Thursday, October 1, 2026

എൻബിസി ന്യൂസ് ഇന്റർവ്യൂവർ ചോദിക്കുന്നു: ആരോട്? ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട്.

എൻബിസി ന്യൂസ് ഇന്റർവ്യൂവർ ചോദിക്കുന്നു: 

ആരോട്?

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട്.


“നിങ്ങൾക്ക് ട്രമ്പിനെ വിശ്വാസമാണോ?.”


ഈ ചോദ്യം കേൾക്കുന്ന ആർക്കും ചിരിയാണ് വരിക, ചിരിയാണ് വരേണ്ടത്.


വിശ്വസിക്കപ്പെടാൻ മാത്രം ആരാണ് ഈ ട്രം? എന്ന മറുചോദ്യത്തോടെ.


മനസ്സിലാവുന്നില്ല, എന്തിനാണ് ട്രംപിനെ ആരെങ്കിലും വിശ്വസിക്കുന്നത്, വിശ്വസിക്കേണ്ടത് എന്ന് വീണ്ടും ചോദിച്ചുകൊണ്ട്.


ഏതൊരു തെരുവ് ഗുണ്ടയേക്കാളും മെച്ചമായി എന്ത് ഗുണമേൻമയാണ് ബഹുമാനം കിട്ടാൻ മാത്രം ട്രംപിനുള്ളത് എന്ന് കൃത്യമായും ഉണർത്തിക്കൊണ്ട്.


ചോദ്യകർത്താവിനോട് പുച്ഛം തോന്നിയ ചോദ്യമായിരുന്നു ആ ചോദ്യം. 


ചോദ്യകർത്താവ് സ്വയം അടിമയായത് കൊണ്ട് എല്ലാവരും തന്നെപ്പോലെ അടിമയായിരിക്കും എന്ന് ന്യായമായും കരുതാനിടവന്നതിനാൽ ചോദിച്ചുപോയ ചോദ്യമാണോ എന്ന് പോലും തോന്നിപ്പോയി.


അതുകൊണ്ട് ഈ ചോദ്യം കേൾക്കുമ്പോൾ ചോദ്യകർത്താവിന്റെ ഗതികേട് ഓർത്ത് തന്നെ ചിരി ഉള്ളിലൊതുക്കുക മാത്രം ആർക്കും ഏകവഴി, ഭ്രാന്തമായ വിധി. 


വിഡ്ഢിയായ രാജാവിന്റെ നഗ്നത കണ്ട് മാത്രം വരുന്ന പരിഹാസച്ചിരി.


നഗ്നനായ അധിനിവേശ ശക്തിയോട് ആ ചോദ്യകർത്താവിനുള്ളൊരു വിധേയത്വം ഓർത്തുള്ള പരിഹാസച്ചിരി. 


അധിനിവേശ ശക്തിയുടെ ഷൂനക്കികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ചോദ്യത്തെ ഓർത്തുള്ള ചിരി.


ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെന്ന് തിരിച്ചു ചോദിക്കേണ്ടതായിരുന്നു അരാഗ്ചി.


ട്രംപ് എന്നത് വിശ്വസിക്കപ്പെടേണ്ട പുതിയ ദൈവത്തിന്റെയോ അവതാരത്തിന്റെയോ പേരല്ലല്ലോ എന്ന മറുചോദ്യത്തോടെ.


ട്രംപിനെ വിശ്വസിക്കുന്നവരായി ലോകത്ത് ആരെങ്കിലും ഉണ്ടോ ഉണ്ടാവുമോ എന്നും തിരിച്ച് ചോദിക്കേണ്ടതായിരുന്നു അരാഗ്ചി.

ആയുധശക്തി കണ്ടാലുള്ള പേടിയെ ആണോ വിശ്വാസമെന്ന് തെറ്റായി പേരിട്ട് ചോദ്യകർത്താവ് വിളിക്കുന്നത്?


അറിയില്ല.


തെമ്മാടികളെ പേടിക്കുന്നത് വിശ്വാസം കൊണ്ടല്ല; അവിശ്വാസം കൊണ്ടാണ്.


തെമ്മാടികളെ പേടിക്കുന്നത് അവിശ്വാസം ഉണ്ടാക്കുന്ന അരക്ഷിത ചിന്തയിൽ നിന്നാണ്.


