വാവുബലിയിലെ പ്രാർത്ഥന. ഇതാണ് പ്രാർത്ഥനയെങ്കിൽ വെറുതെയെങ്കിലും എല്ലാവരും പ്രാർത്ഥിച്ചാലെന്തു? വാവുബലിയിട്ടാലെന്ത്?
അത്രയ്ക്ക് നിസ്സ്വാർഥം. അത്രയ്ക്ക് സർവലോകക്ഷേമം ആഗ്രഹിക്കുന്നത്, ലക്ഷ്യമാക്കുന്നത്.
യഥാർത്ഥത്തിൽ നിസ്സഹായത തൊട്ടറിയുന്ന ഓരോരുത്തനും കാലത്തിനു മുൻപിലും ലോകത്തിനു മുൻപിലും അതിനു ഹേതുവാകുന്നതിനു മുൻപിലും നിശ്ചേഷ്ടനായി നിന്ന് ഇങ്ങനെ ഒരു പ്രാർത്ഥന അറിയാതെയും അറിഞ്ഞും നടത്തിപ്പോകും, നടത്തിപ്പോകണം.
ഇങ്ങനെയൊരു പ്രാർത്ഥന നടത്താൻ ഏതെങ്കിലും മതവിശ്വാസിയോ ഏതെങ്കിലും പേരിലുള്ള ദൈവവിശ്വാസിയോ മാത്രമാകേണ്ടതില്ല എന്നറിയുമ്പോൾ അതിന്റെ മാധുര്യവും അതിലെ അത്ഭുതവും കൂടുന്നു.
ഇങ്ങനെയൊരു പ്രാർത്ഥന നടത്താൻ ഏതെങ്കിലും മതവിശ്വാസിയോ ഏതെങ്കിലും പേരിലുള്ള ദൈവവിശ്വാസിയോ മാത്രമാകേണ്ടതില്ല എന്നറിയുമ്പോൾ അതിന്റെ മാധുര്യവും അതിലെ അത്ഭുതവും കൂടുന്നു.
*********
പിതൃക്കൾക്കായി മനസ്സ് പ്രാർത്ഥനാ നിരതമാകുന്ന പുണ്യം. പിതൃക്കൾ വെറും ജീവിതമായിത്തീരുമെങ്കിലും, ജീവിതം എല്ലാമായി അതിജീവിച്ചവശേഷിക്കുമെങ്കിലും.
ഞാനും നീയും, ഞാനും നീയുമായി ജനിച്ചില്ലായിരിക്കാം. സ്ഥായീഭാവം പുലർത്തുന്നില്ലായിരിക്കാം . പുനർജനിക്കയും അതിനാൽ തന്നെ ഇല്ലായിരിക്കാം.
എന്നാലും ഇങ്ങനെയാണ് ഒരു പ്രാർത്ഥനയെങ്കിൽ, ആരും പ്രാർത്ഥിച്ചു പോകും, പോകണം. ജന്മങ്ങളും പുനർജന്മങ്ങളും ഏറെ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ, വെറും കെട്ടുകഥയാവട്ടെ അന്ധവിശ്വാസമാകട്ടെ.
കേവലമൊരു അനുഷ്ഠാനം എന്നതിലുപരി 'വാവ് ബലി' മുന്നോട്ടു വയ്ക്കുന്നത് മഹത്തായ ഒരു സാമൂഹ്യവീക്ഷണമാണ്.
ബലിയിടുമ്പോൾ ജപിക്കുന്ന പ്രാർത്ഥനാ മന്ത്രങ്ങൾ ഈ വീക്ഷണത്തെ ഇപ്രകാരം അവതരിപ്പിക്കുന്നു.
*********
പിതൃബലി പ്രാർത്ഥന:
ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു
(അർത്ഥം: എന്റെ മാതാപിതാക്കളുടെ വംശത്തിൽ പിറന്നവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടേയും കഴിഞ്ഞ ജന്മങ്ങളിൽ എന്റെ ഭൃത്യരായവരും എന്നെ സേവിച്ചവരും സഹായിച്ചവരും എന്റെ ആശ്രിതരായിരുന്നവരും ആയ എല്ലാവർക്കും, എൻറെ എല്ലാ സുഹൃത്തുക്കളും പങ്കാളികളും ജീവിതത്തിനായി ഞാൻ ആശ്രയിച്ചിട്ടുള്ള സസ്യ ജന്തു ജാലങ്ങളും എനിക്ക് നേരിട്ടും അല്ലാതെയും തുണ നൽകിയവരും നിരവധി ജന്മങ്ങളിൽ എൻറെ പങ്കാളികളുമായിരുന്ന ഈ ലോകത്തുള്ള എല്ലാവർക്കും വേണ്ടി ഞാൻ ഈ പിണ്ഡവും ജലവും പുഷ്പവും പ്രാർഥനയും സമർപ്പിയ്ക്കുന്നു .
എൻറെ മാതൃകുലത്തിലും പിതൃ കുലത്തിലും ജീവിച്ചിരുന്നവർക്ക് വേണ്ടി, ഗുരുക്കൻമാരുടെയും ബന്ധുക്കളുടെയും മരുമക്കളുടെയും കുലത്തിലുള്ള പരേതർക്കു വേണ്ടിയും, മുൻ പിണ്ഡം ലഭിയ്ക്കാത്തവർക്കു വേണ്ടിയും അനാഥർക്കും, പല കാരണങ്ങളാൽ മറ്റുള്ളവർക്കായി നന്മ ചെയ്യാൻ കഴിയാതെ പോയ ഏവർക്കും, ദാരിദ്ര്യത്തിൽ ജനിമരണങ്ങൾ കഴിഞ്ഞു പോയ എല്ലാവർക്കും , മ്ലേച്ഛരും അകാല ചരമം പ്രാപിച്ചവരുമായ പരേതർക്കും ജനനത്തിനും മുൻപേ ഗർഭത്തിൽവച്ചു തെന്നെ മരിച്ചവർക്കും, മരിച്ചുപോയ- അറിയുന്നതും അറിയപ്പെടാത്തതും ആയ എന്റെ എല്ലാ ബന്ധുക്കൾക്കും , എല്ലാവർക്കും കൂടി വേണ്ടിയും ഞാൻ ഈ പ്രാർത്ഥനയും പിണ്ഡവും ജലവും എള്ളും സമർപ്പിയ്ക്കുന്നു.
ആഹ്ലാദപൂർവ്വം ഈ ലോക വാസം കഴിച്ച അനശ്വരരായ ഏവർക്കും വേണ്ടിയും ഞാൻ ഇതു സമർപ്പിക്കുന്നു . സപ്തഭൂഖണ്ഡങ്ങളിൽ സഹസ്രാബ്ദങ്ങളായി ജീവിച്ചിരുന്ന ഏവർക്കും എല്ലാ ജന്തുക്കൾക്കും ജീവജാലങ്ങൾക്കും വേണ്ടി അവരുടെ ആത്മാക്കൾ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി വസിക്കുവാൻ ഞാൻ ഈ പിണ്ഡവും ജലവും സമർപ്പിയ്ക്കുന്നു.)
No comments:
Post a Comment