Monday, February 12, 2018

ഫാസിസം ആരുടെയെങ്കിലും മാത്രം കുറ്റമല്ല. ദൈവം തന്നെ ഒരു ഫാസിസ്റ്റു ആണ്.

ഫാസിസം ആരുടെയെങ്കിലും മാത്രം കുറ്റമല്ല.
എല്ലാവരിലുമുള്ള ഗുണമാണ്. ജീവിത ഗുണം.
ജീവ ഗുണം. ജീവനകല.

ദൈവം തന്നെ ഒരു ഫാസിസ്റ്റു.

അയാൾ നമ്മളെല്ലാരും കൂടിയല്ലെന്നും ഒറ്റയ്ക്കാണെന്നും ഒറ്റക്കാണ് എല്ലാം ചെയ്യുന്നതെന്നും പറയേണ്ടിവരുമ്പോൾ.

താൻ മാത്രം, തന്റേതു മാത്രം എന്ന് പറയേണ്ടി വരുന്ന ദൈവം ഫാസിസ്റ്റു അല്ലാതെ മറ്റാരാണ്?

ആ ദൈവത്തിനും മറ്റേതൊരു ഫാസിസ്റ്റിനെയും പോലെ മറ്റേതൊക്കെയോ ലോകത്തെയും സ്വരത്തെയും നിഷേധിക്കേണ്ടി വരിക തന്നെയാണ് വരുന്നത്.

തന്നെ താൻ മനസ്സിലാക്കുന്നത് പോലെതന്നെ എല്ലാവരും മനസ്സിലാക്കേണം എന്ന് വാശി പിടിച്ചു ശുണ്ടി പിടിക്കുന്നവൻ ഫാസിസ്റ്റു. അത്  ദൈവം ആയാലും അപ്പടി. സൃഷ്ടിക്കു സൃഷ്ടികളുടേതായ ഭാവനാ സൗകര്യവും സങ്കല്പ സ്വാതന്ത്ര്യവും കൊടുക്കാതെയാണേൽ.

സൃഷ്ടികളായ സൃഷ്ടികളെ മുഴുവൻ അവരറിയാത്ത ജീവിതത്തിനു വേണ്ടി സൃഷ്ടിച്ചു, അവരുടെ തലച്ചോറിനെയും വിചാര-വികാരങ്ങളെയും അതിനു കാരണമാകുന്ന ഹോര്മോണുകളെയും സംവിധാനിച്ച ദൈവം അതേ സൃഷ്ടികളെ തന്നെ അതിന്റെയൊക്കെ പേരിൽ വെറുതെയങ്ങു ശിക്ഷിക്കും എന്ന് പറയേണ്ടിയും ഭീഷണിപ്പെടുത്തേണ്ടിയും വരുമ്പോൾ, ദൈവം സ്വയം ഫാസിസ്റ്റു തന്നെയാണ് ആവുന്നത്.

ഭീഷണിപ്പെടുത്തേണ്ടി വരുന്ന, നിരാശപ്പെടേണ്ടി വരുന്ന ദൈവം പിശാചായ ഫാസിസ്റ്റു തന്നെയാണ്.

************

ഇനി ഒന്ന് കൂടി നീട്ടിപ്പറയാം.

മനുഷ്യനെ ഈ പ്രാപഞ്ചികതയിൽ അധിനിവേശക്കാരനാക്കിയ ഗുണവും, സ്വഭാവവും ആണ് ഫാസിസം. അധിനിവേശം തന്നെ ജീവിതത്തിന്റെ സ്വഭാവവും ജീവനകലയും എന്നാക്കിയ ഗുണം. അതിജീവനശേഷിക്കനുസരിച്ചു ഏറിയും  കുറഞ്ഞും എല്ലാവരിലും ഒളിഞ്ഞും തെളിഞ്ഞും കാണുന്ന  സ്വഭാവഗുണം. ഫാസിസം.

അതിനാൽ, തരം കിട്ടിയാൽ എല്ലാവരും ഫാസിസ്റ്റുകൾ തന്നെ.  ഫാസിസ്റ്റുകൾ തന്നെയായ് ഭവിക്കും. അവനവന്റെ തട്ടകങ്ങളിലും മേഖലകളിലുമെങ്കിലും.

മനുഷ്യൻ അശക്തനായിരിക്കുന്നേടത്തോളം ഫാസിസം അവന്ന് അഭിനയിച്ചെങ്കിലും നടപ്പാക്കേണ്ടി വരും.

അശക്തന്റെ അഹിംസയിലും  പഞ്ചാര വാക്കിലും  നോക്കിലും ഫാസിസം ഇല്ലെങ്കിൽ അതിനു കാരണം നിസ്സഹായതയും പേടിയും മാത്രം. അല്ലാതെ ഒരു നിലപാടോ സ്ഥായിയായ പ്രകൃതമോ ആയതു കൊണ്ടാവില്ല.

അതിനാൽ തന്നെ ഫാസിസം ആരിലെങ്കിലും മാത്രം ആരോപിച്ചു കൈച്ചലാവാനുള്ള ഒന്നല്ല. അത് ജീവിതം ജീവിതത്തെ സംരക്ഷിക്കാൻ കൂടിയെടുക്കുന്ന ഒരു ബോധം ആണ്.

ഫാസിസങ്ങൾ തമ്മിൽ സംഘർഷം വരുമ്പോൾ മാത്രം വരുന്നതാണ് ജനാധിപത്യം പോലുള്ള മാറ്റിതരങ്ങളായ ഒത്തുതീർപ്പുകൾ. എന്നിരുന്നാലും ആ ഒത്തുതീർപ്പു ഫോര്മുലയിലും തരം കിട്ടുമ്പോൾ ഓരോരുത്തനും തന്റെ ഫാസിസ്റ്റു സ്വഭാവം പുറത്തെടുത്തിരിക്കും. തനിക്കാവുന്ന മേഖലകളിലൊക്കെയും.

************

മനുഷ്യനെന്ന പ്രതിഭാസം തന്നെ ഒരു  ഫാസിസവും ഫാസിസ്റ്റുമാണ്.

ഈ പ്രാപഞ്ചികതയിൽ ഒരു ഫാസിസ്ററ്  വൈറസിനെ പോലെ തന്നെയാണ് മനുഷ്യൻ പെരുമാറുന്നതും മനുഷ്യന് പെരുമാറാനാവുന്നതും.

പ്രപഞ്ചവും അതിലുള്ളതും മുഴുവൻ തനിക്കു വേണ്ടി മാത്രം എന്ന് കരുതിയേടത്താണ് മനുഷ്യനിലെ തെറ്റായ ഫാസിസത്തിന്റെ തുടക്കം.

താൻ മാത്രമാണ് പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദുവും കഥാതന്തുവും എന്ന് തെറ്റായി കരുതിയേടത്തും,  ഭൂമിക്കു വേണ്ടി മാത്രമാണ് ഈ പ്രപഞ്ചം മുഴുവൻ എന്ന് തെറ്റായി പറഞ്ഞേടത്തും.

അങ്ങിനെ പറയിപ്പിച്ച, പഠിപ്പിക്കാൻ ശ്രമിച്ച  മതങ്ങൾ അത്തരം  ഫാസിസ്റ്റു സിദ്ധാന്തത്തിനു മനുഷ്യനിൽ  വിത്ത് പാകി തുടക്കം കുറിച്ചു. അധികാരിയും അതിക്രമിയുമായ ഫാസിസ്റ്റു വൈറസ് ആക്കി  മനുഷ്യനെ മാറ്റാൻ മതമങ്ങിനെ ആഹ്വാനം ചെയ്തു.

ജീവിതവും ആത്മാവും മരണാനന്തരവും മനുഷ്യന് മാത്രമാണെന്ന് പറഞ്ഞു കൊണ്ട് ആ ഫാസിസ്റ്റു ചിന്തക്ക്  മതം വേര് കൂട്ടി.

ദൈവവും ധാർമികതയും ശരിയും തെറ്റും ഒക്കെ  തങ്ങളുടേത്  മാത്രം തങ്ങളിലൂടെ മാത്രം എന്ന് പറഞ്ഞു കൊണ്ട് മതം വീണ്ടും ഫാസിസത്തിന് ഭാഷ കൊടുത്തു. മതം തന്നെ ഫാസിസത്തിന്റെ നേർ നടപടിക്രമമാവാൻ. അനുസരിക്കപ്പെടേണ്ട അനുധാവനം ചെയ്യപ്പെടേണ്ട  ഗ്രൻഥം ഒന്നേയൊന്ന്, അത് തങ്ങളുടേത്  മാത്രം എന്ന് പറഞ്ഞേടത്ത് അതിന് അടിവരയിട്ടുകൊണ്ട്.

സത്യം പറയാനും, ജീവിക്കേണ്ടത് എങ്ങിനെ എന്ന് പറയാനും ചില കാലത്തു മാത്രം അവതരിച്ച  ചില ഗ്രന്ഥവും പ്രവാചകനും മാത്രം തന്നെ വേണം എന്ന് പറഞ്ഞേടത്തു മതം സ്വയം ഫാസിസമാകുന്നതിന്റെ  വേരും ശാഖയും  പടർത്തുകയായിരുന്നു, വ്യാഖാനങ്ങൾ എഴുതുകയായിരുന്നു.

**************

ഫാസിസത്തിൽ തന്നെയാണ് ദിനേനയെന്നോണം എല്ലാവരും മുങ്ങിക്കുളിക്കുന്നത്.

ഓരോ കുടുംബത്തിനുമുണ്ട്, ഓരോ  കുടുംബ ഗോത്ര സംസ്കാരവും ആചാരവും അടിച്ചേല്പിക്കുന്നതിലുമുണ്ട്, ഫാസിസത്തിന്റെ നാരും ഞരമ്പും.

താനും തന്റെതും  മാത്രം ശരിയെന്നു വാശി പിടിക്കുന്ന ഓരോരുത്തനും ആവുന്നത് ഫാസിസ്റ്റു തന്നെയാണ്. അത് ഈയുള്ളവൻ ആയാലും.

സ്വന്തം കുഞ്ഞുങ്ങളിൽ മതം അടിച്ചേൽപ്പിക്കുന്ന, അവർക്കു അന്യവിശ്വാസങ്ങളെ നിഷേധിക്കുന്ന, അന്യവിശ്വാസങ്ങളുമായി അവർ ഇടപഴകുന്നതിനെ ഭയക്കുന്ന ഓരോ മാതാവും പിതാവും ഫാസിസത്തിന്റെ പുരോഹിതന്മാർ തന്നെയാണാവുന്നത്.

മാതൃത്വവും  പിതൃത്വവും  ഉടമാവകാശമാണെന്ന് ധരിച്ചു  വിശാസം അടിച്ചേൽപ്പിക്കാനുള്ള അധികാരമാക്കിയേടത്തുമുണ്ട് തെളിഞ്ഞു നിൽക്കുന്ന ഫാസിസം. സ്നേഹത്തിന്റെ പേരിലും, കൊടുക്കുന്ന ഭക്ഷണത്തിന്റെയും സംരക്ഷണത്തിന്റെയും കണക്കിലും അടിമകളാക്കി  കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചു തിരഞ്ഞെടുപ്പ് നഷ്ടപ്പെടുത്തുന്നവർ ഫാസിസ്റ്റുകൾ തന്നെയാണ്.

തങ്ങൾ മാത്രം ദൈവത്തിന്റെ മക്കൾ, തിരഞ്ഞെടുക്കപ്പെട്ടവർ സ്വര്ഗാവകാശികൾ എന്ന് ഉറപ്പിച്ചു കരുതിയ ജൂതർ ഫാസിസ്റ്റുകൾ അല്ലാതെ മറ്റാരുമായിരുന്നില്ല.

മുഹമ്മദ് മാത്രം പ്രവാചകൻ, മുഹമ്മദിന് ശേഷം സത്യം പറയുന്ന, ശരി പറയുന്ന അനുസരിക്കപ്പെടെണ്ടതും അനുധാവനം ചെയ്യപ്പെടേണ്ടതുമായ മറ്റൊരാൾ ഉണ്ടായിക്കൂടെന്നു പറയുന്ന  മുസ്ലിമും ആവുന്നത് ഫാസിസ്റ്റു തന്നെ. അധികാര കേന്ദ്രീകരണത്തിന്റെ മൂർത്ത ഫാസിസം.

എല്ലാറ്റിലൂടെയും  എല്ലാവരിലൂടെയും ദൈവം  സംസാരിക്കുന്നില്ല, പ്രവർത്തിക്കുന്നില്ല, പകരം യേശുവിലൂടെയും  മുഹമ്മദിലൂടെയും  മാത്രം, അവരുടെ കാലത്തു മാത്രം ദൈവം സംസാരിച്ചു, പ്രവർത്തിച്ചു എന്ന്  കരുതിയ  ഇസ്ലാം ക്രിസ്തു മത  വിശ്വാസ്സികളും  ആവുന്നത്  ഫാസിസ്റ്റുകൾ.

വിശ്വാസ വ്യത്യാസത്തിന്റെ പേരിൽ മാത്രം സത്കാരവും  കല്യാണവും  ആയൽവാസിക്കും  കുടുംബക്കാരനും  നിഷേധിക്കുന്നവനും ഏതൊരു മത രാഷ്ട്രീയ തീവ്രവാദിയും ഫാസിസ്റ്റു തന്നെ.

സാഹിത്യോത്സവം നടത്തി ജനാധിപത്യത്തിന്റെ പേര് പറഞ്ഞു  ഏതെങ്കിലും ഒരു കൂട്ടരേ മാത്രം ഫാസിസ്റ്റുകൾ എന്ന് മുദ്ര കുത്തി മാറ്റിനിർത്തുന്നവരും ഫാസിസ്റ്റുകൾ തന്നെ.

അന്യവിശ്വാസങ്ങളെയും അന്യരുടെ ആവശ്യങ്ങളെയും പരിഗണിക്കാതെ, നോമ്പ് കാലത്തു ഹോട്ടൽ അടച്ചിടുന്നവനും ഫാസിസ്റ്റു തന്നെ.

എല്ലാവരെയും  പർദ്ദ ധരിപ്പിക്കുന്ന, റംസാൻ മാസം ഹോട്ടൽ തുറക്കാൻ അനുവദിക്കാത്ത മുസ്ലിം  ഭരണകൂടങ്ങളും പ്രദേശങ്ങളും നടത്തുന്നത് ഫാസിസം തന്നെ.

നോയമ്പെടുക്കാത്തവന് സ്വന്തം വീട്ടിൽ ഭക്ഷണം കൊടുക്കാൻ വിസമ്മതിക്കുന്ന നിഷ്കളങ്കരെന്നു എല്ലാവരും ഒരുപോലെ  കരുതുന്ന   സാധാരണ മനുഷ്യരും വീട്ടുകാരും അവരറിയാതെ ആവുന്നത് ഫാസിസ്റ്റുകൾ തന്നെ.

ഹർത്താലുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഓരോ പാർട്ടിയും ദിനേനയും ഫാസിസം തന്നെയാണ് നടപ്പാക്കുന്നത്.

തങ്ങളുടെ മേഖലയിൽ മറ്റു പാർട്ടികളെയും ആശയങ്ങളെയും വളരാൻ അനുവദിക്കാത്തവരും അനുവർത്തിക്കുന്നത് ഫാസിസം.

ഫാസിസത്തിന്റെ കാര്യത്തിലും അത് ഭംഗിയായി നടപ്പാക്കുന്ന കാര്യത്തിലും ആരും പിറകിലല്ല. ആർക്കും പിറകിലാവാൻ പറ്റില്ല.

അതല്ലെന്നു ആരും ഭംഗിവാക്ക് പറയേണ്ട.

****************

അല്പമെങ്കിലും ഫാസിസം തീണ്ടാത്തതും ഫാസിസ്റ്റു ആവാൻ ഒരുനിലക്കും പറ്റാത്തതും   ഹൈന്ദവനും  ഭാരതീയനും മാത്രമാണ്.

അതിനാലാണ് ക്രിസ്ത്യൻ ചർച് കണ്ടാലും മുസ്ലിം പള്ളി കണ്ടാലും ഹൈന്ദവനും ഭാരതീയനും കൈ കൂപ്പിപ്പോകുന്നതും ഭണ്ടാരപ്പെട്ടിയിൽ പൈസ ഇടുന്നതും.

കാരണം, അവനു ശരിയും സത്യവും ദൈവവും എപ്പോഴും എങ്ങിനെയും ആണ്. തുടർന്ന് കൊണ്ടിരിക്കുന്നതാണ്.

അവൻ  സത്യത്തെയും ശരിയേയും  ദൈവത്തെയും ഏതെങ്കിലും  കാലത്തിലും  ഗ്രൻഥത്തിലും  വ്യക്തിയിലും മാത്രമായ് ഒതുക്കിയിട്ടില്ല, ചുരുക്കിയിട്ടില്ല.

എന്നിരുന്നാലും, അത്തരത്തിലുള്ള ഹൈന്ദവനും ഭാരതീയനും പോലും അത്തരം നിർമ്മലവും സുന്ദരവുമായ ഹൈന്ദവതയെയും ഭാരതീയതയെയും വീണ്ടും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നതിലും നടപ്പിലാക്കുന്നതിലും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിലും അവരറിയാതെ ഫാസിസ്റ്റുകൾ തന്നെ ആവും.

എന്ന് വെച്ച് അവർ മാത്രമല്ല ഫാസിസ്റ്റുകൾ.

ഒരു പക്ഷെ അവരാണ് ഏറ്റവും ചെറിയ ഫാസിസ്റ്റുകൾ.
അവർ ഫാസിസമെന്ന ഐസ്‌ബർഗിന്റെ മേലെ കാണുന്ന അറ്റം മാത്രമാണ്. ലക്ഷണം മാത്രം.

അവരിൽ വിശ്വാസപരമായ ഫാസിസം ഇല്ല.

ഉള്ളത് അവരുടെ  നൈര്മല്യത്തെ മുതലെടുത്തു കയറി വന്നവർ കുറെ കാലം അവരെ അംഗീകരിക്കാതിരുന്നതിലെയും  അടക്കി ഭരിച്ചതിലെയും പ്രതികാരപരമായ പ്രതികരണപരമായ ഫാസിസം ആണ്.

ഒന്ന് മാത്രം ശരി എന്ന് കരുതി ആശയപരമായും വിശാസപരമായും പരീക്ഷിക്കാനും അടിച്ചേല്പിക്കാനുമുള്ള ഫാസിസം അല്ല അവരുടേത്.

അവരിൽ ചാരിയും, മുഖം അമര്ത്തിയും മഹാഭൂരിപക്ഷം ഫാസിസ്റ്റുകളും രക്ഷപ്പെടുന്നത് അത്രയ്ക്ക് ശരിയല്ല.

കാരണം അത്തരക്കാരിലാണ്  ഫാസിസം  അതിന്റെ  വേരിറക്കിയിരിക്കുന്നത്, ശാഖ പടർത്തിയിരിക്കുന്നത്.


*************

No comments: