Sunday, February 24, 2019

മരണത്തെ വിട്ടുകൊടുക്കുന്നിടത്താണ് മതത്തിന്റെ കടന്നു കയറ്റം.

ചത്ത നായയെയും പൂച്ചയേയും 
സ്വന്തംവീട്ടുവളപ്പിൽ കുഴിച്ചിടാം. 
പക്ഷെ മരിച്ച ഉപ്പയെയും ഉമ്മയെയും പറ്റില്ല. 
എവിടെയാണ്, എന്താണ് നമുക്ക് പിഴച്ചത്?

**********

ബദ്റിലും ഉഹ്ദിലും ഖന്ധക്കിലും 
മരിച്ചവരെ കുളിപ്പിച്ചിട്ടില്ല
പളളിക്കാട്ടിൽ അടക്കം ചെയ്തിട്ടില്ല
എവിടെയാണോ മരിച്ചത് അവിടെ.

**********

പള്ളിക്കാട്പൊതുസ്ഥലമെങ്കിൽ
അവിടെ മറ്റു മതസ്ഥരെ അടക്കരുതെന്നും
ഏതു ഖുർആനിലും ഹദീസിലും ആണുള്ളത്?
ശ്മാശാനത്തിനു എന്ത് മതം?

*******

മുസ്ലിം മരിച്ചാൽ പള്ളിക്കാട്ടിൽ
കുഴിച്ചുമൂടണമെന്നു ഏതു ഖുർആനിലും
ഹദീസിലും ആണുള്ളത്?

പിന്നെന്തിനു വേറെ വേറെ ശ്‌മശാനം?


Question:

പട്ടിയെയും, പൂച്ചയെ പോലേയുമാണ് മാതാപിതാക്കൾ എന്ന് താങ്കൾ കരുതിയത്…?

Answer:
മാതാപിതാക്കളെ പട്ടിയെയും പൂച്ചയേയും പോലെ എന്ന് പറയുകയായിരുന്നില്ല. ജീവിതത്തിന്റെ ഭാഷയിൽ ഒന്നുതന്നെയെങ്കിലും നമ്മുടെ സാമൂഹ്യ ക്രമത്തിന്റെ അടിസ്ഥാനത്തിലും നാം അകപ്പെട്ട മാനത്തിന്റെയും അതുണ്ടാക്കുന്ന മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ വേറെ വേറെ തന്നെയാണ്. വില വ്യത്യാസമുണ്ട്.

പട്ടിയെയും പൂച്ചയേയും നിങ്ങൾ സ്വന്തം പറമ്പിൽ അടക്കം ചെയ്യുന്നു.  മാതാപിതാക്കളുടെ ശവശരീരം  കാട്ടിൽ കൊണ്ട് പോയെറിയുന്നു. അങ്ങനെ ചെയ്യുന്നവർ പട്ടിക്കും പൂച്ചക്കും അവയുടെ ശവശരീരത്തിനും കൊടുക്കുന്ന വില പോലും മാതാപിതാക്കൾക്കും അവരുടെ  ശവശരീരത്തിനും കൊടുക്കുന്നില്ല എന്ന് സൂചിപ്പിക്കുകയായിരുന്നു. അതും ഒരു പ്രത്യേക വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ.

ശവശരീരം എന്ന നിലക്ക് എല്ലാം ഒരുപോലെ ആണെങ്കിലും, മണ്ണ് എല്ലാ ശവത്തെയും ഒരുപോലെയാണ് എതിരേൽക്കുന്നതും ദ്രവിപ്പിക്കുന്നതുമെങ്കിലും, സ്വന്തം മാതാപിതാക്കളുടെ ശവശരീരത്തെ സ്വന്തം വീട്ടുവളപ്പിൽ അടക്കം ചെയ്‌താൽ എന്ത് തെറ്റ് എന്ന് ചോദ്യ ചെയ്യുക മാത്രമായിരുന്നു.

അല്ലാതെ പൂച്ചയേയും പട്ടിയെയും പോലെ മാതാപിതാക്കളെ കരുതുകയായിരുന്നില്ല. ശവശരീരത്തിന്റെ കാര്യത്തിൽ എല്ലാം ഒരുപോലെ ആണെങ്കിലും.  എല്ലാം ഒരു പോലെ തന്നെ മണ്ണിൽ ദ്രവിക്കുമെങ്കിലും.


question:
താങ്കളുടെ പോസ്റ്റിൽ യുദ്ധങ്ങളുടെ പേരുകളാണ് കാണുന്നത് ..
യുദ്ധത്തിലല്ലാതെ മരിച്ചവരെ എങ്ങിനെയാ കബറടക്കിയത് ?
താങ്കളുടെ മയ്യത്തു എന്ത് ചെയ്യാനാ വസിയത് ?

Answer:
യുദ്ധങ്ങളുടെ പേരുകൾ തന്നെയാണ് പോസ്റ്റിൽ പറഞ്ഞത്. ശരിയാണ്. യുദ്ധങ്ങളിലായാലും ഇയ്യുള്ളവൻ പറഞ്ഞത് പോലെ തന്നെയല്ലേ സംഭവിച്ചത്? കുളിപ്പിക്കാതെ, എവിടെ മരിച്ചോ അവിടെ മറവു ചെയ്തുകൊണ്ട്. ശേഷം എന്ത് ന്യായങ്ങൾ ഉണ്ടാക്കിയാലും. ഒരുതരം പോസ്റ്റ് ഇവന്റ് തിയറി ആയിക്കൊണ്ട്.

ശവത്തെ അങ്ങനെയൊക്കെ കൈകാര്യം ചെയ്യാവുന്നതേ ഉള്ളു എന്നതിനുള്ള തെളിവ് തന്നെയല്ലേ അത്? കുളിപ്പിക്കാനില്ല, പള്ളിക്കാട്ടിൽ കൊണ്ട് ചെന്ന് വെക്കാനില്ല എന്നതിന്. സന്ദർഭത്തിന്റെ തേട്ടമനുസരിച് ചെയ്യാം, ഒന്നും നിര്ബന്ധമില്ല എന്നതിന്.  താങ്കളുടെ മതവിശ്വാസപ്രകാരം പോലും.



Question:
പിന്നെ ഈ ''ശവങ്ങൾ' എന്ത് ചെയ്യണം സാറേ?


Answer:
സുഹൃത്തേ ശവത്തിനു എന്ത് സംസ്കാരം? ശവമടക്കുന്നതിനു എന്ത് സംസ്കാരം? വേസ്റ്റ് ഒഴിവാക്കുന്നതല്ലേ? വിശ്വാസവും രാഹിത്യവും ഒക്കെ ജീവിച്ചിരിക്കുമ്പോഴല്ലേ? ശവമടക്കുന്നതിനു ഐഡന്റിറ്റി പ്രശ്നം ഉദിപ്പിക്കുന്നതിലാണ് പ്രശ്നം.

മരിച്ചവൻ വിശ്വസിച്ചാണോ അല്ലെ മരിച്ചത് എന്നൊക്കെ എങ്ങിനെ ഉറപ്പിക്കും? ഏതൊരു സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടോ അതവന്റെ മതവും വിശ്വാസവുമായി കണക്കാക്കുന്നത് മാത്രമല്ലേ? വിശ്വാസപരമായ ഐഡന്റിറ്റിക്കു അത്രയല്ലേ അർത്ഥമുള്ളൂ.

ഉപ്പാന്റെയും ഉമ്മാന്റെയും മകനായാൽ മുസ്ലിം. അച്ഛന്റെയും അമ്മയുടെയും മകനായാൽ ഹിന്ദു. അത്രയല്ലേ ഉള്ളൂ? അച്ഛനും അമ്മയും ഉമ്മയും ഉപ്പയും അപ്പടി തന്നെ ഹിന്ദുവും മുസ്ലിമും ആയവർ. അറിവും തെരഞ്ഞെടുപ്പും കൊണ്ടല്ല. വലിയ അറിവും അന്വേഷണവും സാധ്യമല്ലാത്തതിനാൽ കിട്ടിയതിനെ കൊണ്ട് നടന്നും ന്യായീകരിച്ചും ജീവിച്ചവർ. സാമൂഹ്യ സാമുദായിക സുരക്ഷിതത്വം നഷ്ടപ്പെടുന്ന ഒന്നും ചെയ്യാതെ, ചോദ്യം ചെയ്യാതെ.

*******

ശവത്തെ മൂടുന്നതിനു മുൻപ് വീട്ടിൽ വെച്ച് എന്ത് ചെയ്യുന്നു എന്നിടത്തല്ലേ ആചാരങ്ങളും മറ്റും ഏറിയാൽ ഉള്ളൂ? അടക്കുന്നിടത്തില്ലല്ലോ?

എങ്കിൽ എല്ലാവരെയും ഒരിടത്തു കുഴിച്ചിടാനാവുന്നതല്ലേ നല്ലത്? മത-ജാതി വ്യത്യാസം ഒന്നും ഇല്ലാതെ. ഒരു പൊതുസ്ഥലത്തു. മത-ജാതി ഐഡന്റിറ്റി പ്രശ്നമാവാവാതെ. അങ്ങനെ ചിന്തിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും തെരഞ്ഞെടുക്കുന്നവർക്കുമെങ്കിലും. മത - ജാതി ഐഡന്റിറ്റിക്കും ശവമടക്കിനും വേണ്ടി ജീവിത കാലത്തു ചിന്താപരമായും വിശ്വാസപരമായും പീഡിപ്പിക്കപ്പെടാതിരിക്കാൻ. ആർക്കും അത് വെച്ച് വിശ്വാസപരമായ മേൽക്കോയ്മ സാധിക്കാതിരിക്കാൻ. മഹല്ലിന്റെയും സംഘടനകളുടെയും ബഹിഷ്കരണങ്ങൾ അത് വെച്ച് നടക്കാതിരിക്കാൻ.

മറ്റിതര മതസ്ഥരെ പള്ളിക്കാട്ടിൽ വെക്കരുതെന്നും, മുസ്ലിം മരിച്ചാൽ മറ്റിടങ്ങളിൽ വെക്കരുതെന്നും വരേണ്ടതില്ല. അതിനു ഖുർആനോ ഹദീസോ പിന്തുണ നൽകുന്നുമില്ല. പള്ളിക്കാടിനു വിശ്വാസവുമായി ഒരു ബന്ധവും ഇല്ല.

ഒരാൾ മുസ്ലിം ആണോ മുസ്ലിം ആയി ആണോ മരിച്ചത് എന്ന് ആർക്കും മനസ്സിലാവുന്നതല്ല. മുസ്ലിം സമുദായത്തിൽ ജനിച്ചത് കൊണ്ട് മുസ്ലിം എന്ന് ധരിച്ച ഏതു വിശ്വാസിയെയും പള്ളിക്കാട്ടിൽ അടക്കാമെങ്കിൽ, ആരെയും പള്ളിക്കാട്ടിൽ അടക്കുന്നതിൽ എന്താണ് തെറ്റ്?

വിശ്വാസം തലച്ചോറിന്റെയും മനസ്സിന്റെയും ആർക്കും വ്യക്തമാവാത്ത അമൂർത്തമായ പ്രശ്നം അല്ലെ? അത് വെച്ച് ശവത്തെ എങ്ങിനെ വകതിരിക്കാം?

പള്ളിക്കാട്‌ ഖുറാനികമോ ഹദീസിന്റെ അടിസ്ഥാനത്തിലോ അല്ല. ബദ്റിലും ഉഹ്ദിലും ഖന്ധക്കിലും മരിച്ചവരെ കുളിപ്പിച്ചിട്ടില്ല പളളിക്കാട്ടിൽ അടക്കം ചെയ്തിട്ടില്ല.  എവിടെയാണോ മരിച്ചത് അവിടെ മാത്രമല്ലാതെ.

അത്രയേ ഉള്ളു, അത്രക്കെ ഉള്ളു. ശവത്തിന്റെ കാര്യം, ശവമടക്കിന്റെ കാര്യം.  വേറെ എന്തെല്ലാം ന്യായങ്ങൾ നമ്മൾ പിന്നീട് ഫത്‌വകളായി പറഞ്ഞുണ്ടാക്കിയാലും. വളരെ ലളിതം. വർഗീയവും സാമുദായികവും ആക്കാനില്ലാത്തത്.

*********


Question:
ഇത്തരം അനാവശ്യ ചർച്ചകൾ നടത്തുന്നതിന് പകരം ജീവിച്ചിരിക്കുന്ന മനുഷ്യരെക്കുറിച് സംസാരിച്ചാൽ പോരെ സുഹൃത്തെ.?


Answer:
സുഹൃത്തേ എല്ലാ വിഷയങ്ങളും സംസാരിക്കുന്നുണ്ട്. താങ്കൾ അറിയാതെ പോകുന്നതാണോ എന്നറിയില്ല. അതല്ല ഈ വിഷയത്തിൽ നിന്നും രക്ഷപ്പെടാൻ താങ്കൾ ഇങ്ങനെ പറയുന്നതാണോ എന്നുമറിയില്ല.

ഇത് പറയുമ്പോൾ അത് പറഞ്ഞുകൂടേ, അത് പറയുമ്പോൾ ഇത് പറഞ്ഞുകൂടേ എന്നുള്ള ചോദ്യം എപ്പോഴും ബാക്കിയായുണ്ടാവും. ഒരുപകാരവും ചെയ്യാത്ത ഒരു ചോദ്യമായി. പ്രസക്തമായ വിഷയം എന്തെന്ന് തെരഞ്ഞെടുക്കാനും മനസ്സിലാക്കാനുമുള്ള വിവേകം മറ്റുള്ളവർക്കും ഉണ്ടെന്നും, ഉണ്ടാവുമെന്നും, അത് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ഓരോരുവർക്കും ഉണ്ടെന്നും താങ്കൾ മനസ്സിലാക്കുമെന്നും മനസിസിലാക്കുന്നു.

പിന്നെ താങ്കളടക്കം ജീവിക്കുന്നവരുടെ എല്ലാവരുടെയും ഏറ്റവും വലിയ പ്രശനം മരണവും മരണാനന്തരവും തന്നെ അല്ലെ?

അല്ലെന്ന വാദം താങ്കൾക്കുണ്ടാവുമെന്നു തോന്നുന്നില്ല. ജീവിതം പരീക്ഷണമാണെന്നും പാരത്രികം ലക്‌ഷ്യം എന്നും പറഞ്ഞല്ലേ ഒട്ടുമിക്കവരുടെയും മതം ഉൽഘോഷിക്കുന്ന ജീവിതം. അതിനാൽ തന്നെ അല്ലെ മരണവും മരണാനന്തരവും വെച്ച് തന്നെ, അത് മാർക്കറ്റ് ചെയ്തു തന്നെ മതങ്ങൾ  വളരുന്നത്.

എന്നിരിക്കെ അതെ കുറിച്ച ചില ന്യായമായ അഭിപ്രായങ്ങൾ പറയുമ്പോൾ മാത്രം താങ്കൾ ഇങ്ങനെ പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ?  ശവമടക്കിന്റെ കാര്യത്തിൽ മതം തിരിച്ചു കാര്യങ്ങൾ ചെയ്യാൻ മതപരമായി പോലും വലിയ നിർദ്ദേശങ്ങൾ ഇല്ലെന്നു സൂചിപ്പിക്കുന്നത് മാനവികതയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമാത്തിന്റെ ഭാഗം കൂടിയാണ്.  ഇതൊക്കെ വെച്ച് വിഭജിക്കുന്ന കുടിലതന്ത്രങ്ങൾ ഒഴിവാക്കാൻ.

താങ്കൾ സത്യസന്ധമായിട്ടാവാം.  പക്ഷെ, വേറെ ഒരാൾ ഇങ്ങിനെ ഇതിനു മുൻപ് വന്നിരുന്നു. കൃത്യമായി പറഞ്ഞാൽ നിപ വൈറസിന്റെ സമയത്. വലിയ അഭിപ്രായം പറയുംപോലെ "ഇപ്പോൾ ഇതൊക്കെയാണോ പറയേണ്ടത്" എന്ന വലിയ വായിലെ വാക്കുമായി. പിന്നെ എവിടെയും അദ്ദേഹത്തെ മഷിയിട്ടു നോക്കിയിട്ടും കണ്ടിരുന്നില്ല. നല്ല പ്രസക്തമായ വിഷയങ്ങൾ സംസാരിച്ചപ്പോൾ അതിലൊന്നും അയാൾ പ്രത്യക്ഷപ്പെട്ടുമില്ല എന്നത് ചരിത്രവും തെളിവും.

നല്ല വിഷയങ്ങളിൽ നല്ല കാര്യങ്ങൾ ഇട്ടാൽ മിണ്ടാത്ത ആൾ ഇങ്ങനെ ഒരവസരം (തന്റെ അസൂയയും അസഹിഷ്ണുതയും വെച്ച് ഇടപെടാനാവുന്നത്) കിട്ടുമ്പോൾ തന്റെ അസഹിഷ്ണുതയും അസൂയയും മറയാക്കി വരും. നല്ല പിള്ള ചമഞ്ഞുകൊണ്ട്. കപടന്മാർ അങ്ങനെയാണല്ലോ. പരാജപ്പെടുത്താൻ കൂടും. വിജയിച്ചാൽ കൂടെയും നിൽക്കും.

നല്ല പിള്ള ചമയുന്ന ഇത്തരക്കാരുടെ പരിപാടി തങ്ങൾക്കു ശ്രദ്ധ കിട്ടുന്ന സ്റ്റേജുകളും സദസ്സുകളും  അന്വേഷിച്ചു നടക്കലും  ഒരു ഫോട്ടോയും പേരും പത്രത്താളിലും ടി വി യിലും  വരുത്തിക്കലും.  അതിനു വേണ്ടി ഏതറ്റം അവരെയും പോകുക.

വിഷയം അസഹിഷ്ണുതയായിരുന്നു.  ഒരുതരം അസൂയ. പിന്നെ പ്രശസ്തി മോഹവും.  അത് ഫലിപ്പിക്കാൻ കിട്ടുന്ന അവസരത്തെ ഉപയോഗിക്കുക. കപടമായി മുൻപിൽ ഒന്നും പിന്നിൽ നിന്നു മറ്റൊന്നും ചെയ്യുന്നതായും പറയുക.   താങ്കൾ അങ്ങനെയല്ലെന്ന ഉറപ്പോടെ ഇത്തരുണത്തിൽ ഓർമിച്ചു പറഞ്ഞു എന്ന് മാത്രം.

*************

Question:
ചില ശവശരീരങ്ങൾ ദ്രവിക്കാതെ നിലനിൽക്കുന്നതായി കാണുന്നുണ്ടല്ലോ? ഇയ്യടുത്തും അങ്ങനെ ഒരു വാർത്ത വന്നല്ലോ? എങ്കിൽ കുളിപ്പിച്ച് സുഗന്ധദ്രവ്യങ്ങൾ പൂശി അടക്കുന്നതിൽ ഒരർത്ഥമില്ലേ? അങ്ങനെ എപ്പോഴെങ്കിലും ആ ശരീരം അപ്പടിയെ കാണുമ്പോൾ മറ്റൊന്നും മണക്കാതിരിക്കാനെങ്കിലും?

Answer:
സുഹൃത്തേ, ഏതെങ്കിലും ശരീരം അങ്ങിനെ ദ്രവിച്ചുപോകാതെ ഇരിക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ ദ്രവിപ്പിക്കാൻ കഴിയാത്ത മണ്ണിന്റെ പ്രശ്നം ആയിരിക്കും.

അങ്ങിനെ ദ്രവിക്കാതാവുന്നത് ഏതെങ്കിലും പ്രത്യേക മതക്കാരന്റെ മാത്രം ശരീരമല്ല. പലയിടങ്ങളിൽ നിന്നും ഇങ്ങനെ പറഞ്ഞു കേൾക്കുന്നുണ്ട്. അറേബ്യൻ മരുഭൂമിയിൽ മണ്ണ് ദ്രവിക്കാൻ സഹായകം അല്ലാത്തതിനാൽ പലയിടങ്ങളിലും അങനെ ദ്രവിക്കാത്തതായി കേട്ടിട്ടുണ്ട്. അതാരുടെയും പുണ്യമോ ശ്രേഷ്ഠതയോ അല്ല. ഒരു മതവും അങ്ങനെ ആരുടെയെങ്കിലും ശരീരം എന്തെങ്കിലും പ്രത്യേകതകൊണ്ട് ദ്രവിക്കില്ല എന്ന് പറഞ്ഞതായും കേട്ടിട്ടില്ല. അങ്ങനെ ഒരു പ്രതിഫലം ഒരു മതവും ഒരു പുണ്യ ആത്മാവെന്നു വിളിക്കപ്പെടുന്ന ആർക്കും കൊടുത്തതായി എവിടെയും കാണാൻ പറ്റില്ല.  അങ്ങനെ ദ്രവിക്കാത്തത്  ഏതെങ്കിലും മതവിശ്വാസത്തെ ശക്തിപ്പെടുത്തുന്നുമില്ല.

ഇനി ഇങ്ങനെ മരിച്ചിട്ടു ദ്രവിക്കാതിരുന്നവരുടെ ശരീരം. ജീവിച്ചിരുന്നപ്പോൾ ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, മധ്യവയസ്സു, വാർദ്ധക്യം, എന്നീ അവസ്ഥാമാറ്റങ്ങൾക്കു വിധേയമായിട്ടുണ്ടെങ്കിൽ ആ ശരീരം പ്രകൃതിപരമായ എല്ലാ മാറ്റങ്ങൾക്കും വിധേയമാകുന്ന ശരീരം ആയിരുന്നു എന്നർത്ഥം. അവർ ജീവിച്ചിരുന്ന കാലത്ത് രോഗം വന്നവരും ശരീരത്തിൽ പൊട്ടുണ്ടായിരുന്നവരും ആയിരുന്നെങ്കിൽ എല്ലാ ശരീരത്തിനും പറഞ്ഞ ജീർണത അവർക്കും ബാധകം ആയിരുന്നു എന്നർത്ഥം. പിന്നീട് മരിച്ചതിനു ശേഷം മണ്ണിന്റെ ദ്രവിപ്പിക്കാനുള്ള (അണുക്കൾ ഇല്ലാത്തത് കൊണ്ടുള്ള) കഴിവില്ലായ്മ കാരണം വല്ലയിടത്തും വല്ല ശരീരവും ദ്രവിച്ചിട്ടില്ലെങ്കിൽ അതൊരു വാദമായി കൊണ്ട് നടക്കാനില്ല. അത് ആ മണ്ണിന്റെ കഴിവ് കേടായി മാത്രം കണ്ടാൽ മതി.

ശവത്തെ എവിടെ മൂടിയാലും പ്രശ്നമില്ല എന്ന ഒരു പോസ്റ്റിൽ ഇതെങ്ങിനെ ഒരു പ്രതിവാദമാകുന്നു എന്നത് തീരെ മനസ്സിലാകുന്നില്ല.

പിന്നെ ഈ വാർത്ത വന്നിരിക്കുന്നത് കേരളത്തിലെ തന്നെ വളരെ വിശ്വാസപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഭാഗത്തു നിന്നാണെന്നത് എടുത്തു പറയേണ്ട കാര്യം ആണ്. നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തെ ഒരു നിലക്കും ബാധിക്കുന്നതല്ലെങ്കിലും, ഈ വാർത്ത എത്രത്തോളം ശരിയാണ് എന്നത് ശരിക്കും പഠനവിധേയമാക്കേണ്ടതാണ്.    മുഖ്യധാരാ വാർത്താ മാധ്യമങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്തതായി കണ്ടിട്ടില്ല.

പിന്നെ താങ്കൾ പറഞ്ഞത് പോലെ ഒരു വാദം യഥാർത്ഥത്തിൽ ഇസ്ലാമിലും ഇല്ല.  ശരീരത്തെ മണ്ണ് തിന്നില്ല എന്നത്. അങ്ങനെ വന്നാൽ മതം വീണ്ടും പരാജയപ്പെടും. മഹാ മഹാ ഭൂരിപക്ഷവും പരാജയപ്പെടും. ഇത്രയെല്ലാം മതങ്ങൾ  കഹ്ഷ്ടപ്പെട്ടു ശ്രമിച്ചിട്ടും കേവലം ഒന്നോ രണ്ടോ പേരെയേ ലോകത്ത്  ദ്രവിച്ചുപോകാതെ കിട്ടിയിട്ടുള്ളു എന്ന് വരും. അങ്ങനെയുള്ളവരുടെ വൃത്തിക്ക് വേണ്ടിയും സുഗന്ധത്തിനു വേണ്ടിയുമാണ് ശവത്തെ കുളിപ്പിക്കുന്നത് എന്ന വാദവും പുതുതായി ഉണ്ടാക്കേണ്ടിവരും. പ്രവാചകനുപോലും അറിയാത്ത, പറയാൻ കഴിയാത്ത പുതിയ വാദം പ്രവാചകന്റെ പേരിൽ ഉണ്ടാക്കേണ്ടി വരും.


*********

Question:
ഫ്ലാറ്റിൽ ആണെങ്കിൽ കുടുങ്ങുല്ലേ?