 ഇക്കാര്യം nbcയുടെ ചോദ്യകർത്താവ് മനസ്സിലാക്കാതെ പോയോ?


ഭീഷണിക്ക് മുൻപിൽ ഭയപ്പെട്ട് ഓച്ചാനിച്ച് നിൽക്കുന്നതിനെയാണോ വിശ്വാസമെന്ന് ചോക്ലേറ്റ് പുരട്ടി nbcയുടെ ചോദ്യകർത്താവ് വിളിക്കുന്നത്?


ആർക്കെങ്കിലും ട്രംപിലുള്ള അവിശ്വാസവും സംശയവും ഉണ്ടാക്കുന്ന ഭയം വിശ്വാസമാണോ?


ട്രമ്പെന്ന അവിവേകി ഉണ്ടാക്കുന്ന അപകടത്തെ ഓർത്തുള്ള ഭയം, ആ ഭയമുണ്ടാക്കുന്ന വിധേയത്വം: അത് വിശ്വാസമാണോ?


ഭയമുണ്ടാക്കുന്ന വിധേയത്വം നിസ്സഹായത മാത്രമാണ്. 


ആട്ടിൻ കുട്ടികൾ വന്യമൃഗങ്ങളെ വിശ്വസിക്കുകയും ബഹുമാനിക്കുകയുമല്ല; പകരം, അവിശ്വസിക്കുകയാണ്.


അവിശ്വാസം വെച്ച് അപകടം നിനച്ച്, മുൻകണ്ട് പേടിക്കുകയാണ്.


ഇന്ത്യയെ പോലുള്ള മൂന്നാം ലോകരാജ്യങ്ങൾ എന്നല്ല, ഒന്നാം ലോകരാജ്യങ്ങൾ എന്നറിപ്പെടുന്ന പല യൂറോപ്യൻ രാജ്യങ്ങൾ വരെ ഭയത്തിലാണ്. 


ആയുധബലം വിഡ്ഢിയുടെ കയ്യിലായാൽ ആരും പേടിക്കണം. അതാണ് അമേരിക്കയും ട്രംപും.


പ്രത്യേകിച്ചും ആ വിഡ്ഢി തന്റെ ആയുധവും അധികാരവും ഉപയോഗിച്ച്:


വിവേകത്തെ വിഡ്ഢിത്തമായി ചിത്രീകരിക്കുമ്പോൾ, 


വിവേകിയെ വിഡ്ഢികളാക്കി മാറ്റുമ്പോൾ, 


സത്യത്തെ അസത്യമായി കാണിക്കുമ്പോൾ,


സത്യവാൻമാരെയും നല്ലവരെയും തീവ്രവാദികളും ഭീകരവാദികളുമായി കാണിച്ച് ശിക്ഷിക്കുമ്പോൾ.


ലാഭചിന്ത മാത്രം കൈമുതലാക്കി ലോകം ഭരിക്കാൻ ശ്രമിക്കുന്നവൻ ഇങ്ങനെ എന്തപകടവും ഉണ്ടാക്കും.  


തനിക്കും കൂട്ടർക്കും ലാഭമുണ്ടാക്കാൻ വേണ്ടി മാത്രം നന്മയും തിന്മയും ശരിയും തെറ്റും നിശ്ചയിക്കുന്നവൻ.


ഈ വിഡ്ഢിയായ വൃത്തികെട്ടവന്റെയും സംഘത്തിന്റെയും ആയുധ-അധികാര ശക്തിയിലെ പേടി; 


അല്ലാതെ അയാളുടെയും സംഘത്തിന്റെയും നീതിയിലും സത്യത്തിലും ആർക്കും വിശ്വാസമില്ല.


മറ്റുള്ളവരൊക്കെയും വിഡ്ഢിയും വിഡ്ഢിത്തവും ഉണ്ടാക്കുന്ന ഭയത്തിലും ഭയം മൂലമുള്ള നിസ്സഹായതയിലുമാണ്. 


പിന്നെ നിസ്സഹായത ഉണ്ടാക്കുന്ന വിധേയത്വത്തിലാണ്, തന്റേടമില്ലായ്മയിലാണ്.


അവരുടെ വിധേയത്വത്തിന്റെ ഭാഷ വിവേകത്തിന്റെതോ ധൈര്യത്തിന്റെതോ നിലപാടിന്റെതോ തലയെടുപ്പിന്റെതോ അല്ല.


ഒന്നുകിൽ, ഗത്യന്തരമില്ലാതെ അക്രമിയുടെ അക്രമങ്ങൾക്കെതിരെ മിണ്ടാതിരുന്ന് പോകുന്നത്.


അതല്ലെങ്കിൽ മിണ്ടാതിരിക്കുന്ന ക്രൂരവിനോദ നിഷ്പക്ഷതയിൽ, നിശ്ശബ്ദതയിൽ. 


ട്രംപ് എറിഞ്ഞുകൊടുക്കുമെന്ന് അവർ ധരിക്കുന്ന എച്ചിലിനും എല്ലിനും മുള്ളിനും ട്രംപിന്റെ പടിക്ക് പുറത്ത് കാത്തിരിക്കുന്ന പട്ടികളാവുകയാണവർ.


ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെന്ന് അബ്ബാസ് അരാഗ്ചി തിരിച്ചുപറഞ്ഞില്ല; പറയേണ്ടതായിരുന്നു.


ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെന്ന് പറയുന്നതായിരിക്കുമായിരുന്നു നൽകാവുന്ന ഏറ്റവും നല്ല ഉത്തരം.


എന്തിന് ട്രംപിനെ ആരെങ്കിലും വിശ്വസിക്കണം, ലോകത്തെ ആരെങ്കിലും ട്രംപിനെ അങ്ങനെ വിശ്വസിക്കുന്നുണ്ടോ, ഏതെങ്കിലും നിലക്ക് വിശ്വസിക്കുമോ എന്നുള്ള ചോദ്യങ്ങളും അരാഗ്ചി ഉത്തരമായി തിരിച്ചുചോദിക്കണമായിരുന്നു.


പക്ഷേ ഇറാന്റെ വിദേശകാര്യ മന്ത്രിയായ അദ്ദേഹം തന്റെ വിവേകം അനുവദിക്കുന്നത് വെച്ച് പകരം ചെയ്തത് വേറൊന്നാണ്.


വേറൊരു ഉറച്ച മറുപടി: 


“ഞങ്ങൾക്ക് വിശ്വാസം ഞങ്ങളെയാണ്.” 


ആർജവമുള്ള, തന്റേടമുള്ള, അധിനിവേശ ശക്തികളുടെ ഷൂ നക്കാത്ത മറുപടി: അരാഗ്ചിയുടെ വിവേകം നിറഞ്ഞതുളുമ്പിയ മറുപടി.


തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിലും ദൈവികസത്യത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ, ചൂഷണരഹിത വിശ്വാസ ആദർശങ്ങകളിലാണ് തങ്ങൾക്ക് വിശ്വാസം എന്ന ഉറച്ച മറുപടി.


അല്ലാതെ ആരും ഇറാനും വിശ്വസിക്കേണ്ടത്: 


പുറത്തുള്ളവരെയല്ല.


തക്കം പാർത്ത് ആക്രമിക്കുന്ന ശത്രുവിനെയല്ല, ദുർബലനായവനെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് സമ്പത്ത് മോഷ്ടിക്കുന്നവനെയല്ല.


നിരായുധനെ അവൻ നിരായുധനായിരിക്കുമ്പോൾ തന്നെ ആക്രമിച്ച് ചൂഷണം ചെയ്യുന്നവനെയല്ല.


വഞ്ചനയുടെയും കാപട്യത്തിന്റെയും മൂടുപടമിടുന്നവരെയല്ല.


മൂടുപടമിട്ട് ചർച്ചക്ക് വിളിച്ച്, ചർച്ചക്കിടയിലും ചർച്ചയുടെ മറപിടിച്ചും ആക്രമിക്കുന്നവരെയല്ല. 


അധിനിവേശ ഫാസ്സിസ്റ്റ് ശക്തികൾക്ക് മുൻപിൽ ഓച്ചാനിക്കാതെ ചങ്കൂറ്റത്തോടെ തല ഉയർത്തി നിൽക്കുന്നതിലാണ്,  ഞങ്ങൾക്ക് അങ്ങനെയുള്ള ഞങ്ങളിൽ തന്നെയാണ് വിശ്വാസം.

No comments: