെ സംഭവിക്കില്ലേ ഇങ്ങനെ സംഭവിക്കില്ലേ എന്ന്.
ദാഹവും വിശപ്പും മാറിയവന്റെ അവസ്ഥ ദാഹവും വിശപ്പും ഉള്ളവന് മനസ്സിലാവില്ല. അതാണ് അങ്ങിനെ നമുക്ക് തോന്നുന്നത്.
സ്വാതന്ത്ര്യം കിട്ടിയാൽ അങ്ങനെ ഇങ്ങനെ ഒന്നും സംഭവിക്കില്ല. കിട്ടാത്തവന് കിട്ടാത്ത അവസ്ഥയിൽ നിന്ന് കിട്ടാത്തത് കൊണ്ട് തോന്നുന്നതൊന്നും. നാടൻ ഭാഷയിൽ പറഞ്ഞാൽ "അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും' എന്ന് പറയുന്നത് പോലെ, നമുക്കങ്ങിനെ തോന്നുന്നത് പോലെ. "കാഷ്ടിക്കാത്തവൻ കാഷ്ടിച്ചാൽ കാഷ്ടം കൊണ്ടോരു ആറാട്ട്" എന്ന് നാം പറയും പോലെ.
കിട്ടാത്തവന് കിട്ടിയാൽ കിട്ടിയ ഉടനെ എന്തൊക്കെയോ ചെയ്യുമായിരിക്കും. താങ്കൾ ചിന്തിക്കുന്നത് അങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ ക്രമേണ അവനും ആലസ്യം പൂകും. ഒന്നും വേണ്ടെന്നു വരുന്ന ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ എത്തും. ജീവിക്കാൻ വേണ്ടി അതിജീവനത്തിനു വേണ്ടത്ര എന്തോ അത് മാത്രം ചെയ്തു ജീവിക്കുന്നത്ര. എല്ലാം ഉണ്ടെങ്കിൽ ഒന്നും വേണ്ടെന്ന മട്ടിൽ. പക്ഷെ, സ്വാതന്ത്ര്യം അങ്ങനെ വെറുതെ പെട്ടെന്ന് കിട്ടുന്നതല്ല. വളർച്ചക്കാനുസരിച്ചു മാത്രം കിട്ടുന്നതാണ്. അതിനാൽ ആണ് സ്വർഗം എല്ലാവർക്കും ഇല്ല എന്നായത്. സ്വതന്ത്രനു മാത്രമേ സ്വർഗ്ഗമുള്ളു... കാരണം സ്വാതന്ത്ര്യത്തിലെ ബോധമാണ് സ്വർഗീയത.
Subscribe to:
Post Comments (Atom)
No comments:
Post a Comment