Answer:
സുഹൃത്തേ എവിടെയും കുഴിച്ചുമൂടാം എന്ന് വരേണം, അതിലാണ് ശരി. അത് സമർത്ഥിക്കാൻ മാത്രമേ  ശ്രമിച്ചിട്ടുള്ളു. പള്ളിക്കാട്ടിൽ വേണ്ടെന്നും അരുതെന്നും പറയാൻ അല്ല ശ്രമം.

പള്ളിക്കാട്ടിലും ആവാം. മറ്റെവിടെയും ആവുമ്പോലെ. അത്രമാത്രം. പള്ളിക്കാട്ടിൽ തന്നെ വേണം എന്ന ധാരണ വേണ്ടതില്ല.

തിരുത്തുക മാത്രം. പള്ളിക്കാട്ടിലാവുമ്പോൾ എന്തോ പുണ്യം ഉണ്ടെന്ന ധാരണ തിരുത്തുക. പള്ളിക്കാട്ടിലാവൽ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന ധാരണ തിരുത്തുക. പള്ളിക്കാട്ടിലല്ലെങ്കിൽ എന്തോ തെറ്റുണ്ടെന്ന ധാരണ തിരുത്തുക. സ്വന്തമായി സ്ഥലമുള്ളവനും കാട്ടിലേക്ക് വലിച്ചെറിയുന്ന ഏർപ്പാടാവരുത് എന്ന് മാത്രം ഉറപ്പിക്കാൻ. സ്വന്തം വളപ്പിൽ നായക്കും പൂച്ചക്കും ഉള്ള സ്ഥാനമെങ്കിലും സ്വന്തം ഉമ്മാക്കും ഉപ്പാക്കും മകനും നൽകാം എന്ന് മാത്രം സൂചിപ്പിക്കാൻ. അതും വലിയ ഒരു മതവിശ്വാസത്തിന്റെ മറപിടിച്ചു നിർബന്ധം പോലെ. തെറ്റിച്ചാൽ എന്തോ പാതകം ചെയ്യുന്നത് പോലെ. പള്ളിക്കാട്ടിൽ അടക്കുന്നത് സ്വർഗപ്രവേശത്തിനുള്ള ന്യായവും, അല്ലാത്തത് നരകപ്രവേശത്തിനുള്ള ന്യായവും എന്ന ധാരണ തിരുത്തുക.

താങ്കൾ ഉന്നയിച്ചത് ശരിയായ കാര്യമാണ്. സ്വന്തമായ സ്ഥലം ഇല്ലാത്തവൻ എന്ത് ചെയ്യണം?

അവൻ പൊതുസ്ഥലത്തു വെക്കേണം. ശരിയാണ്. ആ പൊതുസ്ഥലം പള്ളിക്കാട്‌ എന്ന് മാത്രമാവേണ്ടതില്ല. പള്ളിക്കാടും ആവാം എന്നുമാത്രം.

പൊതുസ്ഥലം മതം വിഭജിച്ചുണ്ടാക്കുന്നതാവരുത്. ആശുപത്രിയും സ്കൂളും പോലെ സർക്കാർ വക ഉണ്ടാവേണ്ടതാണ്.  സർക്കാർ ശ്മാശാനങ്ങൾ ഉണ്ടാവണം. മതേതരമായി എല്ലാവർക്കും ഒരുപോലെ കൊണ്ടുവന്നു വെക്കാവുന്ന സ്ഥലം.  ഓരോ പഞ്ചായത്തിലും ഒരു പൊതുശ്മശാനം. മരിച്ചാലെങ്കിലും ഇവരെല്ലാം ഒരുമിക്കട്ടെ. മതജാതി ഭേദമാന്യേ.

മരണത്തെ മതത്തിനു വിട്ടുകൊടുക്കുന്നിടത്താണ് മതത്തിന്റെ കടന്നു കയറ്റം. നിസ്സഹായതയെ മുതലെടുക്കുന്ന കടന്നുകയറ്റം. എല്ലാ  അധിനിവേശവും നിസ്സഹായതയെ മുതലെടുത്തു കൊണ്ട് മാത്രമാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. മരണവീട് മതം ഏറ്റെടുക്കുകയാണ്. മതത്തെ മാർക്കറ്റ് ചെയ്യാനുള്ള ഏറ്റവും വലിയ എളുപ്പ വഴിയാക്കുകയാണ് മരണത്തെ. അവിടെ എല്ലാവരും അറിയാതെയോ അറിഞ്ഞോ വഴിപ്പെട്ടുപോവുകയും മൗനികളാവുകയും ചെയ്തു പോകുന്നു.

പിന്നെ, അങ്ങനെ പൊതുസ്ഥലത്തും സ്വന്തം വീട്ടുവളപ്പിലും ശവം മറവു ചെയ്യുന്നത് ഒരു മതവിശ്വാസത്തിനും എതിരല്ല.  ഒരു മതവിശ്വാസവും അങ്ങനെ ഒരു തിട്ടൂരം എവിടെയും ഉണ്ടാക്കിയിട്ടില്ല, ഇറക്കിയിട്ടില്ല. നമ്മൾ ശീലങ്ങളിലൂടെ സ്വാർത്ഥ താല്പര്യസംരക്ഷണാര്ഥം ഉണ്ടാക്കിയ ആചാരങ്ങളും സംവിധാവനവും മാത്രമാണ് എല്ലാം.

********

Question:
നീ എത്ര ദിവസമായി ഇതും കൊണ്ട് കെട്ടി മറിയുന്നു?


Answer:
സംഗീത എന്താണ് ഇങ്ങനെ? രാമൻ സീതക്കു എപ്പടി എന്ന മട്ടിൽ.

ഒന്നുകിൽ സംഗീതക്ക് ഒന്നും മനസ്സിലാവുന്നില്ല. അപ്പോഴെടുക്കുന്ന ഒരടവ്. അല്ലെങ്കിൽ ഒന്നും മനസ്സിലാക്കേണ്ട എന്ന നിര്ബന്ധ ബുദ്ധി സംഗീത കൊണ്ട് നടക്കുന്നു. അപ്പോഴുമെടുക്കുന്നു മറ്റൊരടവ്.  സ്വയം ഇരുട്ട് സൃഷ്ടിച്ചു അറിയാതിരിക്കുന്നു, കാണാതിരിക്കുന്നു. എല്ലാ കാര്യത്തിലും അങ്ങനെ തന്നെ. യഥാ-സ്ഥിതിയുമായ്.

ഒരുപക്ഷെ ഒന്നും മനസ്സിലാകാത്തത് കൊണ്ടോ മനസ്സിലാക്കണമെന്ന് ആഗ്രഹം ഇല്ലാത്ത കൊണ്ടോ, എന്തെഴുതിയാലും ഒരു വലിയ വേലയും ബാധ്യതയുമായ് സംഗീതക്ക് തോന്നുന്നു. ഒരുതരം നിഷ്കളങ്കത എന്ന മറപിടിക്കാം. പക്ഷെ പലപ്പോഴും അത് വളരെ കുറ്റകരമായതാവുന്നു എന്ന് മാത്രം.  നാടൻ ഭാഷയിൽ പറഞ്ഞാൽ ശുദ്ധൻ ദുഷ്ടന്റെ ഫലം ഉണ്ടാക്കുന്നു. പലതും കണ്ണടച്ച് വിശ്വസിച്ചും നിഷേധിച്ചും. എല്ലാ കാര്യങ്ങളിലും.

ഇയ്യുള്ളവൻ എപ്പോഴും എന്തൊക്കെ എഴുതുന്നു, ഏതൊക്കെ വിഷയങ്ങളിൽ എഴുതുന്നു, പറയുന്നു എന്ന് നന്നായി അറിയുന്ന സംഗീത, പിന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നതിന്റെ പൊരുൾ മനസ്സിലാവുന്നില്ല.

ഇവ്വിഷയത്തിലും ഒരു മൂന്നു നാളുകൾ മാത്രമേ ആയുള്ളൂ.  ഒരവതാരം ഒരു യുഗത്തിന് വേണ്ടി മുഴുവൻ ആണെന്ന് മനസ്സിലാക്കുന്ന സംഗീതക്ക് സംഗതി വേഗം മടുക്കുന്നു.  ഇങ്ങനെയെങ്കിൽ സംഗീത എങ്ങിനെ വേദങ്ങളും അതിന്റെ വിശദീകരങ്ങളായ ഉപനിഷത്തുകളും ഒക്കെ വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കും? വേഗം ബോറടിക്കുമല്ലോ? അത് പറയുന്നവരെ ബോറന്മാരെന്നും വേഗം വിളിക്കുമല്ലോ?

പക്ഷെ ഒന്നും മനസ്സിലായില്ലെങ്കിലും ചിലതിനെ പൊക്കി നടക്കുമെന്നും മറ്റു ചിലതിനെ വേണ്ടെന്നു വെക്കുമെന്നും ആണ് നിലപാടെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ?

Wednesday, February 20, 2019

കുളിമുറിയിൽ വഴുതി വീഴുക. കുറ്റം അയൽവാസിയിൽ ആരോപിക്കുക. ദേശീയത, ദേശസ്നേഹം.

അയൽവാസിയെ വെറുക്കുകയല്ല ഹിന്ദുയിസവും ഹിന്ദുത്വവും.
ലോകമേ തറവാട്. അപ്പോൾ അയൽവാസി?
കാട്ടാളനെക്കൊണ്ട് രാമായണം എഴുതിപ്പിച്ചവൻ ഭാരതീയൻ.

*********
ദേശീയ പാർട്ടികൾ മുപ്പത്തിനായിരം കോടിയിലധികം 
ചിലവിട്ടു തെരഞ്ഞെടുപ്പ് ജയിക്കുന്നത്
രാജ്യത്തെ സേവിക്കാനോ അതോ പതിന്മടങ്ങു നേടാനോ

********


സ്വന്തം വീട്ടിൽ തെമ്മാടിത്തം നടത്തുക.
കുളിമുറിയിൽ വഴുതി വീഴുക. എല്ലാറ്റിനും
കുറ്റം അയൽവാസിയിൽ ആരോപിക്കുക.
ദേശീയതയും ദേശസ്നേഹവും.

*******


സ്വന്തം പരാജയത്തെ, നിരാശയെ
ആരോടെങ്കിലുമുള്ള വെറുപ്പും ശത്രുതയും 
ആക്കുന്നു. അവർ വർഗീയതയെയും തീവ്രവാദത്തെയും 

മറയാക്കുന്നു.

**********

ദേശീയത: ദേശത്തിന്റെ മറപിടിച്ചു പറയുന്ന, ചെയ്യുന്ന 
ഏതു കളവും തെറ്റും ശരിയെന്നതല്ല.
ദേശസ്നേഹം : അവ മുഴുവൻ കണ്ണടച്ച് വിശ്വസിക്കുന്നതല്ല

*******

രക്തസാക്ഷികളിൽ ഏറെയും ഗുണ്ടകൾ
കൊല്ലുന്നതും കൊല്ലപ്പെടുന്നതും മുടങ്ങുന്നതും 
ഗുണ്ടകൾക്കായ്
ഗുണ്ടകൾവാഴ്ത്തപ്പെടുന്നു, വാഴിക്കപ്പെടുന്നു.

********

പട്ടാളത്തിൽ എത്തുന്നത് രാജ്യസ്നേഹം കൊണ്ടല്ല.
പകരം തൊഴിൽ തേടി. ഇടതടവില്ലാത്ത 
ഉപജീവനവും, ജീവിതം സുരക്ഷിതത്വവും നേടാൻ. 

******

കാശ്മീർ: മതം ഉണ്ടാക്കിയ 
തീവ്രവാദവും വിഘടനവാദവും.
മതേതരത്വം വോട്ടിനു വേണ്ടി സുഖിപ്പിക്കൽ മാത്രമാവുമ്പോൾ, 
മതം രാജ്യത്തെയും വിഴുങ്ങുന്നു.

*******

കാശ്മീരിൽ മത തീവ്രവാദവും 
വിഘടനവാദവും ഉണ്ടെന്നത് തർക്കമറ്റത്.
എന്നുവെച്ചു ചത്തത് കീചകനെങ്കിൽ കൊന്നത് 
ഭീമൻ തന്നെ എന്നു വരരുത്.

*********

കാശ്മീർ ചോരപ്പുഴ. തെരഞ്ഞെടുപ്പിന് മുൻപ് 
ഇനിയും എത്ര, എവിടെയെല്ലാം?
ക്രൂരതയും തെരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രമാകരുത്.

********

ബാർബറും കഴുത്തിലെ കത്തിയും.
ഭരണകൂടവും അവർ  പറയുന്ന രാജ്യസ്നേഹവും ദ്രോഹവും. മറിച്ചൊന്നും പറഞ്ഞുകൂടാ. കത്തി വെച്ച് കഴുത്തു മുറിക്കും

*********

കാശ്മീർ ചോരപ്പുഴ. 
വിഭജനവും കലാപവും രക്തച്ചൊരിച്ചിലും അല്ലാതെ 
മറ്റെന്താണ്‌ മതം സ്വതന്ത്ര ഇന്ത്യക്കു നൽകിയ സംഭാവന?


പാർട്ടികൾക്കും നേതാക്കൾക്കും 
ജനങ്ങൾ ബാധ്യതയും ഭാരവും അല്ല;
അര്മാദിച്ചു നടക്കുന്ന പാർട്ടികളും നേതാക്കളും
ജനങ്ങൾക്ക് ബാധ്യതയും ഭാരവും തന്നെ.

Tuesday, February 12, 2019

ജനാധിപത്യത്തിൽ അധികാരം എന്നതില്ല. അധികാരം ഇല്ലായ്മയും കുറയലും ആണ്


വസ്തുത കാണണം. വാസ്തവം പറയണം.

ജനാധിപത്യം ഒരു പ്രക്രിയയാണ്. തുടർന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയ. ഫുള്സ്റ്റോപ് വീഴാത്ത എപ്പോഴും പൂർണതയെ അന്വേഷിച്ചു കൊണ്ട്, മാറിയും പരിണമിച്ചും കൊണ്ടിരിക്കുന്ന പ്രക്രിയ. 

ജനാധിപത്യം രാജ്യത്തിന്റെ മാത്രം വിധി എഴുതുന്ന ഒരു പ്രക്രിയ അല്ല. ഓരോ വ്യക്തിക്കും പൂർണമായ സ്വാതന്ത്ര്യവും വളർച്ചയും വികാസവും ഉറപ്പു വരുത്തുന്ന പ്രക്രിയ കൂടിയാണത്. രാജ്യഭരണം ആര് നടത്തണം എന്ന് തീരുമാനിയ്ക്കാനല്ല ജനാധിപത്യം. രാജ്യം ആരും ഭരിക്കാനില്ലാത്തത്ര ജനങ്ങളെ വളർത്തി വലുതാക്കുന്ന പ്രക്രിയയാണത്. 

രാജ്യമല്ല ജനാധിപത്യത്തിന്റെ ലക്ഷ്യസ്ഥാനം. ഓരോ വ്യക്തിയുമാണ്. ഓരോ മനുഷ്യന്റെയും പൂർണ വികാസമാണ്. ആ നിലക്ക് യഥാർത്ഥ ആത്മീയതയുടെയും സാക്ഷാത്കാരത്തിന്റെയും കൂടി വഴിയാണ് ജനാധിപത്യം. രാഷ്ട്രീയത്തിലെ ആത്മീയ വഴി. എല്ലാ ഓരോരുവനും അവനവനെ മറന്നു പ്രവർത്തിക്കുന്ന വഴിയിൽ അവനവനെ വളർത്തുന്ന, കണ്ടെത്തുന്ന പ്രക്രിയ. ത്യാഗത്തിന്റെയും ആത്മീയതയുടെയും സംസ്കാരം.  

**********

സങ്കല്പസുഖത്തിനും മുഖസ്തുതിക്കും വേണ്ട എന്തെങ്കിലും പറഞ്ഞാൽ ദർശനമാകില്ല, പരിഹാരമാകില്ല. പഞ്ചസാരയെ മുളക് എന്ന് വിളിച്ചാശ്വസിക്കുന്നവർക്കു പഞ്ചസാരയെ മുളക് ആക്കാനാവില്ല.  ഇന്ത്യയിൽ നടക്കുന്ന പേക്കൂത്തുകളെ ജനാധിപത്യം എന്ന് വിളിച്ചാൽ പേക്കൂത്തുകൾ ജനാധിപത്യം ആവില്ല.

ഇന്ത്യയിൽ  നടക്കുന്നത് ജനാധിപത്യം അല്ല. ജനാധിപത്യം എളുപ്പം നടത്താവുന്ന വലുപ്പമല്ല, സ്വഭാവമല്ല  ഇന്ത്യയുടേത്.

പിന്നെ ഇന്ത്യയിൽ നടക്കുന്ന ഭരണക്രമം?

ഉദ്യോഗസ്ഥാധിപത്യം മാത്രം. ഉദ്യോഗസ്ഥന്മാരുടെ മുകളിൽ നിൽക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന വെറും സ്റ്റാമ്പുകളും ബാഡ്ജുകളും മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും. ജനപ്രതിനിധികൾ വെറും ബാഡ്ജുകളും സ്റ്റാമ്പുകളും ആവുന്നതിനെ ജനാധിപത്യം എന്ന് വിളിക്കാൻ പറ്റില്ല.

കാളവണ്ടിയാണ് ഇന്ത്യൻ ജനാധിപത്യം. യഥാർത്ഥത്തിൽ കാളവണ്ടിയുടെ ദിശ നിശ്ചയിച്ചു ഓടിക്കാൻ കാളയെ നിയന്ത്രിക്കുന്ന കാളക്കാരൻ ആവേണ്ടവൻ ജനപ്രതിനിധികൾ, രാഷ്ട്രീയ ഭരണ നേതൃത്വം. 


പക്ഷെ സംഭവിക്കുന്നത് മറിച്ചു മാത്രം. പുല്ലും വെള്ളവും കിട്ടാൻ വേണ്ടി വന്ന ഉദ്യോഗസ്ഥ പ്രഭുത്വം അതിലെ കാളക്കാരൻ ആയിമാറുന്നു. ഉദ്യഗസ്ഥർ തൊഴിക്കും വഴിയേ ദിശയറിയാതെ ആവശ്യമറിയാതെ ഓടുന്ന വെറും കാളകൾ മാത്രമായി ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും. ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന ചില നയപരമായ വിഷയങ്ങളിൽ എന്തോ മാറ്റമുണ്ടാക്കുന്നുവെന്നു തോന്നിപ്പിക്കുന്ന കാര്യത്തിലൊഴികെ. അങ്ങനെ ജനാധിപത്യത്തെ വ്യഭിചരിച്ചു നശിപ്പിക്കുന്ന കാര്യത്തിലൊഴികെ.
രാഷ്ട്രീയ നേതൃത്വവും ഉദ്യാഗസ്ഥ പ്രഭുത്വവും പരസ്പരം മാറിമാറി കാളക്കാരനും കാളയുമായി രാജ്യത്തെ ചൂഷണം ചെയ്യുന്ന പ്രക്രിയക്ക് ജനാധിപത്യം എന്ന നിർവചനം ഇന്ത്യൻ  പശ്ചാത്തലത്തിൽ ഉണ്ടാക്കാം. 

ജനാധിപത്യം എന്ന് പേരുള്ള ഇന്ത്യൻ ഭരണ ക്രമത്തിൽ ഒരേറെ രാജാക്കന്മാരുണ്ട്. രാഷ്രീയ രാജാക്കന്മാർ. അധികാരം സുസ്ഥിരം അല്ലെന്നതിനാൽ കിട്ടുമ്പോഴെല്ലാം കട്ടുമുടിക്കുന്ന അല്പന്മാരും ക്രൂരന്മാരുമായ രാജാക്കന്മാർ. പാർട്ടികളെയും നേതാക്കളെയും നൂറായിരം കാട്ടുകള്ളന്മാരായ രാഷ്ട്രീയ രാജാക്കന്മാർ. അവർ ജനങളുടെ മേൽ ഉപജീവനം നടത്തുന്നു. നാട്ടിന് ബാധിച്ച അർബുദം പോലെ പെരുമാറുന്നു. അർബുദ രോഗി മാത്രം അത് മനസിലാക്കില്ലെന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം. ഇന്ത്യൻ ജനാധിപത്യം അർബുദാണുക്കളായ  രാഷ്ട്രീയ നേതാക്കളെയും അർബുദം തന്നെയായ രാഷ്ട്രീയ പാർട്ടികളെയും മാത്രം വളർത്തുന്നു. ജനാധിപത്യം നടപ്പാക്കേണ്ട ശരീരമായി നാടും നാട്ടുകാരും അർബുദ ബാധിതരായി നിത്യേനയെന്നോണം വേദന സഹിക്കുന്നു, ക്ഷീണിക്കുന്നു.
അങ്ങനെ ഒരു നാടും രാജ്യവും ലോകത്തില്ല. ഉണ്ടാവുക സാധ്യവുമല്ല.  ഇത്ര അധികം ഭാഷകളും മതങ്ങളും സംസ്കാരങ്ങളും ജാതികളും വംശങ്ങളും ഒരുമിച്ചു ഒരുപോലെ ജീവിക്കുന്ന ഒരിടം ഇന്ത്യ അല്ലാതെ ഇല്ല. അതൊരു മഹാ അത്ഭുതം തന്നെ ആണ്. ഒരു മതവും ഭാഷയും ആയിട്ടും പരസ്പരം അടിക്കുന്ന ഒട്ടനവധി നാടുകൾ ലോകത്തു ഉണ്ടായിരിക്കെ.
*********
********
ജനാധിപത്യത്തിൽ പൂർണത എപ്പോഴും അന്വേഷിക്കപ്പെടുന്നതും തേടപ്പെടുന്നതും മാത്രമാണ്. നേടുന്നതും നേടിയെന്നു അവകാശപ്പെടാവുന്നതും അല്ല. 



കാളകൾക്കു പുല്ലും വെള്ളവും കിട്ടും. പുല്ലും വെള്ളവും മാത്രമേ കാളകൾക്കു വേണ്ടു. അതിനപ്പുറമൊരു ദിശാബോധമോ ദര്ശനലോകമോ ഇല്ല ഈ കാളകൾക്കും അവരെ പ്രതിനിധികളായി തെരഞ്ഞെടുത്തയച്ച ജനങ്ങൾക്കും. ഉദ്യോഗസ്ഥരെ തങ്ങളുടെ കാളയായി മാറ്റാൻ കഴിയേണ്ട ഇവർ, ഒരു ഒത്തുപോക്കെന്ന പോലെ മിക്കവാറും കാളകൾ മാത്രമായി തീരുകയാണ് പതിവ്. രാജ്യത്തിന്റെ ചിലവിൽ പാർട്ടിയെ പോറ്റുക മാത്രം ലക്ഷ്യമാവുന്ന, അതിലൂടെ തന്റെ ചിലവും ആർഭാടവും സമ്പാദ്യവും കണ്ടെത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ  ഒത്തുപോക്കു മംസശാസ്ത്രം.

****** 

ആര് ഭരിച്ചാലും ഉദ്യോഗസ്ഥപ്രഭുത്വം ഭരിക്കുന്നു. വെറും കാളകളായ രാഷ്ട്രീയ നേതൃത്വത്തിനിനും ജനപ്രതിനിധികൾക്കും മുഖ്യം തങ്ങൾക്കു കിട്ടേണ്ട പുല്ലും വെള്ളവും മാത്രം. ആർഭാടം മാത്രം. ഉദ്യോഗസ്ഥ പ്രഭുത്വം കയ്യാളുന്ന അധികാരത്തിന്റെ കമ്മീഷൻ ആയി കിട്ടുന്നത് മാത്രം. അതിൽ ജനാധിപത്യത്തിന്റെ പേരിൽ കൈയ്യൂക്ക് കാണിച്ചു മുഷ്ടി ചുരുട്ടി അവകാശമായി ജനാധിപത്യം പറഞ്ഞു പേടിപ്പിച്ചു നടത്താവുന്നത് അഴിമതി മാത്രം.  രാഷ്ട്രീയ നേതൃത്വവുമായുള്ള ആ ഒത്തുപോക്ക് അഴിമതിരാഷ്ട്രീയം കൊണ്ട് ഉദ്യോഗസ്ഥനും സമ്പാദിക്കുന്നു. തന്റെ ശമ്പളത്തിനപ്പുറത്തെ സാമ്രാജ്യം.

അഥവാ ആ കിട്ടേണ്ട പുല്ലിനും വെള്ളത്തിനും ആർഭാടത്തിനും വേണ്ടി മാത്രം കാളകൾ. ആ കാളയെ ഉദ്യോഗസ്ഥനെന്ന് വിളിച്ചാലും ശരി രാഷ്ട്രീയ ഭരണ നേതൃത്വം എന്ന് വിളിച്ചാലും ശരി. അത് ആരുമായി മാറുന്നതാണ് ഇന്ത്യൻ ജനാതിപത്യ പ്രക്രിയയുടെയും പ്രതിഭാസത്തിന്റെയും വലിയ പ്രത്യേകത. ജനം ജനാധിപതിനു വേണ്ടി വളർന്നിട്ടില്ലാത്ത ജനാധിപത്യത്തിന്റെ പ്രത്യേകത. പുല്ലും വെള്ളവും ജനാധിപത്യത്തിന്റെ പേരിൽ വേണ്ടത്ര കൊടുക്കാൻ ഉദ്യോഗസ്ഥ പ്രഭുത്വം തയ്യാറുമാണ്. നേരെ മറിച്ചു ഉദ്യോഗസ്ഥ പ്രഭുത്വത്തിനും രാഷ്ട്രീയ നേതൃത്വം അവരുടേതായ പുല്ലും വെള്ളവും നൽകുന്നു.  അങ്ങിനെ കൊടുക്കുന്ന, നടത്തുന്ന, നടക്കുന്ന പരിപാടിക്ക് ജനാധിപത്യം എന്ന പേര് നൽകി ഉദ്യോഗസ്ഥ പ്രഭുത്വത്തെ സംരക്ഷിച്ചാൽ മാത്രം മതി രാഷ്ട്രീയ നേതൃത്വത്തിന്. അതിനാൽ മാത്രം ഉദ്യോഗസ്ഥരുടെ  ശമ്പള വർധനവും മറ്റും ഏത് സമയത്തും എങ്ങിനെയും ഏതു സർക്കാരായും രാഷ്ട്രീയ നേതൃത്വവും  അവർ പറയുംപോലെ സാധിച്ചു കൊടുക്കുന്നു.

ജനങ്ങളെ ആ നിലക്ക് രാഷ്ട്രീയ ഭരണ നേതൃത്വം മാത്രമാണ്, അതിനാൽ ജനങ്ങൾ തന്നെയാണ്, അധികാരികൾ എന്ന് ധരിപ്പിച്ചു അഹങ്കാരികളാക്കി ലഹരിക്കടിപ്പെടുത്തി പ്രതികരിപ്പിക്കാതിരുന്നാൽ മാത്രം മതി. ആ ദൗത്യം നമ്മുടെ രാഷ്ട്രീയ നേതൃത്വവും പാർട്ടികളും ജനപ്രതിനിധികളും വളരെ നന്നായി നിർവഹിക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥാധിപത്യത്തിനു ജനാധിപത്യം എന്ന പേര് വളരെ ഭംഗിയായി വരുന്നു.


**********

ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്തു ജനാധിപത്യം എങ്ങിനെ നടപ്പാവും?  ഉദ്യാഗസ്ഥനാധിപത്യം അല്ലാതെ?

ശരിയാണ്. നടത്താൻ പറ്റാത്തത് നടത്തുന്നില്ല എന്ന പുണ്യം മാത്രം നമ്മുടെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യം എന്ന പേരിട്ടു നടത്തുന്നു. 

വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഏറെയുള്ള ഈ വലിയ രാജ്യം ഭരിക്കാനും നിയന്ത്രിക്കാനും മാത്രമുള്ള രാഷ്ടതന്ത്രജ്ഞതയും വിവരവും ക്രാന്തദർശിത്വവും പന്തടക്കവും ഭരണപാടവവും ഉള്ളവരല്ല നമ്മുടെ രാഷ്ട്രീയ നേതൃത്വവും പാർട്ടികളും. അവ കൊണ്ടോന്നുമല്ല  അവർ ഇന്ത്യയെ  നിയന്ത്രിക്കുന്നതും ഭരിക്കുന്നതും. അങ്ങനെ പഠിച്ചു പരിശീലിച്ചു വന്നവരാരും അവർക്കിടയിൽ ഇല്ല. അധികാരത്തോടും അതിലെ സുഖസൗകര്യങ്ങളോടും സാമ്പത്തിനോടും ഉള്ള ആക്രാന്തവും പേക്രാന്തവും മാത്രമല്ലാതെ ഒരു യോഗ്യതയും നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്കോ നേതാക്കൾക്കോ ഇല്ല.

പകരം ഒരു വസ്തുതയുണ്ട്.

അടിസ്ഥാനപരമായി ഇന്ത്യക്കാർ നല്ലവരാണ്. പാവങ്ങൾ ആണ്. നല്ലവരെന്നാൽ, ഏറെക്കുറെ ഒട്ടും പ്രതികരിക്കില്ല എന്നർത്ഥം. ആ ഒറ്റക്കാരണം കൊണ്ടാണ് ഇന്ത്യ ഭരിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും.  ആരുടേയും ഭരണ മികവ് കൊണ്ടോ ക്രാന്തദർശിത്വം കൊണ്ടോ അല്ല. ഇതേ കാരണം കൊണ്ട് തന്നെയായിരുന്നു ഇന്ത്യ വിദേശഭരണത്തിന് കീഴിൽ കാലാകാലം അമർന്നുനിന്നതും.  ജനാധിപത്യ പ്രക്രിയ എന്ന് പേരുള്ള ഇപ്പോഴത്തെ ഭരണക്രമത്തിൽ അതവരുടെ സഹിഷ്ണുതയാണെന്നു പറഞ്ഞു പ്രശംസിച്ചു അലസരാക്കുന്നു എന്ന വ്യത്യാസം മാത്രം.  അങ്ങിനെയാവുമ്പോൾ ഒന്നുകൂടി അവരെ നിഷ്ക്രിയരും പ്രതികരിക്കാത്തവരും ആക്കിയെടുക്കാം എന്ന പ്രയോഗത്തിൽ തെളിഞ്ഞ വിശ്വാസത്തിൽ.

*******

ജനാധിപത്യത്തിന് ഒട്ടും പറ്റിയവർ അല്ലെങ്കിലും,  ഇന്ത്യക്കാർ അടിസ്ഥാനപരമായി എല്ലാം ഉൾകൊള്ളാനും സഹിക്കാനും തയ്യാറുള്ളവർ തന്നെ. ബ്രിട്ടീഷുകാരെയും മുകുളന്മാരെയും സയ്യിദന്മാരെയും ഖില്ജിമാരെയും സഹിച്ച അതെ മാനസികാവസ്ഥയിൽ അവർ ആരെയും സഹിക്കും. കാരണം ഭരണത്തെ കുറിച്ചോ ഭരിക്കപ്പെടുന്നതിനെ കുറിച്ചോ ആര് ഭരിക്കണം എന്നതിനോ കുറിച്ചോ ഇപ്പോഴും അവർക്കു കാര്യമായ നിലപാടില്ല. എന്ത് വന്നാലും അവർ സഹിക്കും. ജനാധിപത്യത്തിന്റെ പേരിൽ തങ്ങളെ വഞ്ചിക്കുന്ന ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തെയും പാർട്ടികളെയും പോലും. അവർ കാര്യമായി പ്രതികരിക്കില്ല. നോട്ടു നിരോധത്തിലൊക്കെ അവർ കാണിച്ച വലിയ മനസു അതിന്റേത് മാത്രമായിരുന്നു. പ്രതികരിക്കാനാറിയാതെ വിധേയപ്പെടുന്നതിന്റെ പാവം മനസ്സ്.  അതിനു മാത്രമുള്ള ആലസ്യമേ അക്കാലത്തും ഈ മഹാജനാധിപത്യകാലത്തും അവർക്കുള്ളൂ എന്നതിനാൽ.

*********

വിശ്വാസപരമായോ മതപരമായോ ഇന്ത്യയിൽ ഒരു കാലാലത്തും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. വിശ്വാസം എല്ലായ്‌പോഴും ജന്മനാ കിട്ടി, പിന്നീട് ആലസ്യം കാരണം മാത്രം കൊണ്ട് നടന്നതും, ആലസ്യത്തിനു മാത്രം വഴിവെക്കുന്നതുമാകയാൽ പ്രത്യേകിച്ചും.

വിശ്വാസവ്യത്യാസം ഇന്ത്യക്കു ഒരിക്കലും പ്രശ്നം അല്ല, ആയിട്ടില്ല. ശരിയും സത്യവും ദൈവവും ഏതു വിധേനയും ഏതു വഴിക്കും ആവാം എന്ന് അലസമായും അല്ലാതെയും കരുതിപ്പോന്നവരാണ് ഇന്ത്യക്കാർ. വിശ്വസിച്ചാലും ഇല്ലെങ്കിലും അവർ വിശ്വാസികളെ പോലെ തന്നെ. അലസമായ്. വിശ്വാസം വേണ്ടെന്നു വെക്കാവുന്നതാണെന്നും, തീർത്തും വ്യക്തിപരമായതിനാൽ ആർക്കും മാസ്സിലാവുന്നതല്ലെന്നും അത് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നതും ഒഴിവാക്കാവുന്നതും ആണെന്നും ഇന്ത്യയും ഇന്ത്യക്കാരും എന്നും മനസിലാക്കിയതാണ്. വിശ്വാസ വ്യത്യാസത്തിന്റെ പേരിൽ ഇന്ത്യക്കാർ കടന്നു വന്നവരെ പോലും എതിരിട്ടില്ല.

ഇന്ത്യക്കാർക്ക് ഒഴിവാക്കാനാവാത്തതും വേണ്ടെന്നു വെക്കാൻ കഴിയാത്തതും ഒന്നേ ഉണ്ടായിട്ടുള്ളു. ആ ഒന്നിന്റെ പേരിൽ മാത്രമാണ് അവർ തിരിച്ചറിയപ്പെട്ടതും വിഭജിക്കപ്പെട്ടതും ക്രൂശിക്കപ്പെട്ടതും ഒക്കെ.

ജാതി. ജാതികളുടെ പേരിൽ മാത്രമേ ഇന്ത്യയിൽ സംഘര്ഷങ്ങളും പ്രശ്നങ്ങളും കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ളൂ. വിശ്വാസവ്യത്യാസത്തിന്റെ പേരിൽ ഉണ്ടായിട്ടില്ല. കാരണം, ജാതി ഒഴിവാക്കാനാവാത്തതാണ്. വിശ്വാസം ഒഴിവാക്കാനാവുന്നതാണ്. ജാതി തിരിച്ചറിയപ്പെടാനുള്ളതാണ്. വിശ്വാസം തിരിച്ചറിയാനാവാത്തതാണ്. തൊഴിൽ വിഭജനവും വിതരണവും ആയിരുന്നു ജാതീയത കൊണ്ട് ഉദ്ദേശിച്ചത് എന്ന് പറയാമെങ്കിലും, വെറും വിഭജനം മാത്രമേ ഫലത്തിൽ അതുകൊണ്ട് നടന്നിട്ടുള്ളൂ.

ജാതീയതയെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചിട്ടില്ലാത്ത, കഴിയാത്ത ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം അതിനെ വോട്ടിനുള്ള വഴിയാക്കേടത്തു ഇന്ത്യൻ ജനാധിപത്യം ആദ്യമായി വഴിതെറ്റി നടന്നു. അതേ രാഷ്ട്രീയ നേതൃത്വം തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇന്ത്യക്കാർക്ക് ഒരിക്കലും പ്രശ്നമാകാതിരുന്ന വിശ്വാസ വ്യത്യാസവും മതവും വിഷയാമാക്കി പ്രശ്നങ്ങളുണ്ടാക്കിയേടത്തു ജനാധിപത്യം എന്നത് ഇന്ത്യയിൽ ഒരിക്കലും നടക്കാത്ത ഒരു സമസ്യയായി മാറി.

***********

ജനങ്ങളിൽ നിന്ന് വരുന്ന തീരുമാനങ്ങൾ ജനങ്ങളുടെ മേൽ നടപ്പാക്കണം. ജനങ്ങളിൽ നിന്നും വരുന്ന വികാര വിചാരങ്ങളെ സമന്വയിപ്പിച്ച് മയപ്പെടുത്തി ജനങ്ങളിൽ തന്നെ ഭരണമായും നിയമങ്ങളായും വാർഷിക്കുന്നതിനയാണ് ജനാധിപത്യം എന്ന് കരുതേണ്ടതും വിളിക്കേണ്ടതും. അഥവാ, ജനങ്ങളുടെ വിചാരവും നികുതിയും ആവിയായി പൊങ്ങി, മേഘമായി തങ്ങി, മിന്നേറായ് ഇടിയായ് ക്ഷേമ മഴയായ് ജനങ്ങളിലേക്ക് തന്നെ വർഷിക്കേണ്ട പ്രക്രിയ. അതാണ് ജനാധിപത്യം

അങ്ങനെയുള്ള ജനാധിപത്യത്തിൽ മേഘം മൂന്നു സ്തംഭങ്ങളെ ഉൾകൊള്ളും. മിന്നേറായ് ലെജിസ്ലേറ്റീവ്, ഇടിമുഴക്കമായ് ജുഡീഷ്യറി, മഴയായ് എക്സിക്യൂട്ടീവ്. മിന്നേറ് വെളിച്ചമാകും, വഴിയാകും, നിയമമാകും. ഇടിമുഴക്കം ആ വഴിയിലെ വിശദീകരണമാകും, തിരുത്താകും. മഴ ജനാധിപത്യത്തിൽ ജനങ്ങൾക് ഫലമായി കിട്ടേണ്ട അനുഭവമാകും , ആശ്വാസമാകും, ജീവിതമാകും, സൗഖ്യമാകും, ക്ഷേമമാകും.

ജനാധിപത്യം ജനങ്ങളെ സംബന്ധിച്ചേടത്തോളം അവർക്കു അനുഭവമായി കിട്ടേണ്ടമഴ മാത്രമാണ്. വെറും ഇടിമുഴക്കവും മിന്നേറും മാത്രമല്ല. എങ്കിൽ അവരിൽ നിന്ന് ആവിയായി എന്ത് നഷ്ടപ്പെട്ടാലും അവർക്കു പ്രശ്നമാകില്ല. അതിലവർക്കു അസ്വാസ്ഥ്യം ഉണ്ടാവില്ല. അനുഭവത്തിൽ കൂടുതൽ മഴ-എക്സിക്യൂട്ടീവ്. എപ്പോഴും പെയ്തില്ലെങ്കിലും, ജനങ്ങളെ സംബന്ധിച്ചേടത്തോളം  എപ്പോഴും വെള്ളം കിട്ടണം, നൽകണം. അതിനുള്ള മഴ വര്ഷിക്കേണം. നിയമങ്ങളായും, ക്ഷേമ പ്രവർത്തങ്ങളായും.

മഴ മേഘത്തിലെ മൂന്നു കാര്യങ്ങളും അങ്ങനെ. അങ്ങിനെയാവണം ജനാധിപത്യത്തിന്റെ മൂന്നു സ്തംഭങ്ങളും പ്രവൃത്തിക്കേണ്ടത്. ക്ഷമമഴയെ മാത്രം വർഷിപ്പിക്കാൻ. അല്ലാതെ, ആവിയായിപ്പോങ്ങിയത്  മേഘമായ് തങ്ങി നില്ക്കാൻ മാത്രമാവരുത്. ജനങ്ങൾക്കു ഇരുട്ട് മാത്രം സംഭാവനയാക്കാൻ. നികുതികളുടെയും ചെലവുകളുടെയും സംഘർഷങ്ങളുടെയും ബാധ്യതകളുടെയും മാത്രം ഇരുട്ട്.

അതുമല്ലെങ്കിൽ ജനാധിപത്യം എന്നാൽ മേഘമായും ഇടിയായും മിന്നേറായും ജനങളുടെ മേലും, മഴയായ് വിദേശത്തും, അവിടെയുള്ള ബാങ്കുകളിലും കോർപ്പറേറ്റ് ഭീമന്മാരിലും വർഷിക്കുന്ന പരിപാടിയാകരുത്.  അതുമല്ലെങ്കിൽ ജനാധിപത്യമെന്നാൽ കുറെ നേതാക്കളെയും രാഷ്ട്രീയ പാർട്ടികളെയും മുൻ പ്രധാനമന്ത്രിമാരെയും മുൻമുഖ്യമന്ത്രിമാരെയും മുൻമന്ത്രിമാരെയും, മുൻ എം പി, എം ൽ എ മാരെയും ജനങളുടെ ചിലവിൽ സ്ഥിരം പോറ്റുന്ന പരിപാടിയാവരുത്. ആവി വിടെ നിന്നും പൊങ്ങിയോ അവിടെ തന്നെ അവർക്കു വേണ്ടി തന്നെ മഴയായ് വർഷിക്കേണം. 

***********

പക്ഷെ രാജ്യം വല്ലാതെ വലുതായാൽ? ജനങ്ങൾ വല്ലാതെ അധികം ആയാൽ? വ്യത്യസ്‍തവും വേറിട്ടതും ആയാൽ?

അങ്ങനെയാവുമ്പോൾ ഏതു മഴ എവിടെ പെയ്യും? പെയ്യേണ്ടിടത്തു  എങ്ങിനെ പെയ്യും? ഏതു രാഷ്ട്രീയ നേതൃത്വത്തിനും ക്രാന്തദർശിത്വത്തിനും പറ്റും പെയ്യേണ്ടിടത്തു പെയ്യിക്കാൻ?

ജനാധിപത്യത്തിൽ നൽകിയവന് തന്നെ തിരിച്ചു കിട്ടണം. എവിടെനിന്നു പോയോ അവിടെ തന്നെ തിരിച്ചു വരണം.

പ്രകൃതിപരമായ മഴ എവിടുന്നെങ്കിലും കിട്ടിയ നീരാവിയെ എവിടെയെങ്കിലും പെയ്യിക്കുന്നതാണ്. പക്ഷെ, ജനാധിപത്യത്തിൽ ഏതു ജനങ്ങളിൽ നിന്നും എവിടെ നിന്നും വിചാരവും വികാരവും നികുതിയും ആവശ്യങ്ങളുമായി നീരാവി പൊങ്ങിയോ അവിടെ തന്നെ അത് മഴയായി പെയ്യണം. എവിടെയെങ്കിലും പെയ്തു തീർത്തുകൂടാ.  അങ്ങിനെ എവിടെയെങ്കിലും പെയ്താൽ അത് ജനാധിപത്യം ആവില്ല. എവിടുന്നെങ്കിലും പൊങ്ങിയ നീരാവി ഇവിടെ മഴയായി പെയ്തത് കൊണ്ട് ജനാധിപത്യമാവില്ല. പൊങ്ങിയേടത്തു തന്നെ പെയ്യണമെങ്കിൽ ജനാധിപത്യം നടപ്പാവുന്ന രാജ്യം ചെറുതായിരിക്കേണം. അല്ലെങ്കിൽ എല്ലാ പ്രതികരണപരമായ വികാരങ്ങളും വിചാരങ്ങളും വെറുതെ ആയിപ്പോകും.
അതിനാൽ തന്നെ,  ജനാധിപത്യത്തിന്റെ കാര്യത്തിൽ രാജാവിന്റെ നഗ്നത തുറന്നു പറഞ്ഞെ പറ്റൂ. ഇന്ത്യയിൽ, ഈ വലുപ്പവും ജനസംഖ്യയും വെച്ചു,  ജനാധിപത്യം നടപ്പാവില്ല, നടപ്പാക്കാൻ പറ്റില്ല എന്ന രാജാവിന്റെ നഗ്നത. അതാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജനാധിപത്യത്തിലേയും വാസ്തവവും യാഥാർഥ്യവും.

ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും പാർട്ടികളും കളിക്കുന്ന കളിയും അത് തന്നെയാണ്. ഇത്രയധികം വ്യത്യസ്തതകൾ ഉള്ളതിനാൽ, ഇത്രയധികം വലിയ സമൂഹവും ജനതയും ആയതിനാൽ,  ജനങ്ങളിൽ നിന്ന് വരുന്ന തീരുമാങ്ങൾ ഇല്ല, ഉണ്ടാവില്ല എന്ന് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും പാർട്ടികളും ഉറപ്പു വരുത്തുന്നു.  പിന്നെ ആകയാൽ സാധിക്കേണ്ടത് തമ്മിലടിപ്പിച്ച് ജനങ്ങളെ ചെറിയ അർത്ഥത്തിൽ പോലും, വോട്ടിടുന്ന കാര്യത്തിൽ പോലും, തീരുമാനം എടുക്കാൻ കഴിയാത്തത്ര ഷണ്ഡന്മാരാക്കി മാറ്റുക എന്നത്. അതിലവർ അങ്ങേയറ്റം വിജയിക്കുകയും ചെയ്യുന്നു.

അതാണ് ഇന്ത്യൻ ജനാധിപത്യം പരീക്ഷിച്ചു വിജയിച്ചു നടപ്പാക്കിയ ഏക കാര്യം. രാജ്യം ഭരിക്കാനുള്ള ജനങ്ങളും, വിവരവും വിവേകവും ഉള്ള നേതൃത്വവും ഇല്ലാത്ത ജനാധിപത്യം. ഉദ്യഗസ്ഥന്മാർ മാത്രം ഭരിക്കുക എന്നതേ പിന്നീട് ഈ ഇന്ത്യയിൽ നിർവാഹമുള്ളൂ. ഇതൊരു വാസ്തവം മാത്രം. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഒട്ടും വ്യത്യാസമില്ലാത്ത വാസ്തവവും വസ്തുതയും. ഭരിക്കുന്നവൻ ആരായാലും ഒന്ന് തന്നെയായി ഭവിക്കുന്ന വാസ്തവം.

********

ജനാധിപത്യം വളരെ ലളിതമായ, ഏറ്റം സാധ്യമായ സംഗതിയാണ്, മഴയാണ്. ലളിതമായത് സാധിക്കാനാണ്  പ്രയാസം. ലളിതമായതിലാണ്, ആവണം ജീവിതവും ഭരണവും. എല്ലാവിധ സാങ്കേതിക വിദ്യയും രൂപപ്പെട്ടത് കാര്യങ്ങളും ജീവിതവും ഭരണക്രമവും ലളിതമാക്കാൻ ആണ്. എല്ലാ വലിയ കാര്യങ്ങളും ചെയ്യപ്പെടുന്നത് കണ്ടുപിടിക്കപ്പെടുന്നതും ലളിതമായ ജീവിതം നടക്കാനും, ലളിതമായ ജീവിതത്തിലെ ലളിതമായ കാര്യങ്ങൾ സുഗമമായി നടക്കാനും ആണ്.  ലളിതമായത് ചെറുതും കൂടിയാണ്, അത് ചെറിയ ഇടങ്ങളിൽ നടക്കേണ്ടതുമാണ്.

**************

ജനാധിപത്യത്തിൽ എവിടെ പാർട്ടികളും നേതാക്കളും? എന്തിനു പാർട്ടികളും നേതാക്കളും? മുൻ പ്രധാനമന്ത്രിമാരെയും മുൻമുഖ്യമന്ത്രിമാരെയും മുൻമന്ത്രിമാരെയും, മുൻഎം പി, എം ൽ എ മാരെയും മുൻഉദ്ധ്യോഗസ്ഥന്മാരെയും പെൻഷനും ആർഭാടവും നൽകി സംരക്ഷിച്ചു സ്ഥിരം പോറ്റുന്ന പരിപാടിയുടെ പേരല്ലല്ലോ ജനാധിപത്യം?

ജനാധിപത്യത്തിലെ പാർട്ടികളും നേതാക്കളും ജനങ്ങൾ ആണ്. ആ ജനങ്ങളെ പേടിക്കണം, ബഹുമാനിക്കണം., സംരക്ഷിക്കണം, പോറ്റണം. നേതാക്കളെന്നും പാർട്ടികളെന്നും വിളിക്കപ്പെടുന്ന ജനങ്ങൾ, ജനപ്രതിനിധികൾ.

ജനങ്ങളുടെ ചിലവിൽ ജീവിതവും ആർഭാടവും നടത്തുന്നവരെയും, ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രക്രിയയെയും, ജനങ്ങൾ പേടിക്കുന്നതിനെ അല്ല ജനാധിപത്യം എന്ന് വിളിക്കേണ്ടത്.  ജനങ്ങൾ പേടിക്കുന്നതിന്റെ പേരല്ല ജനാധിപത്യവും,  ജനപ്രാതിനിധ്യവും, നേതൃത്വവും എന്നത്. പകരം ജനങ്ങളെ പേടിക്കുന്നതിന്റെ പേരായിരിക്കേണം ജനാധിപത്യം.

ജനം ജയിക്കുന്ന, ജനജീവിതം സംരക്ഷിക്കപ്പെടുന്ന ഒരു ജനാധിപത്യം നടമാടണം. അത് വർത്തമാനകാല ഇന്ത്യയിൽ ഇല്ല. എന്നല്ല; ഇന്ത്യയുടെ വലുപ്പവും ജനതയുടെ ജനാധിപത്യകാര്യത്തിലുള്ള അറിവില്ലായ്മയും അന്ധവിശ്വാസവും താല്പര്യമില്ലായ്മയും കാരണം സാധിക്കുകയുമില്ല. അത് സാധിക്കില്ല എന്നത് നിലവിലുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും പാർട്ടികളുടെയും അഴിഞ്ഞാടാനുള്ള ധൈര്യം.

**********

രാജ്യത്തിന്റെ വലുപ്പമെന്നത് അഹങ്കരിക്കാൻ കൊള്ളും. ശ്വാസകോശത്തിനും ഹൃദയത്തിനും താങാനാവുന്നതിലും വലിയ ശരീരം കൊണ്ടുനടക്കൽ ഭാരവും ബാധ്യതയും ആവും യാഥാർഥ്യത്തിൽ.

യഥാർത്ഥ ജനാധിപത്യം സത്യസന്ധമായും വിജയിക്കണമെങ്കിൽ രാജ്യം ചെറുതാവണം. ജനങ്ങൾക്കും ഭരണ സിരാകേന്ദ്രത്തിനും ഭരണാധിപന്മാർക്കുമിടയിൽ ദൂരം പാടില്ല. വലുപ്പവും ആൾപെരുപ്പവും ദൂരം കൂട്ടും.  ആശയവും  അഭിപ്രായവും വഴിയിൽ നഷ്ടപ്പെടാൻ  അത് കാരണമാകും.

എല്ലാം സുതാര്യം മാത്രം ആവുന്നത്ര അടുത്തായിരിക്കണം. ജനാധിപത്യത്തിന്റെ കാര്യത്തിലെങ്കിലും ഏകാഭിപ്രായം ഉള്ള, എളുപ്പം ഏകാഭിപ്രായം രൂപപ്പെടുത്താൻ കഴിയുന്നത്ര, ആ നിലക്ക് വിനിമയവും പങ്കുവെക്കലും നടത്താനാവുന്നത്ര, ചെറുതും ഒതുക്കമുള്ളതും ആയിരിക്കേണം രാജ്യം.

ബുദ്ധൻ സംഘം എന്നും മാർക്സ് കമ്യുണ് എന്നും ഗാന്ധി ഗ്രാമസ്വരാജ് എന്നും പേര് വിളിച്ചു പറയുമ്പോൾ ഉദ്ദേശിച്ചതും ചെറിയ ജനാധിപത്യ സമൂഹം എന്നും ചെറിയ ജനാധിപത്യ രാജ്യം എന്നും തന്നെ ആണ്. ചെറിയ ഹൃദയവും ഹിമാലയം പോലെ വലിയ ശരീരവും എന്നല്ല. ഹൃദയത്തിനു താങ്ങാനാവാത്ത ശരീരം എന്നല്ല. കൃത്രിമമായ വികാരം ഊതിവീർപ്പിച്ചുണ്ടാവുന്ന, ജീവിതവുമായി നേരിട്ട് ബന്ധമില്ലാത്ത, ഒരു വലിയ  ബാധ്യതയാവുന്ന, രാജ്യമല്ല. എല്ലാ ക്ഷുദ്രജീവികൾക്കും വേണ്ടത്ര എന്തും ചെയ്തു എങ്ങിനെയും ഒളിച്ചു നില്കാനാവുന്നത്ര വലിയ രാജ്യം അല്ല. ജനാധിപത്യത്തിൽ അത് തീരെയും അല്ല.

പകരം, വിനിമയങ്ങളുടെ ശ്വാസോച്ച്വസ്സം സുഖകരമായി നടത്താനാവുന്നത്ര വലുപ്പമുള്ള ശരീരമായ രാജ്യം. ശരീരമാകുന്ന രാജ്യത്തിന് വേണ്ടി ശ്വസിക്കുന്ന ഭരണകൂടമായ ശ്വാസകോശം, മിടിക്കുന്ന ഹൃദയം. അതാവണം ഭരണകൂടം എന്നാലും, രാഷ്ട്രീയ നേതൃത്വം എന്നാലും. അവരിൽനിന്നും അതേ ശരീരത്തിലേക്ക് നീരൊഴുക്കും രക്ത ശുദ്ധീകരണവും നടത്തുന്ന ധമനികളും ഞരമ്പുകളും ആവണം ഉദ്ധ്യോഗസ്ഥന്മാർ. അതാവണം ജനാധിപത്യം. ശ്വാസകോശത്തിനും ഹൃദയത്തിനും കൊണ്ടുനടക്കാനാവുന്നത്ര വലുപ്പവും ഒതുക്കവുമുള്ള ജനാധിപത്യം. ജീവിതത്തിനുവേണ്ടി നിലകൊള്ളുന്ന, ജീവിതത്തിനു ഒരു ബാധ്യതയും ഭാരവും ചിലവും മാത്രമാകാത്ത ജനാധിപത്യം.

**********

വലിയ ശരീരത്തെ, വലിയ ജനതയെ ജനാധിപത്യത്തിന്റെ പേരിൽ വെറുതെയങ്ങ് വികാരം കൊള്ളിക്കാം. വലുപ്പത്തിൽ വെറുതെ ആവേശം കൊള്ളുകയും അഹങ്കരിക്കുകയും എളുപ്പം. പക്ഷെ അത് യാഥാർഥ്യത്തിൽ ബാധ്യതയും ഉത്തരവാദിത്തവുമാണെന്നു വരും. അതിനെ ജനാധിപത്യം നടപ്പാക്കാൻ വേണ്ട വളമുള്ള മണ്ണാക്കാൻ പറ്റില്ല. ജനങ്ങൾ തമ്മിലുള്ള ഭാഷാപരമായും സാംസ്കാരികമായുമുള്ള വ്യത്യാസത്തിനും അകലത്തിനുമിടയിൽ ജനാധിപത്യം ചോർന്നു പോകും. പ്രതിനിധികൾ മാത്രം ആവേണ്ട നേതൃത്വം അധികാരികൾ മാത്രമായി ഭവിക്കും, പിഴക്കും. തെമ്മാടികളെ പോലെ ആർഭാടം നടത്തും. പിന്നെ ഒരുതരം വിവരവും ബോധവും കൊടുത്ത് ഉയർത്താൻ പറ്റാത്തത്ര.

ഇന്ത്യയുടെ വലുപ്പം അലങ്കാരമായി ഉപയോഗിക്കാം. പക്ഷെ ജനാധിപത്യത്തിന്റെ വഴിയിൽ അതൊരു ബാധ്യതതയും ഭാരവും ആവും, ആണ്. കാഴ്ചയിൽ മാത്രമുള്ള അലങ്കാരം ജനാധിപത്യത്തിന്റെ കാര്യത്തിൽ വെറും കുരിശ് മാത്രം.

*********

ഉള്ളു പൊള്ളയും വൃത്തികെട്ടതുമാണെങ്കിലും, ബാഹ്യമായ അലങ്കാരത്തെയും അഹങ്കാരത്തെയും തൊട്ടുകളിക്കാൻ സാധാരണഗതിയിൽ ആരും സമ്മതിക്കില്ല. ആ നിലക്ക് തന്നെ ഇന്ത്യയും ഇന്ത്യക്കാരും. ഇന്ത്യയുടെ വലുപ്പവും, ഇന്ത്യൻ ജനതയുടെ ജനാധിപത്യത്തിന്റെ കാര്യത്തിലുള്ള വിവരക്കേടായ അഹങ്കാരവും അലങ്കാരം  മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും. ജനാധിപത്യം തെറ്റിച്ചു നടപ്പാക്കാനുള്ള ആകയാലുള്ള  മൂലധനം.

ജനാധിപത്യത്തിൽ പരമ പ്രധാനമായ കാര്യമാണ് പ്രതികരണം. ജീവൻ നിലനിർത്താൻ ശ്വാസസോചാസം എന്ന പോലെ തന്നെ പരമപ്രധാനമായത്. പക്ഷെ, ഇന്ത്യയുടെ ഈ വലുപ്പം വെച്ച് ഒരു പ്രതികരണത്തിനും, അത് തെറ്റായാലും ശരിയായാലും, ഒന്നും ചെയ്യാൻ പറ്റില്ല. കടലിലൊഴിക്കുന്ന മഷിത്തുള്ളി പോലെ മാത്രമാവും പ്രതികരണങ്ങളേതും.

ഒരു വലിയ രാജ്യത്തു ഒന്ന് പ്രതികരിക്കാനും പ്രചാരണം നടത്താനും അഭിപ്രായരൂപീകരണം നടത്താനും ആളെ കൂട്ടാനും മാത്രം ശതകോടികൾ ചെലവ് വരും. ആ ശതകോടികൾ ഉണ്ടാക്കുന്ന വഴിയിൽ ഏതൊരു പാർട്ടിയുടെയും നേതാവിന്റെയും സത്യസന്ധതയും ആത്മാർത്ഥതയും കൈമോശം വരും. ഒത്തുതീർപ്പുകളുടെ ഒരു രാഷ്ട്രീയം മാത്രം പിന്നീടവരിൽ സംഭവിക്കും. ആ വഴിയിൽ ജനാധിപത്യവും  ജനാഭിപ്രായവും ദുർമരണം നേരിടും. അങ്ങിനെ ദുർമരണം  നേരിട്ട ഒരു ജനാധിപത്യം മാത്രമേ ഇന്ത്യയിൽ ഉള്ളൂ.

രാഷ്ട്രീയ നേതൃത്വവും പാർട്ടികളും കണ്ട പരിഹാരം?

ഇന്ത്യൻ ജനതയെ വാനോളം പുകഴ്ത്തി അഹങ്കരിപ്പ്പിക്കുക. അവർ ചെയ്യുന്ന വോട്ട് വജ്രായുധമാണെന്നു തെറ്റിദ്ധരിപ്പിക്കുക. വിഡ്ഢികൾക്കു അഹങ്കാരവും തെറ്റിദ്ധാരണയും തന്നെ വലിയ കൈമുതൽ. ജനാധിപത്യത്തിൽ ഇന്ത്യൻ ജനതക്കും.  ഇത് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും പാർട്ടികളും കണ്ട പരിഹാരം.

പിന്നെ, പാർട്ടികൾ തടിച്ചു കൊഴുക്കുന്നതും ജനങ്ങൾ ക്ഷയിക്കുന്നതും ജനാധിപത്യത്തിന്റെ വലിയ അടയാളമായും വിജയമായും അവർ കൊട്ടിഘോഷിക്കും. ജനാധിപത്യം എന്നാൽ പാർട്ടികളുടെ ആധിപത്യം എന്ന് പുതിയ നിർവചനം ശരിയായ നിർവചനം ആയവർ അവതരിപ്പിക്കും. ജനാധിപത്യമെന്നാൽ പാർട്ടി ആധിപത്യം ആണെന്നും.  ജനങ്ങളുടെ മേലുള്ള പാർട്ടികളുടെ ആധിപത്യം.

രാജഭരണവും രാജാവായിരുന്നേൽ അധികാരം സുസ്ഥിരമായിരുന്നതിനാൽ അഴിമതിയുടെ പ്രശനം ഉദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന്റെ അമിതഭാരവും ചിലവും ജനങ്ങൾ പേറേണ്ടി വരുമായിരുന്നില്ല. പാർട്ടികളെ പോറ്റാൻ വേണ്ടി വരുന്ന, പാർട്ടി പ്രവർത്തനത്തിന് വേണ്ടി വരുന്ന അമിത ചിലവുകളും ഒഴിവാകുമായിരുന്നു. 

അർബുദാണുക്കൾക്കു കട്ട് മുടിക്കാനും കാർന്നു നശിപ്പിക്കാനും വേണ്ടി വാതിൽ തുറക്കുന്ന പ്രക്രിയയെ മാത്രം ആണ് ഇന്ത്യയിൽ ഇലക്ഷൻ എന്ന തെരഞ്ഞെടുപ്പ് പ്രക്രിയ. വാതിൽ തുറന്നു കൊടുക്കുന്ന വിവരംകെട്ട പ്രക്രിയയെയും, അറിയാത്തവരുടെ അധികാരത്തെയും, വോട്ടവകാശം എന്നും പേര് വിളിക്കുന്നു. കള്ളന്മാർക്ക് വോട്ട് ചെയ്തു വാതിൽ തുറന്നു കൊടുക്കാതിരിക്കാൻ നിർവാഹമില്ലാതെ, തെരഞ്ഞെടുപ്പില്ലാത്ത, തെരഞ്ഞെടുപ്പ്.

************

ഇന്ത്യ പോലുള്ള വലിയ രാജ്യം ജനാധിപത്യത്തിന് പറ്റിയ മണ്ണല്ല. അഥവാ ജനാധിപത്യ ഇന്ത്യ പോലുള്ള വലിയ രാജ്യത്തിന് പറ്റിയതല്ല. പറ്റാത്തത് പറ്റാത്തട്ടിടത്തു നടപ്പാക്കിയാൽ ഉള്ള വയറിളക്കവും പുഴുക്കടിയും തന്നെയാണ് നമ്മുടെ രാഷ്ട്രീയത്തിലും രാഷ്ട്രീയ നേതൃത്വത്തിലും കാണുന്നത്.

വൈറസും ബാക്ടീരിയയും പോലുള്ള രാഷ്ട്രീയ പാർട്ടികൾ മാത്രമേ ഇന്ത്യയിൽ ഉള്ളൂ. ജനങ്ങളെയും രാജ്യത്തെയും നിത്യരോഗത്തിൽ ആക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും. അവർ രോഗം മാത്രം ഉണ്ടാക്കുന്നു. പരിഹാരമെന്നോണം വിഷം നൽകുന്നു. പരിഹാരമായി വന്നു വലിയ രോഗമാകുന്ന, പ്രശ്നമാകുന്ന നേതാക്കളും പാർട്ടികളും മാത്രമേ ഉള്ളൂ.

*******

യൂറോപ്പിനെ നോക്കൂ. ഇന്ത്യയുടെ പകുതി  ജനസംഖ്യ പോലും  ആകെമൊത്തം അവിടെ ഇല്ല. എന്നിട്ടും അവിടെ അൻപതിലധികം രാജ്യങ്ങൾ. അത്കൊണ്ട് തന്നെ ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളിലും ജനാധിപത്യം വളരെ സുതാര്യമായും വിജയകരമായും ഏറെക്കുറെ അഴിമതി ഇല്ലാതെയും നടക്കുന്നു. കാരണം, ചെറുതാണ് ജനാധിപത്യത്തിലെ വലുത്. ചെറുപ്പമാണ് ജനാധിപത്യത്തിൽ വലുപ്പം.

ഇന്ത്യയുടെ വലുപ്പവും വിവരക്കേടും ജനാധിപത്യത്തിന് അനുകൂലമല്ല. ജനങ്ങൾ ജനങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ ജനാധിപത്യം ഇന്ത്യയിൽ ഇല്ല. ഇത് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നേതാക്കൾക്കും നന്നായി അറിയാം. വലുപ്പത്തെയും  വിവരക്കേടിനെയും ചൂഷണം ചെയ്യുന്ന പ്രക്രിയക്കുള്ള പേര് മാത്രമാണ് ഇന്ത്യയിൽ ജനാധിപത്യം.

*********


അപ്പോൾ എന്താണ് പരിഹാരം?
യൂറോപ്പിനെ ഉദാഹരിച്ചത് ഇന്ത്യ വിഭജിക്കപ്പെടേണം എന്ന അർത്ഥത്തിൽ അല്ല. ഇന്ത്യ ഒരു ഒരു മഹാസംസൃതി ആണ്. യൂറോപ്പ് പോലെ അല്ല. ഇത്രയെല്ലാം വ്യത്യസ്തതകളും വലുപ്പവും ജനങ്ങളും ഉണ്ടെങ്കിലും എങ്ങിനെ ഒരുമിച്ചു കൊണ്ട് പോകാമെന്നു ലോകത്തിനു കാണിച്ചു കൊടുക്കുന്ന മഹാ അത്ഭുതം ആണ് ഇന്ത്യ. 


വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും പിൻബലം കൊണ്ടല്ല ഇന്ത്യ അങ്ങനെ ഇന്ത്യ ആയി നടക്കുന്നത്. അധികാരത്തിന്റെ മുഷ്ടി കൊണ്ടും അല്ല. . ഇന്ത്യ അതിനുള്ളിൽ സൂക്ഷിച്ച  ദര്ശനങ്ങളുടെയും സംസ്കാരങ്ങളുടെയും കരുത്തും വെറും ആണ് അത്. വിശ്വാസ വിശാലതയുടെയും സഹിഷ്ണുതയുടെയും അഴക് ആണത്.

ഇന്ത്യയെ ഒരുമിച്ചു നിർത്തിക്കൊണ്ട് പോവുക അതിനാൽ എളുപ്പമാണ്. ഒരു രാഷ്ട്രീയമായ ക്രാന്തദർശിത്വവും ദാർശനികമായ പാടവവും അധികാരത്തിന്റെ മുഷ്ടിയും അതിനാവശ്യമില്ല. കാരണം അതിനുള്ളതെല്ലാം ഇന്ത്യൻ മനഃസാക്ഷിയിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഇന്ത്യക്കാരനിൽ അന്തര്ലീനമായി കിടപ്പുണ്ട്. അവർ സ്വയം അടിക്കുകയും പോരടിക്കുകയും ഇല്ല. രാഷ്ട്രീയമായ നിക്ഷിപ്ത താല്പര്യമുള്ളവർ അടിപ്പിക്കാതിരുന്നാൽ മാത്രം മതി.


ഇന്ത്യയെ ഭരിക്കാനാവുന്നത് രാഷ്ട്രീയക്കാരന്റെ മികവും ഭരണ പാടവവും അല്ല. ഇന്ത്യക്കാരന്റെ നന്മയും ഗുണവും ആണ്. അവന്റ നിലവാരമാണ്. മണ്ണ് പോലെ എന്തിനെയും ഉൾക്കൊള്ളാനാവുന്ന മണ്ണാണ് ഭാരത മണ്ണ്. എല്ലാ വ്യത്യസ്ത രുചികളെയും നിറങ്ങളെയും മണ്ണായി സൂക്ഷിച്ചു ഒളിപ്പിച്ചു നിർത്തുന്ന മണ്ണ്. ആ മണ്ണ് വിഭജിക്കുകയല്ല വേണ്ടത്. ആ മണ്ണിൽ എല്ലായിടത്തേക്കും ഒരു പോലെ അധികാരത്തിന്റെയും സ്വയം നിർണയത്തിന്റെയും വളവും വെള്ളവും എത്തിക്കാനാണ് രാഷ്ട്രീയ പാർട്ടികളും നേതാക്കളും ജനാധിപത്യം സാക്ഷാത്കരിക്കാൻ ചെയ്യേണ്ടത്. ജനാധ്യപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യം പഠിപ്പിക്കുകയാണ് വേണ്ടത്. അധികാരം കയ്യാളുകയല്ല.

ഇന്ത്യ പോലുള്ള ഒരു രാജ്യത്തു, പേടിപ്പിക്കേണ്ടതും അടക്കിഭരിക്കേണ്ടതും ഇല്ലാത്ത ഒരു രാജ്യത്ത്,  ജനാധിപത്യം വിജയിപ്പിക്കാനാവുക അധികാര കേന്ദ്രീകരണത്തിലൂടെയല്ല. പ്രത്യേകിച്ചും ഒരു പാപവും വിഘടന ചിന്തയും ഒരു നിലക്കും  വെച്ചു പുലർത്താത്ത ഇന്ത്യ പോലുള്ള നാട്ടിൽ.

ഇവിടെ നടക്കേണ്ടത് അധികാര വികേന്ദ്രീകരണമാണ്. ഒരു നാട് തന്നെ പല നാടെന്ന പോലെ ഒരു നാടായി നില കൊള്ളും വിധമുള്ള അധികാര വികേന്ദ്രീകരണം.. തനിക്കു വേണ്ടതിനു വേണ്ടി ആരും വിഭജന വിഘടന വാദം പറയേണ്ടി വരാത്തത്രയുമുള്ള വികേന്ദ്രീകരണം. അതിനു വേണ്ട അധികാര വികേന്ദ്രീകരണം ആണ് വേണ്ടത്, സംഭവിക്കേണ്ടതു.

ഒരു അത്ഭുത വ്യക്തിയിലേക്കും അധികാരം വെച്ച് പേടിപ്പിച്ചു ആ വ്യക്തിയെക്കൊണ്ട് അത്ഭുതം കാണിപ്പിക്കുന്നതിനും ആ വ്യക്തിയിലേക്ക് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു നോക്കുന്നതിനും അല്ല ജനാധിപത്യം എന്ന് പേര് വിളിക്കുന്നത്. ഒരു വ്യക്തിയിലേക്ക് അധികാരവും അതിന്റെ മാസ്മരികതയും വെച്ച് പിടിപ്പിച്ചു കേന്ദ്രീകരിക്കുന്നതിനു പകരം, ജനങ്ങളിലേക്ക് അധികാരം വെച്ച്പിടിപ്പിക്കണം, കേന്ദ്രീകരിക്കേണം. അതിനു ഉതകും വിധം ജനങ്ങളെ വളർത്തിയെടുക്കണം.

മാർക്സ് കംമ്യുണ് എന്നത് നടപ്പിലാക്കിയെടുക്കേണ്ട നടന്നടുക്കേണ്ട ഒരു സ്വപ്നമാക്കിയത് പോലെ, ജനാധിപത്യവും നടപ്പിലാക്കെയെടുക്കേണ്ട നടന്നടുക്കേണ്ട സ്വപ്നമാണ്.  അതാണ് ഗ്രാമസ്വരാജ് കൊണ്ടും സംഘം കൊണ്ടും ഗാന്ധിയും ബുദ്ധനും ഭാരത്തിൽ നിന്നു തന്നെ അങ്ങനെ പറഞ്ഞപ്പോൾ ഉദ്ദേശിച്ചത്.

രാജ്യത്തിനു വേണ്ടി ഗ്രാമങ്ങളും ജനങ്ങളും എന്നതിന് പകരം ഗ്രാമത്തിനുm ജനങ്ങൾക്കും വേണ്ടി രാജ്യം എന്ന് വരേണം, സംഭവിക്കണം. ഗ്രാമം തന്നെ സ്വയം പര്യാപ്ത രാജ്യമാവുക, അതാണ് ഗ്രാമസ്വരാജ്. സമ്പൂർണത ഓരോ ഗ്രാമത്തിലും കൊണ്ട് വരിക. എന്തിനും ഏതിനും കേന്ദ്രത്തിലേക്ക് നോക്കേണ്ടിയും വിളിച്ചു ചോദിക്കേണ്ടിയും വരാത്തത്രയുള്ള സ്വയംപര്യാപതത ഓരോ ഗ്രാമത്തിലും ഉണ്ടാവുക. ഒരു രാജ്യം പോലെ ഒരു ഗ്രാമം. ചെറുത്. എളുപ്പം. ഗ്രാമം തന്നെ രാജ്യമായാൽ ഇന്ത്യ എന്ന രാജ്യം പിന്നീട് വിഭജിക്കപ്പെടേണ്ടി വരില്ല. അതിന്റെ സംസ്കാരം ഓരോ ഗ്രാമത്തിന്റേതും എന്നാവും.

യൂറോപ്പിനെ ഉദാഹരിച്ചത് അധികാര വികേന്ദ്രീകരണം പറയാനാണ്. ചെറുതാക്കിക്കൊണ്ട് വലുതിൽ നടപ്പിലാകാൻ പറ്റൂ എന്ന് പറയാനാണ്. നാടുകൾ വിഭജിക്കപ്പെടുന്നത് അധികാരം വികേന്ദ്രീകരിക്കപ്പെടാനാണ്. വലുപ്പം കൊണ്ട് ഇന്ത്യയേക്കാൾ വലുതാണ് അമേരിക്ക. പക്ഷെ വികേന്ദ്രീകരണത്തിലൂടെ ജനാധിപത്യം അവിടെയും സാധ്യമാണ്.

രാഷ്ട്രീയം എന്നാൽ അധികാരത്തിനു വേണ്ടി നടത്തേണ്ട പ്രവർത്തനം അല്ല. ജനാധിപത്യത്തിൽ അധികാരം എന്നതില്ല. അധികാരം ഇല്ലായ്മയും അധികാരം എത്രയും കുറയലും കുറക്കലും ആണ് ജനാധിപത്യം. ജനാധിപത്യത്തിലെ രാഷ്ട്രീയം ജനങ്ങളെ ജനാധിപത്യത്തിന് ഉതകുന്ന കോലത്തിൽ പഠിപ്പിക്കലും വളർത്തലും ആണ്. ജനങ്ങളെ അവരുടെ അധികാരികളാക്കാൻ പരിശീലിപ്പിക്കലും പ്രേരിപ്പിക്കലും ആണ്. ജനങ്ങളെ ഒന്നടങ്കം ഉത്തരവാദിത്ത ബോധമുള്ളവർ ആക്കലാണ്. പ്രതികരിക്കുന്നവരും പ്രതികരണത്തിൽ സംസ്കാരം ഉള്ളവരും ആക്കാൻ പരിശ്രമിക്കുന്നതാണ് ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവർത്തനം.

ആ നിലക്ക് ജനാധിപത്യം ഒരറ്റമില്ലാത്ത നടപടിക്രമമാണ്. തുടർന്ന് കൊണ്ടിരിക്കുന്നത്. പരിണമിച്ചു കൊണ്ടെയിരിക്കുന്നത്. വളർന്നും പുരോഗമിച്ചും കൊണ്ടേയിരിക്കുന്നു. അവസാനം പറയാനാവാത്തതും പൂർണത അവകാശപ്പെടാനില്ലാത്തതും.