Wednesday, May 20, 2026

ഗിഫ്റ്റ് നൽകൽ ഒരു കാട്ടിക്കൂട്ടലവരുത്. നാം നൽകുന്ന ഗിഫ്റ്റുകൾ ഫലത്തിൽ ഇരുതല മൂർച്ചയുള്ള വാൾ പോലെ ആവും.


ഗിഫ്റ്റ് നൽകുന്നതിനെ കുറിച്ച്.


“നിങ്ങൾക്ക് ഏറ്റം ഇഷ്ടപ്പെടുന്നത് നൽകാത്തിടത്തോളം (ചിലവഴിക്കാത്തിടത്തോളം) നിങ്ങൾ പുണ്യം നേടില്ല“ (ഖുർആൻ)


ഗിഫ്റ്റ് നൽകാൻ മാത്രം ഈയുള്ളവൻ ഇനിയും മാനസികമായി വളർന്നിട്ടില്ലെന്ന തിരിച്ചടിവോടെ.


അതുകൊണ്ട് തന്നെ, ഭാര്യയുമായി പോലും പറഞ്ഞെത്താൻ സാധിക്കാത്ത, പലപ്പോഴും പരസ്പരം വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വരുന്ന വിഷയം.

ഗിഫ്റ്റ് കൊടുക്കാൻ ആരെങ്കലും ആരെയെങ്കിലും നിർബന്ധിക്കുമോ?


ഇല്ല.


എന്നിരിക്കെ, എന്തിന് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാനും അങ്ങനെ എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തും വിഷമിക്കണം, വിഷമിപ്പിക്കണം?


നിർബന്ധമില്ലാത്തത് ചെയ്യുമ്പോൾ, ശരിക്കും ശരിയായും ഭംഗിയായും ചെയ്യാനാവുമെങ്കിൽ, അങ്ങനെ ചെയ്യാനാവുന്നത്ര മനസ്സ് വളരുകയും പാകപ്പെടുകയും ചെയ്തെങ്കിൽ മാത്രമല്ലേ ചെയ്യേണ്ടതുള്ളൂ?


പൈസയുള്ളവരായിട്ടും കൊടുക്കുന്ന ഗിഫ്റ്റിന്റെ വില നിങ്ങൾക്ക് പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ യഥാർത്ഥത്തിൽ വിഷയം പൈസ ഇല്ലാത്തതല്ല, പകരം മറ്റൊന്നാണ്. 


നിങ്ങൾ ആർക്കാണോ ഗിഫ്റ്റ് കൊടുക്കുന്നത് അവരെ ഉള്ളിന്റെയുള്ളിൽ ബഹുമാനിക്കുന്നില്ല എന്നാണർത്ഥം. 


അല്ലെങ്കിൽ, ഗിഫ്റ്റ് നൽകാൻ മാത്രം മാനസികമായും സാമ്പത്തികമായും നിങ്ങൾ വളർന്നിട്ടില്ല, പാകപ്പെട്ടിട്ടില്ല.


ബാക്കിയുള്ളത് വെറും ഘോഷ്ടിയും വരുത്തിത്തീർക്കലും മാത്രം.


ഗിഫ്റ്റ് ബഹുമാനം കൂടിയാണെങ്കിലേ വില വിഷയമല്ലാതാവൂ.


ഗിഫ്റ്റ് ബഹുമാനം കൊണ്ട് കൂടിയാണെങ്കിലേ നൽകേണ്ടതുള്ളൂ, അല്ലെങ്കിൽ നൽകുന്നത് സഹായം പോലെയും ഭിക്ഷ പോലെയുമാണ്.


അയാൾ സഹായവും ഭിക്ഷയും ചോദിക്കുന്നില്ല എന്നിരിക്കെ അയാളെ നിങ്ങളുടെ ഭിക്ഷയോ സഹായമോ വാങ്ങുന്നവനായി നിങ്ങൾ തരംതാഴ്ത്തരുത്. 


ശരിയാണ്, കൊക്കിന് ഒതുങ്ങതേ കൊത്തേണ്ടതുള്ളൂ. 


ജീവിതത്തിൽ എന്നേക്കും ഉടനീളം വേണ്ട കൊക്ക് ഒരൊറ്റ കൊത്തിന് മുറിഞ്ഞുപോകരുത്.


എന്നത് കൊണ്ട് തന്നെ സാമ്പത്തികമായി സാധിക്കാതെ ഗിഫ്റ്റ് കൊടുക്കുന്ന അഭിനയത്തെ കുറിച്ച് ചിന്തിക്കരുത്. കൊക്ക് മുറിഞ്ഞുപോകും.


ഊക്കറിഞ്ഞ് എറിഞ്ഞില്ലെങ്കിൽ പിന്നൊരിക്കലും എറിയാനാവാത്ത വിധം എന്നെന്നേകുമായി ഉളുക്കിപ്പോകും.


എന്നുവെച്ചാൽ ആവുന്നത്ര, അതും ഭംഗിയായി ചെയ്യാനാവുമെങ്കിൽ മാത്രമേ ചെയ്യേണ്ടതുള്ളൂ എന്നർത്ഥം.


സംഭവിക്കാവുന്നതിലും സംഭവിപ്പിക്കാവുന്നതിലും ഏറ്റവും സുന്ദരമായ സംഗതി: അതാണ് ഗിഫ്റ്റ്, അതാണ് ഗിഫ്റ്റ് നൽകൽ, അതാണ് ഗിഫ്റ്റ് ലഭിക്കൽ.


എന്തിന് ഏറ്റവും സുന്ദരമായ ആ ഒന്നിനെ നാം സാധിക്കാതെ ചെയ്ത് മനംമടുപ്പിച്ച് ഏറ്റവും വികൃതമായതാക്കണം?


എന്തിന് എന്തെങ്കിലും ഗിഫ്റ്റ് നൽകി നാം സ്വയം കൊച്ചാവണം, സ്വീകരിക്കുന്നവരെ കൊച്ചാക്കി വിഷമിപ്പിക്കണം?


എന്ത് വേണ്ടാത്തതും ഇട്ടുകൊടുക്കേണ്ട, എറിഞ്ഞുകൊടുക്കേണ്ട വേസ്റ്റ് കൊട്ടയല്ല നാം നൽകുന്നത് കൊണ്ട് മാത്രം നമ്മിൽ നിന്ന് ഗിഫ്റ്റ് സ്വീകരിക്കാൻ നിർബന്ധിതനാവുന്നവർ എന്ന് മനസ്സിലാക്കണം.


നാം നൽകുന്ന ഗിഫ്റ്റുകൾ ഫലത്തിൽ ഇരുതല മൂർച്ചയുള്ള വാൾ പോലെ ആണാവുന്നത്.


ഗിഫ്റ്റ് നൽകുന്ന നമുക്ക് ചിലവിന് ചിലവ്. 


എന്നാൽ നമ്മിൽ നിന്നും ഗിഫ്റ്റ് സ്വീകരിക്കുന്നവർക്ക് ഉപകാരത്തിന് ഉപകാരമില്ലാതെ.


നൽകുന്നുവെങ്കിൽ നിങ്ങളുടെ ശരിക്കുമുള്ള ഇഷ്ടപ്രകാരം, അഭിനയിച്ച് ചെയ്യേണ്ടിവരുന്നത് കൊണ്ടല്ലാതെ, ശരിക്കും കഴിവുണ്ടെങ്കിൽ മാത്രം ഗിഫ്റ്റ് നൽകണം. 


മൂക്കാതെ ഞെക്കിപ്പഴുപ്പിച്ച് നൽകേണ്ട ഒന്നല്ല ഗിഫ്റ്റ്.


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നത് മാത്രമാണ് ഗിഫ്റ്റ്. 


അങ്ങനെ ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നത് മാത്രമേ രുചിയും മധുരവും ഉള്ളതാവൂ. 


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നതിൽ മാത്രമേ സ്വയം ഇരട്ടിപ്പിക്കുന്ന, പിന്നീട് മുളയ്ക്കുന്ന വിത്ത് ഉണ്ടാവൂ.


ശരിക്കും മൂത്ത് പഴുത്ത് നൽകപ്പെടുന്നത് മാത്രമേ മുളക്കുന്നതാവൂ, ഇരട്ടിക്കുന്നതും വളരുന്നതും ആവൂ.


ബഹുമാനവും ആദരവും ഇഷ്ടവും അണപൊട്ടിയൊഴുകി വരുംപോലെയായിരിക്കണം ഗിഫ്റ്റ്. 


ഒരുതരം കവിഞ്ഞൊഴുക്ക് പോലെ ഗിഫ്റ്റ് നൽകൽ, ഗിഫ്റ്റ് ലഭിക്കൽ.


കവിഞ്ഞൊഴുക്കിൽ അഭിനയമില്ല.


കവിഞ്ഞൊഴുകുന്നതല്ലെങ്കിൽ ഗിഫ്റ്റ് സംഭവിക്കരുത്.


പാത്രത്തിൽ കൃത്രിമമായി ഓട്ടവെച്ച് ഉണ്ടാക്കി സംഭവിപ്പിക്കുന്ന ഗിഫ്റ്റ് ഗിഫ്റ്റല്ല. 


അത് നിങ്ങളാകുന്ന പാത്രത്തെ നശിപ്പിച്ചുകളയുന്നതാണ്.


ശരിക്കും ബഹുമാനവും ആദരവും ഇഷ്ടവും കവിഞ്ഞൊഴുകുമ്പോൾ, ഉള്ളിന്റെയുള്ളിൽ നിന്ന് വരെ നിറഞ്ഞുകവിഞ്ഞ് അണപൊട്ടിയൊഴുകിയാവുമ്പോൾ, ചടങ്ങ് പോലെയല്ലാതെ ഗിഫ്റ്റ് സംഭവിക്കും. 


അങ്ങനെ അണപൊട്ടി ഒഴുകി ഗിഫ്റ്റ് നൽകുന്നതിലെ ചിലവും വിലയും പിന്നെ നിങ്ങൾക്ക് വിഷയമാകില്ല, ഭാരമാകില്ല. 


ഇഷ്ടപ്രകാരം കൊടുക്കുന്നതാണെങ്കിൽ, വെറുമൊരു ബാധ്യത പോലെ എന്തെങ്കിലും ആവാതെ, വെറും കാട്ടിക്കൂട്ടലാക്കാതെ, ആവുന്നത്ര നല്ലതും ഇഷ്ടപ്പെട്ടതും തന്നെ നാം നൽകും.


ശരിക്കും ഇഷ്ടപ്പെട്ടല്ല, മൂത്ത് പഴുത്തല്ല, കവിഞ്ഞൊഴുകിയല്ല നൽകുന്നതെങ്കിൽ, വെറും വേഷംകെട്ടായി ഗിഫ്റ്റ് കൊടുക്കാതിരിക്കുക. 


കാരണം,എപ്പോഴെങ്കിലും മൂത്ത് പഴുത്ത് നൽകുന്നതിന്റെ, കവിഞ്ഞൊഴുകുന്നതിന്റെ സാധ്യതയും ഞെക്കിപ്പഴുപ്പിച്ച്, അല്ലെങ്കിൽ ഓട്ടവെച്ച് നൽകുന്നതോടെ എന്നെന്നേക്കുമായി ഇല്ലാതാവും. 


എന്നുവെച്ചാൽ, ഗിഫ്റ്റ് നൽകുന്നത് വേഷംകെട്ടായല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളെ തന്നെയും ഒപ്പം ആ ഗിഫ്റ്റ് സ്വീകരിക്കുന്നവരെയും രക്ഷപ്പെടുത്താം.  


അല്ലെങ്കിൽ നിങ്ങൾ നിങ്ങളെ തന്നെയും ഒപ്പം ആ ഗിഫ്റ്റ് സ്വീകരിക്കുന്നവരെയും കഷ്ടപ്പെടുത്തും, വേദനിപ്പിക്കും, നശിപ്പിക്കും.


നിങ്ങൾക്ക് വെറും വെറുതേ ചിലവാകും, പക്ഷേ ആ ഗിഫ്റ്റ് സ്വീകരിക്കുന്നവർക്ക് ഒരുനിലക്കും ഉപകരിക്കയില്ല എന്നാവും. 


നിങ്ങളും വേദനിക്കും അവരും വേദനിക്കും.


ഫോർമാലിറ്റിയുടെ ഭാഗമായി അഭിനയിച്ചു വെറും വെറുതേ ഗിഫ്റ്റ് നൽകുന്നതിന്റെ വേദനയാണത്.


ഫോർമാലിറ്റിയിൽ, അറിയാമല്ലോ, എത്രയെല്ലാം ഉണ്ടെന്ന് വരുത്തിയാലും, ആത്മാർത്ഥതയും ആത്മാവും (spirit) ഇല്ല, ഉണ്ടാവില്ല. 


ഫോർമാലിറ്റി വെറും രൂപത്തിൽ (formൽ) മാത്രം. 


ഫോർമാലിറ്റി ആത്മാവില്ലാതെ. 


ഫോർമാലിറ്റി ബലൂൺ പോലെ ഊതി വീർപ്പിച്ച് വലുതായി കാണപ്പെടുന്നത്.


ഫോർമാലിറ്റി മുള്ളും വെയിലും പോലുള്ള യാഥാർത്ഥ്യത്തിന് മുന്നിൽ പൊട്ടിത്തകരുന്നത്. 


എന്നിരിക്കെ ഫോർമാലിറ്റിക്ക് വേണ്ടി എന്തോ കൊടുത്ത് നിങ്ങൾ വിഷമിക്കുന്നു, സ്വീകരിക്കുന്നവരെ എന്തോ വാങ്ങിപ്പിച്ച് വിഷമിപ്പിക്കുന്നു എന്നാവും ഫലം.


ബാധ്യതയായ വെറും കാട്ടിക്കൂട്ടൽ പോലെയുള്ള ഇത്തരം ഗിഫ്റ്റുകൾ പരസ്പരം ബാധ്യതയും വേദനയും ഭാരവും കൂട്ടുന്ന ഇരുതല മൂർച്ചയുള്ള വാൾ ആകുന്നത് അങ്ങനെയാണ്.


********


ഗിഫ്റ്റ് കൊടുക്കുന്നുവെങ്കിൽ ആവുന്നത്ര നല്ലത് കൊടുക്കുക. 


അല്ലെങ്കിൽ ഗിഫ്റ്റ് കൊടുക്കാതിരിക്കുക.


എന്തെങ്കിലും കൊടുത്ത് ആ ഗിഫ്റ്റ് സ്വീകരിക്കുന്നവരെ മോശക്കാരാക്കാതിരിക്കുക, പരിഹസിക്കാതിരിക്കുക. 


ഗിഫ്റ്റ് : നിങ്ങൾ നൽകുന്ന ഓശാരമല്ല, ഓശാരമാവരുത്. 


നിങ്ങളിൽ നിന്ന് ഗിഫ്റ്റ് സ്വീകരിക്കുന്നവർ ഭിക്ഷയോ ഓശാരമോ ആവശ്യപ്പെട്ടിട്ടില്ല. 


അതുകൊണ്ട് തന്നെ ഗിഫ്റ്റ് സ്വീകരിക്കുന്നവർ ഭിക്ഷയോ ഓശാരമോ വാങ്ങുന്നവരുമാവരുത്.


ഗിഫ്റ്റ് സ്വീകരിക്കേണ്ടിവരുന്നവനെ വെറും ഭിക്ഷ വാങ്ങുന്നവനെ പോലെ നിങ്ങൾ കണക്കാക്കുന്നുവെങ്കിൽ ഗിഫ്റ്റ് കൊടുക്കാതിരിക്കുക.


ഭിക്ഷയും ദാനവും നൽകുമ്പോൾ പോലും സാധിക്കുന്നത്ര ഏറ്റവും നല്ലത് കൊടുക്കുക എന്നതാണ് ഖുറാനിക/ഇസ്ലാമിക വീക്ഷണം.


നിങ്ങളുടെയടുക്കലുള്ള ഏറ്റവും മോശമായത് ഒഴിവാക്കാൻ വേണ്ടി എന്തെങ്കിലും നൽകുന്നതല്ല ഭിക്ഷ നൽകൽ, ദാനധർമ്മം നടത്തൽ.


“നിങ്ങൾക്ക് ഏറ്റം ഇഷ്ടപ്പെടുന്നത് നൽകാത്തിടത്തോളം (ചിലവഴിക്കാത്തിടത്തോളം) നിങ്ങൾ പുണ്യം നേടില്ല“ (ഖുർആൻ)


“നിങ്ങൾക്ക് വേണ്ടി നിങ്ങൾ ഇഷ്ടപ്പെടുന്നത് (തെരഞ്ഞെടുക്കുന്നത് ) നിങ്ങളുടെ സഹോദരന് വേണ്ടി കൂടി ഇഷ്ടപ്പെടാത്തിടത്തോളം (തെരഞ്ഞെടുക്കാത്തിടത്തോളം) നിങ്ങൾ വിശ്വാസിയാവില്ല” (ഹദീസ്) 


നൽകുന്നുവെന്ന് നിങ്ങൾ ധരിക്കുന്ന ഭിക്ഷ ഔദാര്യമല്ല.


ഭിക്ഷയും ദാനവും ചോദിച്ചുവരുന്നവരുടെ അവകാശമാണ് എന്നതാണ് ഇസ്ലാമിക/ ഖുറാനിക ഭാഷ്യം.


“അവരുടെ സ്വത്തിൽ ചോദിച്ചുവരുന്നവർക്കും അവസരം നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ട്.”(ഖുർആൻ)


നിങ്ങൾ ഗിഫ്റ്റ് /ദാനം കൊടുക്കണം എന്ന് ആരും പറയുന്നില്ല, നിർബന്ധിക്കുന്നില്ല. 


പക്ഷേ, നൽകുന്നുവെങ്കിൽ ആവുന്നത്ര ഏറ്റവും നല്ലത് നൽകുക. അല്ലെങ്കിൽ നൽകാതിരിക്കുക. നിങ്ങൾക്കും അവർക്കും നല്ലത് അതാണ്.


ഗിഫ്റ്റ്: കൊടുക്കുന്നവന് വലിയ ചിലവ്. 


ഗിഫ്റ്റ് : പലപ്പോഴും കിട്ടുന്നവന് ആ ചിലവിന് തുല്യമായ ഉപകാരമില്ലാതെ.


നല്ലത്, നന്നായി കൊടുക്കാനാവുന്നില്ലെങ്കിൽ കൊടുക്കാതിരിക്കുക.


ഗിഫ്റ്റ് കൊടുത്തില്ലേൽ നിങ്ങളെ ആരും കൊടുക്കാത്തതിന്റെ പേരിൽ കുറ്റം പറയില്ല.


എന്നിരിക്കെ സാധിക്കാത്ത, വേണ്ടാത്ത ഗിഫ്റ്റ് നൽകി നിങ്ങൾ വേദനിക്കുന്നത് എന്തിനാണ്?


എന്നിരിക്കെ മോശമായ എന്തോ ഗിഫ്റ്റ് നൽകി നിങ്ങൾ സ്വയം കുറ്റപ്പെടുത്തൽ ചോദിച്ചുവാങ്ങുന്നത് എന്തിനാണ്? 


എന്തെങ്കിലും കൊടുത്ത്, എന്തോ മോശമായത് കൊടുത്ത ആളെന്ന നിലക്ക് നിങ്ങൾ മോശമാകുന്നത് എന്തിനാണ്?


നിങ്ങൾ ആർക്കാണോ ഗിഫ്റ്റ് കൊടുക്കുന്നത് അയാളെയും എന്തിനാണ് നിങ്ങൾ മോശക്കാരനാക്കുന്നത്?


ഗിഫ്റ്റ് കൊടുക്കുന്നത് സഹായമായല്ല; പകരം സ്നേഹവും ബഹുമാനവും ആദരവും കാണിക്കാനാണ്. 


ബഹുമാനത്തിന്റെ വലുപ്പവും സൗന്ദര്യവും ഗിഫ്റ്റിൽ ഇല്ലെങ്കിൽ ഗിഫ്റ്റ് കൊടുക്കാതിരിക്കുക.


സ്വയം മനസ്സ് വിഷമിച്ചു കൊണ്ട് എന്തോ വലിച്ചെറിഞ്ഞുകൊടുക്കുന്നതല്ല ഗിഫ്റ്റ്. 


സഹായം പോലെ നൽകുന്നതല്ല ഗിഫ്റ്റ്. 


സഹായം ആവശ്യത്തിനനുസരിച്ച് നൽകുന്നതാണ്.


ഗിഫ്റ്റ് അലങ്കാരമായി നൽകുന്നതാണ്.


ആനന്ദിച്ചും ആസ്വദിച്ചും കൊടുക്കുന്നതാണ് ഗിഫ്റ്റ്.


ആനന്ദിച്ചും ആസ്വദിച്ചും കൊടുക്കാനാവുന്നുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഗിഫ്റ്റ് ന്നൽകേണ്ടതുള്ളൂ.


ഗിഫ്റ്റ് സ്വീകരിക്കുന്നവനെയും ആനന്ദിപ്പിക്കുന്നത് മാത്രമേ ഗിഫ്റ്റാവൂ.


സ്നേഹവും ബഹുമാനവും ആദരവും കാണിക്കാനായി കൊടുക്കുന്നത് നിങ്ങൾക്ക് സാധിക്കുന്നതിൽ ഏറ്റവും മെച്ചപ്പെട്ടത് നൽകിക്കൊണ്ടായിരിക്കണം. 


ഏറ്റവും മെച്ചപ്പെട്ടതല്ലെങ്കിൽ സാമാന്യം നല്ലത് നൽകിയായിരിക്കണം.


എന്തിനാണ് എന്തെങ്കിലും നൽകി നിങ്ങൾ വെറുതെ ചാക്കിലെ പൂച്ചയെ പിടികൊടുക്കുന്നത്?


“നിങ്ങൾ പുണ്യം നേടില്ല, നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് ചിലവഴിക്കും വരെ “ ( ഖുർആൻ)


“നിങ്ങളിലാരും വിശ്വാസികളല്ല : തനിക്ക് ഇഷ്ടപ്പെട്ടത് തന്റെ സഹോദന് വേണ്ടി ഇഷ്ടപ്പെടാത്തിടത്തോളം” (ഹദീസ്)


ഗിഫ്റ്റ് പോട്ടെ സഹായദാനം കൊടുക്കുമ്പോൾ പോലും 


ഗിഫ്റ്റ് നൽകുന്നത് ഒരു ഡ്യൂട്ടി അല്ല.


അതുകൊണ്ട് തന്നെ ഗിഫ്റ്റ് ഒരു ഡ്യൂട്ടി പോലെ നൽകരുത്.


ഗിഫ്റ്റ് നൽകുക ഒരു കാട്ടിക്കൂട്ടലല്ല. 


അതുകൊണ്ട് തന്നെ ഗിഫ്റ്റ് ഒരു കാട്ടിക്കൂട്ടൽ പോലെ നടത്തരുത്.


നൽകുന്നവനും വാങ്ങുന്നവനും ഒരുപോലെ ബാദ്ധ്യതയും നഷ്ടവും ആകുന്നത് പോലെ ചെയ്യേണ്ടതല്ല ഗിഫ്റ്റ്.


ഗിഫ്റ്റ് കൊടുക്കണമെന്നില്ല. 


പക്ഷേ ബാദ്ധ്യത പോലെ കൊടുത്ത് മനസ്സ് മോശമാകരുത്, എന്തെങ്കിലും കൊടുത്ത് ഗിഫ്റ്റ് സ്വീകരിക്കുന്നവന്റെ മനസ്സ് മോശമാക്കരുത്.

No comments: