ഭരണാധികാരിയെയും ഭരണത്തെയും വിമർശിച്ചാൽ ദേശവിരുദ്ധത എന്ന് കരുതുന്നതാണ് ദേശവിരുദ്ധത.
ഭരണാധികാരി തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കുന്നതും അത് വിമർശിക്കുന്നതുമാണ് യഥാർത്ഥ രാജ്യസ്നേഹം, പൗരബോധം, പൗരധർമ്മം.
അല്ലാതെ ഭരണാധികാരിക്ക് അന്ധമായി ഓശാന പാടുകയല്ല വേണ്ടത്. അത് നാടിനെയും ഭരണാധികാരികളെയും ദുഷിപ്പിക്കുക മാത്രം ചെയ്യും.
മോശം ഭരണാധികാരി വിമർശനങ്ങളെ ഭയക്കും.
നല്ല, രാജ്യസ്നേഹമുള്ള, വിവരവും വിദ്യാഭ്യാസവും ഉള്ള ഭരണാധികാരി വിമർശനങ്ങളെ പാഠങ്ങളായി, പൂക്കളായി കാണും.
മൻമോഹൻ സിങ്ങിനെയും രാജീവിനെയും ഇന്ദിരയെയും നെഹ്റുവിനെയും അക്കാലങ്ങളിൽ വിമർശിച്ചതും ഇപ്പോഴും വിമർശിച്ചുകൊണ്ടിരിക്കുന്നതും ദേശവിരുദ്ധതയല്ലെങ്കിൽ പിന്നെ ഇപ്പോഴത്തെ ഭരണത്തേയും ഭരണാധികാരികളെയും വിമർശിക്കുന്നത് മാത്രം എങ്ങിനെ ദേശവിരുദ്ധതയാവും?
മൻമോഹൻ സിങ്ങിനെയും രാജീവിനെയും ഇന്ദിരയെയും നെഹ്റുവിനെയും അക്കാലങ്ങളിൽ വിമർശിച്ചതും ഇപ്പോഴും വിമർശിച്ചുകൊണ്ടിരിക്കുന്നതും ദേശസ്നേഹമാണെങ്കിൽ ഇപ്പൊൾ ജനങ്ങളിൽ ബോധമുള്ളവർ ഇപ്പോഴത്തെ ഭരണത്തെയും ഭരണാധികാരികളെയും വിമർശിക്കുന്നതും ദേശസ്നേഹം തന്നെയല്ലേ?
മോദി എന്ന വ്യക്തി എന്തുമാവട്ടെ.
അയാളെ ആരും ശ്രദ്ധിക്കില്ല.
ഏതൊരു ഇന്ത്യക്കാരനേയും പോലെ ഒരു ഇന്ത്യക്കാരൻ മാത്രം മോദി.
പക്ഷെ മോദി എന്ന പ്രധാനമന്ത്രി അയാൾ ചെയ്യേണ്ടത് പോലെ ചെയ്യുന്നില്ലെങ്കിൽ പ്രതികരിക്കും, പ്രതിഷേധിക്കും.
ഓരോ സ്ഥാനവും ചെയ്യേണ്ടത് ചെയ്യണം.
സ്റ്റിയറിംഗ് അതിൻ്റെ പണിയും ടയറും ബ്രൈക്കും അതിൻ്റെ പണിയും എടുക്കേണ്ടത് പോലെ എടുക്കണം.
മോദിയെന്ന വ്യക്തിയെ മഹാനായി കണ്ട് ബഹുമാനിക്കുന്നത് കൊണ്ടല്ല.
പകരം ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തെ മഹത്തായി കണ്ട് ബഹുമാനിക്കുന്നത് മാത്രം.
ആ പ്രധാനമന്ത്രി സ്ഥാനത്ത് ഏത് കുറ്റിചൂൽ ഇരുന്നാലും ഇന്ത്യയെ ബഹുമാനിക്കുന്നതിൻ്റെയും സ്നേഹിക്കുന്നതിൻ്റെയും ഭാഗമായി എല്ലാവരും ബഹുമാനിക്കും. അതയാൾക്കുള്ള വ്യക്തിപരമായ ബഹുമാനമാണെന്ന് തെറ്റിദ്ധരിക്കുന്ന വർ വെറും മൂഡസ്വർഗ്ഗത്തിൽ.
******
പിന്നെ മോദിക്ക് വിദേശ രാഷ്ട്രങ്ങളിൽ കിട്ടുന്നു എന്ന് പ്രചരിപ്പിക്കുന്ന ആദരവുകളും അംഗീകാരങ്ങളും...
അതൊന്നും മോദിക്ക് വ്യക്തിപരമായി അയാളുടെ വിവരവും മഹത്വവും കണ്ട് അവർ നൽകുന്നതല്ല.
ഇൻഡ്യയുടെ പ്രധാനമന്ത്രിയെന്ന നിലക്ക് കൊടുക്കുന്നതാണ്.
ഇന്ത്യയുമായുള്ള ബന്ധം നന്നാക്കാൻ.
മോദി എന്ന വ്യക്തിക്ക് പ്രധാനമന്ത്രി ആവുന്നത് വരെ മിക്കയിടങ്ങളിലും വിലക്കായിരുന്നു.
അതായിരുന്നു മോദിയെ കുറിച്ച ലോകത്തിൻ്റെ മതിപ്പും ബഹുമാനവും.
ബാക്കിയൊക്കെ ഭരിക്കുന്ന പാർട്ടി ഉണ്ടാക്കുന്ന പബ്ലിസിറ്റി, പി ആർ തന്ത്രങ്ങൾ മാത്രം.
പാവം, ഒന്നുമറിയാത്ത ജനങ്ങൾ അതിൽ വീഴുന്നു എന്ന് മാത്രം.