Saturday, January 25, 2020

മണ്ണിനെ വേര് എങ്ങിനെയും വിവർത്തനം ചെയ്യും?

കാലം കടന്നാൽ, വിഭജനം ഇല്ലാതായാൽ, 
യേശുവിനും ബുദ്ധനും നിന്റെയും എന്റെയും മുഖം.
നിനക്കും എനിക്കും യേശുവിന്റെയും ബുദ്ധന്റെയും മുഖം.

*******



ബാക്ടീരിയെയും ഉറുമ്പിനെയും 
കൊതുകിനെയും കൊല്ലാന്‍ നിനക്കുള്ള എളുപ്പം. 
അത്‌തന്നെ നിന്നെ കൊല്ലാന്‍ പ്രകൃതിക്കും 
നിങ്ങളില്‍ചിലര്‍ക്കും.

******

എന്തിനു ജീവിക്കുന്നു? ഉത്തരം
'ജനിച്ചത് കൊണ്ട് ജീവിക്കുന്നു.
മരിക്കാൻ ഭയമുള്ളതിനാലും’ എന്ന് മാത്രം.
മറ്റുചിലത് മതം പറയിപ്പിച്ചാലും.


********

മണ്ണിനെ വേര് എങ്ങിനെയും വിവർത്തനം ചെയ്യും.
പൂക്കളും പഴങ്ങളും അനവധിയാവുന്നതങ്ങിനെ.
വിവർത്തന-ആവിഷ്കാര സ്വാതന്ത്ര്യം.

********

അശക്തന്റെ അഹിംസയിലും പഞ്ചാരവാക്കിലും 
ഫാസിസം ഇല്ലെങ്കിൽ, അതിനു കാരണം 
നിസ്സഹായതയും പേടിയും. 
അതൊരു നിലപാടോ സ്ഥായിയായ പ്രകൃതമോ അല്ല.


*******


അസ്വസ്ഥപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും ദൈവമല്ല;
പകരം ദൈവത്തെ അറിയാതെ പറയുന്നവരാണ്. മതങ്ങളാണ്.

*********

പുരുഷവികാരം എത്ര പൊള്ള? 
എന്നിട്ടും ബലാല്‍സംഗം ചെയ്യുന്നു. 
സ്ത്രീ ധരിക്കുന്നത് പുരുഷന് കാര്യമായെന്തോ 
ലൈംഗീകതയിലുണ്ടെന്ന്. 
വെറുംകെണി.

*******

സ്വീകാര്യത കിട്ടുമ്പോള്‍, 
സ്വീകാര്യത തന്നവര്‍ക്കെതിരെ 
സത്യങ്ങൾ പറയാൻ കഴിയാതെ വരും. 
അത്തരം സ്വാധീനങ്ങളാണ് 
യാഥാര്‍ത്ഥ വെല്ലുവിളി.


*******

രണകൂടത്തിന്റെ ഭീകരതയല്ല, വഞ്ചനയല്ല, കളവല്ല നാമെല്ലാം കൊതിച്ചു പോകുന്ന ഹൈന്ദവതയും സനാതന ധര്‍മ്മവും.

എന്തായാലും ഒന്നുറപ്പ്. 
ഈ ഭരണകൂടത്തിന്റെ ഭീകരതയല്ല, വഞ്ചനയല്ല, കളവല്ല 
നാമെല്ലാം കൊതിച്ചു പോകുന്ന 
ഹൈന്ദവതയും സനാതന ധര്‍മ്മവും.

*******

തെമ്മാടിത്തവും കളവും കൊണ്ട്‌ 
അധികാരത്തിലെത്തുക, 
അധികാരം നിലനിര്‍ത്തുക, 
അധികാരത്തില്‍ തുടരുക. 
പിന്നെന്ത് നീതി, നന്മ, ക്ഷേമം?

*******

അധികാരം: രാജ്യസ്നേഹം പറഞ്ഞ്‌ 
നാട് നശിപ്പിക്കാനുള്ള ലൈസൻസോ? 
എവിടെ നിന്ന് കിട്ടി ഈ പാഠം? 
രോഗം വിതരണം ചെയ്യുന്ന വൈദ്യനെയും?

*******

ഭ്രാന്തൻ നായ്ക്കളെ പോലെ ചില പാർട്ടികൾ.
സ്വന്തം ഭ്രാന്തും വെപ്രാളവും രോഗവും
ജനങ്ങളുടേത് കൂടിയാക്കുന്നു.
ജനങ്ങൾക്ക് കൂനിന്മേൽ കുരു.

*******
വിരോധാഭാസം. 
വിശ്വാസവ്യത്യാസം പറഞ്ഞ്‌ 
കല്യാണത്തിന് പോലും ക്ഷണിക്കാത്തവര്‍ 
മതേതരത്വവും സ്വാതന്ത്ര്യവും പറഞ്ഞ്‌ 
സമരം ചെയ്യുന്നു.

*******

പള്ളിയും ചര്‍ച്ചും കണ്ടാല്‍ കൈകൂപ്പുന്ന, 
അവിടത്തെ ഭണ്ഡാരത്തിലും 
പൈസ നിക്ഷേപിക്കുന്ന 
ഹിന്ദു വിശ്വാസസംസ്കാരം 
ഇന്നും നിലനില്‍ക്കുന്നു.

*******

ഹിന്ദുവിശ്വാസത്തിന് ഒരജണ്ടയുമില്ലായിരുന്നു. 
പക്ഷേ കയറിവന്ന സെമിറ്റിക് വിശ്വാസങ്ങള്‍ക്ക് 
കുറെ ഒളിയജണ്ടകളുണ്ടായി എന്നതാണ് പ്രശ്നം.

********

ലോകം ഒരു രാജ്യമായിത്തീരുന്ന, 
തീരാന്‍ ആഗ്രഹിക്കുന്ന കാലത്താണ്  
ഇവിടെ മതവും ജാതിയും പറഞ്ഞ്‌ 
അതിർത്തികള്‍ ഉണ്ടാക്കി വഴിപിരിയുന്നത്.

*******

ഇത്‌ ഇന്ത്യയുടെ ആത്മാവ് 
ഒന്നെന്ന് കണ്ടെത്തേണ്ട പ്രശ്നം. 
മുസ്ലിമും ഹിന്ദുവും പരസ്പരം 
വേര്‍തിരിച്ചറിഞ്ഞ് പോരാടെണ്ട പ്രശ്നമല്ല.

*******

നമ്മുടെ മാനിഫെസ്റ്റോക്ക് വേണ്ടി 
ഭരണഘടനയെ മാറ്റരുത്. 
സ്വന്തം വീട്ടുകാരെ ഉപദ്രവിച്ചും ഉപദ്രവിക്കാനും 
അയല്‍വാസികള്‍യെ സ്നേഹിക്കരുത്.

*******

പറച്ചിലില്‍ മാത്രം രാജ്യസ്നേഹം  
ഉപയോഗിക്കുന്ന എല്ലാ പാർട്ടികളും 
വളരുന്നത് അതേ രാജ്യത്തെ നശിപ്പിച്ചും 
കുട്ടിച്ചോറാക്കിയും.

********

ഇന്ത്യാവിഭജനം പാടില്ലായിരുന്നു. 
ഇന്നും ദുരിതങ്ങള്‍ക്ക് കാരണമത്. 
ഒന്നിക്കാന്‍ മതം - അധികാരം മാത്രം നോട്ടമുള്ളവർ 
മുന്‍കൈ എടുക്കുമോ?

*******

തെറ്റോ ശരിയോ, 
ബിജെപി ദീര്‍ഘലക്ഷ്യംവെച്ച് കളിച്ചു. 
ബാക്കിയുള്ളവർ 
താല്‍ക്കാലിക ലാഭവും അധികാരവും ലക്ഷ്യമിട്ടു. 
ഫലം ഇപ്പോൾ കാണുന്നത്‌.

*******

പൗരത്വബില്‍. 
ശിവസേന എതിര്‌. ജെഡിയു അനുകൂലം. 
എന്ത് മനസിലാക്കാം? 
ആര്‍ക്കും ദീര്‍ഘദൃഷ്ടി ഇല്ല. 
രാജ്യം പ്രധാനമല്ല. അധികാരം  പ്രധാനം.

*******


ഹൈദരാബാദ്. 
ഉന്നതരായിരുന്നു പ്രതികളെങ്കിൽ 
ഇങ്ങനെ വെടിവെച്ച് കൊല്ലപ്പെടുമായിരുന്നോ? 
അവിടെയും പാവപ്പെട്ടവനും അധഃസ്ഥിതനും ഇര. 
അനീതി.

******

വെറുപ്പും വിദ്വേഷവും പരത്തി 
അധികാരത്തിലേറാം; ഭരിക്കാനാവില്ല. 
ഭരിക്കാന്‍ അറിവ് കരുത്താകണം, 
ക്ഷേമം ലക്ഷ്യമാക്കണം. ഭരിക്കാനറിയണം.

*******

നമുക്കത്രയേ ഉള്ളൂ.  
നമ്മുടെ പാർട്ടി നാട് ഭരിക്കണം. 
എങ്കിലെന്ത് തെറ്റും ശരി. 
നാടും നാട്ടാരും ദുരിതത്തിലായാലും പ്രശ്നമല്ല.

*******

പേടിപ്പിക്കലും ഭീഷണിയുമാവരുത് 
ഭരണാധികാരികളുടെ തുറുപ്പുചീട്ട്. 
പകരം സുരക്ഷാബോധവും സമാധാനവും 
നല്കുന്നതാവണം അവരുടെ തുറുപ്പുചീട്ട്.

******

ഉള്ളിയുടെ വില ചോദ്യംചെയ്താൽ 
രാജ്യദ്രോഹമാകുമോ?
അത്രക്ക് ആരും ഒന്നും ചോദ്യംചെയ്യാതായിരിക്കുന്നു, 
പേടിക്കുന്നു ഇവിടെ നമ്മുടെ നാട്ടില്.

******

തെമ്മാടികള്‍ തന്നെ ഭരിക്കണം. 
ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല. 
പേടിപ്പിച്ചാല്‍, ഒന്ന് കണ്ണുരുട്ടിയാല്‍
എന്ത് തെറ്റും അവിടെ ശരി.


******

പൗരത്വ ഭേദഗതി നിയമം: 
അനുകൂലിക്കുന്നവർ മുഴുവന്‍ വര്‍ഗീയവാദികളല്ല. 
ഏത് പോലെ? എതിർക്കുന്നവർ മുഴുവന്‍ 
മതേതരവാദികള്‍ അല്ലാത്തത് പോലെ.

*****

വൈറസിന് മരുന്നില്ല. 
തീവ്രവാദത്തിനെന്ന പോലെ. 
വൈറസും തീവ്രവാദവും സ്വയം ജീവനില്ലാതെ. 
കയറിയ ശരീരത്തെ സ്വന്തം ശരീരമാക്കി ജീവിക്കുന്നു.

*******

ഇന്ത്യയിലാരും ഇന്ത്യയുടെ ശത്രുവല്ല, ആവരുത്. 
ഏതേലും പാർട്ടിയെയും ആശയത്തെയും എതിര്‍ത്താല്‍ 
ഇന്ത്യയുടെ ശത്രുവെന്നർത്ഥമില്ല, ആവരുത്.

*******

സുപ്രീംകോടതി ശരിക്കും സുപ്രീമോ? 
ഒരുതരം പേടിയും സ്വാധീനവും ഇല്ലാതെ? 
അതല്ലേല്‍, വേരും തടിയും ചിതലരിച്ച 
തെങ്ങിന്‍മുകളിലെ കാക്കരാജാവോ?

*******

*******
സമരം ചെയ്യുന്നവരൊക്കെ 
രാജ്യദ്രോഹികള്‍, പട്ടികള്‍. 
അവരെ യഥേഷ്ടം കൊല്ലാം. ശരി. 
പക്ഷേ നിങ്ങൾ പ്രതിപക്ഷത്തിരുന്ന് 
സമരം ചെയ്യുമ്പോഴൊ?

ദേവേന്ദര്‍ സിങ്!! നാം വഞ്ചിക്കപ്പെടുകയോ? 
എങ്കിൽ പാര്‍ലമെന്റ്, പുല്‍വാമ, ബാലക്കോട്ട് ആക്രമണങ്ങൾ 
പുനരന്വേഷിക്കേണ്ടതല്ലേ? 
പക്ഷേ ആര്?

******

EVMലൂടെ അധികാരം നേടിയവർ അതറിയുന്നു. 
ഇനിയങ്ങോട്ട് EVM ഇല്ലേലും അധികാരം ഉറപ്പാവണം. 
അതിനുള്ള ധ്രുവീകരണ ശ്രമം കൂടിയാകുമോ CAA+NRC?

*****

പൗരത്വ സമരത്തില്‍ ആരും 
പാർട്ടികളുടെ കൊടി ഉപയോഗിക്കരുത്. 
പാർട്ടിയെ വളര്‍ത്താനല്ല;  
ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനാണ്‌ 
ഈ സമരം.

*******