Wednesday, July 29, 2026

ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ നിയമം??? നിയമം നടപ്പാക്കേണ്ട ഭരണനേതൃത്വവും കോടതികളും ശരിയല്ല എന്നതല്ലേ യഥാർത്ഥ വിഷയം?

ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ നിയമം

കേട്ടപ്പോൾ ചിരിയാണ് വന്നത്.


ഇനിയങ്ങോട്ട് ചോദ്യപ്പേപ്പർ ചോർത്തുന്നവർ ചോർത്തുക നിയമത്തെ അറിയിച്ചും നിയമത്തോട് ചോദിച്ചും ആണല്ലോ


അല്ലെങ്കിലും, ഇതുവരെ ചോദ്യപേപ്പർ ചോർത്തിയവർ, മറ്റ് അക്രമങ്ങൾ ഇവിടെ താണ്ടിയവരും അത് ചെയ്തത് നിയമപരമായി അനുവദിക്കപ്പെട്ട വലിയൊരു പുണ്യം എന്ന നിലക്കാണല്ലോ?


നിയമങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ചോദ്യപ്പേപ്പർ ചോർത്തുന്നവർ പേടിക്കാത്തത് എന്നത് പോലുണ്ട് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ.


പക്ഷേ, ഈ നിയമങ്ങളെ ഒക്കെ കണ്ട് ചോദ്യപ്പേപ്പർ ചോർത്തുന്നവരും അക്രമങ്ങളായ ആക്രമങ്ങളൊക്കെ ചെയ്യുന്നവരും ചോദിക്കുന്ന ഒരു ചെറിയ ചോദ്യമുണ്ട്.


പൂച്ചക്ക് ആര് മണികെട്ടും


വേലി തന്നെ വിള തിന്നുമ്പോൾ എന്ത് നിയമം, എന്തിന് നിയമം, ആര് ആരെ ശിക്ഷിക്കാൻ നിയമം?


നിയമങ്ങൾ ഇല്ലാത്തതാണോ ഇവിടത്തെ വിഷയം?


അല്ല.


അധികാരം കൈകാര്യം ചെയ്യുന്ന കള്ളന്മാരെ സംബന്ധിച്ചേടത്തോളം ഉള്ള നിയമങ്ങൾ മുഴുവൻ കടലാസ് പുലികൾ മാത്രമാണ് എന്നതല്ലേ വിഷയം?


പുല്ല് തിന്നാത്ത എട്ടിലെ പശുക്കളാണ് അധികാരം കൈകാര്യം ചെയ്യുന്ന, ജനങ്ങളെ മുച്ചൂടും വഞ്ചിക്കുന്ന കള്ളന്മാരെ സംബന്ധിച്ചേടത്തോളം ഈ നിയമങ്ങളും കോടതികളും എന്നതല്ലേ ഇവിടത്തെ വിഷയം?


അതുകൊണ്ട് തന്നെ ചോദ്യപേപ്പർ ചേർന്നതും ചോർത്തിയതും മാത്രമാണോ തിരുത്തപ്പെടേണ്ട വിഷയം?


അല്ല.


നിയമം നടപ്പാക്കേണ്ട ഭരണനേതൃത്വവും കോടതികളും ശരിയല്ല എന്നതല്ലേ യഥാർത്ഥ വിഷയം?


ജനാധിപത്യത്തെയും ഭരണസംവിധാനത്തെയും അവയാക്കുന്ന വിത്തും വേരും ശരിയല്ല, അടിത്തറ ശരിയല്ല, അവയുടെ പ്രവർത്തന രീതി ശരിയല്ല എന്നതല്ലേ പ്രശ്നം?


രാജ്യമെന്ന വാഹനത്തിന് ടയറും ഗിയറും എഞ്ചിനും സ്റ്റീയറിംഗും ഒക്കെയുണ്ടെന്ന് എല്ലാവർക്കും അറിയാം. 


ടയറും ഗിയറും എഞ്ചിനും സ്റ്റീയറിംഗും ഒരു കുറേയധികം കൂട്ടിയത് കൊണ്ട് കാര്യമില്ലെന്നും എല്ലാവർക്കും അറിയാം.


പിന്നെ എന്താണിവിടത്തെ പ്രശ്നം?


രാജ്യമെന്ന വാഹനത്തെ ഓടിക്കുന്നവർ ശരിയല്ല, അവർ ഓടിക്കാൻ അറിയാത്തവരാണ്, ദിശാബോധം ഇല്ലാത്തവരാണ്, അവർ വാഹനത്തെ തന്നെ പൂർണമായും നശിപ്പിക്കുന്നവരും വാഹനത്തിലെ യാത്രികരെ മുഴുവൻ കഷ്ടപ്പെടുത്തുന്നവരും അപകടത്തിലാകുന്നവരുമാണ് എന്നതാണ് പ്രശ്നം.


ആ പ്രശ്നം പരിഹരിക്കാൻ വൻവൃക്ഷത്തിന്റെ ശാഖകളിലും ഇലകളിലും വെള്ളമൊഴിക്കും പോലെ കുറെ തട്ടിക്കൂട്ട് കളിപ്പാട്ട നിയമങ്ങൾ ഉണ്ടായത് കൊണ്ടും ഉണ്ടാക്കുന്നത് കൊണ്ടും എന്ത് കാര്യം?


ജനങ്ങളെ പറഞ്ഞുപറ്റിക്കാം.


ഭരണപക്ഷ തികെമ്മാടിക്കൂട്ടങ്ങളെ ചോദ്യം ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കാൻ മാത്രം ഉപയോഗപ്പെടുത്താം.


കള്ളൻമാരാണ്, കൊടുംക്രൂരന്മാരാണ്, കുറുക്കന്മാരും ചെന്നായ്ക്കളുമാണ് രാജ്യമെന്ന കോഴിക്കൂടിന് കാവൽ എന്നതാണ് ഇവിടത്തെ യഥാർത്ഥ പ്രശ്നം.


കള്ളന്മാരായ,  കുറുക്കന്മാരും ചെന്നായ്ക്കളുമായ കാവൽക്കാർ ഉള്ളിടത്തോളം എത്ര വലിയ പൂട്ടുംനിയമവും ഉണ്ടായിട്ട് കാര്യമില്ല.


ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതിയും വരെ വിലക്ക് വാങ്ങപ്പെട്ട നാട്ടിൽ പുതിയ പുതിയ കുറെനിയമങ്ങൾ എന്ത് ചെയ്യാൻ, എന്തിന് ഉപയോഗപ്പെടാൻ?


സമയ നഷ്ടം, സമ്പത്തിക നഷ്ടം.


ഒപ്പം ഈ നിയമങ്ങൾ തന്നെ അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും പുതിയ കുറെ വ്യത്യസ്ത വഴികൾ ഉണ്ടാക്കിക്കൊടുക്കും എന്നത് മാത്രം.


ഇത്തരം നിയമങ്ങൾ കുറെയുണ്ട് നമ്മുടെ നാട്ടിൽ, നമ്മുടെ ഏടുകളിൽ.


ആളുകൾ (നിയമങ്ങൾ) അധികമായിട്ട് പാമ്പ് ചാവാത്ത പ്രശ്നമാണ് ഇവിടത്തെ പ്രശ്നം. 


പാമ്പിനെ ഉദ്ദേശിച്ച് കൊടുക്കുന്ന അടി മുഴുവൻ കിട്ടുന്നത് ആളുകൾക്ക് തന്നെയാണ് (നിയമങ്ങൾക്ക് തന്നെയാണ്).


അതിനാൽ ഇവിടെയുള്ളത് വെറുതെ തൊലിപ്പുറത്ത് അലങ്കാരമായി കിടക്കുന്ന നിയമങ്ങൾ. 


ഏറിയാൽ പാവങ്ങളായ സാധാരണക്കാരനെ നടപടി ക്രമങ്ങളിൽ കുരുക്കി ചിലവ് കൂട്ടി വലയ്ക്കുന്ന കടലാസ് നിയമങ്ങൾ. 


സമ്പന്നനും അധികാരത്തിലിരിക്കുന്നവനും നടപ്പാക്കിയെടുക്കാനാവുന്ന ചിലവ് പിടിച്ച നിയമങ്ങൾ.


അതുകൊണ്ട് തന്നെ അധികാരക്കസേരകളിൽ എന്നുമെന്ന പോലെ കൊടുംക്രൂര ഫാസിസ്റ്റ്അഴിമതികളും തിരിമറികളും നടന്നുകൊണ്ടിരിക്കും.


ചിതലുകളും കൃമികളും ഈ രാജ്യത്തിന്റെ സംരക്ഷകരായി തുടരും, വളരും.

No comments: