സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടായിരിക്കാം, വേണമെങ്കിൽ അവകാശപ്പെടുകയും ആവാം.
അവകാശപ്പെടുന്നത് കൊണ്ട് ഉണ്ടാവുന്നതല്ല, പലപ്പോഴും അവകാശപ്പെടുന്ന മാത്രയിൽ നഷ്ടപ്പെടുന്നതാവും സത്യസന്ധതയും ആത്മാർത്ഥതയും.
അവകാശപ്പെടൽ ആവശ്യപ്പെടുന്ന അഭിനയത്തിന്റെ ചൂടേറ്റ് ഉരുകിയൊലിച്ചു പോകുന്ന മഞ്ഞുതുള്ളി മാത്രമാവും സത്യസന്ധതയും ആത്മാർത്ഥതയും.
സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ട് എന്നത് കൊണ്ട് മാത്രം നാം ചെയ്യുന്ന, പറയുന്ന കാര്യങ്ങൾ ശരിയായിക്കൊള്ളണം എന്നില്ല.
സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ എല്ലാം ചെയ്യില്ല, എല്ലാം ഏറ്റെടുക്കില്ല, എന്തും പറയില്ല.
നാം ചെയ്യുന്ന, പറയുന്ന കാര്യങ്ങൾ ശരിയാവാനുള്ള ഏക ന്യായം അവ ശരിയാവുക എന്നത് മാത്രമാണ്.
നാം ചെയ്യുന്ന, പറയുന്ന കാര്യങ്ങൾ ശരിയാവാനുള്ള ഏക ന്യായം ശരി എന്തെന്നറിയുക, എന്തെന്നറിഞ്ഞ ശരി വെച്ച്, അതിന്റെ മാനങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് ചെയ്യുക, പറയുക എന്നത് മാത്രമാണ്.
സത്യസന്ധനാണ്, ആത്മാർത്ഥതയോടെയാണ് എന്ന വാദം വെച്ച് എന്തും പറഞ്ഞുകൂടാ, എന്തും ചെയ്തുകൂടാ..
സ്നേഹിച്ചു കെട്ടിപ്പിടിച്ചും ചുംബിച്ചും ഒരാളെ ശ്വാസംമുട്ടിക്കാം, ആ ശ്വാസംമുട്ടൽ കൊണ്ട് തന്നെ ഒരാൾ കൊല്ലപ്പെടാം, ഒരാളെ കൊല്ലാം.
എന്തും പറയാതിരിക്കുക, ചെയ്യാതിരിക്കുക എന്നതിലേക്കാണ് സത്യസന്ധതയും ആത്മാർത്ഥതയും ഒരാളെ എത്തിക്കേണ്ടത്.
അറിയുന്നത് മാത്രം പറയുക, ചെയ്യുക, ഏറ്റെടുക്കുക എന്നതിലേക്കാണ് സത്യസന്ധത ഒരാളെ എത്തിക്കേണ്ടത്.
അറിയാത്തത് ചെയ്യാതിരിക്കാനും പറയാതിരിക്കാനും ഏറ്റെടുക്കാതിരിക്കാനും അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കാനും ഉള്ള ശ്രദ്ധയിലേക്കും ജാഗ്രതയിലേക്കും മാറിനിൽക്കലിലേക്കും ആണ് സത്യസന്ധത ഒരാളെ നയിക്കേണ്ടത്.
സത്യസന്ധനാണ്, ആത്മാർത്ഥമാണ് എന്നും പറഞ്ഞ് ഏത് അറിയാത്ത പണിയും ചെയ്തുകൂടാ.
ഏത് അറിയാത്ത പണിയും ചെയ്യുന്നത്, പറയുന്നത്: ചെയ്യാവുന്ന, പറയാവുന്ന ഏറ്റവും വലിയ തെറ്റും പാതകവും അക്രമവും ആയിരിക്കും.
അങ്ങനെ ചെയ്താൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ വെറും സത്യസന്ധതയെയും ആത്മാർത്ഥതയെയും ന്യായവും മറയുമാക്കാൻ പറ്റില്ല, പാടില്ല.
ശരി എന്തെന്നറിഞ്ഞും പഠിച്ചും ചെയ്യുന്നവരും പറയുന്നവരും മാത്രമേ ശരിയാവുന്നുള്ളൂ, ശരിയും നീതിയും ചെയ്യുന്നുള്ളൂ, പറയുന്നുള്ളൂ.
ശരിയായി അറിയാതെ ചെയ്യുന്നതും പറയുന്നതും ഏറ്റെടുക്കുന്നതും രാജാവായാലും പ്രധാനമന്ത്രി ആയാലും പുരോഹിതനായാലും അക്രമി മാത്രമാണ്, അനീതി മാത്രം, പാതകം മാത്രം പറയുന്നവനും ചെയ്യുന്നവനും ആണ്.
******

.jpg)
No comments:
Post a Comment