Wednesday, October 7, 2026

അല്ലാഹു ആരാണ്, എന്താണ്?

അല്ലാഹു ആരാണ്, എന്താണ്?


ഒരു സുഹൃത്ത് ചോദിച്ചു. 

ചോദിച്ചത് പരിഹസിക്കാനെന്നവണ്ണം. 


ഒപ്പം വാദപ്രതിവാദം നടത്തി അല്ലാഹു എന്ന സങ്കല്പത്തെയും വിശ്വാസത്തെയും തകർത്ത് തോൽപ്പിക്കാം എന്ന നിലക്കും ചോദിച്ചത്.


ഏത് പരിഹാസത്തിലും വാദപ്രതിവാദ വെല്ലുവിളിയിലും ഒരന്വേഷണവും കൂടി ഉണ്ടല്ലോ. 


അറിവില്ലായ്മ കൊണ്ടുള്ള പരിഹാസവും വാദപ്രതിവാദ ചിന്തയും അന്വേഷണം തന്നെയാണ്. 


ആ പരിഹാസവും വെല്ലുവിളിയും നമ്മെ അവരോട് കൂടുതൽ സ്നേഹമുള്ളവരാണ് ആക്കേണ്ടത്.


അതിനാൽ തന്നെ എളിമയോടെ അയാൾക്കുള്ള ഉത്തരം:


ആരാണ്, എന്താണ് എന്നത് തന്നെ ഇല്ല.


നമ്മളകപ്പെട്ട മാനവും അതുണ്ടാക്കിത്തരുന്ന മാനദണ്ഡങ്ങളും നമുക്ക് തരുന്ന ചോദ്യങ്ങളാണ് ആരാണ്, എന്താണ് എന്നത്.


അല്ലാഹു എന്നാൽ വ്യക്തിയല്ല, വസ്തുനിഷ്ഠ സ്വഭാവത്തിലുള്ള വസ്തുവല്ല, ബിംബമല്ല. 


അല്ലാഹു എന്നാൽ: പലർക്കിടയിൽ ഒന്നല്ല.


അല്ലാഹു എന്നാൽ: പലർക്കിടയിൽ ഒന്നിനെ തിരിച്ചറിയാനുള്ള, വിളിക്കാനുള്ള പേരല്ല. പകരം ഒന്നേയൊന്ന് മാത്രമായത്.


അല്ലാഹു എന്നാൽ: യഥാർത്ഥത്തിൽ ഉള്ളതായ ഒന്ന്. അതാണ്, ഇതാണ്.


അല്ലാഹു എന്നാൽ: ഒന്നുപോലും അല്ലാത്ത ഒന്ന്. 


അല്ലാഹു എന്നാൽ: അതായിരിക്കുന്ന അത്, ഇതായിരിക്കുന്ന ഇത്. അതല്ലാത്തത്, ഇതല്ലാത്തത്.


അല്ലാഹു എന്നാൽ: ഒന്നെന്ന് വിളിക്കാൻ മറ്റൊന്നില്ലാത്ത ഒന്നല്ലാത്ത ഒന്ന്.


അല്ലാഹു എന്നാൽ: തുലനം ചെയ്യാൻ മറ്റൊന്നില്ലാത്ത ഉള്ളതും ഇല്ലാത്തതുമായ ഒന്ന്.


അല്ലാഹു എന്നാൽ : ഇല്ലായ്മയിലും ഇല്ലായ്മ എന്ന് പറഞ്ഞാലും ഉണ്ടാവുന്ന, ബാക്കിയാവുന്ന ഒന്ന്.


അല്ലാഹു എന്നാൽ : ആദ്യമല്ലാത്ത ആദ്യവും അവസാനമല്ലാത്ത അവസാനവും.


അല്ലാഹു എന്നാൽ : ഒന്നേയൊന്ന്. മറ്റെല്ലാ സാധ്യതകളും ഇല്ലെന്നാവുന്ന, ഇല്ലെന്ന് പറയാവുന്ന, അതിനാൽ തന്നെ മറ്റെല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്ന ഒന്ന്.


അല്ലാഹു എന്നാൽ : പ്രാപഞ്ചികതക്ക് മൊത്തം ആധാരമായ ഒന്നേയൊന്ന്. 


അല്ലാഹു എന്നാൽ : പ്രാപഞ്ചികതയ്ക്കും അപ്പുറമായ, എന്നാൽ പ്രാപഞ്ചികതയിലാകെയും പ്രാപഞ്ചിക തന്നെയല്ലാതെ നിറഞ്ഞുനിൽക്കുന്ന ഒന്ന്.


അല്ലാഹു എന്നാൽ : ഒന്നേയൊന്നല്ലാതെ വേറൊന്നുമില്ലെന്ന് വരുന്ന, വ്യക്തത വരുത്തുന്ന, അതിനാൽ സകലവിധ അടിമത്തങ്ങളിൽ നിന്നും മോചനം തരുന്ന ഒന്ന്.


അല്ലാഹു എന്നാൽ : ഒന്നേയൊന്നിനല്ലാതെ വിധേയപ്പെടേണ്ടതില്ല എന്ന് വരുന്ന വിമോചനത്തിന്റെ ഒന്ന്, സ്വാതന്ത്ര്യത്തിന്റെ ഒന്നേയൊന്ന്.


അല്ലാഹു എന്നാൽ :  നിങ്ങളെ വഞ്ചിച്ചു വിഭജിച്ചെടുക്കുന്ന പലതായ എല്ലാ തരം സ്വാധീനങ്ങളിൽ നിന്നും ചൂഷണസാധ്യതകളിൽ നിന്നും മോചനം തരുന്ന ഒന്ന്.


അല്ലാഹു എന്നാൽ : ഒന്നേയൊന്നിനും നിനക്കുമിടയിൽ ഒന്നുമില്ല, ആരുമില്ല, ഒരു ബിംബവുംപുരോഹിതനും ആവശ്യമില്ല എന്ന് വരുത്തുന്ന ഒന്ന്.


അല്ലാഹു എന്നാൽ : മറ്റൊരു പ്രതീക്ഷയും തരേണ്ട, പ്രതീക്ഷകൾ തന്ന് ചൂഷണം ചെയ്യേണ്ട ഒന്നുമില്ലെന്ന് വരുന്ന , വരുത്തുന്ന ഒന്ന്.


അല്ലാഹു എന്നാൽ: ഒന്നേയൊന്നെന്നതിന് മാത്രം സർവാത്മനാ സമർപ്പിതനായി വിധേയപ്പെട്ട്ജീവിക്കുന്ന ജീവിതത്തിൽ ചൂഷണം ചെയ്യുന്ന ഒന്നും ഉണ്ടാവില്ലെന്ന് വരുത്തുന്ന ഒന്ന്.


അല്ലാഹു എന്നാൽ: ഒന്നേയൊന്നിലേക്കെത്താൻ നീ മാത്രം തന്നെയല്ലാത്ത വേറൊന്നും നിനക്ക് വേണ്ടി ഇടയിൽ ഒരു തന്ത്രിയും പുരോഹിതനും അർച്ചനയും അഞ്ജലിയും ഭണ്ഡാരപ്പെട്ടിയും ആയി വേണ്ട, പാടില്ല എന്ന് വരുത്തുന്ന ഒന്ന്.


അല്ലാഹു എന്നാൽ: ഒന്നേയൊന്നിന് മുൻപിൽ എല്ലാവരും തുല്യർ എന്ന് വരുത്തുന്ന ഒന്ന്.


അല്ലാഹു എന്നാൽ: ആ ഒന്നേയൊന്നിന് മുന്നിൽ മനുഷ്യരെല്ലാം ഒന്ന് എന്ന് വരുത്തുന്ന ഒന്ന്. 


അല്ലാഹു എന്നാൽ: ജാതി-വംശ-വർഗ്ഗ-ദേശ-ഭാഷ വ്യത്യാസമില്ല എന്ന് വരുത്തുന്ന ഒന്ന്.


അല്ലാഹു എന്നാൽ: ജീവിതത്തിന്റെ മുഴുവൻ മേഖലയെയും നിയന്ത്രിക്കുന്ന ഒന്ന്.


അല്ലാഹു എന്നാൽ: ജീവിതത്തിന്റെ മുഴുവൻ മേഖലയിലേക്കും മാർഗ്ഗദർശനം നൽകുന്ന ഒന്ന്.


*******


ബാക്കി എല്ലാറ്റിൽ നിന്നും മോചിപ്പിക്കുന്ന ഒന്ന് ഈ ഒന്ന്.


വേറൊന്നിനെയും പേടിക്കേണ്ടാത്തത്ര നിങ്ങളെ തല ഉയർത്തിപ്പിടിക്കാൻ സഹായിക്കുന്ന ഒന്ന്.


ജനിച്ചെന്നും ജനിപ്പിച്ചെന്നും വരാത്ത ഒന്ന്.


ആരുടെയും വിശ്വാസത്തെ എന്നല്ല, ഒന്നിനെയും ആശ്രയിക്കാതെ സ്വയം അതായി നിലകൊള്ളുന്നഒന്ന്.


നീയകപ്പെട്ട വിതാനത്തിൽ നിന്ന് നിനക്ക് മനസിലാക്കിയെടുക്കാൻ പറ്റാത്ത ഒന്ന്.


നീയകപ്പെട്ട വിതാനത്തിൽ നിന്ന് മനസിലാക്കാൻ പറ്റിയ അളവുകളുകളും ഉപമകളും യോജിക്കാത്തഒന്ന്.


സൂക്ഷ്മകണങ്ങളിലും സൂക്ഷ്മ കോശങ്ങളിലും അൽഭുത പ്രപഞ്ചം തീർത്തവനായ ഒന്ന്.


സൂക്ഷ്മകണങ്ങളും സൂക്ഷ്മകോശങ്ങളും തൊട്ട് അണ്ഡകടാഹങ്ങളിലൊന്നും എന്തെങ്ങിനെയെന്ന് അനാവരണം ചെയ്ത് അറിയാനാവാത്തത്ര നിസ്സഹായത പൂണ്ട് നാം വിളിച്ചുപോകുന്നവനായ ഒന്ന്.


സർവ്വകാലത്തും സർവ്വലോകത്തും സർവ്വചരാചര പ്രപഞ്ചങ്ങളിലും വ്യത്യസ്ത മാനങ്ങളിലും രൂപങ്ങളിലും അവസ്ഥകളിലും ജീവിച്ചറിഞ്ഞവരൊക്കെയും നിസ്സഹായമായും സഹായപൂർണ്ണമായും ഉള്ളറിഞ്ഞും അറിയാതെയും പൊരുളറിഞ്ഞും അറിയാതെയും ആകാവുന്ന ഏതൊക്കെ ഭാഷകളിലും അഭിസംബോധന രീതികളിലും എങ്ങനെയൊക്കെ എന്തൊക്കെയോ വിശേഷണങ്ങളും പേരുകളും പരിശുദ്ധവചനങ്ങളും പ്രകീർത്തനങ്ങളും വെച്ച് വിളിക്കാനും പറയാനും പ്രകടിപ്പിക്കാനും ശ്രമിച്ച,അവയൊക്കെയും ഒപ്പം അവയല്ലാത്തതും വെച്ച് വിളിച്ചാലും അഭിസംബോധനാ ചെയ്താലും മതിയാവാത്തത്ര മഹത്വമേറിയവൻ. 


ആശ്ചര്യം പൂണ്ട് നാം വിളിക്കുന്ന, വിളിക്കാൻ ശ്രമിക്കുന്ന പേരുകളുടേയും വിശേഷണങ്ങളുടെയും പ്രകീർത്തനങ്ങളുടെയും പരിശുദ്ധ വചനങ്ങളുടെയും പാത്രങ്ങളിലും അളവുകളിലും അളവുകോലുകളിലും വരാത്തത്.


ഒപ്പം അവയൊന്നും പോരാത്തത്ര അവക്കൊക്കെയും അപ്പുറമായി എല്ലാറ്റിലും നിറഞ്ഞ് ആയിരിക്കുന്നവൻ.


*******


വെറും വെറുതെ വ്യാഖ്യാനിച്ച് ശീലിച്ചത് കൊണ്ട് തോന്നും സത്യസന്ധമായി ഉള്ളത് ഉള്ളത് പോലെപറയുന്നതും വെറും വെറുതെയുള്ള പറച്ചിലുകളാണെന്ന്, വ്യാഖ്യാനങ്ങളാണെന്ന്.


ഇപ്പറഞ്ഞതിലൊന്നും ഏറ്റിപ്പറഞ്ഞ, കാൽപനികവൽക്കരിച്ച് പറഞ്ഞ, സർഗ്ഗാത്മകത കൊണ്ട്കയറ്റിപ്പറഞ്ഞ ഒന്നുമില്ല. 


അങ്ങനെ ഒന്നിന്റെയും ഒരു ഏറ്റിപ്പറയലിന്റെയും കയറ്റിപ്പറയലിന്റെയും സഹായമില്ലാതെ സ്വയംനിലകൊള്ളുന്ന ഒന്നാണ്ആ ഒന്ന്, ഈ ഒന്ന്.


ആ ഒന്നാണ്, ഈ ഒന്നാണ്, അവനെന്നും നീയെന്നും അഭിസംബോധനാ ചെയ്യാവുന്ന ഒന്നാണ് അല്ലാഹു.


*******


ഒന്നും മനസ്സിലാകാത്ത മനുഷ്യന്മാർ എന്തൊക്കെയോ എവിടെയൊക്കെയോ ഉണ്ടെന്ന് തെറ്റിദ്ധരിക്കുന്നു.


ആ തെറ്റിദ്ധാരണകൾ നൽകുന്ന എന്തൊക്കെയോ പ്രതീക്ഷകൾ വെച്ച് ആരുടെ അടുത്തൊക്കെയോ പോകുന്നു. 


ആ പ്രതീക്ഷകളെ മുഴുവൻ ആവുന്നത്ര ചൂഷണം ചെയ്യാൻ പറ്റിയ പെരട്ടിയടി വർത്തമാനമാണ് പിന്നെ നടക്കുന്ന എല്ലാം ശരി, എല്ലാറ്റിലും ശരി എന്നത്. 


എല്ലാം ശരി, എല്ലാറ്റിലും ശരി എന്ന വകയിൽ ആർക്കും ഏതൽപ്പനും എന്തവകാശവാദങ്ങളും കാൽപനികവൽക്കരണങ്ങളും നടത്തി ഇത്തരം പ്രതീക്ഷകളുമായി നടക്കുന്നവരെ ചൂഷണം ചെയ്യാം എന്നതാണ് എല്ലാം ശരി, എല്ലാറ്റിലും ശരി എന്നത് വരുത്തുന്ന വലിയ കെണി.


അല്ലാഹു ഒന്ന്, 

ഒന്നേയൊന്ന്, 

മറ്റൊന്നുമില്ല, 

മറ്റൊന്നും കൂടെയും ഇടയിലും പാടില്ല 


എന്നത് ഇത്തരം പാവങ്ങളുടെ പാവം പ്രതീക്ഷകളെ ചൂഷണം ചെയ്യുന്ന എല്ലാ അവകാശവാദ സാധ്യതകളെയും പൂർണമായും ഇല്ലായ്മ ചെയ്യുന്ന ഒന്ന്.

1 comment:

Anonymous said...

Know Yourself An explanation of the oneness of being From Arabic manuscripts attributed to Muhyiddin lbn <Arabi and also to Awhad al--din Balyani