Tuesday, October 27, 2026

രണ്ടായാലും പേടിക്കേണ്ട. രണ്ടായാലും ഒരേ ഫലം. മാഷാ അല്ലാഹു കാൻ, മാലം യഷാ ലം യക്കുൻ.

രണ്ടായാലും പേടിക്കേണ്ട.


രണ്ടായാലും ഒരേ ഫലം. 


ജീവിതത്തിന് അർത്ഥമില്ലെന്നാണെങ്കിലും അർത്ഥമുണ്ടെന്നാണെങ്കിലും ഒരേ ഫലം.


എന്തുകൊണ്ടിങ്ങനെ പറയുന്നു എന്നത് വഴിയേ പറയാം.


ജീവിച്ചിരിക്കുക മുഖ്യം.


ഫലത്തിൽ, ജീവിതം എന്നത് തന്നെയും ജീവിച്ചിരിക്കുന്നു എന്നത് ഉറപ്പിക്കൽ മാത്രമായിത്തീരും.


ജീവിച്ചിരിക്കുക എന്നത് മാത്രമേ ജീവിതം കൊണ്ട് ഉറപ്പിക്കാൻ സാധിക്കൂ. 


ജീവിച്ചിരിക്കുക എന്നത് മാത്രമാണ് പ്രാപഞ്ചികതയിലെ എല്ലാ ഓരോരുത്തരും ഓരോ സംഗതിയും എങ്ങനെയും ഉറപ്പിക്കുന്നത്.


ജീവിച്ചിരിക്കുക എന്നതുറപ്പിക്കാനാണ് എല്ലാവരുടെയും എല്ലാറ്റിന്റെയും ബോധം നിതാന്ത ജാഗ്രതയോടെ പണിയെടുക്കുന്നത്.


ജീവിച്ചിരിക്കുന്നത് എന്തിന് വേണ്ടി എന്നറിഞ്ഞത് കൊണ്ടല്ല ആരും ഒന്നും ജീവിച്ചിരിക്കുന്നത്, ആരും ഒന്നും ജീവിച്ചിരിക്കാൻ വേണ്ടി മാത്രം അതിജീവിക്കുന്നു എന്നുറപ്പ് വരുത്തുന്നത്.


എന്തിന് വേണ്ടി ജീവിക്കുന്നു എന്നത് അവരവരറിയാതെ തന്നെ, വെറും വെറുതെ ജീവിച്ചിരുന്നാൽ തന്നെ സംഭവിക്കും എന്നത് പോലെയാണ് കാര്യങ്ങൾ.


“മാഷാ അല്ലാഹു കാൻ, മാലം യഷാ ലം യക്കുൻ. “


“അല്ലാഹു ഉദ്ദേശിച്ചത് സംഭവിച്ചു (നടന്നു). അവൻ ഉദ്ദേശിച്ചിട്ടില്ലാത്തത് സംഭവിച്ചില്ല (നടന്നില്ല).”


*******


എന്നിരിക്കെ, നീ എന്തിനാണ് പേടിക്കുന്നത്, വിഷമിക്കുന്നത്?


പേടിച്ചാലും ഇല്ലെങ്കിലും, വിഷമിച്ചാലും ഇല്ലെങ്കിലും തുടരുന്നത് അതുപോലെ തന്നെ തുടരും, നടക്കുന്നത് അതുപോലെ തന്നെ നടക്കും, നടക്കേണ്ടത് അതുപോലെ തന്നെ നടക്കും.


ഓടുന്ന വാഹനത്തിനുള്ളിൽ കിടന്ന് ഓടുന്നത് പോലെ മാത്രം ബാക്കിയുള്ള എല്ലാ പേടികളും വിഷമങ്ങളും ശ്രമങ്ങളും. 


നിന്റെ പേടികളും വിഷമങ്ങളും ശ്രമങ്ങളും കൊണ്ടാണ് എല്ലാം നടക്കുന്നത്, അല്ലെങ്കിൽ ഒന്നും നടന്നേക്കില്ല, നടക്കാതാവും എന്ന തോന്നലോടെ. 


താനാണ് മേൽക്കൂര താങ്ങിനിർത്തുന്നതെന്ന പല്ലിയുടെ തോന്നൽ ഏത് പോലെ ശരിയാണോ അല്ലെങ്കിൽ തെറ്റാണോ അതുപോലെ മാത്രം നിന്റെ തോന്നലുകളും പേടികളും വിഷമങ്ങളും ശ്രമങ്ങളും.


നിന്റെ ആ തോന്നലുകളും പേടികളും വിഷമങ്ങളും ശ്രമങ്ങളും കൊണ്ട് എന്തൊക്കെയോ മാറുന്നതായും നീ മാറ്റുന്നതായും നിനക്ക് തോന്നും. 


മാറുന്നതും മാറ്റുന്നതും ജീവിതമെന്ന ദൈവം തന്നെയാണ്. 


മാറുന്നതും മാറ്റുന്നതും അനുസ്യൂതമായി നടക്കുന്നതാണ്, അനുസ്യൂതത തന്നെയാണ്. 


ജീവിതവും ദൈവവും തന്നെയായ അനുസ്യൂതത.


ജീവിതത്തിന് വേണ്ടത് ജീവിതം നിന്നെ ഉപകരണമാക്കി ചെയ്യിപ്പിക്കുന്നത് മാത്രം നീ ചെയ്യുന്ന, ചിന്തിക്കുന്ന, നിന്നെക്കൊണ്ട് ചെയ്യിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ബാക്കിയൊക്കെയും.


നീ ചെയ്യുന്നതും ചിന്തിക്കുന്നതും നിനക്ക് ചെയ്യാതിരിക്കുക അസാധ്യം. 


കാരണം,  ഉച്ചരിച്ചവന്റെ ഉദ്ദേശം നടപ്പാകുക നിർബന്ധം.


ഉച്ചരിച്ചവന്റെ ഉദ്ദേശം നടപ്പാക്കുക ഓരോ വാക്കിനും നിർബന്ധം. 


ഓരോ വാക്കും അതിന് നിശ്ചയിച്ച അർത്ഥം നൽകുകയും അർത്ഥം നൽകാൻ വേണ്ടത് ചെയ്യും, ചെയ്തുപോകും.


“മാഷാ അല്ലാഹു കാൻ, മാലം യഷാ ലം യക്കുൻ. “


“ദൈവം ഉദ്ദേശിച്ചത് സംഭവിച്ചു (നടന്നു). അവൻ ഉദ്ദേശിച്ചിട്ടില്ലാത്തത് സംഭവിച്ചില്ല (നടന്നില്ല).”


*******


നീ എന്ത് ചെയ്താലും വരുത്തിയാലും, ചെയ്തില്ലെങ്കിലും വരുത്തിയില്ലെങ്കിലും, പേടിച്ചാലും ഇല്ലെങ്കിലും ജീവിതം ജീവിതമായിത്തീരും, അതിന്റെ ഒഴുക്ക് തുടരും. 


നീ എന്ത് വരുത്തുന്നു, വരുത്തുന്നില്ല, ചെയ്യുന്നു, ചെയ്യുന്നില്ല എന്നത് ജീവിതത്തിന്റെ ഗതിയെ ബാധിക്കുന്നില്ല. 


ബാധിക്കുന്നത് നിന്റെ തോന്നലിനെ മാത്രം. 


വെള്ളം താഴോട്ട് തന്നെ ഒഴുകും. 

വെള്ളം മുന്നോട്ട് മാത്രം പോകും. 


അഥവാ, വെള്ളം എങ്ങോട്ട് പോകുന്നുവോ അതാണ് മുന്നോട്ടുള്ള ദിശ, അതാണ് താഴേക്ക്.


പോയിക്കൊണ്ടിരിക്കുന്നതിന് വിപരീതദിശയിലേക്ക് പിന്തിരിഞ്ഞ് പോകുക വെള്ളം ചെയ്യാത്ത പണി. 


അത് തന്നെ ജീവിതത്തിന്റെ രീതി.


അങ്ങനെ മുന്നോട്ട് പോകുന്നതിന് എന്ത് തടസ്സവും (വെള്ളമായ, വായുവായ) ജീവിതത്തിന് തടസ്സമല്ല. 


തടസ്സങ്ങൾ ഒഴിവാക്കി, മാറിയൊഴുകും ജീവിതം, വെള്ളം, വായു.


പിന്നോട്ടില്ലാത്ത, മുന്നോട്ട് മാത്രമായ പോക്ക് ജീവിതത്തിന്റേത്.


“മാഷാ അല്ലാഹു കാൻ, മാലം യഷാ ലം യക്കുൻ. “


“ദൈവം ഉദ്ദേശിച്ചത് സംഭവിച്ചു (നടന്നു). അവൻ ഉദ്ദേശിച്ചിട്ടില്ലാത്തത് സംഭവിച്ചില്ല (നടന്നില്ല).”


*******


രണ്ടായാലും നീ പേടിക്കേണ്ട.


രണ്ടായാലും ഒരേ ഫലം. 


ജീവിതത്തിന് അർത്ഥമില്ലെന്നാണെങ്കിലും അർത്ഥമുണ്ടെന്നാണെങ്കിലും ഒരേ ഫലം.


ഒന്നുകിൽ ജീവിതത്തിന് ഒരർത്ഥവും ഇല്ല.


ശരി.


പക്ഷേ, ഒരർത്ഥവും ഇല്ലാത്ത ജീവിതത്തിന് ഒരർത്ഥവും തോന്നാത്തതിലും കിട്ടാത്തതിലും നീ പേടിക്കേണ്ട, വിഷമിക്കേണ്ട.


യഥാർത്ഥത്തിൽ ഇല്ലാത്ത അർത്ഥവും ലക്ഷ്യവും ഉണ്ടാക്കേണ്ട പണി നിനക്കില്ലല്ലോ?


യഥാർത്ഥത്തിൽ ഇല്ലാത്ത അർത്ഥത്തെ കുറിച്ച് വേവലാതിപ്പെടേണ്ട പണിയും നിനക്കില്ലല്ലോ?


ഇനിയുള്ള സാധ്യാത: ജീവിതത്തിന് അർത്ഥമുണ്ട് എന്നതാണ്.


അർത്ഥമുള്ള ജീവിതത്തിന് എന്തായാലും അർഥമുണ്ടാവുമല്ലോ?


ആ അർത്ഥവും നീയായി പരിശ്രമിച്ച് ഉണ്ടാക്കേണ്ടതില്ലല്ലോ?


അർത്ഥം നിശ്ചയിച്ചവൻ ആ അർത്ഥം സംഭവിപ്പിച്ചിരിക്കും.


നീ എങ്ങനെ ജീവിച്ചാലും ആ അർത്ഥം സംഭവിച്ചിരിക്കും.


ആ അർത്ഥം സംഭവിക്കുന്ന, ആ അർത്ഥത്തെ സംഭവിപ്പിക്കുന്ന രീതിയിൽ മാത്രമേ നിനക്ക് ജീവിക്കാനാവൂ.


നിന്റെ തോന്നലുകളും പേടികളും വിഷമങ്ങളും ശ്രമങ്ങളും ഒക്കെ ആ അർത്ഥം സംഭവിപ്പിക്കാൻ മാത്രം.


അതാണ് “മാഷാ അല്ലാഹു കാൻ, വമാലം യശാ ലം യക്കുൻ” എന്നതിന്റെ അർത്ഥം.


അല്ലാഹു ഉദ്ദേശിച്ചത് നടന്നു. അവൻ ഉദ്ദേശിക്കാത്തത് നടന്നില്ല.

No comments: