Tuesday, April 28, 2026

വിത്ത് ഒരു ചുരുക്കെഴുത്താണ്. വലുതാവാൻ വിത്ത് മണ്ണും വെള്ളവും വെളിച്ചവും കാത്തുനിൽക്കുന്ന ചുരുക്കെഴുത്ത്.

ചുരുക്കി എഴുതിക്കൂടേ?

ചോദിച്ചത് നല്ല സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും  ആയ (Fazal Kareem, Shuaib Kackot Puthan Purayil) എന്നിവരാണ്.

ഉത്തരം:  

ചുരുക്കി എഴുതേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ ഏറെ എഴുതുന്നുണ്ടല്ലോ?

വിത്ത് വിത്ത് പോലെ തന്നെയുണ്ടാവും. ചെറുതായി. 

വിത്ത് ഒരു ചുരുക്കെഴുത്താണ്. 

വലുതാവാൻ കൊതിച്ച് നിൽക്കുന്ന ചുരുക്കെഴുത്ത്.

വലുതാവാൻ മണ്ണും വെള്ളവും വെളിച്ചവും കാത്തുനിൽക്കുന്ന ചുരുക്കെഴുത്ത്.

പക്ഷേ, വൃക്ഷവും തോട്ടവും വിത്ത് പോലെ ചെറുതായി തന്നെ ഇരിക്കണം എന്ന് ശഠിക്കാൻ പറ്റുമോ? 

മണ്ണിൽ വീണ്, വെള്ളവും വെളിച്ചവും വായുവും കൊണ്ട് വിത്ത് മുളച്ച് വലുതാവുന്നത് എപ്പോഴും വിത്ത് പോലെ തന്നെ ചെറുതായിരിക്കാനല്ലല്ലോ?

വിത്ത് മിനിമം സാധ്യത മാത്രമാണ്. വിത്തിൽ ഒളിഞ്ഞുകിടക്കുന്ന മാക്സിമം ഉണ്ട്.

വിത്തിന്റെ മാക്സിമം സാദ്ധ്യത വിത്തിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന വൃക്ഷവും തോട്ടവും വലിയ പ്രപഞ്ചവും ആണ്.

വിത്തിന്റെ വിശദീകരണമാണ് വൃക്ഷവും അതിലെ നൂറായിരം വിത്തുകളും തോട്ടവും മഹാപ്രപഞ്ചവും.

നമുക്ക് ക്ഷമയില്ല എന്നത് കൊണ്ട് കാടും മലയും പുഴയും കടലും ആകാശവും ഖുർആനും ബൈബിളും ഗീതയും ദാസ് കാപ്പിറ്റലും പുരാണങ്ങളും ഒക്കെ ചെറുത് തന്നെ ആയിരിക്കണം എന്ന് നിർബന്ധിക്കാമോ?

ഓരോ നിമിഷവും ചെറുതാണ്. 

എന്നുവെച്ച് ഒരു ജീവിതത്തെ മുഴുവൻ വെറുമൊരു നിമിഷമാക്കി ചെറുതാക്കാൻ ആവശ്യപ്പെടാമോ?

ഓരോ കോശവും അണുവും ചെറുതാണ്. 

വേണമെങ്കിൽ അണുവിനും കോശത്തിനും ഉള്ളിൽ വലിയ പ്രപഞ്ചം ഉണ്ടെന്നും പറയാം. 

എന്നുവെച്ച് നൂറായിരം കോശങ്ങളും അണുക്കളും അടങ്ങിയ വലിയ ശരീരവും ലോകവും ഇല്ലെന്നും വേണ്ടെന്നും കോശവും അണുവും പോലെ ചെറുതായിരിക്കണമെന്നും വെക്കാൻ സാധിക്കുമോ?

വരുന്നത് പോലെയല്ലേ, അതാത് വിഷയം ആവശ്യപ്പെടുന്നത് പോലെയല്ലേ, സ്വാഭാവികമായി സംഭവിക്കുന്നത് പോലെയല്ലേ വേണ്ടത്?

അല്ലാതെ “ഇങ്ങനെ വേണം” “അങ്ങനെ വേണം” എന്ന് മുൻകൂട്ടി നിശ്ചയിക്കുന്നത് പോലെയാണോ, പ്ലാന്റേഷൻ പോലെ കൃത്രിമമായി സംഭവിപ്പിക്കുന്നത് പോലെയാണോ വേണ്ടത്?

No comments: