Monday, June 15, 2026

ഫുട്ബോൾ ലോകകപ്പും ഇന്ത്യയും രാജ്യസ്നേഹവും. ഒരു കുഞ്ഞുകുട്ടി ചോദിച്ചതാണ്: ആരെ സ്നേഹിക്കും, പിന്തുണക്കും?

ഫുട്ബോൾ ലോകകപ്പും ഇന്ത്യയും രാജ്യസ്നേഹവും.


ഒരു കുഞ്ഞുകുട്ടി ചോദിച്ചതാണ്: 


“രാജ്യസ്നേഹിയായ ഞാൻ ഈ ഫുട്ബോൾ ലോകപ്പിൽ ആരെ സ്നേഹിക്കും, പിന്തുണക്കും?”


“ഇന്ത്യയില്ലെങ്കിൽ പിന്നെ ആരെ?”


ഉത്തരം: “രാജ്യം എവിടെനിന്ന് തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്നറിയാത്തത് കൊണ്ടാണ് ഈ ചോദ്യം.


യഥാർത്ഥത്തിൽ രാജ്യം എവിടെയും തുടങ്ങുന്നു, പക്ഷേ രാജ്യം എവിടെയും അവസാനിക്കുന്നില്ല എന്നറിയാത്തത് കൊണ്ടാണ് ഈ ചോദ്യം”


രാജ്യം നിന്നിൽ തുടങ്ങുന്നു. 


രാജ്യം നീയാണ്, നീ കൂടിയാണ്. 


നീയില്ലെങ്കിൽ രാജ്യവുമില്ല.


രാജ്യം നിന്നെപ്പോലുള്ള ജനങ്ങളാണ്.


ജനങ്ങളില്ലെങ്കിൽ രാജ്യമില്ല. 


വെറും ഭൂമി രാജ്യമല്ല.


വെറും ഭൂമി ഭൂമി മാത്രമാണ്.


ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ രാജ്യത്തെ ഉണ്ടാക്കിയതാണ്. 


ജനങ്ങൾക്ക് വേണ്ട പരസ്പരം സംരക്ഷണ സഹകരണ പ്രസ്ഥാനം കൂടിയാണ് രാജ്യം.


രാജ്യത്തിന് വേണ്ടി ജനങ്ങളല്ല.


അതിനാൽ തന്നെ ഭൂമി പൂജയല്ല, രാജ്യ പൂജയല്ല നടക്കേണ്ടത്.


പകരം രാജ്യത്തെ ജനങ്ങളെ സ്നേഹിച്ച് പൂജിക്കലാണ് നടക്കേണ്ടത്.


പകരം രാജ്യത്തെ ജനങ്ങളെ സ്നേഹിച്ച് പൂജിക്കലാണ് രാജ്യ പൂജ.


രാജ്യത്തെ ജനങ്ങളെ സ്നേഹിക്കാത്ത, പരസ്പരം തമ്മിലടിപ്പിക്കുന്ന രാജ്യസ്നേഹം ഇല്ല. 


രാജ്യത്തെ ജനങ്ങളെ സ്നേഹിക്കാത്ത, പരസ്പരം തമ്മിലടിപ്പിക്കുന്ന രാജ്യസ്നേഹം ശുദ്ധ ദുരുദ്ദേശവും കാപട്യവും മാത്രമാണ്.


രാജ്യസ്നേഹം വെറും രാജ്യസ്നേഹമല്ല, രാജ്യത്തിന്റെ ഭൂമിയെ സ്നേഹിക്കുന്നതല്ല രാജ്യസ്നേഹം.


പകരം മനുഷ്യസ്നേഹം വലുതായി വികസിച്ചുണ്ടാവുന്ന രാജ്യസ്നേഹമാണ് ഉള്ളത്, ഉണ്ടാവേണ്ടത്.


അതുകൊണ്ട് തന്നെ, നീ ഏത് നിലക്കും ഏറ്റവും സ്നേഹിക്കുന്നതും പിന്തുണക്കുന്നതും നിന്നെ തന്നെ, നിന്റെ കാര്യങ്ങൾക്ക് വേണ്ടി തന്നെ എന്ന് വരും, വരണം.


നിന്നെ കഴിഞ്ഞാൽ പിന്നെ, നിന്റെ വീടിനായി , നിന്റെ കുടുംബത്തിനായി നിന്റെ സ്നേഹവും രാജ്യവും തുടങ്ങുന്നു, വളരുന്നു.


അഥവാ നിന്റെ വീടായി, കുടുംബമായി നിന്റെ സ്നേഹവും രാജ്യവും ചുരുങ്ങുന്നു, വികസിക്കുന്നു. 


അതിനാൽ തന്നെ നിനക്കെന്ന പോലെ, നിനക്കപ്പുറം നിന്റെ പിന്തുണ നിന്നിൽ നിന്നും വളർന്ന് നിന്റെ വീട്ടിനും കുടുംബത്തിനും ആയിത്തീരുന്നു.


കാര്യം അവിടെയും നിൽക്കുന്നില്ല.


നിന്റെ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും അയൽവാസികളിലൂടെ രാജ്യം പിന്നെയും വളരുന്നു.


നിന്റെ ഗ്രാമവും പഞ്ചായത്തുമായി പിന്നെ രാജ്യം വളരുന്നു, മാറുന്നു.


പിന്നീട് രാജ്യം നിന്റെ ജില്ലയാകുന്നു, സംസ്ഥാനമാകുന്നു.


പിന്നീട് നിന്റെ രാജ്യം അയൽ ജില്ലയും അയൽ സംസ്ഥാനവും കൂടിയാവുന്നു, കൂടിയതാവുന്നു.


ഇങ്ങനെ വളർന്നും തുടർന്നും പോയാൽ രാജ്യം അയൽരാജ്യവും ലോകവും തന്നെയായി മാറി വികസിക്കും.


നീയും നിന്റെ വീടും മത്സരത്തിനില്ലെങ്കിൽ:


നീ നിന്റെ അയൽവാസിയെയും ഗ്രാമത്തെയും പിന്തുണക്കും.


അയൽ ഗ്രാമത്തെയും പഞ്ചായത്തിനെയും അയൽ പഞ്ചായത്തിനെയും ജില്ലയെയും അയൽജില്ലയെയും നീ പിന്തുണക്കും.


അതുപോലെ തന്നെ, നിന്റെ രാജ്യം മത്സരത്തിനില്ലെങ്കിൽ: നിന്റെ അയൽരാജ്യത്തെയും നിന്റെ രാജ്യത്തെ ഉൾകൊള്ളുന്ന ഭൂഖണ്ഡത്തെയും ആ ഭൂഖണ്ഡത്തിലുള്ള മറ്റ് രാജ്യങ്ങളെയും എന്ന ക്രമത്തിൽ നിന്റെ സ്നേഹം, അഥവാ രാജ്യസ്നേഹം വളർന്ന് പോകും.


*********


ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യ ഇല്ല. 


ലോകകപ്പ് ഫുട്ബോളിന്റെ ഏഴയൽപക്കത്ത് ഇന്ത്യ ഇല്ല.


ഇന്ത്യ ലോകകപ്പിന്റെ ഏഴയൽപക്കത്ത് എത്താൻ അടുത്തൊന്നും സാധ്യതയുമില്ല.


ഫുട്ബോൾ ലോകകപ്പിന്റെ സംഖ്യാബലം നാൽപത്തിയെട്ടായി ഉയർത്തിയപ്പോൾ വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യമായ caracau (കുറസാവോ) വരെ ഈ ലോകപ്പിൽ പങ്കെടുക്കാനെത്തി.


കുറ്റം പറഞ്ഞുകൂടാ: നമ്മൾ കാര്യമായും ശക്തരാവുന്ന മേഖലയും കളിയും നമ്മളെ തന്നെ വെറുക്കാൻ പഠിപ്പിക്കുന്ന, നശിപ്പിക്കാൻ ശാഖാ ക്ലാസുകൾ നടത്തുന്ന കളികളിലാണ്, മേഖലയിലാണ്.


നമ്മൾ കാര്യമായും ശക്തരാവുന്ന മേഖലയും കളിയും സ്വന്തം നാട്ടുകാരെ വെറുക്കുന്നതിലും പിന്നിൽ നിന്ന് കുത്തിയും ചവിട്ടിയും രാജ്യദ്രോഹികളാക്കി മാറ്റുന്നതിലുമാണ്.


അതുകൊണ്ട് തന്നെ ലോകകപ്പുമായി ബന്ധപ്പെട്ട് ഉഗ്ര-തീവ്ര രാജ്യസ്നേഹം എങ്ങനെ നടപ്പാക്കണം എന്ന് നിനക്ക് മനസ്സിലാവില്ല. 


ഉഗ്ര-തീവ്രദേശീയ വികാരം മാത്രം എല്ലാ തെറ്റുകുറ്റങ്ങൾക്കും മറയാക്കുന്നവർ രാജ്യം ഭരിക്കുന്ന കാലമാണ്.


തീവ്ര-സങ്കുചിത ദേശീയതയെ പുകമറയാക്കുന്നവർ രാജ്യം ഭരിക്കുന്ന കാലത്തും ഇടത്തിലും ആണ് നമ്മളിപ്പോൾ ഉള്ളത്.


അതുകൊണ്ട് തന്നെ നിന്റെ ഈ ലോകകപ്പും ഇന്ത്യയും രാജ്യസ്നേഹവും എന്ന വിഷയവും ചോദ്യവും വല്ലാത്ത പ്രാധാന്യം അർഹിക്കുന്നു.


അമ്മ ഇല്ലാത്തത് കൊണ്ട് സംബന്ധ വകയിൽ അച്ഛനായ, അച്ഛൻ രാജ്യമായ ഇസ്രായേലിന് രാജ്യസ്നേഹം നൽകണമെന്ന് ഉഗ്ര-തീവ്രദേശീയവാദ ഗോമാതാക്കൾ പറയുമോ, ആവശ്യപ്പെടുമോ എന്നറിയില്ല.


ഇന്ത്യ കാര്യമായി കരുത്ത് കാണിക്കാത്ത, ചിലപ്പോൾ ഇന്ത്യക്ക് എത്താൻ സാധിക്കാത്ത ഒട്ടനവധി ലോക കായിക മാമാങ്കങ്ങളുണ്ട്, കളികളുണ്ട്.


അത്തരം മാമാങ്കങ്ങളും കളികളും നടക്കുന്ന സന്ദർഭങ്ങളിൽ നമ്മുടെ ഉള്ളിൽ തപിച്ചു പൊങ്ങിവരുന്ന രാജ്യസ്നേഹം എങ്ങനെ ആർക്ക് വേണ്ടി പ്രകടിപ്പിച്ച് തീർക്കണം എന്ന് നിനക്ക് മനസ്സിലാവില്ല.


കഴുതകളെ പോലെ കാമം കരഞ്ഞു തീർത്തുകൂടല്ലോ?


അങ്ങനെ കരഞ്ഞുതീർക്കേണ്ട കഴുതകളും നമുക്കായിക്കൂടല്ലോ?


അതിനാൽ തന്നെ അത്തരം മാമാങ്കങ്ങളും കളികളും നടക്കുന്ന സന്ദർഭങ്ങളിൽ:


രാജ്യസ്നേഹത്തെ എങ്ങനെ നിർവ്വചിക്കണം എന്നതറിയണം. 


എങ്ങനെ എവിടെ നിന്ന് രാജ്യസ്നേഹം ഉടലെടുത്ത് തുടങ്ങണം എന്നത് വ്യക്തമാകണം. 


രാജ്യസ്നേഹത്തെ എങ്ങിനെ ക്രമപ്രവൃദ്ധമായി വളർത്തി ലോകത്തെ തന്നെ, ലോകത്തെ എല്ലാവരെയും തന്നെ സ്നേഹിക്കുന്ന രാജ്യസ്നേഹികളായി നാം മാറണം.


ആരോഹണ അവരോഹണ ക്രമത്തിൽ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ചിന്തിച്ച് പഠിച്ച് അങ്ങനെയുള്ള രാജ്യസ്നേഹം നമുക്ക് മനസ്സിലാക്കാൻ സാധിക്കണം.


സ്വന്തം രാജ്യമില്ലെങ്കിൽ അയൽരാജ്യവും അയൽരാജ്യമില്ലെങ്കിൽ ഭൂഖണ്ഡത്തിലെ ഏത് രാജ്യവും എന്ന നിലക്ക് രാജ്യസ്നേഹം വളരണം.


*******


ഇത്രയും പറഞ്ഞത് രാജ്യസ്നേഹം വെച്ച് മാത്രമാണ്, തീവ്രസങ്കുചിത രാജ്യസ്നേഹം എന്നത് വെച്ച് മാത്രമാണ്.


തീവ്രസങ്കുചിത രാജ്യസ്നേഹം എന്നതിൽ കുരുങ്ങി ഒതുങ്ങി നിൽക്കേണ്ടതല്ല: 


കളിയോടുള്ള നിന്റെ ഇഷ്ടം, 


സത്യം സത്യമായി അംഗീകരിക്കാനുള്ള നിന്റെ ധൈര്യം, 


മനസ്സാക്ഷിയോട് നീതി പുലർത്തി ജീവിക്കാനുള്ള നിന്റെ അവകാശം.


കളവിനും ക്രൂരതകളും ആര് ചെയ്താലും എതിർത്തു തോല്പിക്കാനുള്ള നിന്റെ സ്വാതന്ത്ര്യം.


മനുഷ്യരെ മനുഷ്യരായി കാണാനുള്ള കഴിവ്.


ഭൂമിയിൽ നമ്മൾ തീർത്ത അതിർത്തികളല്ല ശരി തെറ്റുകളെ നിർണ്ണയിക്കുന്ന അതിർത്തി എന്ന സാമാന്യ യുക്തി.


രാജ്യാതിർത്തിക്കുള്ളിലെ കളവിനും ക്രൂരതകൾക്കും കൂട്ടുനിൽക്കലല്ല ആരോടും ഒന്നിനോടും ഉള്ള സ്നേഹം എന്ന നിന്റെ തന്നെ നിലപാട് ആവേണ്ടത്.


രാജ്യാതിർത്തിക്കപ്പുറമായതിനാൽ ശരിയെയും നീതിയെയും നിരാകാരീകരിക്കലല്ല ആരോടും ഒന്നിനോടും ഉള്ള സ്നേഹം എന്ന നിന്റെ തന്നെ നിലപാട് ആവേണ്ടത്.


ആരുടെ പക്ഷത്തായാലും ശരിയെ ശരിയായി അംഗീകരിക്കാൻ സാധിക്കണം.


ഏത് ദേശക്കാരന്റെ അർഹതയെയും അർഹതയായി പരിഗണിക്കാൻ സാധിക്കണം. 


എന്തിന്റെ പേരിലായാലും അനീതി ചെയ്യും വിധം ആരോടും വെറുപ്പ് സൂക്ഷിക്കാതിരിക്കാനുള്ള വിവേകം സൂക്ഷിക്കാൻ നിനക്ക് സാധിക്കണം.


ത്രാസിന്റെ സൂചി പോലെ നിന്റെ മനസ്സാക്ഷിയെ നിർത്താൻ നിന്റെ രാജ്യസ്നേഹം നിന്നെ സഹായിക്കണം.


നിന്റെ മനസ്സാക്ഷിയെ ത്രാസിന്റെ സൂചി പോലെ മധ്യത്തിൽ നിർത്തി എല്ലാറ്റിനും സാക്ഷിയായി, നിഷ്പക്ഷമായി നിന്ന് ശരിയുടെ പക്ഷവും തെറ്റിന്റെ പക്ഷവും താഴ്ന്നും ഉയർന്നും പോകുന്നത് കാണാനും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനും സാധിക്കണം.


No comments: