Wednesday, August 15, 2018

ഇന്നലെകളിലെ തലയോടുകളാണ് ഇന്നിൽ മനുഷ്യരെ ഭരിക്കുന്നത്.


ഇന്നാണ് പ്രധാനം.
ഇന്നാണ്, ഇന്നിലാണ് ജീവിതം.
ഇന്നിൽ മാത്രമേ ജീവിക്കാൻ പറ്റൂ.
ഭൂതമെന്നാൽ മരിച്ചത്. ശവകുടീരം. ദുർഗന്ധം വമിക്കുന്നത്. 
ഭൂതത്തിൽ ജീവിക്കാൻ പറ്റില്ല. ഒരുപക്ഷെ ഭൂതത്തിൽ നിന്നും പാഠമെടുക്കാം.
പാഠങ്ങളെല്ലാം ഒരർത്ഥത്തിൽ ഭൂതം തന്നെ. 

ഭാവിയിൽ ജീവിക്കാനാവില്ല. 
ഭാവിയെന്നാൽ നാളത്തെ ഇന്ന്. 
ഭൂതമെന്നാൽ ഇന്നലത്തെ ഇന്ന്. 
ഭാവിയും കടന്നു വരുമ്പോൾ ഇന്നായി മാറും. ഭൂതവും, ഇന്നായി ജീവിച്ചു കഴിഞ്ഞപ്പോൾ, ആയിത്തീർന്ന മരിച്ച ശവം.

പക്ഷെ തത്വങ്ങളും ദർശനങ്ങളും പറയുന്നത് കൊണ്ടും, ഒപ്പം ഭൂതത്തെ വിശകലനം ചെയ്യുന്നത് കൊണ്ടും ഇന്നിൽ ജീവിക്കാതാവുമോ? ഇല്ല. 
അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ലല്ലോ ഈ ഇന്ന്? 
എന്തെങ്കിലും പറയാതിരിക്കലാണോ ജീവിക്കുന്നുവെന്നാൽ അർഥം? 
സംഘർഷപ്പെടാതിരിക്കുന്നവൻ ജീവിക്കുന്നു. 
ആവുന്നത് പോലെ ആവുന്നവൻ ജീവിക്കുന്നു. 
അഭിനയിക്കാനില്ലാതെ. വരുത്തിത്തീർക്കാനില്ലാതെ.

******
ജീവിതത്തിനു വർത്തമാനം, അഥവാ ഇന്ന്, എന്നാൽ കാണ്ഡവും ശാഖയും.
ഭൂതം അതിനുള്ള വേര്.
ഭാവി അതിന്റെ പൂക്കളും പഴങ്ങളും വിത്തുകളും.
ജീവിതം ജീവിക്കുന്നത് കാണ്ഡത്തിലും ശാഖയിലും.
വേര് അതിനുവേത് ആദ്യമേ ഒരുക്കിവെക്കുന്ന, വെച്ച ഭൂതം.
ഭാവി പൂക്കളും പഴങ്ങളും ആർക്കോ വേണ്ടിയുള്ളതു. തലമുറയെ നിലനിർത്താനുള്ളത്, തുടർത്താനുള്ളത്.

*******

നിശഃശ്ശബ്ദതയും ശാന്തതയും എന്നാൽ ഒന്നും മിണ്ടാതിരിക്കൽ അല്ല. 
എല്ലാം മിണ്ടിക്കൊണ്ടും ഒരാൾക്ക് ഉള്ളിൽ നിശ്ശബ്ദനാവാം. 
ഒന്നും മിണ്ടാതെയും ഒരാൾക്കു ആന്തരികമായി കാലുഷ്യത്തിലും അശാന്തിലയിലും ശബ്ദമുഖരിതനും ആവാം. 
ഭയം കൊണ്ടും നിസ്സഹായതകൊണ്ടും അസൂയകൊണ്ടും അറിവുകേടുകൊണ്ടും ഒരാൾക്ക് നിശഃശ്ശബ്ദനാവാം. 
എല്ലാ നിശഃശ്ശബ്ദതയും നിറവ് കൊണ്ടാവണമെന്നില്ല. 
ഉള്ളിൽ ശബ്ദഘോഷങ്ങളോടെ ഒരാൾ മിണ്ടാതിരുന്നാൽ ശാന്താനാണെന്നു അർഥം ഇല്ല. 
അരുവികൾ ശംബ്ദം ഉണ്ടാക്കുന്നു. പക്ഷെ അന്തരംഗം ശാന്തമാണ്. 
കുയിലുകളും കുരുവികളും അങിനെ തന്നെ. 
ഇന്നിന്റെ വഴി സുന്ദരമാക്കുന്നതിന്റെയും വൃത്തിയാക്കുന്നതിന്റെയും ശബ്ദമാണ് അത്. 
ഇതിനെയൊക്കെ ഇങ്ങനെ മാത്രം എടുത്താൽ മതി. 
പഴയതിൽനിന്നും ഇന്നിനെ മുടക്കുന്ന, ഇന്നിന്റെ വഴിയിൽ വന്ന, വൃത്തികേടുകൾ തൂത്തുവാരി മാറ്റി വൃത്തിയാക്കുന്നതാണെന്നു കരുതിയാൽ മതി.

******

ഇന്നിൽ ജീവിക്കുമ്പോൾ, അതിനു തടസം നില്കുന്നതിനെ തുടച്ചു മാറ്റുന്നത് ഇന്നിൽ ജീവിക്കുന്നതിന്റെയും ജീവിക്കാൻ ശ്രമിക്കുന്നതിന്റെയും ഭാഗമാണ്. 
ഇന്നലെയിൽ നോക്കി നാളെയെ കുറിച്ച് പേടിക്കുന്നവരെ അതിൽ നിന്നും തിരുത്തി ഇന്നിൽ ജീവിക്കാൻ പറയുന്നതും ഒരു ശരി. 

താങ്കൾ കാണുന്നില്ലേ? 
ഇന്നലെകളും ഇന്നലെകളിലെ കുഴിമാടങ്ങളിലെ തലയോടുകളുമാണ് ഇന്നിൽ മനുഷ്യരെ ഭരിക്കുന്നത്. ആ തലയോടുകളുടെ പേര് മുഹമ്മദെന്നാലും കൃഷ്ണനെന്നാലും ഇബ്രാഹിമെന്നാലും യേശുവെന്നാലും ബുദ്ധനെന്നാലും ശരി. 
അവരെ കേട്ട് നാളെയെ ഭയന്ന് ഇന്നിനെ നഷ്ടപ്പെടുത്തുന്നവരാണ് അധികവും. 
അവരെ തിരുത്തുന്നതിന്റെ ഭാഗമാണ് മേല്പറഞ്ഞതൊക്കെയും.. 
വഴിയിലെ തടസ്സങ്ങളെ തൂത്തുവാരി വൃത്തിയാക്കുന്നത് പോലെ.
ഇന്നിന്റെ വഴിയിലെ തടസ്സങ്ങളെ ഇല്ലായ്മ ചെയ്യാൻ.

******

ഇന്നിലൂടെയും, ഉപദേശങ്ങളും മനുഷ്യനും വളർന്നു കൊണ്ടിരിക്കുന്നു.
മനുഷ്യൻ ഇങ്ങനെയൊക്കെ വളർന്നു വലുതായത് മനുഷ്യൻ മനുഷ്യന് പോന്നവനായത് കൊണ്ട് തന്നെ.
ദൈവത്തിന് ദൈവം പോന്നവനായത് കൊണ്ട്.
മനുഷ്യനിലൂടെ തന്നെ മനുഷ്യന് വേണ്ടതൊക്കെയും സംഭവിക്കുന്നു, സംഭവിപ്പിക്കുന്നു. പ്രകൃതിയിലൂടെ പ്രകൃതിക്കു വേണ്ടതും.
അതിനു മുഹമ്മതിലും അബ്രഹാമിലും അവസാനം വാക്കു കാണേണ്ട . 

ദൈവം എല്ലാവരിലൂടെയും പ്രവർത്തിച്ചും ഇടപെട്ടും കൊണ്ടിരിക്കുന്നു.
എന്ന് പറയുന്നതിൽ എന്താണ്  തെറ്റുണ്ടാവുക?
ദൈവത്തെ ആരിലെങ്കിലും അവസാനിപ്പിക്കുന്നതിലും ചുരുക്കുന്നതിലുമല്ലേ തെറ്റ് കാണേണ്ടത്?

No comments: